2025 ജനുവരി മുതല്‍ മലയാള നാട്ടിലെ പെണ്‍കുരുന്നുകള്‍ക്ക് ജീവനും ജീവിതവും നിഷേധിക്കപ്പെടുന്നു.
ഷൈനി തന്റെ പെണ്‍മക്കളെ മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് നാം വേദനിച്ചു. ഷൈനിയുടെ പാത പിന്തുടര്‍ന്ന് അഡ്വ. ജിസ്‌മോളും സ്വന്തമക്കളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞു.
ഷൈനിക്കും ജിസ്‌മോള്‍ക്കും വിദ്യാഭ്യാസമുള്ളവരായിരുന്നു. അല്പം ക്ഷമിച്ചാല്‍, സഹിച്ചാല്‍ ഈ ക്ലേശങ്ങളൊക്കെ മാറി ഉന്നതികളില്‍ എത്താമായിരുന്നു. ഷൈനി ആത്മഹത്യചെയ്തു, ഒപ്പം മക്കളേയുംകൊന്നു. ജിസ്‌മോളുടെയും മക്കളുടെയും മരണവഴിയിലെ നിഗൂഢതകള്‍ വെളിവാക്കപ്പെടേണ്ടതുണ്ട്. അവരെയൊക്കെ മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാരായവര്‍ സമ്പന്നരാണ്. അവര്‍ സമ്പത്തുപയോഗിച്ച് കേസുകള്‍ നടത്തും. പണത്തിനുവേണ്ടി ആര്‍ത്തി പിടിച്ചോടുന്ന വക്കീലന്മാര്‍ അവര്‍ക്കുവേണ്ടി നിലകൊള്ളും. നഷ്ടപ്പെട്ടതാര്‍ക്ക്. ജീവിക്കാന്‍ അവര്‍ക്ക് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താമായിരുന്നു. രക്ഷപ്പെടാന്‍ പഴുതുകളുള്ളവര്‍ അതൊന്നും ഉപയോഗയോഗ്യമാക്കിയില്ല എന്നതാണ് സത്യം.
പിന്നീട് കേള്‍ക്കുന്ന ഓരോരോ വാര്‍ത്തകളും വേദനാജനകമാണ്.
ഒടുവില്‍ കേട്ടത് സന്ധ്യ എന്ന അമ്മ തന്റെ പൊന്നോമനയെ പുഴയിലെറിഞ്ഞുകൊന്നിട്ട് നിസ്സംഗയായി സ്വന്തം വീട്ടിലെത്തിയതാണ്.
കല്യാണിയെന്ന ഈ കുഞ്ഞുമോള്‍ ഏറെയേറെ കരയിക്കുന്നു. കണ്ണീരടക്കാന്‍ കഴിയുന്നില്ല.
എന്റെ നിഗമനം ഞാന്‍ പറയുന്നു; സന്ധ്യയെ ഭര്‍തൃവീട്ടുകാര്‍ വിശ്വസിച്ചില്ല, സ്‌നേഹിച്ചില്ല, ഒറ്റപ്പെടുത്തി. ഭ്രാന്തിയെന്നു മുദ്രകുത്താനും ശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഭര്‍ത്താവിനെ കണ്ടാലറിയാം അയാള്‍ സ്വന്ത കുടുംബത്തെ അതായത് ഭാര്യയോടും മക്കളോടും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്ന്.
സ്വന്തം പൊന്നോമന മരിച്ചപ്പോളും സ്വന്തം മോനെക്കൊണ്ട് പെറ്റമ്മയുടെ കുറ്റം വിളമ്പിക്കാന്‍ അയാള്‍ വെമ്പുന്നതായി കണ്ടു. അയാളുടെ അമ്മയും ഒട്ടും മോശമല്ല.
ഈ കുരുന്നിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടേഴ്‌സിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാന്‍ മറക്കുന്നില്ല.
കുട്ടിയെ പീഡിപ്പിച്ച കൊച്ചച്ചന്‍ ഏതെങ്കിലും വിധത്തില്‍ ആ അമ്മയെയും ബ്ലാക് മെയില്‍ ചെയ്തു കാണും. സന്ധ്യയുടെ പ്രവര്‍ത്തനത്തില്‍ ഭയപ്പാട് ഒളിഞ്ഞിരിക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ പ്രായമാകുമ്പോള്‍ വിവാഹം ചെയ്തയയ്ക്കും. പിന്നെ അവര്‍ക്ക് കുട്ടികള്‍ ജനിക്കും. കുട്ടികള്‍ ഒരു ഭാഗ്യമാണ് മറിച്ച് ഭാരമല്ല. കഷ്ടപ്പെട്ട് അവരെ പരിപാലിച്ചുവളര്‍ത്തി വലുതാക്കണം. ആ തത്രപ്പാടില്‍ കുറെക്കാലത്തേക്ക് സ്വാതന്ത്ര്യം പോലും ലഭിക്കാത്ത ഹതഭാഗ്യര്‍ കേരളത്തില്‍ ധാരാളമുണ്ട്.
ഭര്‍തൃഗൃഹത്തില്‍നിന്നും ഭര്‍ത്താവില്‍നിന്നും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്‌നേഹം, കരുതല്‍ ഒക്കെ നിഷേധിക്കപ്പെടുന്ന ഒരു കാലം. അതിനെ ബോള്‍ഡായിനിന്ന് ഓരോസ്ത്രീയും അതായത് ഓരോ അമ്മയും അതിജീവിച്ചേ മതിയാകൂ.
പിന്നീട് മക്കള്‍ക്കുവേണ്ടിയാകണം ജീവിതം പടുത്തുയര്‍ത്തേണ്ടത്. ഭാവിയിലെ പ്രതിഫലം നോക്കരുത്. കര്‍മ്മം ചെയ്യുക മാത്രം ലക്ഷ്യമാക്കണം.
കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ അമ്മമാര്‍ മക്കള്‍ക്കുവേണ്ടി നല്ല പോരാളികളായി നിന്ന്, ശത്രുവിനോട് യുദ്ധം ചെയ്ത്, മക്കളെ കാക്കണം. മക്കളുടെ പ്രത്യേകിച്ച് പെണ്‍മക്കളുടെ പീഡകര്‍ക്ക് ‘രുചിക്കാന്‍ ‘ അവരെ വിട്ടുകൊടുക്കരുത്. നല്ല, പൂര്‍ണ്ണ സംരക്ഷണം നല്കണം.
‘എലിയെ തോല്പിക്കാന്‍ ഇല്ലം ചുട്ടാല്‍ എലിയോടിപ്പോകും, ഇല്ലം വെന്തും പോകും ‘ ഒരിക്കലും എലിയെ തോല്പിക്കാന്‍ ഇല്ലം ചുടരുത്.
വിശുദ്ധ ബൈബിള്‍ പറയുന്നു: ‘അന്ത്യത്തോളം സഹിച്ചു നില്ക്കുന്നവന്‍ രക്ഷിക്കപ്പെടും’
മക്കള്‍ക്ക് അച്ഛന്‍വീട്ടില്‍ സ്വസ്ഥത നഷ്ടപ്പെടുന്നെങ്കില്‍, സുരക്ഷിതത്വം നഷ്ടപ്പെടുന്നെങ്കില്‍ സ്വന്തം വീട്ടിലേക്ക് തല്ക്കാലത്തേക്കെങ്കിലും പോകണം. പിന്നെ വല്ല അടുക്കളപ്പണിയോ കൂലിപ്പണിയോ എങ്കിലും ചെയ്ത് മക്കളെ ‘ആഭാസന്മാരുടെയും പീഡകരുടെയും വലയിലാകാതെ രക്ഷിക്കണം. അതാണ് അമ്മയുടെ ധര്‍മ്മം, അതാണ് മാന്യത.
ആത്മഹത്യയുടെ വഴിയും കൊലപാതകത്തിന്റെ വഴിയും നിഷ്ഠൂരമാണ്, ഒരിക്കലും ആ മാര്‍ഗ്ഗം തിരഞ്ഞെടുക്കരുത്, മക്കള്‍ അമൂല്യമായ നിധിയാണ്. നിധി കാക്കുന്ന ഭൂതമാകണം അമ്മമാര്‍.
കല്യാണിയെന്ന പാവം പെണ്‍കുരുന്നിനെ അതിക്രൂരമായി നോവിച്ച കൊച്ചച്ചന്റെ പേരുപോലും പുറത്തുവിടാതെ അവനെ കാക്കുകയാണ് എല്ലാവരും.
പ്ലേ സ്‌കൂളുകളിലും അങ്കണവാടികളിലുമൊക്കെ ‘ബാഡ് ടച്ച് ‘ എന്താണെന്ന് കുരുന്നുകളെ ബോധവല്ക്കരണം നടത്തണം. അമ്മമാരും റ്റീച്ചര്‍മാരും ജാഗരൂകരായാല്‍ നമ്മുടെ നാടിന്റെ അമൂല്യ സ്വത്തായ ഈ കുരുന്നുകളെ നമുക്ക് രക്ഷിക്കാനാവും.
കണ്ണീരോടെ എഴുതുന്ന വരികളാണിത്.











