ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യന്‍-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേര്‍തിരിച്ച യുഗപുരുഷന്‍. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നല്‍കിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളില്‍ പ്രകാശിച്ചു നില്‍ക്കുന്നു. നമ്മുടെ ഭദ്രകാളി പുജകള്‍പോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളില്‍ മാനത്തെ നക്ഷത്രങ്ങള്‍പോലെ മണ്ണില്‍ പ്രകാശിച്ചുനില്‍ക്കുന്ന പല വര്‍ണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോള്‍ സംഘങ്ങള്‍ ഉത്സവ രാവുകളില്‍ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തില്‍ വീടുകളില്‍ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങള്‍ പാടി പോകുന്നത് കാണാം.യേശു ജനിച്ച ദിവസം ജെറുശലേം വനാന്തരങ്ങളില്‍ ഭയന്ന് നിന്ന ആട്ടിടയന്മാരോട് ദൈവദൂതന്‍ അറിയിച്ചത് ‘അത്യന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം (ലുക്കാ.2.14)’. ഈ തിരുപ്പിറവി ദിനത്തില്‍ ദൈവകൃപ ലഭിക്കാത്തവര്‍ എന്തിനാണ് കാശുണ്ടാക്കാന്‍ കൊട്ടും പാട്ടുമായി നടക്കുന്നത്?
യേശു ലോകത്തിന് സമ്മാനിച്ചത് സമാധാനമാണ്. ഇന്ത്യയില്‍ കരോള്‍ ഗാനം പാടു മ്പോള്‍ വര്‍ഗ്ഗീയ വാദികള്‍ ഉറഞ്ഞു തുള്ളുന്നു. കേരളത്തെ മതഭ്രാന്തന്മാരുടെ നാടെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ മറ്റ് സന്യാസിമാര്‍ക്കൊപ്പം ഒരു ട്രെയിന്‍ യാത്ര നടത്തുക യുണ്ടായി. അതില്‍ വെള്ളക്കാരായ കുറെ പട്ടാളക്കാരുണ്ടായിരുന്നു. സ്വാമിമാരുടെ വേഷവും താടിയും മറ്റും കണ്ടപ്പോള്‍ പുച്ഛത്തോടെ നോക്കി പരസ്പരം കളിയാക്കി ചിരിച്ചു. സായിപ്പിന് സ്വാമിമാര്‍ക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന ചിന്തയായിരിന്നു. അവര്‍ സ്റ്റേഷനിലിറങ്ങി. സ്വാമി റെയില്‍വേ ഉദ്യോഗസ്ഥനുമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കണ്ട് പട്ടാളക്കാര്‍ മിഴിച്ചു നോക്കി. ഒരാള്‍ വന്ന് സ്വാമിയോട് പറഞ്ഞു. ഞങ്ങള്‍ ഇംഗ്ലീഷില്‍ നിങ്ങളെ കളിയാക്കിയപ്പോള്‍ എന്താണ് പ്രതികരിക്കാഞ്ഞത്? സ്വാമി കൊടുത്ത മറുപടി. ‘വിഡ്ഢികളെ ഞാന്‍ ആദ്യമായല്ലല്ലോ കാണുന്നത്’. ഏത് വിശ്വാസത്തിലു ള്ളവരായാലും സന്തോഷത്തോടെ ക്രിസ്മസ് പാടുന്നവരെ അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നവരെ ആക്രമിക്കുക വിശ്വാസമില്ലാത്ത വിഡ്ഢികളാണ്. യഥാര്‍ത്ഥ ഈശ്വര ഭക്തര്‍ ഒരിക്കലും അതിന് മുതിരില്ല. ഈ വിഡ്ഢികള്‍ ബംഗ്ലാദേശില്‍ പാവപ്പെട്ട ഹിന്ദുക്കളെ കൊല്ലുന്നത് കാണുന്നില്ലേ?
സ്വാമി ഒരിക്കല്‍ പറഞ്ഞത് ‘നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യു ന്നില്ലെങ്കില്‍ കല്ലുകളും ശവങ്ങളും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം’. ഈ വിലപ്പെട്ട വാക്കുകള്‍ ക്രിസ്ത്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ട് കിടക്കുന്നു.1893-ല്‍ ചിക്കാഗോ മത സമ്മേളനത്തില്‍ അദ്ദേഹം എല്ലാം മനുഷ്യ രെയും വിളിച്ചത് ‘എന്റെ പ്രിയമുള്ള സഹോദരി സഹോദരങ്ങളെ’ എന്നാണ്. ഒരു ജാതി മതവും അവിടെ കണ്ടില്ല. ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും വേദാന്ത തത്വശാസ്ത്രമായി ഉയര്‍ത്തിപ്പിടിച്ചത് ദരിദ്രരെയും അജ്ഞരെയും സമൂഹത്തില്‍ ഉയര്‍ത്തികൊണ്ടുവരിക എന്ന മിഷനായിരിന്നു. ഭൂമിയിലെ ഏറ്റവും വലിയ ഈശ്വര സേവനമായി അവര്‍ അതിനെ കണ്ടു. ഇത് തന്നെയല്ലേ വിദേശ-സ്വദേശ മിഷന റിമാര്‍ ഇന്ത്യയില്‍ ചെയ്യുന്നത്? അവിടെ സമൂഹത്തിന് ഒരു നന്മയും ചെയ്യാത്ത കല്ലുപോലെ ഹൃദയമുള്ള, മനുഷ്യരെ അടിമകളായി കാണുന്ന ജീവിച്ചിരിക്കുന്ന ശവങ്ങളെ നോക്കി സ്വാമി പറഞ്ഞത് യാഥാര്‍ഥ്യമല്ലേ? ക്രിസ്ത്യന്‍ മിഷനറിമാര്‍ കുഷ്ടരോഗികളെ ചേര്‍ത്ത് പിടിച്ചു് ആരോഗ്യസംരക്ഷണവും, വിദ്യാഭ്യാസവും കൊടു ക്കുന്നതാണോ ഈ മതഭ്രാന്തന്മാരെ ചൊടിപ്പിക്കുന്നത്? ഈശ്വരചിന്തയോ വിശ്വാസമോ ഈ നാടന്‍ ഗുണ്ടക ളിലില്ല. ഭാരതത്തിന് മഹത്വപൂര്‍ണമായ ഒരു ഭരണഘടനയുണ്ട്. ഈ ഭരണഘടനയുടെ ശില്പി അംബേദ്ക്ക റാണ്. അവിടെ എല്ലാവരും തുല്യരാണ്. ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഒരു പൗരന് അവകാശമുണ്ട്. രാഷ്ട്രിയക്കാര്‍ മതത്തെ കൂട്ടുപിടിച്ചു് കൂട്ടുകൃഷി നടത്തിയാല്‍ അവിടെയെങ്ങും മനഃസമാധാനത്തോടെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക.
ബ്രിട്ടനില്‍ 1215-ല്‍ രൂപംകൊണ്ട ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്ന കാര്‍ട്ട’ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാജകൊട്ടാരത്തിളക്കമുള്ള ഗ്ലാസ്സിട്ട മുറിയില്‍ സഞ്ചാ രികളെ നോക്കി പുഞ്ചരിതൂകി പ്രകാശിക്കുന്ന ഭരണഘടനയുടെ ചൈതന്യം ബ്രിട്ടീഷ് ജനത നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല. അതവരുടെ പ്രാണന് തുല്യമാണ്. ഇംഗ്ലണ്ടിലെ രാജാവ് ജോണ്‍ മുദ്രവെച്ച അവകാശങ്ങളുടെ ഒരു രാജകീയ ചാര്‍ട്ടറാണ്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്, കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ ലാങ്ടണ്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ ഭരണഘടനയുണ്ടാക്കിയത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുവിന്റെ ബൈബിള്‍ സുവിശേഷങ്ങളെ ആസ്പദമാക്കിയാണ്. നമ്മുടെ ഭരണഘടനാ ശില്പി അംബേദ്ക്കര്‍ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വന്ന തുകൊണ്ടാണ് നമ്മുക്കും മാഗ്ന കാര്‍ട്ടയുടെ പല നല്ല ആശയങ്ങള്‍ ലഭ്യമായത്. ബൈബിള്‍ പഠിപ്പിക്കുന്നത് ശത്രുക്കളെ കൊല്ലാനല്ല സ്നേഹിക്കാനാണ്. ഇന്ത്യന്‍ ഭരണഘ ടനയെ അവഗണിക്കുന്ന പ്രാര്‍ത്ഥനാമുറികളില്‍ കയറി അന്ധരെപോലും ആക്രമിക്കുന്ന മതതിമിരം ബാധിച്ച വര്‍ഗ്ഗീയവാദികള്‍ക്ക് ഇന്ത്യന്‍ ഭരണഘട നയില്‍ ബൈബിളിന്റെ പങ്ക് എത്രയുണ്ടെന്ന് അറിയാമോ?
മനുഷ്യരുണ്ടാക്കിയ മതത്തില്‍ വിശ്വസിക്കുന്ന ആരായാലും സ്നേഹത്തിന്റെ നിറനിലാവ് നിറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ ആ മതത്തിന് എന്ത് പ്രസക്തിയാണുള്ളത്? ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ ഏതെങ്കിലും മതവിശ്വാസികളുടെ ദേവാലയങ്ങള്‍ ആക്രമിക്കുന്നുണ്ടോ? വിദേശ മിഷനറിമാര്‍ ഇന്ത്യയില്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നും നമ്മള്‍ പൗരാണിക ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ജീവിക്കുമായിരിന്നു. ആ സംസ്‌കാരമാകട്ടെ ഈഴവര്‍ മുതല്‍ താഴോട്ടുള്ള മനുഷ്യരെ അവര്‍ണ്ണരായി മൃഗങ്ങളെപോലെ കണ്ടിരു ന്നവര്‍ക്ക് വെളിച്ചമായത് മിഷനറിമാരാണ്. കടല്‍ കടന്നാല്‍ അശുദ്ധിയുള്ളവരാകും, പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ല, രോഗം വന്നാല്‍ പൂജയും മന്ത്രവാദവും മതി, സവര്‍ണ്ണനും അവര്‍ണ്ണനും ഒരേ ബെഞ്ചിലി രുന്ന് പഠിക്കാന്‍ പാടില്ല, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം, അടിമവ്യവസായം, പാവപ്പെട്ട സ്ത്രീകളോട് കാട്ടിയ ക്രൂരപീഡനങ്ങള്‍ അങ്ങനെ മനുഷ്യരെ അശുദ്ധ വസ്തുവായി കണ്ടവരുടെ മുന്നില്‍ പാവങ്ങളെ അക്ഷരങ്ങള്‍ പഠിപ്പിച്ചു അറിവുള്ളരായി മാറ്റിയപ്പോള്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഫലം ആക്രമ അധിക്ഷേപങ്ങള്‍ മാത്രമല്ല അവര്‍ യേശുവിന്റെ പേരില്‍ ആരാധന നടത്തിയാല്‍, കരോള്‍ പാട്ട് പാടിയാല്‍, നക്ഷത്രങ്ങള്‍ വില്പന നടത്തിയാല്‍, ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പി കണ്ടാല്‍ പരാക്രമങ്ങള്‍ നടത്തുന്നത് നമ്മുടെ ഭരണഘടനയോടുള്ള അനാദരവും വെല്ലുവിളിയുമാണ്. നൂറ്റാണ്ടുകളായി അടിമത്വത്തില്‍ കഴിഞ്ഞ ഒരു ജനതയ്ക്ക് വിടുതല്‍ നല്‍കിയവരാണ് മിഷനറിമാര്‍. സാഹോദര്യം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന ആദര്‍ശങ്ങള്‍ക്ക് വേണ്ടി ആത്മത്യാഗം ചെയ്തവരെ ഇന്നുള്ളവര്‍ അപമാനിക്കുകയല്ലേ?
ഈ കൂട്ടര്‍ കുറഞ്ഞപക്ഷം ശ്രീശങ്കരാചാര്യരുടെ അദ്വൈത വേദാന്തതത്വങ്ങള്‍ വായിക്കുന്നത് നല്ലതാണ്. അദ്ദേഹം കേരളത്തില്‍ നിലനിന്നിരുന്ന എത്രയോ അന്ധാചാരങ്ങള്‍ നിറുത്തലാക്കി. നാരായണ ഗുരു, ചാവറയച്ചന്‍, പരുമല തിരുമേനി, സഹോദരന്‍ അയ്യപ്പന്‍, അയ്യന്‍ങ്കാളി, മറ്റ് സാഹിത്യ സാംസ്‌കാരിക പ്രതിഭകളുടെ നീണ്ട പരിശ്രമഫലമായി കുറെ അന്ധതകള്‍ കൊഴിഞ്ഞുപോയെങ്കിലും വീണ്ടും കേരള മണ്ണില്‍ വര്‍ഗീയത ആഴത്തില്‍ വേരോടിയിരിക്കുന്നു. മതരാഷ്ട്രീയ കൂട്ടുകച്ചവടം മൂര്‍ച്ചയുള്ള മുനകളായി സമൂഹത്തെ കാര്‍ന്നുതിന്നുന്നു. വോട്ടുപെട്ടി നിറക്കാന്‍ വേണ്ടിയല്ലേ ഇവരല്ലേ ഈ മതഭ്രാന്തുള്ളവരെ ഊട്ടി വളര്‍ത്തുന്നത്?













