മസ്തിഷ്ക ഭോജികളായ അമീബ – (ഡോ.വേണു തോന്നയ്ക്കൽ)

Facebook
Twitter
WhatsApp
Email
ചികിത്സിച്ച് ഭേദപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് അമീബിക് മെനിഞ്ചൈറ്റിസ് അഥവാ പ്രൈമറി അമീബിക് മെനിഞ്ചോ എന്‍കെഫലൈറ്റിസ്.
          രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം രോഗി മരിക്കുന്നു. മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു ആൺകുട്ടി ഈ രോഗം വന്ന് മരിച്ചതിനെ തുടർന്നാണ് നമ്മിൽ പലരും ഈ രോഗത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ആലപ്പുഴയിൽ മറ്റൊരു 15 കാരൻറെ മരണത്തോടെ രോഗം ഏറെ ജനശ്രദ്ധ നേടി.
          മസ്തിഷ്കത്തിൽ അധിവസിച്ച് മസ്തിഷ്ക കോശങ്ങൾക്ക് നാശമുണ്ടാക്കുന്ന നെഗ്ലെരിയ ഫൗലറി (Naegleria fowleri) എന്നയിനം അമീബകളാണ് രോഗാണു. ഇവയ്ക്ക് മസ്തിഷ്ക ഭോജി എന്ന വിളിപ്പേരുമുണ്ട്. ഇവ അമീബിഡെ(amoebidae) കുടുംബത്തിൽ പെടുന്നു.
          നെഗ്ലെരിയ ഒരു സ്വതന്ത്ര പരാദമാണ് (free living parasite) . ഫൗളർ (Malcolm Fowler), കാർട്ടർ(Rod Carter) എന്നീ പതോളജിസ്റ്റുകളാണ് ഈ അമീബയെ പഠിക്കുകയും ശാസ്ത്ര ലോകത്ത് അവതരിപ്പിക്കുകയും ചെയ്തത് (1965). ഫൗളറിന്റെ നാമത്തെ അവിസ്മരണീയമാക്കുന്നതാണ് അമീബയുടെ പേര് (N.fowleri).
          സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണാനാവുന്ന സ്വതന്ത്രമായി ജീവിക്കുന്ന ഏകകോശ ജീവികളാണ് അമീബ. പ്ലാസ്മ സ്തരം(plasma membrane) കൊണ്ട് പൊതിഞ്ഞിരിക്കുന്ന കോശ ശരീരത്തിനുള്ളിൽ കോശദ്രവ്യ(cytoplasm) വും കോശ മര്‍മ്മ (nucleus) വും ഉണ്ട്.
          അമീബയുടെ ശരീരത്തിന് നിശ്ചിത ആകൃതിയില്ല. കോശാകൃതി നിരന്തരം മാറിക്കൊണ്ടിരിക്കും. ആ മാറ്റമാണ് അമീബയുടെ സഞ്ചാരം, ഇര തേടൽ, പ്രജനനം , തുടങ്ങിയ ജീവൽ സ്വഭാവങ്ങളുടെയും നിലനിൽപ്പിനുമടിസ്ഥാനം. നിരന്തരം മാറ്റങ്ങൾക്ക് വിധേയമാവുന്ന എന്ന അർത്ഥം വരുന്ന AMOIBA എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് AMOEBA (അമീബ)എന്ന പേരുണ്ടായത്.
          കോശ ശരീരത്തിലെ കപട പാദ (pseudopodia) ങ്ങളാണ് അമീബയുടെ ആകൃതി മാറ്റത്തിന് കാരണം. കപട പാദങ്ങൾ അകത്തേക്ക് വലിച്ചും പുറത്തേക്ക് തള്ളിയുമാണ് ആകൃതി മാറ്റം ഉണ്ടാക്കുന്നത്. ഇര തേടാനും യാത്രയ്ക്കും കപട പാദങ്ങൾ ഉപയോഗിക്കുന്നു. കോശ ദ്രവ്യം ഒരു വശത്തേക്ക് തള്ളുന്നതിന്റെ ഫലമായി കോശം ആ ദിശയിലേക്ക് മാറുന്നു. അങ്ങനെയുണ്ടാവുന്ന സ്ഥാനചലനം ആവർത്തിച്ച് കോശത്തെ ആ ദിശയിലേക്ക് നടത്തുന്നു .ഒരു ഇരയെ കണ്ടുമുട്ടിയാൽ അമീബ സ്വന്തം കപട പാദങ്ങളാൽ അതിനെ പൊതിഞ്ഞ് ശരീരത്തിനുള്ളിലാക്കുന്നു. ഈ ജീവജാതികളിൽ ഏറെ പ്രസിദ്ധൻ ലബോറട്ടറി പഠനങ്ങൾക്ക് ഉപയോഗിക്കുന്ന അമീബ പ്രോട്ടിയസ് (Amoeba Proteus) ആണ്. സൂക്ഷ്മജീവികളായ ഈ അമീബകളുടെ കൂട്ടത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നയുമുണ്ട്. അവയാണ് ജയാന്റ് അമീബ(Giant amoeba). അമീബകളിൽ കുപ്രസിദ്ധിയാർജ്ജിച്ചവരാണ് നെഗ്ലെരിയ ഫൗലറി, അക്കാന്താമീബ (Acanthamoeba), എന്റെമീബ ഹിസ്റ്റോലിറ്റിക്ക (Entamoeba histolytica) എന്നിവ. ഇവ രോഗകാരികളായ പരാദങ്ങളാണ്.
          അരുവികൾ, പുഴകൾ, ഓടകൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, ശുദ്ധജല തടാകങ്ങൾ, കൃത്രിമ ജലാശയങ്ങൾ, തുടങ്ങിയ ആവാസവ്യവസ്ഥകളിലാണ് അമീബ അധിവസിക്കുന്നത്. എന്നാൽ നെഗ്ലെരിയ ഫൗലറി എന്നയിനം അമീബ തികച്ചും വ്യത്യസ്തരാണ്. ഓക്സിജൻ ടെൻഷൻ കുറഞ്ഞ ഇളം ചൂടുവെള്ളത്തിൽ കഴിയാനാണ് അവയ്ക്കിഷ്ടം (thermophilic). വെള്ളത്തിന് ചൂടുണ്ടെങ്കിൽ മുകളിൽ പറഞ്ഞ ആവാസ വ്യവസ്ഥകളിൽ ഇവയുണ്ടാവാം. കൂടാതെ വാട്ടർ ഹീറ്റിംഗ് യൂണിറ്റുകൾ, വേണ്ടത്ര ശുചീകരണം നടത്താത്ത ഗൃഹാവശ്യത്തിനു ഉപയോഗിക്കുന്ന വെള്ളം, നന്നായി ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽകുളങ്ങളിലെ വെള്ളം, നനഞ്ഞ മണ്ണ് എന്നിവിടങ്ങളിലും ഈയിനം അമീബ വളരുന്നു.
          നെഗ്ലെരിയ ഫൗലറി മൂലം മലിനമായ വെള്ളത്തിൽ കുളിക്കുകയോ ജലക്രീഡകളിൽ ഏർപ്പെടുകയോ ചെയ്താൽ അണുബാധ ഉണ്ടാവാം. വെള്ളത്തിൽ മുങ്ങി മണൽ കോരുക, ചെളി നീക്കം ചെയ്യുക , തുടങ്ങിയ പണികളിൽ ഏർപ്പെടുന്ന തൊഴിലാളികളിലും രോഗം പിടിപെടാവുന്നതാണ്.
          ഒരു കാര്യം പ്രത്യേകം അറിയുക. നെഗ്‌ളെരിയ മൂലം മലിനമാക്കപ്പെട്ട ജലം കുടിച്ചാൽ കൂടി അമീബിക് മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാവണമെന്നില്ല. രോഗാണുക്കൾ മൂക്കിലൂടെ മാത്രമേ ശരീരത്തിൽ പ്രവേശിക്കുകയുള്ളൂ. അതാണ് എൻട്രി പോയിൻറ്. അതിനാൽ ഈ അമീബ കൊണ്ട് മലിനമായ ജലത്തിൽ കുളിക്കുകയോ ജലകേളികളിൽ ഏർപ്പെടുകയോ ജലത്തിൽ പണിയെടുക്കുകയോ ചെയ്യുന്നവർ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കേണ്ടതാണ്. അമീബ മലിനമായ ജലം മാത്രമല്ല അമീബ മലിനമായ മണ്ണും മണലും മൂക്കിൽ കയറാതെയും നോക്കണം.
          നാസികയാണ് നമ്മുടെ ഘ്രാണേന്ദ്രിയം. മൂക്കിൽ നിന്നും ഗന്ധ സംവേദനങ്ങൾ മസ്തിഷ്കത്തിലെ പ്രത്യേക ഭാഗത്തെത്തിക്കുന്ന നാഡിയാണ് ഓൾഫാക്ടറി നാഡി (olfactory nerve). നാസാദ്വാരത്തിൽ ഓൾഫാക്ടറി നാഡിയുടെ ശാഖ വഴി ഈ അമീബ നാസാദ്വാരത്തിൽ നിന്നും മസ്തിഷ്കത്തെ പൊതിയുന്ന മെനിഞ്ചസിലും പിന്നെ മസ്തിഷ്ക കോശങ്ങളിലും എത്തി അവിടെ പ്രജനനം നടത്തി വളർന്നു പെരുകുന്നു.
          മെനിഞ്ചസിൽ അമീബയുടെ ആക്രമണം മൂലം ഉണ്ടാകുന്ന വീക്കം (inflammation) മെനിഞ്ചൈറ്റിസിനും ,(meningitis) മസ്തിഷ്കകോശങ്ങളിൽ എൻകെഫലൈറ്റിസിനും (encephalitis) ഇടയാക്കുന്നു. അതാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻകെഫലൈറ്റിസ് (primary amoebic meningoencephalitis) അഥവാ PAM.
          മസ്തിഷ്കത്തെ പൊതിഞ്ഞു കാണുന്ന വളരെ നേർത്ത മൂന്നു പാളി സ്തരങ്ങളാണ് മെനിഞ്ചസ്സുകൾ. അവ ഡുറാ മാറ്റർ (dura mater), അരക്ക്നോയ്ഡ് (arachnoid), പിയാ മാറ്റർ (pia mater), എന്നിവയാണ്. ഏറ്റവും ഉള്ളിലായി മസ്തിഷ്കത്തോട് ചേർന്നൊട്ടി പിയാ മാറ്റർ കാണപ്പെടുന്നു. ഡുറാ മാറ്റർ തലയോട്ടി (skull) യോട് ചേർന്ന് കാണപ്പെടുന്ന പാളിയാണ്. പിയാ മാറ്ററിനും ഡുറാ മാറ്ററിനും മധ്യേയാണ് അരക്കിനോയ്ഡ് പാളി കാണപ്പെടുന്നത്. പിയാ മാറ്ററിനും അരക്നോയ്ഡിനും ഇടയ്ക്ക് സെറിബ്രോ സ്പൈനൽ ദ്രാവകം (cerebrospinal fluid) അഥവാ സി എസ് എഫ് (CSF) നിറഞ്ഞിരിക്കുന്നു.
          കുറഞ്ഞ അളവിൽ പ്രോട്ടീൻ തന്മാത്രകൾ നിറഞ്ഞ നിറമില്ലാത്ത തെളിഞ്ഞ ഒരു ശരീര ശ്രവമാണ് സെറിബ്രോ സ്പൈനൽ ദ്രാവകം. മെനിഞ്ചസുകളും സെറിബ്രോ സ്പൈനൽ ദ്രാവകവും ചേർന്ന് മസ്തിഷ്കത്തെ സംരക്ഷിക്കുന്നു.
          മസ്തിഷ്കത്തിൻറെ തുടർച്ചയാണ് നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്ന സുഷിമ്ന നാഡി (spinal cord). സുഷിമ്ന നാഡിയെ പൊതിഞ്ഞ് മെനിഞ്ചസുകളും അവയ്ക്കിടയിൽ സെറിബ്രോ സ്പൈനൽ ദ്രാവകവും ഉണ്ട് . അപ്രകാരം സുഷിമ്ന നാഡിയും സംരക്ഷിക്കപ്പെടുന്നു.
          നെഗ്ലരിയ ഹൗലറി അമീബയ്ക്ക് സിസ്റ്റ് (cyst), അമീബോയ്ഡ് ട്രോഫോസോ വൈറ്റ് (amoeboid trophozoite), ഫ്ലജല്ലേറ്റ് ട്രോഫോസോവൈറ്റ് (trophozoite) എന്നിങ്ങനെ മൂന്നുതരം രൂപ ഘടനയുണ്ട്. അമീബയുടെ സിസ്റ്റ് ഘട്ടത്തിന് പന്തിന്റെ ആകൃതിയാണ്. മിനുസമുള്ളതും താരതമ്യേന കട്ടിയുള്ളതുമായ തോടു കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇത് ഒരിക്കലും മനുഷ്യ ശരീരത്തിൽ കാണപ്പെടുന്നില്ല.
           അമീബോയ്ഡ് ട്രോഫോസോവൈറ്റിന് വൃത്താകാര കപട പാദങ്ങൾ ഉണ്ടായിരിക്കും. കപട പാദങ്ങൾ ഉണ്ടെങ്കിലും ഈ ഘട്ടത്തിൽ യഥേഷ്ടം യാത്ര പ്രയാസം ആണ്. ഇത് പരാദത്തിന്റെ ഇൻഫെക്റ്റീവ് ഘട്ട (infective stage) മാണ്. അമീബോയ്ഡ് ട്രോഫോസോവൈറ്റുകൾ മനുഷ്യ മസ്തിഷ്കത്തിൽ കടന്നുകൂടി രോഗബാധയുണ്ടാക്കുന്നു.
          ഫ്ലജല്ലേറ്റ് ട്രോഫോസോവൈറ്റിന് പിയർ പഴ (pear fruit) ത്തിന്റെ ആകൃതിയാണ്. കോശ ശരീരത്തിൽ രണ്ട് ഫ്ളജല്ലകൾ (biflagellate) ഉണ്ടായിരിക്കും. നീളമുള്ള രോമങ്ങൾ പോലുള്ള അവയവമാണ് ഫ്ളജല്ല.ഫ്ലജല്ല ചലിപ്പിച്ച് അമീബയ്ക്ക് യഥേഷ്ടം ജലത്തിൽ സഞ്ചരിക്കാനാവുന്നു.
          അമീബോയ്ഡ് ട്രോഫോസോവൈറ്റ് ഘട്ടത്തിൽ അവ നന്നായി ഇരതേടി വളരുകയും ദ്വി ഖണ്ഡനത്തിലൂടെ പ്രജനനം നടത്തി സംഖ്യാബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പിറക്കുന്ന മുഴുവൻ അമീബോയ്ഡ് ടോഫോസോവൈറ്റുകൾക്കും സ്വന്തം ആവാസവ്യവസ്ഥ മുഴുവൻ പടർന്നു നിറയുവാനാവില്ല.
           അതിനാൽ അവയ്ക്ക് ഒരു സൂത്രം ഉണ്ട്. അവ വളരെ പെട്ടെന്ന് വർദ്ധിച്ച സഞ്ചാര സ്വാതന്ത്ര്യമുള്ള ഫ്ലജല്ലേറ്റ് ട്രോഫോസൊവൈറ്റുകളായി മാറുന്നു. സ്വന്തം ഫ്ലജല്ല ചലിപ്പിച്ച് നീന്തിത്തുടിച്ച് അവിടെങ്ങും നിറയുന്നു. അതിനിടയിൽ ഒരു മനുഷ്യ ശരീരത്തിൽ കയറാൻ അവസരം ലഭിക്കുകയാണെങ്കിൽ അവ അമീബോയ്ഡ് ട്രോഫോസോവൈറ്റ് ഘടനയിലേക്ക് മാറുകയും ശരീരത്തിനുള്ളിൽ കടന്നു കൂടുകയും ചെയ്യുന്നു. ഇപ്രകാരം വളരെ പെട്ടെന്ന് പരസ്പരം രൂപ ഘടന മാറുന്നതിനാൽ ഇവയെ അമീബോഫ്ലജല്ലേറ്റ് (amoeboflagellate) എന്നു വിളിക്കുന്നു.
         ട്രോഫോസോവൈറ്റുകൾ
 ക്ക് 45 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിന് മുകളിൽ പിടിച്ചു നിൽക്കാനാവില്ല. അതുപോലെ അധിക തണുപ്പും താങ്ങുക പ്രയാസമാണ്. ജലത്തിൽ കലർന്നിട്ടുള്ള ക്ലോറിന്റെ അളവ് 2 പി. പി.എം.(2 part per million) ൽ അധികമായാലും നിലനിൽപ്പ് അസാധ്യമാണ്. ഉപ്പിന്റെ സാന്നിധ്യം 0.7 ശതമാനമോ അതിൽ കൂടുതലോ ആയാലും വലിയ കഷ്ടമാണ്. കടൽ ജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഉപ്പിന്റെ അളവ് 2.5% ആണ് . അതിനാൽ ഇവ കടൽ ജലത്തിൽ കാണപ്പെടുന്നില്ല.
          അങ്ങനെ ഭക്ഷണ ദൗർലഭ്യത, നിർജലീകരണം, തുടങ്ങി അനവധി ഘടകങ്ങൾ ഇവയുടെ നിലനിൽപ്പിന് പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ഇവയ്ക്ക് നന്നായി അറിയാം. പ്രതികൂല സാഹചര്യങ്ങളിൽ അവ സ്വന്തം രൂപഘടന മാറി സിസ്റ്റ് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ചുറ്റുപാട് അനുകൂലമാകുന്നതോടെ തോടു (സിസ്റ്റ്) പൊളിച്ച് ട്രോഫോസോവൈറ്റുകൾ പുറത്തുവരുന്നു.
          ഒരാളുടെ മസ്തിഷ്കത്തിൽ കയറുന്ന രോഗാണു (amoeboid trophozoite) അവിടെ പെറ്റു പെരുകുന്നു. അതാണ് ഇൻകുബേഷൻ പീര്യേഡ് (incubation period) ഇതിലേക്ക് 2-14 ദിവസങ്ങൾ വേണ്ടിവരുന്നു. ഇതേ തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമാവുകയായി.
          അനോസ്മിയ, പനി, തലവേദന, ഓക്കാനം, ഛർദ്ദി, എന്നീ രോഗലക്ഷണളോടെയാവും രോഗത്തിന് തുടക്കം. തുടർന്ന് കഴുത്തു തിരിക്കാൻ ആവാത്ത അവസ്ഥ, അറ്റാക്സിയ, ബോധക്ഷയം, എന്നീ ലക്ഷണങ്ങളോടെ രോഗം തീവ്രമാകുന്നു.
          ഗന്ധം അറിയാനുള്ള ശേഷി ( ഘ്രാണ ശേഷി) ഇല്ലായ്മയാണ് അനോസ്മിയ (anosmia). സ്മെൽ ബ്ലൈന്റ് നസ് (smell blindness) എന്നും ഈ അവസ്ഥ അറിയപ്പെടുന്നു.
.ചില പ്രത്യേക ഗന്ധമോ ഒന്നിലേറെ ഗന്ധമോ അറിയാനാവാത്ത അവസ്ഥയാണിത്. മസ്തിഷ്കാഘാതം, നാസാദ്വാരത്തിലെ ശ്ലേഷ്മസ്തരത്തിലെ വീക്കം, മൂക്കടപ്പ്, കോവിഡ് -19, കാൻസർ ചികിത്സ, തുടങ്ങി പല കാരണങ്ങളാലും അനോസ്മിയ വരാം.
          അതിശക്തമായ പനിയും തലവേദനയും ആണ് രോഗി അനുഭവിക്കുന്നത്. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഡിജനറേറ്റീവ് (degenerative) തകരാറാണ് അറ്റാക്സിയ (ataxia). സെറിബലത്തി (cerebellum) നുണ്ടാവുന്ന നാശം ഇതിന് കാരണമാകുന്നു.
           അമീബിക് മെനിഞ്ചൈറ്റിസ് രോഗികൾ വെളിച്ചത്തോട് വർധിച്ച പ്രതികരണമാണ് പ്രകടിപ്പിക്കുന്നത്. മദ്യ ലഹരിയിൽ കഴിയുന്ന ഒരാളെ രോഗി ഓർമിപ്പിക്കുന്നു. നടക്കാൻ ഏറെ പ്രയാസമാവും. നടക്കുമ്പോൾ ബാലൻസ് തെറ്റുന്നു. സംഭാഷണത്തിൽ ഇഴച്ചിൽ അനുഭവപ്പെടും. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ ക്ലേശിക്കുന്നത് കാണാം. ഇല്ലാത്ത കാഴ്ചകൾക്കും തോന്നലുകൾക്കും (hallucinations) രോഗി വശംവദനാവുന്നു. മൂന്നാമത്തെയും ആറാമത്തെയും ശിരോ നാഡികളുടെ (cranial nerves) തകരാറ് പ്രത്യേകം ശ്രദ്ധേയമാണ്.
