പൂരങ്ങളുടെ പെരുംപൂരം തൃശൂർ പൂരം – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

കേരളത്തിലും,മറുനാടുകളിലും പ്രസിദ്ധമായ
ഉൽസവമാണ് തൃശൂർ പൂരം.
മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർപൂരം
ആഘോഷിക്കുന്നത്.അതായത് മേട മാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാൾ.ഏകദേശം 300 വർഷത്തിലേറെ പഴക്കമുള്ള തൃശൂർ പൂരം ആരംഭിച്ചത് ശക്തൻ തമ്പുരാനാണ്.ശക്തൻ തമ്പുരാന്റെ കാലത്ത് ആറാട്ടുപുഴ പുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.ലോകത്തെ എല്ലാ
ദേവതകളും ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാൻ
എത്തുമെന്ന വിശ്വാസത്തിൽ അന്ന് പലദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഘോഷയാത്രകളെത്തുമായിരുന്നു. 1769ലെ പൂരത്തിന് പ്രകൃതിക്ഷോഭം നിമിത്തം ചില ദേശങ്ങളിൽ നിന്നുമുള്ള ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടു പുഴയിലെത്തുവാൻ സാധിച്ചില്ല. പൂരത്തിന് എത്താത്തതിന് ഈ സംഘങ്ങൾക്ക് അന്ന് ഭ്രഷ്ട് കൽപ്പിച്ചു.ഇതിൽ കുപിതനായ ശക്തൻ തമ്പുരാൻ തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വടക്കുംനാഥ ക്ഷേത്രത്തിലും,ക്ഷേത്രത്തിനു ചുറ്റും
65 ഏക്കറിൽ വിസ്തൃതമായി കിടക്കുന്ന തേക്കിൻകാട് മൈതാനത്തെയും ആസ്ഥാനമാക്കി
1797 മെയ്മാസത്തിലെ പൂരം നാളിൽ തൃശൂർ പൂരം
ആരംഭിച്ചു.
പാറമേക്കാവ് ക്ഷേത്രവും,തിരുവമ്പാടി ക്ഷേത്രവുമാണ് പൂരത്തിലെ പ്രധാന പങ്കാളികൾ.
പൂരത്തിന് ഒരാഴ്ച മുൻപ് ഈ ക്ഷേത്രങ്ങളിൽ
കൊടി കയറുന്നു.പാറമേക്കാവ് -തിരുവമ്പാടി
ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങളും
ഉണ്ട്.പ്രദക്ഷിണ വഴിയിൽ പന്തലുയർത്തുവാനും,
വെടിക്കെട്ട് നടത്തുവാനുമുള്ള അവകാശവും
ഇവർക്ക് മാത്രമുള്ളതാണ്.പ്രദക്ഷിണ വഴിയിൽ
(തൃശൂർ റൗണ്ട്) പടിഞ്ഞാറ് നടുവിലാലിലും,വടക്ക്
നായ്ക്കനാലിലുമാണ് തിരുവമ്പാടിക്ക് പന്തലുകൾ.
തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളി വടക്കും നാഥനെ ദർശിക്കുന്നത്
നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്.
പാറമേക്കാവിന് അവകാശമുള്ളത് തെക്ക് വശത്തുള്ള മണികണ്ഠനാലിലുള്ള പന്തലാണ്.ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും,പന്തലുകൾ ഒരുക്കുന്നതിലുള്ള മത്സരത്തിലും മുൻകാലങ്ങളിൽ തർക്കങ്ങളേറെ
ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് അവയെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്.പൂരത്തിന്റെ തലേ ദിവസം
പാറമേക്കാവ് ,തിരുവമ്പാടിക്കാർ പൂരം എഴുന്നളളിപ്പിന് ഉപയോഗിക്കുന്ന കോലം,നെറ്റിപ്പട്ടം,വെഞ്ചാമരം .ആലവട്ടം ,കുടകൾ
എന്നിവ പ്രദർശനത്തിന് വയ്ക്കുന്നു. ആനച്ചമയ
പ്രദർശനം എന്നാണിത് അറിയപ്പെടുന്നത്. പ്രശസ്തമായ പൂരം പ്രദർശനവും സംഘടിപ്പിക്കുന്നതും പാറമേക്കാവ്-തിരുവമ്പാടി
ദേവസ്വങ്ങൾ സംയുക്തമായാണ്.
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെയാണ് പൂരത്തിനു തുടക്കം കുറിക്കുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബുഹസ്പതിയാണ്പ്രതിഷ്ഠ
എന്ന വിശ്വാസത്തിനാൽ ഈ ഘടകപൂരം വടക്കും നാഥനെ വണങ്ങുകയോ ,പ്രദക്ഷിണം വയ്ക്കുകയോ ചെയ്യുന്നില്ല.
പൂരത്തിന്റെ അവിഭാജ്യഘടകങ്ങളാണ് ചെറു പൂരങ്ങൾ.കാലത്ത് ഏഴു മണിയോടെ തന്നെ
ചെറുപൂരങ്ങൾ ഓരോന്നായി വടക്കും നാഥക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് എത്തിച്ചേരും.
ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം,പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി,ലാലൂർ കാർത്ത്യായനി ക്ഷേത്രം,അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം,ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം,കുറ്റൂർ
നെയ്തലക്കാവ് ക്ഷേത്രം,കണിമംഗലം ശാസ്താക്ഷേത്രം,പനമുക്കമ്പിള്ളി ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ
ദേവിദേവന്മാരാണ് .എഴുന്നളളിപ്പും,മേളങ്ങളുമായിപൂരത്തിൽ പങ്കെടുക്കുന്നവർ.
പഞ്ചാരിയോടു കൂടിയ എഴുന്നള്ളിപ്പ് ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിന്റെ ഘടകപൂരത്തിന്റെ പ്രത്യേകതയും,14 ആനകളോടെ എഴുന്നെള്ളുന്നു എന്ന വിശേഷണം ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ നിന്നുള്ള ഘടകപൂരത്തിനു മാത്രമുള്ളതാണ്.

വർഷം മുഴുവനും അടഞ്ഞു കിടക്കുന്ന തെക്കേഗോപുര വാതിൽ പൂരത്തലേന്ന് തുറക്കുവാനുള്ള
അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്,പൂര ദിവസം അവസാനം എത്തുന്ന ഘടക പൂരവും ഇതാണ്.
ഇതിനു ശേഷമാണ് തിരുവമ്പാടി ഭഗവതിയുടെ
മഠത്തിൽ വരവ്.രസകരമായ ഒരു ഐതിഹ്യവും
മഠത്തിൽ വരവിനെക്കുറിച്ചുണ്ട്.നമ്പൂതിരിബ്രാഹ്മണരുടെ
വേദപാo ശാലയായ മoത്തിന്റെ കൈ വശമുള്ള മികച്ചതരം നെറ്റിപ്പട്ടങ്ങൾ ലഭിക്കുവാനായി
തിരുവമ്പാടിക്കാർ മഠത്തിലെ രക്ഷാധികാരിയെ
സമീപിച്ചു.ആനകളെ മoത്തിലേക്ക് കൊണ്ട് വന്ന്
നെറ്റിപ്പട്ടം അണിയിക്കാം എന്നാണ് അദ്ദേഹം
തിരുവമ്പാടിക്കാർക്ക് മറുപടി നൽകിയത്.
അങ്ങനെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്കു വരുവാനും നെറ്റിപ്പട്ടം അണിയാനും
തുടങ്ങി.പതിനൊന്നര മണിയോടെയാണ് മഠത്തിൽ വരവ് ആരംഭിക്കുന്നത്.ദേവചൈതന്യം ഉള്ളതിനാൽ അവിടെ വച്ച്
ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു.ഇറക്കി പൂജ കഴിഞ്ഞ്പത്തോളംആനകളും,പഞ്ചവാദ്യമേളവുമായിനായ്ക്കനാലിലേക്കുപുറപ്പെടുന്നു.അവിടെഎത്തിച്ചേരുമ്പോൾ ആനകളുടെ എണ്ണം 15 ആകുന്നു.
പന്ത്രണ്ടു മണിയോടെയാണ് പൂരത്തിൽ പങ്കു
ചേരുവാനായി സർവ്വാഭരണഭൂഷിതയായി 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നത്.
പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ചെമ്പടമേളം അവസാനിച്ച് പാണ്ടി മേളവും ,ചെറിയ തോതിലുള്ള കുടമാറ്റവും തുടങ്ങുന്നു.പാണ്ടി മേളം ഒരു കലാശം കഴിഞ്ഞ് എഴുന്നളളത്ത് വടക്കും നാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ പ്രവേശിക്കുന്നു.
തുടർന്ന് പാണ്ടി മേളം ഇലഞ്ഞിത്തറയിൽ എത്തുന്നു.പിന്നീടാണ് നാലു മണിക്കൂർ നീണ്ടു
നിൽക്കുന്ന പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം അരങ്ങേറുന്നു.ഇരുനൂറ്റമ്പതിനോടടുത്ത് വാദ്യക്കാർ
സാധാരണപങ്കെടുക്കാറുണ്ട്.മിക്കവരുംവഴിപാടായാണ് പങ്കെടുക്കുന്നത്.
പാണ്ടിമേളവും,പഞ്ചാരിമേളവും ക്ഷേത്രമതിൽക്കകത്താണ് കൊട്ടാറുള്ളത്.മേളം കൊഴുക്കുന്നതോടെ കാണികളും ആവേശഭരിതരാകുന്നു.
ഇലഞ്ഞിത്തറ മേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാർ വടക്കും നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്നു. പാറമേക്കാവിന്റെ
15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ
ഓഫീസിനു മുൻപിലുള്ളശക്തൻതമ്പുരാന്റെ പ്രതിമയെ വലം വച്ചശേഷം നിരന്നു നിൽക്കും.തിരുവമ്പാടി ഘടകം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് ദേവിക്ക് മുഖാമുഖം നിൽക്കും.ഇരുകൂട്ടരും വ്യത്യസ്തമായ വർണ്ണകുടകൾ പരസ്പരം
ഉയർത്തിക്കാണിച്ച് മത്സരിക്കുന്നതാണ് പ്രസിദ്ധമായ കുടമാറ്റം.
ഓരോ കുടയും ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം
വെഞ്ചാമരവും,ആലവട്ടവും ഉയർത്തിയ ശേഷമേ
അടുത്ത കുട ഉയർത്തുവാൻ പാടുള്ളൂ.ഇതിൽ
തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ
പ്രത്യേകത ഉള്ളതായിരിക്കും.
ആർപ്പു വിളിച്ചും,കയ്യടിച്ചും ഇരുഭാഗത്തെയും
പ്രോൽസാഹിപ്പിക്കുവാൻ ദൂരെ ദേശങ്ങളിൽ
നിന്നു പോലും കാണികൾ എത്താറുണ്ട്.
ഒരു ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കും.
പിറ്റേന്ന് പുലരും മുൻപേ 3 മണിയോടെ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരാകർഷണം.ശബ്ദമലിനീകരണ നിയമങ്ങളും
മറ്റും കണക്കിലെടുത്ത് ആകാശക്കാഴ്ചകൾക്ക്
പ്രാധാന്യം കൊടുക്കുന്ന രീതിയിൽ വെടിക്കെട്ട്
പരിഷ്കരിച്ചിട്ടുണ്ട്.
പൂരം പിറ്റേന്ന് രാവിലെ എഴുന്നള്ളത്തും,പാണ്ടി മേളവും ,കുടമാറ്റവും ഉണ്ടാവും.തൃശൂർക്കാരുടെ പൂരം,സ്തീകളുടെ പൂരംഎന്നൊക്കെ ഇതിനെ
പറയാറുണ്ട്.പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും,തിരുവമ്പാടി ഭഗവതി
നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നെള്ളുന്നു. ഇരുഘടകത്തിൻറെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. വെടിക്കെട്ടിന് ശേഷം ദേവിമാർ
അടുത്ത പൂരത്തിന് കാണാമെന്ന വാക്കോടെ
ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും വിടവാങ്ങുന്നു.ഇതോടെ പൂരം ചടങ്ങുകൾ
സമാപിക്കുന്നു.
വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും,കേരള
ട്യൂറിസം വികസിപ്പിക്കുന്നതിനുമുള്ള ഒരവസരമായി
മാറിക്കഴിഞ്ഞിരുന്നതാണ്.മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ചരിത്രത്തിലാദ്യമായി
കഴിഞ്ഞ വർഷം ചടങ്ങുകൾ മാത്രമാണ് നടത്തിയത്.
ഏപ്രിൽ 23 ന് ആണ് ഈ വർഷത്തെ പൂരം.കോവിഡ് ശക്തമായ പശ്ചാത്തലത്തിൽ
കർശന നിയന്ത്രണങ്ങളോടെ തന്നെയാവും
ഈ വർഷവും പൂരം നടത്തുക.പ്രായമായവർക്കും ,പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടില്ല.ഇലഞ്ഞിത്തറ മേളവും കർക്കശമായ നിയന്ത്രണങ്ങളോടെയാവും നടത്തുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *