പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം – കാരൂര്‍ സോമന്‍, ചാരുംമൂട്.

Facebook
Twitter
WhatsApp
Email
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ പി.വത്സല മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയാണ്. പി.വത്സലയുടെ കഥ, നോവലുകളില്‍ അന്തര്‍ലീനമായിരുന്നത് മജ്ജയും രക്തവുമുള്ള കഥാപാത്രങ്ങളാണ്. ഓരോ കഥകളെടുക്കുമ്പോഴും വായനക്കാരനെ വികാരഭരിതമാക്കുന്നത് അതിലെ സംഭവങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളുമാണ്.  സാഹിത്യ  പ്രതിഭകള്‍ സാമൂഹ്യസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സൃഷ്ടികള്‍ നടത്തുന്നത്.  പി.വത്സലയുടെ കഥാപാത്രങ്ങള്‍ അസാധാരണത്വമുള്ളതാണ്. ‘നെല്ല്’ എന്ന ആദ്യനോവല്‍  കാടിന്‍റെ, കുടിയേറ്റക്കാരുടെ, തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ  ജീവിതത്തെ തുറന്നുകാട്ടുന്ന ഉത്തമമായ രചനയാണ്.  അതിലെ കഥാഘടനയും പാത്രസൃഷ്ടികളും മറ്റ് നോവലുകളേക്കാള്‍ തികച്ചും വ്യത്യസ്തവും വിഭിന്നവുമായ ഒരു സമീപനരീതിയിലൂടെയാണ് സഞ്ചരിക്കുന്നത്. അത് സിനിമയാകുകയും ചെയ്തു.   സാഹിത്യം ജീവിത യാഥാര്‍ഥ്യങ്ങളെ, മനുഷ്യപ്രകൃതിയുടെ അഗാധഭാവങ്ങളെ കാവ്യസുന്ദരമായ ആഖ്യാനകുശലതകൊണ്ട് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാണ്. ഇങ്ങനെ  അനുഭൂതിയുടെ അനന്തതയിലേക്ക് നമ്മെ കൊണ്ടുപോയിട്ടുള്ള ധാരാളം കൃതികള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന്  മനുഷ്യഭാവനിര്‍ഭരമായ എണ്ണപ്പെട്ട സര്‍ഗ്ഗ സൃഷ്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്.
മനുഷ്യമനസ്സിന്‍റെ ചിന്താതരംഗങ്ങളെ തൊട്ടുണര്‍ത്തുന്നതാണ് സാഹിത്യ സൃഷ്ടികള്‍. ഏതൊരു സൃഷ്ടിക്ക് പിന്നിലും ഒരു പ്രതിഭയുണ്ട്. അവരിലാണ് ഭാഷയുടെ സമഗ്രസ്വന്ദര്യം നിലകൊള്ളുന്നത്. അത് കൊല്ലന്‍റെ ആലയിലെ ചുളപോലെ  ഉജ്ജ്വലശോഭയോടെ  മാലിന്യങ്ങളെ കത്തിച്ചുകളയുക മാത്രമല്ല അതില്‍ നിന്ന് പുറത്തുവരുന്നത് അറിവിന്‍റെ, അനുഭൂതിയുടെ അഗ്നി ജ്വാലകളാണ്. അങ്ങനെ സിദ്ധി ലഭിച്ച ഒന്നിലധികം സ്ത്രീപക്ഷ എഴുത്തുകാര്‍  നമുക്കുണ്ട്. പി.വത്സലയുടെ ‘നെല്ല്’ നോവലില്‍ തിരുനെല്ലിലെ കാടുകളെങ്കില്‍ കേരളത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ രംഗത്ത് വന്ന മണ്മറഞ്ഞ  കെ.സരസ്വതിയമ്മയുടെ ‘ചോലമരങ്ങള്‍’ എന്ന കഥയാണ് ഓര്‍ക്കുന്നത്. ചോലമരങ്ങള്‍ തണലിനായി വച്ചുപിടിപ്പിച്ചതാണ്. ആ തണല്‍ മരങ്ങള്‍ രണ്ട് പ്രണയികളുടെ ആത്മസംഘര്‍ഷങ്ങളാണ്.  കാടുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കഥ സാറാ ജോസഫിന്‍റെ ‘പുതുരാമായണം’. വേടന്‍റെ അമ്പേറ്റ പക്ഷിയും പക്ഷിയുടെ ഇണയും ഇരകളാണ്.  സ്ത്രീകള്‍ക്ക് വേണ്ടി സാമൂഹ്യ തിന്മള്‍ക്കെതിരെ പ്രതികരിക്കുന്ന സാറാ ജോസഫും പി.വത്സലയും എനിക്ക്  ഗുരുതുല്യരാണ്.
ലോകത്തിന് സാഹിത്യ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭകള്‍ ധാരാളമുണ്ട്. അവരില്‍ പലരും വിപ്ലവത്തിന്‍റ ചിതയില്‍ നിന്ന് വെളിച്ചത്തിന്‍റെ നഗരമുണ്ടാക്കിയവരാണ്. ഇവരെല്ലാം മുന്നോട്ട് വെച്ച ആശയങ്ങള്‍ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യമാണ്. മുന്നില്‍ നില്‍ക്കുന്നത് പാശ്ചാത്യ സാഹിത്യകാരന്മാരാണ്. ഇവര്‍ ഏറ്റുമുട്ടിയത് രാജാക്കന്മാരോടായിരുന്നു. അവര്‍ മുന്നോട്ട് വെച്ച ആശയമാണ് കല. കലയ്ക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടിയാണ്.  അതില്‍ എണ്ണപ്പെട്ട പേരുകളാണ് ടോള്‍സ്റ്റോയി, മാക്സിം ഗോര്‍ക്കി, ഇബ്സന്‍, റൊമെയ്ന്‍ റോളണ്ട്, ബര്‍ണനാര്‍ഡ് ഷാ,  വിക്ടര്‍ യുഗോ,  വോള്‍ട്ടയര്‍ തുടങ്ങിയവര്‍.  ഇവരെല്ലാം ജീവല്‍ സാഹിത്യകാരന്മാരായിരുന്നു.   ജീവല്‍ സാഹിത്യമെന്നാല്‍ വിപ്ലവ പുരോഗമന ആശയങ്ങളും മനുഷ്യന്‍റെ പുരോഗതിയാണ്  ലക്ഷ്യം വെക്കുന്നത്.
നമ്മുടെ നാട്ടില്‍ സാഹിത്യം പച്ചപിടിച്ചത് ചില രാജാക്കന്മാരുടെ ഔദാര്യത്തിലായിരുന്നു.  എഴുത്തുകാരൊക്കെ പാണന്മാരും വാലാട്ടികളുമായിരുന്നു.  വിശ്വസാഹിത്യത്തില്‍ നിന്ന് നമ്മളും ജീവല്‍ സാഹിത്യം അല്ലെങ്കില്‍ പുരോഗമന സാഹിത്യം കടമെടുത്തു. 1936 ല്‍ തൃശൂരില്‍ വെച്ചാണ് പുരോഗമന സാഹിത്യ സംഘടനക്ക് രൂപം കൊടുത്തത്. മനുഷ്യര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനാണ് ജീവല്‍ സാഹിത്യമെന്ന് പേരിട്ടത്. എം.പി.പോളിന്‍റെ നേതൃത്വത്തില്‍ മുണ്ടശ്ശേരി, കുറ്റിപ്പുഴ, കേശവദേവ്, തകഴി, ദേവദാസ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവര്‍ ആരംഭിച്ച ജീവല്‍ സാഹിത്യം ഇന്നത് രാഷ്ട്രീയക്കാരുടെ തട്ടുകടകളായി മാറിയിരിക്കുന്നു. പുരോഗമന സാഹിത്യകാരന്മാരെന്ന് അഭിമാനിക്കുന്നവര്‍ മനുഷ്യന്‍റെ വളര്‍ച്ചക്കനുസൃതമായി, അനീതിക്കെതിരെ എന്തെങ്കിലും എഴുതുന്നുണ്ടോ?  ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ അനന്ത വളര്‍ച്ചയും സാഹിത്യ സൃഷ്ടികളുടെ മൂല്യങ്ങളെ സംസ്കരിച്ചുകൊണ്ടിരിക്കുന്നു.
പി.വത്സല ടീച്ചര്‍ തന്‍റെ സൗന്ദര്യകോട്ടയ്ക്കുള്ളില്‍ നിന്ന് രചിച്ചത് 17 നോവലുകള്‍, മുന്നൂറിലധികം കഥകള്‍, ബാല സാഹിത്യം തുടങ്ങിയവയാണ്. ‘നിഴലുറങ്ങുന്ന വഴികള്‍, ആഗ്നേയം, അരക്കില്ലം, ഗൗതമന്‍, പാളയം, ചാവേര്‍, വിലാപം തുടങ്ങിയവ പ്രധാന കൃതികള്‍. സാഹിത്യ അക്കാദമി പുരസ്കാരം, സാഹിത്യ അക്കാദമി അധ്യക്ഷ, 2019 ല്‍ അക്കാദമി വിശിഷ്ട അംഗത്വവും ലഭിച്ചു.  ഈ വര്‍ഷം ജൂലൈയില്‍  സംസാരിച്ചപ്പോള്‍  നോവല്‍, കഥകള്‍ ആമസോണില്‍ ഇടാനാഗ്രഹമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു.  പൂര്‍ണ്ണ പബ്ലിക്കേഷന്‍ പ്രസിദ്ധികരിച്ച   എന്‍റെ യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാളം നോവല്‍ ‘കാല്‍പ്പാടുകള്‍’ എന്ന നോവലിനെപ്പറ്റി 2010 ല്‍ ടീച്ചര്‍  എഴുതിയ വരികളാണ് താഴെ ചേര്‍ത്തത്.
“I am already reading your novel, started today. Thank you for the same. The novel seems interesting. God be with you, P. Vatsala

About The Author

Leave a Reply

Your email address will not be published. Required fields are marked *