          രോഗ ലക്ഷണങ്ങൾ ഇവ്വിധം തീവ്രമാവുന്നതോടെ വൈകാതെ മരണമെത്തുന്നു. അതിനാൽ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടപാടെ വൈദ്യ സംരക്ഷണം നൽകേണ്ടതാണ്.
          മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നിങ്ങളുടെ കുട്ടിയിൽ കുളത്തിലോ പുഴയിലോ കുളിച്ച് രണ്ടാഴ്ചയ്ക്കകം അനോസ്മിയയും ഒപ്പം പനിയും ശ്രദ്ധയിൽ പെട്ടാൽ ഉടനെ ഒരു വിദഗ്ധ ഡോക്ടറെ കൺസൾട്ട് ചെയ്യുക. അത്തരമൊരു പശ്ചാത്തലം ഒന്നുമില്ലാതെ തന്നെ ഈ വിധം ഒരു പനി വന്നാൽ കൂടി വിദഗ്ദ്ധ വൈദ്യ സേവനം തേടാൻ മടിക്കരുത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സ്വയം ചികിത്സയും, ഒറ്റമൂലി പ്രയോഗവും നടത്താതിരിക്കുക. വിദ്യാസമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്ന നാം അക്കാര്യത്തിൽ വലിയ തൽപര്യമാണ് പ്രകടിപ്പിക്കുന്നത്.
          രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളുടെ സെറിബ്രോ സ്പൈനൽ ദ്രാവകം എടുത്ത് പരിശോധിച്ചു രോഗനിർണയം നടത്താവുന്നതാണ്. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ – പോളിമെറൈസ് ചെയിൻ റിയാക്ഷൻ (Reverse Transcription – polymerase Chain Reaction) അഥവാ ആർ ടി – പി സി ആർ (RT-PCR) ടെസ്റ്റിലൂടെയും രോഗനിർണയം ഉറപ്പുവരുത്താം.
          ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലില്ല. അതിനാൽ രോഗത്തെ ക്ഷണിച്ചു വരുത്താതിരിക്കുന്നതാണ് ഉത്തമം. രോഗത്തിൻറെ തുടക്കത്തിൽ ആംഫോട്ടറിസിൻ – ബി (amphotericin – B) തുടങ്ങിയ ചില ഔഷധങ്ങൾ നൽകിവരുന്നുണ്ട്. വളരെ ചുരുക്കം രോഗികളെ രക്ഷപ്പെടുത്താനുമാവുന്നു.
          നമ്മുടെ ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും അനുദിനം മോശമാവുകയാണ്. അതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് പെരുകുന്ന രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും. നമ്മുടെ മോശപ്പെട്ട ഭക്ഷണശീലം, വ്യായാമ രഹിത ജീവിതം, മറ്റ് ശീലക്കേടുകൾ, ആധുനിക ലോകം വച്ച് നീട്ടുന്ന ഭ്രമാത്മക വെളിപാടുകൾ, തുടങ്ങി അനവധി ഘടകങ്ങൾ നമ്മുടെ രോഗ പ്രതിരോധശേഷി തകർക്കുന്നവയാണ്.
          രോഗപ്രതിരോധശേഷി സ്വാഭാവികമായും ലഭിക്കുന്നതാണ്. പ്രത്യേകം ഭക്ഷ്യ വസ്തുക്കൾക്കോ പോഷക ഘടകങ്ങൾക്കോ ഔഷധ കൂട്ടുകൾക്കോ ചികിത്സാവിധികൾക്കോ സ്ഥായിയായി പ്രതിരോധം മെച്ചപ്പെടുത്താൻ കാര്യമായൊന്നും ചെയ്യാനില്ല.
          ആരോഗ്യ കേരളം എന്ന പേരിൽ അഭിമാനിക്കുന്നവരാണ് നാം . എന്നാൽ അതിമാരകമായ പല രോഗങ്ങളും നമ്മെ വിടാതെ പിൻതുടരുകയാണ്. നമുക്ക് എവിടെയോ പിഴച്ചിരിക്കുന്നു. എവിടെയാണ് കാലിടറിയത് എന്ന് ചിന്തിക്കാൻ ഒരു നിമിഷമെങ്കിലും നാം ചെലവിടണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *