പലസ്തീന്‍ ജനതയുടെ വിലാപം – (കാരൂര്‍ സോമന്‍, ചാരുംമൂട്)

Facebook
Twitter
WhatsApp
Email
ഐക്യരാഷ്ട്രസഭ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. കാക്കയ്ക്കിരിക്കാന്‍ തണലില്ല എന്നതാണ് പലസ്തീന്‍ ജനതയുടെ അവസ്ഥ.  അവിടെ മാനുഷികമായ നന്മകളെ കാറ്റില്‍ പറത്തി ദുഃഖദുരിതങ്ങളുടെ കയത്തി ലാഴ്ത്തിക്കൊണ്ടിരിക്കുന്നു.  വിലയേറിയ വിശ്വാസങ്ങളുള്ള രണ്ട് ജനവിഭാഗങ്ങളുടെ ദയനീയാവസ്ഥയാണ് ഇന്ന് ലോകം കാണുന്നത്. പലസ്റ്റീന്‍ ജനത പാവങ്ങളാണ്.   അവര്‍ക്ക് ചുറ്റുമെരിയുന്നത് ഇരച്ചുവിട്ട വാണംപോലെ   അഗ്നിജ്വാലകളാണ്. വെളിച്ചത്ത് കിട്ടുന്ന ഇരുട്ടടിപോലെയാണ്   ഇസ്രേലിന്‍റെ ബോംബിങ് സൂര്യപ്രകാശം കടക്കാത്ത വിധം  ആ വിശുദ്ധ നാടിനെ ഇരുട്ടിലാഴ്ത്തുന്നത്. ലോകജനത ആ കുറ്റാകൂരിരുട്ട് കാണുകയാണ്. കുട്ടികളുടെ   ഓരോ ശിരസ്സും ചതച്ച് അരച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരുടെ പ്രാണന്‍ നഷ്ടപ്പെടുമ്പോള്‍ വേര്‍പാടിന്‍റെ തീരാദുഃഖത്തില്‍ ശ്മശാന മണ്ണില്‍ യാതൊരു തെറ്റും ചെയ്യാത്തവര്‍  വാവിട്ട് കരയുന്നു. ആദ്യം ഇസ്രായേല്‍ രാജ്യത്തും ആ നിലവിളി കണ്ടു. പലസ്തീന്‍ മണ്ണ് ശ്മശാനമണ്ണായി മാറി  കഴുകനെപോലെ ബോംബുകള്‍ പറന്നെത്തുന്നു. ഈ പുണ്യഭൂമി കഴുകന്മാരുടെ വിഹാരരംഗമായി മാറ്റരുത്. ഹൃദയം തകര്‍ന്നുപോകുന്ന കാഴ്ചകളാണ് നിത്യവും കാണുന്നത്. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വളരെ എളുപ്പമാണ്.  പരിഹാരമില്ലാതെ യാതൊരു തെറ്റും ചെയ്യാത്തവര്‍  പ്രാണനുവേണ്ടി  ഓടിക്കിതക്കുന്നു.  യഹൂദ, ക്രിസ്ത്യന്‍, ഇസ്ലാം വിശ്വാസികളുടെ പിതാവായ അബ്രഹാമിന്‍റെ  (ഇബ്രാഹിം) മക്കളായ ഇസ്മായില്‍, യിസഹാക്ക് തലമുറകള്‍  ഇന്ന് ആത്മാവില്‍ ദരിദ്രരായിരിക്കുന്നു. കാക്ക ഓട്ടക്കലത്തില്‍ നോക്കുംപോലെ പലര്‍ക്കും സ്വാര്‍ത്ഥ താല്പര്യ ങ്ങളാണ്.  ഇന്നുള്ള യുദ്ധം ഗാസയിലെ പെട്രോള്‍ സംഭരണികള്‍ സ്വന്തമാക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങളാണ്. ഈശ്വരവിശ്വാസികള്‍ ചിന്തിക്കുന്നത് സമ്പന്നമായ ആത്മീക പാരമ്പര്യമുള്ളവര്‍ക്ക് ദൈവം (പ്രപഞ്ച നാഥന്‍) കൊടുക്കുന്ന  ശിക്ഷയാണോ?
അതിമനോഹരങ്ങളായ പുണ്യഭൂമിയില്‍ ജീവിക്കുന്നവര്‍ വിശുദ്ധരായി ജീവിക്കണമെന്നില്ല. അതിന് പലവിധ കാരണങ്ങളാണ്. നമ്മുടെ മുന്നില്‍ പലസ്തിന്‍ ജനത ഇന്നും കാലില്‍ ചങ്ങലയണിഞ്ഞവരെപോലെ വിതുമ്പി കഴിയുന്നു.  അവര്‍ക്ക് കൊട്ടാരങ്ങളോ ഉദ്യാനങ്ങളോ, സ്വര്‍ണ്ണച്ചാമ്മരങ്ങളോ, വിശറിയോ  വേണമെന്നില്ല. അവര്‍ക്ക് പൗരസ്വാതന്ത്യം വേണം. രാപ്പാര്‍ക്കാന്‍ കിടപ്പാടം വേണം. മറ്റുള്ളവരെപ്പോലെ ജീവിച്ചുമരിക്കണം.   നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്‍റ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പലസ്തിന്‍ ജനതയുടെ സ്വാതന്ത്യം നമ്മെ നൊമ്പരപ്പെടു ത്തുന്നുണ്ടോ?  പലസ്തീന്‍  മണ്ണ് മരുഭൂമിയാകുന്നതും ഉദ്യാനങ്ങളില്‍ മുള്‍ച്ചെടികളും കള്ളിച്ചെടികളും വളരുന്നത്  ഐക്യരാഷ്ട്രസഭ  കണ്ടിട്ടും കാണാതിരിക്കുന്നതെന്താണ്?  കാലത്തി നൊത്ത പുരോഗമനം എന്തുകൊണ്ടാണ് ഈ മണ്ണില്‍ തളിരണിയാത്തത്?  വാസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ പാവപ്പെട്ട ഒരു ജനത ഭയന്ന് വിറച്ചല്ലേ ഈ ഭൂമുഖത്ത് ജീവിക്കുന്നത്?  നൂറ്റാണ്ടുകളായി അവരെ ദുഃഖസാഗരത്തിലേക്ക് തള്ളിവിടുന്നത് ആരാണ് ?
അബ്രഹാമിന്‍റെ സന്തതികളെ വിശേഷിപ്പിക്കുന്നത് ദൈവജനം എന്നാണ്. എന്നിട്ടും ഇവരുടെ മദ്ധ്യത്തില്‍ ചോരപ്പുഴയൊഴുകുന്നു. കാരണം മറ്റൊന്നുമല്ല ഇവരൊക്കെ ദൈവസന്നിധിയില്‍ നിന്നകന്ന്  ജഡത്തിന്‍റെ, ആഢംബരത്തിന്‍റ, മതത്തിന്‍റെ വക്താക്കളായി മാറി ആന്തരിക ശുദ്ധി നശിപ്പിച്ചു. മതങ്ങളില്‍ കള്ള  ഇടയന്മാര്‍ പെരുകിയതോടെ അവര്‍ ആടുകളെ ചൂഷണം ചെയ്തു ജീവിക്കുന്നു. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെപോലെ ദൈവശാസ്ത്രം കൂട്ടികുഴച്ച്  മാരകായുധങ്ങള്‍ എങ്ങനെയുണ്ടാക്കാം മറ്റുള്ളവന്‍റെ മാറ് എങ്ങനെ പിളര്‍ക്കാം ഇതൊക്കെയാണ് പഠനവിഷയങ്ങള്‍. ഇങ്ങനെ ദൈവവചന വിരുദ്ധമായ ഉപദേശങ്ങള്‍ കേട്ട് വഴിതെറ്റിപ്പോകുന്ന യുവാക്കള്‍ ധാരാളമാണ്. യഥാര്‍ത്ഥ ദൈവവിശ്വാസി അത് വ്യക്തിയാകട്ടെ രാജ്യമാകട്ടെ അവര്‍ വഴിതെറ്റില്ല.  ഇസ്രായേലിന് പറയാന്‍ സാധിക്കും ഞങ്ങളുടെ ജനത്തെ ചില തീവ്രയാഥാസ്ഥിതിക  സംഘടനകള്‍ കൊന്നൊടുക്കി. അതിന് പ്രതികാരമായി അതിന്‍റെ നാലിരട്ടി ജനങ്ങളെ ഞങ്ങളും കൊന്നൊടുക്കി. നമ്മള്‍ ജീവിക്കുന്നത് ഒരു ഇരുണ്ടകാലഘട്ടത്തിലാണോ?  ഇത് നിയമ ലംഘനമാണ്. നമ്മള്‍ ജീവിക്കുന്നത് കണ്ണിന് പകരം കണ്ണ്, പല്ലിന് പല്ല്  എന്ന നിയമത്തിലല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ല. പെട്രോളിന് വേണ്ടി പാവങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് എന്തിനാണ്?   ഇസ്രായേലിന്‍റെ നിയന്ത്രണരേഖ അതിര്‍ലംഘിച്ചത് എന്തുകൊണ്ടാണ്? ഒരു രാജ്യത്തിന്‍റെ രഹസ്യ അന്വേഷണ ഏജന്‍സികള്‍ ഉറക്കത്തിലായിരുന്നോ?
വേദപാഠങ്ങളിലെ സുന്ദരമായ ഒരാശയമാണ് ‘തന്‍റെ മക്കളെ കരുതുന്ന ദൈവം’ എന്ന് പറഞ്ഞാല്‍ ആ ദൈവം വീഴാതെവണ്ണം കരുതുമെന്നാണ്. ‘വീഴാതെവണ്ണം’ എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ ‘അപ്പോയ്സ്റ്റോസ്’ എന്നാണ്. അതിന്‍റെ അര്‍ത്ഥം ‘തെറ്റില്‍ വീഴാത്ത മനുഷ്യന്‍’. ഇവിടെ ആരാണ് തെറ്റില്‍ വീണത്? നമ്മള്‍ മതത്തിന്‍റെ വേലിക്കെട്ടിനുള്ളില്‍ ജീവിച്ച് എത്ര നാള്‍  ദൈവത്തെ ആരാധിച്ചാലും നാം ചെയ്യുന്ന പാപപ്രവര്‍ത്തികള്‍ നീങ്ങിപോകില്ല. അതിന്‍റെ തെളിവ് ഇസ്രായേല്‍ രാജ്യത്തുണ്ട്. രാജാക്കന്മാരുടെ രാജാവായ  ഡേവിഡും മകന്‍ ശലോമോന്‍ രാജാവും കെട്ടിപ്പൊക്കിയ ലോകാത്ഭുതമായിരുന്ന ജറുസലേം ദേവാലയം. നൂറ്റാണ്ടുകളായി ആത്മാവിന്‍റെ ലഹരിയില്‍ മുഴുകിനിന്ന ദേവാലയം ആക്രമിച്ചത് പതിനഞ്ചിലധികം സാമ്രാജ്യങ്ങളാണ്. അവസാനമെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യമാണ്. ആത്മാവില്‍ പീലിവിരിച്ചാടുന്നവരും വിശ്വാസിയും അവിശ്വാസിയും ഒരു കാര്യമോര്‍ക്കുക.
മരണത്തിന്‍റെ മുനമ്പില്‍ ഒരു ദൈവങ്ങളും രക്ഷപ്പെടുത്തില്ല. അതിലുപരി അറിവ്, സ്നേഹം, കരുണ, നീതി, ദയയുടെ ആഴങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ധാരാളമാണ്.  പ്രതിസന്ധികളുടെ മധ്യത്തില്‍ പ്രപഞ്ചശക്തിയുടെ അപരിമേയവിശ്വാസ-ജ്ഞാനത്തില്‍ ജീവിച്ചാല്‍ സമാധാനവും നിത്യസന്തോഷവും ലഭിക്കും. ലോകരക്ഷകരായ യുണൈറ്റഡ്നേഷന്‍സ് ഇനിയെങ്കിലും  ഇസ്രായേല്‍ -പലസ്തിന്‍ അതിര്‍വരമ്പുകള്‍ അരക്കിട്ടുറപ്പിക്കുക, രണ്ട് കൂട്ടരും സഹോദരങ്ങളെപോലെ  സന്തോ ഷമായി ജീവിക്കട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *