ഏഷ്യയിലെ ഏറ്റവും വലിയ നിരാലംബര വ്യക്തികളുടെ ജീവകാരുണ്യ സംരക്ഷണ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ്, അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാം ഗവുമായിരുന്ന അന്തരിച്ച ചലച്ചിത്ര താരം ടി.പി.മാധവന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സമഗ്ര സംഭ വനക്കായി തെരെഞ്ഞെടുത്തത് 400 സിനിമകളില്‍ അഭിനയിച്ച 12 സിനിമകള്‍ നിര്‍മ്മിച്ച 12 സിനിമകള്‍ സംവിധാനം ചെയ്ത 92 വയസ്സുള്ള മഹാനടനായ മധുവിനെയാണ്. ഇതിലൂടെ ഗാന്ധിഭവന്‍ നല്‍കുന്ന രണ്ട് പാഠങ്ങളുണ്ട്. ഒന്ന് ജീവകാരുണ്യ രംഗത്ത് കച്ചവടം നടത്തി കാശുണ്ടാക്കുന്നവര്‍ 1500 നടുത്തു് നിര്‍ ദ്ധനരായ പാവങ്ങളെ പരിപാലിക്കുന്ന ഗാന്ധിഭവനെ കണ്ടുപഠിക്കണം. രണ്ട്. ആരാണ് കലാ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് യോഗ്യര്‍. മൂല്യമുള്ള ഏതൊരു കലാസാഹിത്യ പുരസ്‌കാരങ്ങളും പ്രോത്സാഹനജനകമാണ്. കലാസാഹിത്യ രംഗത്തു് മിക്കവരും വിചാരണക്കെടുക്കുന്ന വിഷ യമാണിത്. കേരളത്തില്‍ അവാര്‍ഡുകള്‍ എന്തുകൊണ്ട് പെറ്റുപെരുകുന്നു? സര്‍ക്കാര്‍ അവാ ര്‍ഡുകള്‍ പലതും വിവാദമാകുന്നത് എന്തുകൊണ്ടാണ്?
മലയാള സാഹിത്യത്തിലെ പ്രമുഖ വിമര്‍ശകനായ കെ.പി.അപ്പന്റെ ‘ഞാനും എന്റെ വഴികളും’ എന്ന പുസ്തകത്തില്‍ സ്വാകാര്യ-സര്‍ക്കാര്‍ അവാര്‍ഡുകളെപ്പറ്റി വിവരിക്കുന്നുണ്ട്. ‘എഴുത്തുകാര്‍ സ്വയം അന്തസ്സ്‌കെട്ട അവാര്‍ഡിലേക്ക് പോകുന്നു. എല്ലാം ആഴ്ചയിലും സംഭവിക്കുന്ന ഒരു വിപത്താണ് അവാര്‍ഡ് പ്രഖ്യാപനവും അവാര്‍ഡ് ദാനവും. പെരുകുന്ന സ്വകാര്യ അവാര്‍ഡുകള്‍ കുഴപ്പം തന്നെയാണ്. കഴുകന്മാരെ കൂടു തുറന്നു വിടുന്നതുപോലെ യാണ് പലതരം സമിതികള്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. രാഷ്ട്രീയക്കാരുടെ ബന്ദികളായി എഴുത്തുകാര്‍ അധഃപതിക്കുന്നു. അവരുടെ അന്തസ്സ് ശിരച്ഛേദം ചെയ്യപ്പെടുന്നു. രാഷ്ട്രീയക്കാ രുടെ ആഗ്രഹമാണ് നമ്മുടെ എഴുത്തുകാരുടെ ചിന്തയുടെ ചാവി. മറ്റൊരു കാലഘട്ടത്തിലും ഈ കാപട്യത്തിന്റെ വാഴ്ച്ച നമ്മുടെ സാഹിത്യജീവിതത്തെ ഇത്രമേല്‍ മലിനപ്പെടുത്തിയിട്ടില്ല’. ഇത്ര ലജ്ജാവഹമായി, ബാലിശമായി നമ്മുടെ കലാസാഹിത്യ അവാര്‍ഡുകളെപ്പറ്റി വായിച്ചപ്പോള്‍ നമ്മുടെ തിളക്കമാര്‍ന്ന അവാര്‍ഡുകള്‍ ഏതൊക്കെ കമ്പോളത്തിലാണ് വിറ്റഴിക്കപ്പെടുന്നത്?
വ്യാസ, രമണ മഹര്‍ഷിമാര്‍, ആട്ടിടയനായ കാളിദാസന്‍ ഈശ്വരചൈതന്യത്താല്‍ അനശ്വരങ്ങളായ കൃതികള്‍ രചിച്ചത് പണ സമ്പാദനത്തിനോ പ്രശസ്തിക്കോ വേണ്ടിയായി രുന്നില്ല. നമ്മുടെ പൂര്‍വ്വികരായ പല പ്രമുഖ എഴുത്തുകാരും ഈ ഗണത്തില്‍ വരുന്നവരാണ്. ഇവരിലൊക്കെ കണ്ടത് മാനുഷികതയുടെ ആര്‍ദ്രതയും കാലത്തിന്റെ ഗാഢചൈതന്യമായി രുന്നു. ഇന്ന് പലരും പ്രശസ്തിക്കു വേണ്ടി പടുവൈകൃതങ്ങള്‍ കാട്ടുന്നത് അതിന്റെ മൂര്‍ധന്യത്തി ലെത്തിയിരിക്കുന്നു. സാങ്കേതിക വിദ്യ വളര്‍ന്നതോടെ മുക്കിലും മൂലയിലും എഴുത്തുകാരും, പ്രസാധകരും, അവാര്‍ഡുകളുമാണ്. മുന്‍പ് സുഗതകുമാരി ടീച്ചറുടെ ഒരു പത്രകുറുപ്പില്‍ കണ്ടത് ‘മുക്കിലും മൂലയിലും കവികളാണ്’. ചെറുപ്പത്തില്‍ ചാരുംമുട്ടിലെ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു രൂപയ്ക്ക് നൂറ് മത്തിയെന്ന് ഉച്ചത്തില്‍ കേട്ട തുപോലെയാണ് കേരളത്തില്‍ അവാര്‍ഡ് വേണോ വേണോയെന്ന് ചോദിക്കുന്നത്. കച്ചവട അവാര്‍ഡുകള്‍ വാങ്ങാന്‍ ന്യൂ ഡല്‍ഹിവരെ പോയവരെയറിയാം. അവര്‍ അമേരിക്കവരെ പോകാനും തയ്യാറുള്ളവരാണ്.
മുന്‍കാലങ്ങളില്‍ ചിലര്‍ കാശ് കൊടുത്തു് നോവല്‍, കഥ, കവിത പലതും എഴുതി ച്ചിരുന്നെങ്കില്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് വഴി എന്തും എഴുതി കിട്ടുന്ന കാലമാണ്. ഇങ്ങനെ എഴുതിക്കൂട്ടുന്നതെന്തും പുസ്തകമാക്കാന്‍ കച്ചവട പ്രസാധകരെ സമീപിക്കും. പ്രസാധകന്‍ ആദ്യ പേജ് വായിച്ചുകഴിഞ്ഞാല്‍ അറിവില്ലാത്തവന്റെ സാമര്‍ത്ഥ്യംപോലെ പ്രതിഭാദാരിദ്ര്യമുള്ളവനെ ആകാശത്തോളമുയര്‍ത്തും. പ്രമുഖ പ്രസാധക കേന്ദ്രത്തിലെ ത്തിയാല്‍ ഈ പ്രതിഭയുടെ അഴകുകള്‍ വിരിയില്ല.സാഹിത്യ സൗന്ദര്യമുണ്ടോ തുടങ്ങിയവ അവര്‍ പരിശോധിക്കും. ഒടുവില്‍ തള്ളിക്കളയും. ആ സാധനമാണ് സാഹിത്യത്തിന് കൃതിമ സൗന്ദര്യം കൊടുത്തുകൊണ്ട് ഈ പ്രസാധകവിരുതര്‍ ആയിരം കോപ്പികള്‍ക്കുള്ള കാശ് വാങ്ങി നാന്നൂറോ അഞ്ഞുറോ അച്ചടിക്കുന്നത്. നൂറ് പുസ്തകം എഴുതിയാളിനും കൊടുക്കും. പിന്നെ ലൈബ്രറി മേളയിലുള്ള ഒരു ഫോട്ടോയും അയച്ചുകൊടുക്കും. മൂന്നോ ആറോ മാസ ത്തിനുള്ളില്‍ പുസ്തകം വിറ്റ് മുടക്കിയ മുതലും ലാഭവും തന്നിരിക്കുമെന്ന് കേള്‍ക്കുമ്പോള്‍ ആ മുഖത്തെ മന്ദഹാസ പ്രഭ കുറച്ചൊന്നുമല്ല. കച്ചവട പ്രസാധകര്‍ ധനികരാകുന്നതല്ലാതെ അവര്‍ പറയുന്നതൊന്നും നടക്കാറില്ലെന്ന് അനുഭവസ്തര്‍ക്കറിയാം. ഒരാള്‍ ഒഴുക്കില്‍പ്പെട്ടുഴലുന്നു മറ്റൊരാള്‍ ഉമ്മവെച്ചു് കൊല്ലുന്നു. ഇതും കലയിലെ കൊലയാണ്.
ഒന്നോ ഒന്നിലധികമോ കച്ചവട പ്രസാധകര്‍ വഴി പുസ്തകമാക്കി കഴിഞ്ഞാല്‍ പിന്നീട് നടക്കുന്നത് കച്ചവട അവാര്‍ഡുകളുടെ പ്രളയമാണ്. എഴുത്തുകാരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്നവരെക്കാള്‍ കച്ചവട അവാര്‍ഡിലൂടെ പേരും പ്രശസ്തിയുമുണ്ടാക്കുന്നവരെയോര്‍ത്തു് ലജ്ജിക്കാനേ സാധിക്കു. കച്ചവട അവാര്‍ഡുകളില്‍ പുസ്തകങ്ങള്‍ തമ്മിലുള്ള മത്സരമില്ല. വിധികര്‍ത്താക്കളില്ല.ഇന്ന് നടക്കുന്ന അവാര്‍ഡ് മാമാങ്ക മഹോത്സവം വര്‍ണ്ണചിത്രങ്ങളോടെ ഗ്രൂപ്പുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങി കച്ചവട മാധ്യമങ്ങളില്‍ പേരും പെരുമയും തെളിഞ്ഞു കാണുമ്പോള്‍ എഴുത്തുകാര്‍ ആനന്ദത്തിന്റെ ആഴക്കയങ്ങളിലിറങ്ങി നീന്താന്‍ തുടങ്ങും. സാഹിത്യത്തിന്റെ ഉറപ്പുള്ള വേരുകള്‍തേടിപ്പോകേണ്ടവര്‍ ഇങ്ങനെ ബുദ്ധിശൂന്യരാകു ന്നത് ഭാഷാരംഗത്തെ പുതിയൊരലങ്കരമായിട്ടാണ് പല പ്രമുഖ എഴുത്തുകാരും വിലയിരുത്തുന്നത്. ഇങ്ങനെ കുരുട്ടുകണ്ണിന് മഷിയെഴുതുന്നവരെപറ്റി കെ.പി.അപ്പന്‍ പറഞ്ഞത് എത്രയോ സത്യമാണ്. കാലത്തിനും ഒരു കര്‍മ്മമുള്ളതുപോലെ കലാ സാഹിത്യ ധര്‍മ്മങ്ങള്‍ എന്തുകൊണ്ട് മറക്കുന്നു?
ഇപ്പോള്‍ നടക്കുന്ന അവാര്‍ഡ് കച്ചവടങ്ങള്‍ മണ്മറഞ്ഞ മഹാകവി പി. കുഞ്ഞുരാമന്‍ തുടങ്ങി പല ഫൌണ്ടേഷന്റെ പേരില്‍, കച്ചവട സംഘടനകള്‍, ഓണ്‍ലൈന്‍ (അവരുടെ ഓണ്‍ ലൈനില്‍ തുടരെ എഴുതാനുള്ള തന്ത്രം). ഇങ്ങനെ ഓരോരോ പേരുകളില്‍ ധനസമ്പാദന ത്തിനായി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി അവാര്‍ഡുകള്‍ മത്തിപോലെ വിറ്റഴിക്കുന്നു. സ്വന്തം ഇഷ്ടത്തിന് എഴുതി സ്വന്തമായി പുസ്തകമാക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല. മറ്റുള്ള വര്‍ക്ക് വേണ്ടിയാണ് എഴുതിയതെങ്കില്‍ അത് പ്രമുഖ പ്രസാധകരല്ലേ പ്രസിദ്ധികരിക്കേണ്ടത്? നില വാരമില്ലാത്ത അവാര്‍ഡുകള്‍പോലെ നിലവാരമില്ലാത്ത പുസ്തകങ്ങള്‍ സാമാന്യബോധമു ള്ളവര്‍ വായിക്കുമോ?













നന്നായി.
🙌🙌
നന്നായി.