കര്‍ണാടക സംഗീതത്തിന്റെ അധിപനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മസ്ഥലമാണ് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമം. തിരുവില്വാമലയില്‍ നിന്നും ഏകദേശം 13 കി.മീ. സഞ്ചരിച്ചാല്‍ പ്രകൃതി മനോഹരമായ ശാന്തസുന്ദരമായ പാലക്കാടന്‍ ഗ്രാമമായ കോട്ടായിയിലെത്താം. സമ്പന്നമായ സംഗീത പൈതൃകത്തിനും വാര്‍ഷിക സംഗീതോത്സവങ്ങള്‍ക്കും പേര് കേട്ട ഗ്രാമം. 1896 ഓഗസ്റ്റ് 28 ന് അനന്ത ഭാഗവതരുടേയും പാര്‍വ്വതി അമ്മാളിന്റെയും ന്റെയുംമകനായി ജനിച്ച ചെമ്പെ തന്റെ ഒന്‍പതാം വയസ്സില്‍ ആദ്യമായി പൊതുപരിപാടി അവതരിപ്പിച്ചത്.
എഴുപത് വര്‍ഷത്തെ തന്റെ സംഗീത തപസ്യയിലൂടെ കര്‍ണാടക സംഗീതത്തെ പ്രശസ്തിയുടെ കൊടുമുടി കയറ്റിയതില്‍ ചെമ്പൈ ക്കുള്ള പങ്ക് വളരെ വലുതാണ്. ശാസ്ത്രീയ സംഗീതത്തിലുള്ള അഗാധ പാണ്ഡിത്യം. അദ്വിതീയമായ സ്വരശുദ്ധി . അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ഭാഗവതരുടെ പ്രത്യേകതകള്‍ ഏറെ.സംഗീത പ്രേമികളെ ആനന്ദത്തിന്റെ ശ്രുതിമഴപെയ്യിക്കാനും ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്ത് വളര്‍ത്താനും വിനയാന്വിതനായ വ്യക്തി ജീവിതം നയിക്കാനും ഗുരുവായുരപ്പ ഭക്തനായ അദ്ദേഹത്തിന് കഴിഞ്ഞു.
സംഗീതജ്ഞന്‍ മരിച്ചിട്ട് നാല് പതിറ്റാണ്ടിലേറെയായെങ്കിലും അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന കോട്ടായി ഗ്രാമം. റോഡിന്റെ ഇടത് വശത്ത് ശിവക്ഷേത്രവും അഗ്രഹാരത്തിന്റെ എതിര്‍ വശത്ത് പാര്‍ത്ഥസാരഥി ക്ഷേത്രവും ഉണ്ട്. ചെമ്പൈ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് സംഗീത മാഹാത്മ്യം മുന്നോട്ട് കൊണ്ടുപോകുന്നത് ചെമ്പൈയുടെ പേരക്കുട്ടിയായ ചെമ്പൈ സുരേഷാണ്. 1974 മുതല്‍ വര്‍ഷം തോറും അനുസ്മരണ സംഗീതോത്സവങ്ങള്‍ നടന്നു വരുന്നു.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കോട്ടായി വാര്‍ഷിക ചെമ്പൈ പാര്‍ത്ഥസാരഥി ഏകാദശി സംഗീതോത്സവും മുടക്കമില്ലാതെ നടത്തിവരുന്നു. ഭാരതത്തിന്റെ വിവിധ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ സംഗീത കച്ചേരി നടത്താനായി എത്തിച്ചേരാറുണ്ട്. സംഗീതോത്സവത്തില്‍ എല്ലാ വര്‍ഷവും യേശുദാസും കുടുംബവും വന്നുചേരുന്നു. ചെമ്പൈ കുടുംബം യേശുദാസുമായുള്ള ആത്മബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നു. ആഴ്ചയില്‍ 3, 4 ദിവസം എങ്കിലും യേശുദാസ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ചെമ്പൈയുടെ പേരക്കുട്ടി ചെമ്പൈ സുരേഷ് പറഞ്ഞു.
അഗ്രഹാരത്തില്‍ ചെമ്പൈ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ഈ അഗ്രഹാരത്തിന്റെ കോലായിലൊരു ഊഞ്ഞാലുണ്ട്. അദ്ദേഹത്തിന്റെ പഴയ കാല ഫോട്ടോകള്‍, ആല്‍ബങ്ങള്‍ ഒക്കെ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കും.
ജയവിജയന്‍മാര്‍ നിര്‍മ്മിച്ചു നല്‍കിയ ചെമ്പൈയുടെ അര്‍ദ്ധ കായ പ്രതിമയും യേശുദാസ് തന്റെ ഗുരുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ജീവന്‍ തുടിക്കുന്ന വെങ്കല പ്രതിമയും ചെമ്പൈ ഗ്രാമത്തില്‍ കാണാവുന്നതാണ്. അഗ്രഹാരത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സംഗീതത്തിന്റെ മാസ്മരികമായ ഒരന്തരീക്ഷം ആണ്. ജാതി – മത ഭേദമില്ലാതെ സംഗീത പഠനം അഭ്യസിപ്പിക്കുന്ന ചെമ്പൈ മ്യൂസിക്കല്‍ അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നു. ഗുരുവായുരപ്പന്റെ ഇഷ്ട തോഴനായ വേനലില്‍ മഴ പെയ്യിച്ച മഹാ സംഗീതജ്ഞന്‍ തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ഗുരുവായൂരപ്പനാണെന്ന് വിശ്വസിച്ചിരുന്നു.
1974 ഒക്ടോബര്‍ 16 ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള കച്ചേരി അവതരിപ്പിച്ച ശേഷം ഒറ്റപ്പാലം ഒളപ്പമണ്ണ മനയില്‍ ശിഷ്യന്‍ വാസുദേവന്‍ നമ്പുതീരിപ്പാടിനോടൊപ്പം സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും അപ്പോള്‍ തന്നെ അന്ത്യം സംഭവിക്കു കയും ആണുണ്ടായത്. ഭൗതികശരീരം ചെമ്പൈ ഗ്രാമത്തില്‍ സംസ്‌ക്കരിച്ചു. സംഗീത മാന്ത്രികനായ ചെമ്പൈ സംഗീത പ്രേമികളുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.











