‘എനിക്ക് അവിടെ പോയാലേ പറ്റുള്ളു..നീ കൂടെ വരണം ..’ അകലേക്ക് നോക്കി ഉറച്ച തീരുമാനത്തോടുകൂടിയാണ് പീതാംബരേട്ടന്‍ വത്സനോട് പറഞ്ഞത്.
അച്ഛന്‍ മരിച്ചിട്ട് നാല്‍പത്തിയൊന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. ഇളയമകനായ ചന്ദ്രനെക്കൊണ്ട് തന്റെ ചിതാഭസ്മം ഗംഗാനദിയില്‍ ഒഴുക്കണമെന്ന് ഒരു വെളിപാടുപോലെ അച്ഛന്റെ അവസാനനാളുകളില്‍ മൂത്ത മകനായ പീതാംബരനോട് പറഞ്ഞിരുന്നു. ചന്ദ്രന്‍ ഇപ്പോള്‍ നാട്ടില്‍ നിന്നുതന്നെ അപ്രത്യക്ഷനായിട്ട് ഒരു വ്യാഴ വട്ടത്തിലേറെയായിരിക്കുന്നു.അച്ഛന്‍ മരിച്ചപ്പോള്‍ വരുമെന്ന് കരുതി.വന്നില്ല,
എവിടെ ചെന്നന്വേഷിക്കാന്‍ ….
അച്ഛന്റെ ചിതാഭസ്മം കാശിയില്‍ പോയി ഗംഗാനദിയില്‍ ഒഴുക്കണമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്…സാരമില്ല, മരിച്ചു മുകളിലിരിക്കുന്ന അച്ഛനു മനസിലാകുമായിരിക്കും.അയാള്‍ ദീര്ഘമായി നിശ്വസിച്ചു …..
പീതാംബരേട്ടന്റെ അനുജന്‍ ചന്ദ്രേട്ടനെപ്പറ്റിഓര്‍ക്കാന്‍ ഒരുപാടുണ്ടായിരുന്നു വത്സന്.
ഹിന്ദി എം എ പഠിക്കാനാണ് അകലെയുള്ള നഗരത്തിലെ കോളേജില്‍ ചേര്‍ത്തത്. അവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാകാതെ ഒരുനാള്‍ മടങ്ങിയെത്തിയത് കാവിവസ്ത്രം ധരിച്ചു , താടിയും മുടിയും നീട്ടിവളര്‍ത്തി ഒരു കാവി തോള്‍ സഞ്ചിയുമായാണ്. ചന്ദ്രേട്ടന്‍ ഹിന്ദി നന്നായി പറയുമായിരുന്നു. ഒപ്പം സംസ്‌കൃതവും. റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന ഹിന്ദി വാര്‍ത്തകളും സംസ്‌കൃത വാര്‍ത്തകളും ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് വിവര്‍ത്തനം ചെയ്തു തന്നു. പുരാണ കഥകള്‍ പറയുന്നതില്‍ അസാമാന്യ സിദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്.
ചില നേരങ്ങളില്‍ ചന്ദ്രേട്ടന്റെ മുറിയില്‍ നിന്നും കഞ്ചാവ് ബീഡിയുടെ പുകച്ചുരുളുകള്‍ മുറിലാകെ പരക്കുകയും അതിന്റെ രൂക്ഷ ഗന്ധം അവിടെയാകെ പടരുകയും ചെയ്യുമായിരുന്നു… ചന്ദ്രേട്ടന്റെ അച്ഛന്‍ രാഘവേട്ടനും അമ്മയും ഒക്കെ ആദ്യമൊക്കെ വഴക്കു പറഞ്ഞു നോക്കി …അതൊന്നും അവിടെ ചിലവായില്ല…
ചന്ദ്രേട്ടന് ഇതൊന്നും ബാധകമായിരുന്നില്ല…അയാള്‍ മിക്കപ്പോഴും ഈ ലോകത്തിലായിരുന്നില്ല എന്നതായിരുന്നു വാസ്തവം
രാവിലെ തന്നെ ചന്ദ്രേട്ടന്‍ കുളിക്കും , കാവി വസ്ത്രം ധരിക്കും പിന്നെ നെറ്റിയില്‍ നീളന്‍ ഭസ്മക്കുറി.
അന്തരീക്ഷത്തിലേക്ക് ഊതി വിടുന്ന പുകച്ചുരുളുകളുടെ വലയത്തില്‍ ദൃഷ്ടിയൂന്നി ഒറ്റയിരുപ്പാണ് …മണിക്കൂറുകളോളം , ജലപാനമില്ലാതെ… ഏതോ ഒരു ലോകത്തില്‍…
ഇടയ്ക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു പോകും ആദ്യമൊക്കെ വീട്ടുകാര്‍ അന്വേഷിച്ചിരുന്നു , പിണങ്ങി നോക്കി … പിന്നെ അതൊരു സ്ഥിരം പതിവായപ്പോള്‍ വീട്ടുകാര്‍ അതുമായി പൊരുത്തപ്പെട്ടു… വഴക്കിന്റെ കട്ടി കുറഞ്ഞു ദുര്‍ബലമായി…
ക്രമേണ അയാളെ അവര്‍ മനസുകൊണ്ടുതന്നെ ഉപേക്ഷിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഒരു സന്യാസിയായാല്‍ എല്ലാം ത്വജിക്കണം എന്ന് ചന്ദ്രേട്ടന്‍ പറയാറുണ്ട്. ബന്ധങ്ങള്‍, ബന്ധനങ്ങള്‍ , വീട് ,കുടുംബം , കുട്ടികള്‍, ലൗകിക സുഖങ്ങള്‍ എന്നിങ്ങനെ എല്ലാം ഉപേക്ഷിച്ചാല്‍ അയാള്‍ ഒരു സന്യാസിയായി എന്ന് ചന്ദ്രേട്ടന്‍ പറയുന്നു. അപ്പോള്‍ ചുരുക്കം പറഞ്ഞാല്‍ ചന്ദ്രേട്ടന്‍ ഒരു സന്യാസി ആയി മാറിയിരുന്നു…..
‘ തെമ്മാടി , മടിയന്‍…..’…പണിയെടുക്കാന്‍ വയ്യാത്തോണ്ട് തെണ്ടി നടക്കുന്നു ….’- ചന്ദ്രേട്ടന്റെ അമ്മ അരിശത്തോടെ പറഞ്ഞു.
ഋഷികേശിന്റെ മണ്ണിലേക്ക് കാലുകുത്തിയപ്പോള്‍ മുതല്‍ വത്സന്‍ മറ്റൊരു ലോകത്തായിരുന്നു.ഭസ്മത്തിലെയും സാമ്പ്രാണിതിരികളുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധ ദ്രവ്യങ്ങളുടെയും സമ്മിശ്ര ഗന്ധം അയാളെ വലയം ചെയ്തു. ഒരിക്കലും ആഗ്രഹിക്കാതെ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന നിയോഗമായിരുന്നല്ലോ , പീതാംബരേട്ടനോടൊപ്പം അയാളെ അവിടെയെത്തിച്ചത് … കുതിച്ചു പാഞ്ഞൊഴുകുന്ന കലങ്ങിമറിഞ്ഞ ഗംഗാനദി ..അയാള്‍ക്കു നേരിയ ഭയം തോന്നി. പാപമോക്ഷം തേടിയെത്തുന്ന പതിനായിരങ്ങളെ അയാള്‍ അവിടെ കണ്ടു.
അപ്പോള്‍ അവിടെ കണ്ട മറ്റൊരു മലയാളി പറഞ്ഞു അത് കലങ്ങിയതല്ല…
മഞ്ഞു മലകളുരുകിവരുന്നത് കൊണ്ടാണത്രേ കലങ്ങിയത് പോലെ തോന്നുന്നത്… കൊടും തണുപ്പുള്ള ജലം …പുണ്യതീര്‍ത്ഥം. ഗംഗാ നദിയില്‍ കുളിച്ചു കഴിഞ്ഞാല്‍ പാപമോക്ഷമായി. പാഞ്ഞൊഴുകുന്ന ഗംഗാ നദി… ഭക്തിസാന്ദ്രമായ കീര്‍ത്തനങ്ങള്‍… മന്ത്ര ജപങ്ങള്‍, പൂജ കേന്ദ്രങ്ങളിലെ മണി മുഴക്കങ്ങള്‍ , ഏതൊരു മുക്കിലും മൂലയിലും. മനുഷ്യ ജീവിതങ്ങളുടെ എല്ലാ അഹങ്കാരവും ഇല്ലാതാകുന്ന ഭൂമിയിലെ ഏക സ്ഥലം ഇതാണെന്നു അയാള്‍ക്ക് തോന്നി. ചന്ദ്രേട്ടന്‍ പണ്ട് പറഞ്ഞ കാശിയെക്കുറിച്ചോര്‍മ്മ വരുന്നു. അഘോരികളെക്കുറിച്ചും. ജഡ്ഡ പിടിച്ച നീണ്ട വെളുത്ത താടിയും മുടിയുമുള്ള ഭസ്മവും സിന്ദൂരവും ശരീരമാസകലം വാരി തേച്ച , പൂര്‍ണ്ണ നഗ്നരായ പാതിവെന്ത ശരീരം ഭക്ഷിക്കുന്ന അഘോരികളെക്കുറിച്ചു ഭീതിപ്പെടുത്തുന്ന കഥകള്‍..!
സ്മശാനങ്ങള്‍ ഇഷ്ട്ടപ്പെടുന്ന അഘോരികള്‍. മരണവും സങ്കടങ്ങളും ആരുമില്ലാതെ ഒടുവില്‍ ഉപേക്ഷിക്കപ്പെടുന്നതുമായ ശവ ശരീരങ്ങള്‍ ഉള്ള സ്ഥാലങ്ങളില്‍ അഘോരികള്‍ ഉണ്ടാവും…. അഘോരികള്‍ ഒരിക്കലും ഉറങ്ങാറില്ല എന്നും ചന്ദ്രേട്ടന്‍ പറഞ്ഞിരുന്നത് അയാളോര്‍ത്തു. ജീവിതത്തതിന്റെ പുതിയ മുഖം വത്സന്‍ അവിടെ കണ്ടു.
അഹങ്കരിക്കപ്പെടുന്നവന്റെ, വെറുക്കപ്പെടുന്നവന്റെ, സൗന്ദര്യത്തിന്റെ, മോഹത്തി ന്റെ, കാമത്തിന്റെ …. എല്ലാത്തിന്റെയും പര്യവസാനം അയാള്‍ അവിടെ നേരിട്ട് കാണുകയായിരുന്നു…. അവിടെ വലുപ്പമോ ചെറുപ്പമോ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അല്‍പ വസ്ത്ര ധാരികളായ സന്യാസിമാര്‍ വലിച്ചൂതിയ കഞ്ചാവ് പുകമറച്ചുരുളുകളില്‍ ആണ്ട് പോയിരിക്കുന്നത് വത്സന്‍ കണ്ടു ….അവരുടെ ദേഹം മാത്രമേ അവിടെ ശേഷിക്കുന്നുള്ളൂ എന്നയാള്‍ക്ക് തോന്നി…. ആത്മാവ് ദൂരെ ഏതോ പറുദീസകളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്..തണുവോ, ചൂടോ മറ്റൊന്നും അവര്‍ അറിയുന്നുണ്ടായിരുന്നില്ല.ചിറകുകള്‍ വിരിയിച്ചു ആ സന്യാസിമാര്‍ ഗംഗാ നദിയുടെ മുകളിലൂടെ, ആകാശത്തിലൂടെ പറക്കുന്നതായി അയാള്‍ ഭാവനയില്‍ കണ്ടു..
പീതാംബരേട്ടന്റെ കൈവശം ഉണ്ടായിരുന്ന ചിതാഭസ്മം അതിശക്തമായ ഒഴുക്കുള്ള ഗംഗയിലൊഴുക്കിയതിന്റെ അന്ന് അവിടെയെല്ലാം അവര്‍ ചുറ്റിനടന്നു കണ്ടു. അവിടെനിന്നും തിരികെ പോകാന്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തോന്നുന്നില്ല എന്നതാണ് വാസ്തവം..ആസ്മ ബാധിച്ചവന് ആവശ്യം പോലെ ഓക്‌സിജന്‍ കിട്ടിയ അവസ്ഥ…മനസ് ശൂന്യമായിരിക്കുന്നു..
മരണം ആഘോഷിക്കപ്പെടുന്ന സ്ഥലം എന്നാണവിടം എന്നയാള്‍ക്ക് തോന്നി. സമാധാനത്തോടെ , കാശിയില്‍ മരിക്കാനായി മാത്രം മരിക്കുവാന്‍ വേണ്ടി വന്നു ചേരുന്ന വരെയും അയാള്‍ അവിടെ കണ്ടു. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും പാപ മോക്ഷവും ലഭിക്കുമത്രേ….
പണ്ടയാള്‍ ചന്ദ്രേട്ടന്‍ പറഞ്ഞത് ഓര്‍ക്കുകയുണ്ടായി …കാശിയില്‍ പോകുന്നവന്‍ പിന്നെ ഒരിക്കലും തിരിച്ചു വരാറില്ലത്രേ…
രാത്രിയിലെ നടത്തിനിടയിലാണ് ഒരു അഘോര സന്യാസി പൂജനടത്തു ന്നത് അവര്‍ വളരെ അടുത്ത് കാണുന്നത് .താടിയും മുടിയും വളര്‍ത്തിയ , രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ അല്‍പ്പ വസ്ത്ര ധാരിയായ വളരെ അടുത്ത് .മെല്ലിച്ച ഒരു അഘോരി സന്യാസി,…ഹോമ കുണ്ഡത്തില്‍ നിന്നും അഗ്‌നി നാളങ്ങളുയര്‍ന്നു പൊങ്ങി….അതില്‍ കര്‍പ്പൂരത്തിന്റെ മനം മയക്കുന്ന ഭക്തിയുടെ ഗന്ധം…..ഒരു നിമിഷം …ആ അഗ്‌നിവെളിച്ചത്തില്‍,
അഘോരി സന്യാസിയുടെ മുഖം നന്നായി അവര്‍ കണ്ടു… പീതാംബരേട്ടന്‍ എല്ലാം മറന്നുച്ചത്തില്‍വിളിച്ചു …
‘ചന്ദ്രാ…..’- അഘോരിയുടെ കയ്യില്‍ കിലുങ്ങിക്കുണ്ടിരുന്ന കൈമണി നിശ്ചലമായി… അയാള്‍ അവരെ തുറിച്ചു നോക്കി.പിന്നെ അഘോരി വളരെ വേഗത്തില്‍ ആ ഇരുളിലേക്ക് കുതിച്ചു പാഞ്ഞു … പീതാംബരേട്ടന്‍ അയാള്‍ ഓടിയ സ്ഥലം നോക്കി പിന്നാലെയും, ഇരുട്ടില്‍ എങ്ങോ പോയി മറഞ്ഞ ചന്ദ്രേട്ടനെ കാണാനാവാതെ കിതച്ചു പീതാബരേട്ടന്‍ ഗംഗാ നദിയുടെ തീരത്തു തളര്‍ന്നിരുന്നു. ഏറെ വൈകി സത്രത്തില്‍ തിരികെ എത്തിയ വത്സന്‍ അകെ ക്ഷീണിതനായിരുന്നു… കണ്ണുകള്‍ അറിയാതെ അടഞ്ഞു പോകുന്നു.
അബോധ മനസ്സില്‍ അഘോരികള്‍ നിറഞ്ഞാടുന്നു…ഗംഗയിലൊഴുകി നടക്കുന്ന പാതിവെന്ത ശരീരാവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നു…കരിഞ്ഞ ശവശരീരങ്ങളുടെ ശരീരത്തിന്റെ രൂക്ഷ ഗന്ധം അയാളുടെ മൂക്കിനുള്ളില്‍ നിറഞ്ഞു …കരിഞ്ഞ പുക….ഗംഗാനദി കറുക്കുന്നു. അറുകൊലപ്പിശാചുകള്‍ പിടഞ്ഞുണരുന്നു… അവറ്റകള്‍ കൂട്ടത്തോടെ അയാളുടെ ചുറ്റും നിറഞ്ഞാടി , കൂര്‍ത്ത നഖത്തോടെയുള്ള കൈകള്‍ അയാളുടെ തൊണ്ടക്കുഴി ലക്ഷ്യമാക്കി വന്നു. അയാള്‍ക്ക് ശ്വാസം
മുട്ടി….അയാള്‍ നിലവിളിച്ചുകൊണ്ട് കണ്ണുകള്‍ തുറന്നു…
വീണ്ടും ലൗകിക ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ വേണ്ടി, കാശിയോട് വിട പറഞ്ഞു , ട്രെയിന്‍ കുതിച്ചുപായുമ്പോള്‍ അകലെയുള്ള ഘാട്ടുകളില്‍ ആരുടെയൊക്കെയോ മൃതദേഹങ്ങള്‍ എരിഞ്ഞു കൊണ്ടിരുന്നു. പാപ മോക്ഷം തേടിയുള്ള പുക ചുരുളുകള്‍ ആകാശത്തിലേക്കും….പാതിവെന്ത മൃതശരീരങ്ങള്‍ ഗംഗാനദിയുടെ ആഴങ്ങളിലേക്കും.












