എന്റെ “വർഗ്ഗസമര ഫാന്റസിയും ഹൈപ്പീരിയൻ വൃക്ഷങ്ങളും ” എന്ന പുസ്തകത്തിന്റെ ചരിത്ര പശ്ചാത്തലം. – (അഡ്വ.പാവുമ്പ സഹദേവൻ)

Facebook
Twitter
WhatsApp
Email
ജീവിതം മുൻകൂട്ടി തയ്യാറാക്കപ്പെട്ട ഒരു അജണ്ഡയുടെ (തലവര ) അടിസ്ഥാനത്തിൽ, മുമ്പോട്ട് പോകുന്ന ഒന്നല്ല. എന്നാൽ ചില കാര്യങ്ങളിലെങ്കിലും നമ്മുടെ ജീവിതത്തെ നയിക്കുന്നത് നമ്മളല്ല. ചരിത്രം നമ്മളെ എവിടേക്കൊക്കെയോ നയിച്ചുകൊണ്ടുപോകുകയാണ്. ചരിത്രത്തിന്റെയും സമൂഹത്തിൻ്റെയും സമ്മർദ്ദ ശക്തിയാണ് നമ്മുടെ ജീവിതത്തെ നയിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതം, ചരിത്രം തെളിയിച്ചിടുന്ന രാജ വീഥിയിലൂടെയും പെരുവഴികളിലൂടെയുമാണ് നീങ്ങുന്നത്. ( വ്യക്തിയുടെ ഇച്ഛാശക്തിക്ക് പ്രാധാന്യമില്ലെന്നല്ല പറഞ്ഞുവരുന്നത് ). സമൂഹത്തിന്റെ സ്ഥൂലതലത്തിൽ മാത്രമല്ല വ്യക്തിയുടെയും കുടുംബത്തിന്റെയും സൂക്ഷ്മതലത്തിലും ചരിത്രം ഒരു സമ്മർദ്ദ ശക്തിയാവുകയും അങ്ങനെ ചരിത്രത്തിന്റെ പെരുമ്പറമുഴക്കത്തിനനുസരിച്ച് അതിന്റെ താളത്തിൽ, ഏതൊക്കെയോ വീഥികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. തങ്ങളുടെ മേൽ ചരിത്രത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ ഘടകങ്ങൾ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന്, വ്യക്തിയും സമൂഹവും തങ്ങൾ ജീവിക്കുന്ന കാലത്ത് തിരിച്ചറിയുന്നില്ല. കാലം ഒരുപാട് കഴിയുമ്പോഴാണ്, തിരിഞ്ഞു നോക്കുമ്പോൾ, പാലത്തിന് (പാദത്തിന്)അടിയിലൂടെ ഒരുപാട് വെള്ളം (മണ്ണ്) ഒഴുകിപ്പോയി എന്ന് വ്യക്തിയും സമൂഹവും മനസിലാക്കുന്നത്.
എന്റെ ‘വർഗ്ഗസമര ഫാന്റസിയും ഹൈപ്പീരിയൻ വൃക്ഷങ്ങളും’ എന്ന പുസ്തകം പിറവിയെടുത്ത സാഹചര്യങ്ങൾക്ക് സങ്കീർണ്ണമായ ഒരു ചരിത്രപശ്ചാത്തലമുണ്ട്. പൊതുവെ മാർക്സിസത്തിന്റെ ഒരു രാഷ്ട്രീയചരിത്ര പശ്ചത്തലത്തിൽ നിന്നാണ് എന്റെ മറ്റെല്ലാ ഗ്രന്ഥങ്ങളും പിറവി കൊണ്ടിട്ടുള്ളത്. ഈ ഗ്രന്ഥത്തിനും അങ്ങനെ ഒരു പശ്ചാത്തലമുണ്ടെങ്കിലും, വൃക്ഷങ്ങൾ എന്റെ ജീവിതത്തിലേക്കും രചനാപദ്ധതിയിലേക്കും എങ്ങനെയാണ് കടന്നുവന്നത് എന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയുന്നില്ല. കോവിഡ് കാലത്തെ ഏകാന്തത എന്റെ ജീവിതത്തെയാകെ പിടിമുറുക്കിയത് ഈ ഗ്രന്ഥത്തിന്റെ പിറവിക്ക് സ്വാഭാവികമായ ഒരു സാഹചര്യമൊരുക്കി എന്നത് ഒരു വസ്തുതയാണ്.( കോവിഡിൽ നിന്ന് മുക്തി നേടാൻ ഇനി ഒന്നു രണ്ട് വർഷമെങ്കിലുമെടുക്കുമെന്ന് മനസ്സിലാക്കിയ ഞാൻ ബോധപൂർവ്വം എന്റെ പൂർവ്വകാല സ്മരണയിലേക്കും നൊസ്റ്റാൾജിയയിലേക്കും അനുഭവങ്ങളിലേക്കും ആഴ്ന്നിറങ്ങിയത് മറക്കാൻ കഴിയുന്നില്ല). അതിന് മുമ്പ്, ഈ സ്മാർട്ട് ഫോൺ വാങ്ങിയതോടെ ഞാൻ കുറിപ്പുകൾ എഴുതാൻ തുടങ്ങി. ഏകദേശം അഞ്ച് വർഷം മുമ്പ് വരെ ഞാൻ കുറിപ്പുകൾ എഴുതാറില്ലായിരുന്നു. എന്നാൽ സ്മാർട്ട് ഫോണിന്റെ കാലവും കോവിഡ് കാലവും സോഷ്യൽ മീഡിയയുടെ കാലവും കൂടി കുറിപ്പുകളെ കാലത്തിന്റെ ഒരു മാധ്യമമാക്കീതീർത്തു. ചരിത്രസാഹചര്യവും കാലവുമാണ് കാലാകാരന്റെ മാധ്യമം ക്ലാസ്സിക്കാകണമോ കവിതയാകണമോ നോവലാകണമൊ ചെറുകഥയാകണമോ നാടകമാകണമോ കുറിപ്പാകണമോ എന്നൊക്കെ തീരുമാനിക്കുന്നത്. എന്റെ ഒറിജിനൽ കൃതികളല്ലാതെ, മറ്റൊരാളുടെ നോവലിനോ കൃതികൾക്കോ നിരൂപണ-വിമർശന- പഠനങ്ങൾ എഴുതില്ല എന്ന് ശാഠ്യം പിടിച്ചിരുന്ന ഞാൻ, ആ എഴുത്തിന്റെ ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞപ്പോൾ, എന്റെ ഏഴാമത്തെ കൃതിയായി ഒരു നിരൂപണ – പഠനം എഴുതി (‘മരണ സർട്ടിഫിക്കറ്റിലെ കമ്മ്യൂണിസ്റ്റുകാരൻ’ എന്ന ഗ്രന്ഥം ) പ്രസിദ്ധീകരിക്കാൻ നിർബ്ബന്ധിതനായി. അതിന് എന്നെ പ്രേരിപ്പിച്ചത്, തിരുവനനപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി ഡിപ്പാർട്ട്മെൻറ് പ്രൊഫസറായ ഡോ:എം ശ്രീകുമാറാണ്.
DB കോളേജിൽ SFI യുടെ സജീവ പ്രവർത്തകനും പിന്നെ DYFI സഹയാത്രികനുമായിരുന്ന ഞാൻ 1990 വരെ CPM അനുഭാവിയായി തുടരുകയും 90 കളോടെ ഒരു സ്വതന്ത്ര ഇടതുപക്ഷ ജനാധിപത്യ നിലപാടിലേക്ക് നീങ്ങുകയും ചെയ്തു. ഈ കാലത്ത് എല്ലാതരം ഇടതുപക്ഷ വലതുപക്ഷ ഗ്രന്ഥങ്ങളും അക്കാദമിക് ഗ്രന്ഥങ്ങളും ആർത്തിയോടെ ഞാൻ വായിക്കുമായിരുന്നു. വായനയുടെ കാര്യത്തിൽ, ഇടതുപക്ഷ പ്രത്യയശാസ്ത്രമാണൊ വലതുപക്ഷ പ്രത്യയശാസ്ത്രമാണൊ അക്കാദമിക് ഗ്രന്ഥങ്ങളാണോ എന്ന വിവേചനങ്ങളില്ലായിരുന്നു. കിട്ടുന്നതെന്തും തീവ്രമായി വായിക്കുന്ന ഒരു കാലം. (തൊണ്ണൂറുകൾ ഒരു മഹാപ്രളയത്തിന്റെ കാലം കൂടിയായിരുന്നല്ലോ; ദളിത്-പരിസ്ഥിതി -സ്ത്രീവിമോചന – മനുഷ്യാവകാശ മുന്നേറ്റത്തിന്റെ പ്രളയകാലം; ഞാനും അതിൽ ആകൃഷ്ടനായി). ഇന്ന് ഞാൻ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞു എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കണമെന്നില്ല. അങ്ങനെ ആ വായന പൗരാണികകൃതികൾ മുതൽ ലിബറൽ ബൂർഷ്വാ ജനാധിപത്യ ചിന്തകളിലേക്കും നീങ്ങിത്തുടങ്ങി. ആ കാലത്ത് രാഷ്ട്രീയ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കുന്നത് ഒരു ഹോബിയായിതീർന്നു. ഇത്തരം ഗ്രന്ഥങ്ങൾ ഞാൻ തെരഞ്ഞെടുത്തു വായിച്ചു എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ശരി, ചരിത്രം തെരഞ്ഞെടുത്തുതന്ന കൃതികൾ ഞാൻ വായിച്ചു എന്ന് പറയുന്നതായിരിക്കും. മാർക്സ് മാത്രമാണ് ശരി എന്ന മുൻ വിധിയുണ്ടായിരുന്നെങ്കിൽ, ഞാൻ ഹെഗലിനെ വായിക്കുകയോ ഹെഗലിനെപ്പറ്റി ദീർഘമായ ലേഖനങ്ങൾ എഴുതുകയോ ചെയ്യുകയില്ലായിരുന്നു. തീവ്ര മാർക്സിസ്റ്റ് – ലെനിനിസ്റ്റ് – നക്സലൈറ്റ് വിപ്ലവചിന്തകൾ വായിക്കുന്നതോടൊപ്പം, നവീന ഇടതുപക്ഷ-മാർക്സിസ്റ്റ് – ലിബറൽ ചിന്താധാരകൾ വായിച്ചു മനസ്സിലാക്കുന്നതിൽ ഞാൻ എന്നും വ്യാപൃതനായിരുന്നു. പഴയ നക്സലൈറ്റായ കെ. വേണുവിനെയും പ്രൊഫ: എസ്സ് സുധീഷിനെയും കണ്ട മാനം വായിച്ചു. “ഒരിക്കൽ കമ്മ്യൂണിസ്റ്റായവന് അതിൽനിന്ന് ഒരിക്കലും വിമോചനമില്ല” എന്ന് ഏതോ ഒരു ചിന്തകൻ പറഞ്ഞ അവസ്ഥ എന്നെയും വിടാതെ പിൻതുടരുന്നു. അങ്ങനെ വായനയുടെ വ്യത്യസ്ത വൈജ്ഞാനികശിഖരങ്ങളിലേക്ക് ഞാൻ വലിഞ്ഞുകയറിയപ്പോഴും, മാർക്സിസത്തിന്റെ ബൃഹദ് ആഖ്യാനം അതിന്റെ തായ്ത്തടിയായി എന്റെ ആത്മാവിൽ ഇപ്പോഴും നിലകൊള്ളുന്നുവെന്ന കാര്യം മറച്ചുവെയ്ക്കുന്നില്ല.
 കവിത എഴുതണമെന്ന എന്റെ തീവ്രമായ ആഗ്രഹം, നിരവധി കാവ്യഗ്രന്ഥങ്ങൾ വായിച്ച് പരിശീലിപ്പിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ എന്റെ സാഹിത്യ ജീവിതത്തിൽ രണ്ട് കാവ്യഗ്രന്ഥങ്ങൾ അതീവ വേദനയോടെ ജന്മംകൊണ്ടു (100 കവിതകൾ). അതോടെ കാവ്യരചനയിൽ നിന്നും ഞാൻ ബോധപൂർവ്വമാണെന്ന് തോന്നുന്നു, പിന്മാറി. ഒരു പക്ഷെ, രാഷ്ട്രീയ തത്ത്വശാസ്ത്രകൃതികളുടെ നിരന്തമായ വായനയായിരിക്കും എന്റെ സെൻസിറ്റീവായ കാവ്യഹൃദയത്തിൽ നിന്നും കാവ്യ വീചികൾ അപ്രത്യക്ഷമാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ ‘ജനാധിപത്യത്തിൻ്റെ കാലപ്പകർച്ച ‘ എന്ന ഗ്രന്ഥത്തിന് പ്രൊഫ: എസ്സ് സുധീഷ് അവതാരികയും കെ. വേണു ആമുഖവും എഴുതി. എൻ്റെ ‘പൊലിയുന്ന കമ്മ്യൂൺ സ്വപ്നങ്ങൾ ‘ എന്ന കാവ്യഗ്രന്ഥത്തിന് സച്ചിദാനന്ദൻ ആമുഖവും സക്കറിയ കമൻ്റുമെഴുതി. ഡോ: നിസ്സാർ അഹമ്മദിനാണ് എൻ്റെ ‘ജനാധിപത്യവിപ്ലവം ഒരു ദാർശനിക വീക്ഷണം ‘ എന്ന ഗ്രന്ഥം സമർപ്പിച്ചത്. ജീവിതയാത്രയിൽ കെ. വേണു, എസ്സ്.സുധീഷ്, എൻ.ഇ.സുധീർ , എം. കെ .ഹരികുമാർ, ഡോ. സി.ജെ. ജോർജ്ജ്, ഡോ: നിസ്സാർ അഹമ്മദ് അഡ്വ. ജോഷി ജേക്കബ്, ഡോ:പി.കെ. പോക്കർ, ഡോ:എം.ശ്രീകുമാർ, കിടങ്ങറ ശ്രീവത്സൻ, പ്രൊഫ:ബി. രാജീവൻ, പി.സി. ഉണ്ണിച്ചെക്കൻ, ഡോ: പ്രസന്നരാജൻ , ഡോ: പി.കെ.രാജശേഖരൻ, ചിത്രകാരൻ സാബു പുതുപറമ്പൻ, പ്രൊഫ. ഷൂബ , പ്രൊഫ: ഗോപകുമാരൻ നായർ (യൂണിവേഴ്സിറ്റി കോളേജ് , ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ്), ഇരിങ്ങൽ കൃഷ്ണൻ, ഡോ.ടി.ടി. ശ്രീകുമാർ, എന്നിങ്ങനെ ഒട്ടേറെപ്പേരെ പരിചയപ്പെട്ടു.
വൃക്ഷങ്ങളോടുള്ള പ്രതികരണമെന്ന നിലയിലെഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. ഏതൊ ഒരു വസന്തത്തിൽ എന്നിലേക്ക് കടന്നു കയറിയ തണൽമരങ്ങൾക്ക്, ഞാൻ അതിന്റെ അന്തസ്സിനും ആഭിജാത്യത്തിനും ഇണങ്ങുന്ന തരത്തിൽ ആതിഥേയത്വം വഹിച്ചു എന്നത് തൊണ്ണൂറ്റൊമ്പത് ശതമാനം ശരിയാണ്. വൃക്ഷങ്ങൾ എന്റെ മനസ്സിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചപ്പോഴാണ് ഞാൻ അതിന്നെപ്പറ്റി ചിന്തിക്കാനും എഴുതാനും തുടങ്ങിയത്. അല്ലാതെ വൃക്ഷത്തെ ഒരു വിഷയമായി തെരഞ്ഞുപിടിച്ച് അതിനെപ്പറ്റി ബോധപൂർവ്വം എഴുതുകയാല്ലായിരുന്നു. എന്നാൽ വൃക്ഷങ്ങൾ എന്റെ ആത്മാവിൽ ആടിയുലയാൻ തുടങ്ങിയപ്പോൾ വൃക്ഷ വിജ്ഞാനസംബന്ധമായ ചില പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച “വിശ്വ മഹാവൃക്ഷങ്ങൾ ” എന്ന ഗ്രന്ഥവും ഒരു പാശ്ചാത്യൻ എഴുതിയ “വൃക്ഷങ്ങളുടെ രഹസ്യജീവിതം” എന്ന പുസ്തകവും എന്റെ വനനിബിഡമായ രചനയ്ക്ക് നാമമാത്രമായ ചില അസംസ്കൃത വസ്തുക്കൾ പ്രദാനം ചെയ്തു. നെറ്റിൽ സർച്ച് ചെയ്തെങ്കിലും വൃക്ഷങ്ങളുടെ പേരുകളല്ലാതെ അധികമൊന്നും വിവരങ്ങൾ അതിൽനിന്നും ലഭിച്ചില്ല. ഈ അന്വേഷണത്തിൽ, വൃക്ഷങ്ങളെപ്പറ്റി അധികമൊന്നും പുസ്തകങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല എന്ന് മനസിലാക്കാൻ കഴിഞ്ഞു. പക്ഷികളെപ്പറ്റി പഠിക്കാൻ നമുക്ക് ഒരു സലിം അലി ഉണ്ടായിരുന്നു. എന്നാൽ വൃക്ഷങ്ങളെപ്പറ്റി പഠിക്കാൻ അധികമാരും ശ്രമിച്ചില്ലല്ലോ എന്നറിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി. പാശ്ചാത്യതത്ത്വശാസ്ത്രത്തെപ്പറ്റിയും മന:ശാസ്ത്രത്തെപ്പറ്റിയും നരവംശശാസ്ത്രത്തെപ്പറ്റിയുമുളള വൈജ്ഞാനികശാഖ എത്രമാത്രം ദരിദ്രമാണോ അത്രമാത്രമോ അതിലധികമോ തന്നെ ദരിദ്രമാണ് മലയാളഭാഷയിൽ വൃക്ഷങ്ങളെപ്പറ്റിയുള്ള ഗ്രന്ഥരചനയുമെന്ന് മനസിലാക്കാൻ സാധിച്ചു. പിന്നീട് അതിനെപ്പറ്റി ഞാൻ ഒരു നിഗമനത്തിലെത്തി; അതായത്, ഏതെങ്കിലുമൊരു വൈജ്ഞാനിക ശാഖയിൽ വേണ്ടത്ര പുസ്തകങ്ങളും അസംസ്കൃത വിഭവങ്ങളും ലഭ്യമല്ലെങ്കിൽ, ആ വിഷയത്തെപ്പറ്റി പഠിക്കാൻ നമ്മൾ തന്നെ ഇറങ്ങി പുറപ്പെടണം എന്നത് .
ചുരുക്കത്തിൽ, ഞാൻ പറഞ്ഞുവരുന്നത്, വർഗ്ഗസമര ഫാന്റസി യിൽ നിന്നും വൃക്ഷനിബിഡമായ ദൃശ്യങ്ങൾ എന്റെ മനസ്സിലേക്ക് എങ്ങനെ കടന്നുവന്നു എന്നാണ്. കഴിഞ്ഞ ചില വർഷങ്ങളായി യാത്രയിലെപ്പോഴും ഇരുവശങ്ങളിലായി നിൽക്കുന്ന വൃക്ഷങ്ങളെ ഞാൻ ബോധപൂർവ്വം ശ്രദ്ധിക്കാറുണ്ടായിരുന്നു., പൊതുവെ പ്രകൃതി നിരീക്ഷണം എന്ന് വേണമെങ്കിൽ പറയാം, എന്നാൽ അത് ഒരു പരിസ്ഥിതി ബോധത്തിൽ നിന്നുണ്ടായതാണെന്ന് പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും മരങ്ങൾക്ക് പ്രവേശിക്കാൻ എന്റെ മനസ്സിന്റെ വാതായനങ്ങൾ വിശാലമായി തുറന്നിട്ടിരുന്നു. അടുത്ത കാലത്തായി, എന്റെ സ്വതന്ത്രമായ സർഗ്ഗാത്മക മനസ്സ് എപ്പോഴും തുറന്നിട്ടുകൊണ്ടായിരുന്നു സഞ്ചരിച്ചിരുന്നത്. യാന്ത്രികമായ എന്റെ മാർക്സിസ്റ്റ് മനസ്സിൽ നിന്നും, എവിടെ നിന്നോ കടന്നുവന്ന തണൽമരങ്ങളെ പിടിച്ച് പുറന്തള്ളാൻ -വർഗ്ഗ സമരരാഷ്ട്രീയത്തിന്റെ പേരിൽ – ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല. അതും വർഗ്ഗസമര ഫാന്റസി യോടൊപ്പം അവിടെ കിടന്ന് വളർന്ന് പന്തലിക്കട്ടെ എന്ന് ഞാൻ വിചാരിച്ചു. എന്റെ വ്യക്തി മനസ്സിലോ സമൂഹമനസ്സിലോ ഞാൻ നേരിട്ട പ്രതിസന്ധിയെ മറികടക്കാനായി എന്നെ സഹായിക്കാനാണ് വൃക്ഷങ്ങൾ എന്റെ മനസ്സിലേക്ക് കടന്നുവന്നതെന്നാണ് ഞാനിപ്പോൾ കരുതുന്നത്. വൃക്ഷങ്ങൾ അതികായകമായ പ്രത്യയശാസ്ത്രബിംബങ്ങളാണ്. ഒരു പക്ഷെ, എന്റെ ചിന്തകളെ പുരോഗതിയിലേക്കോ അധോഗതിയിലേക്കോ നയിക്കാൻ വേണ്ടി, ചരിത്രത്തിന്റെ അബോധപരികല്പനകൾ, വൃക്ഷങ്ങളെ പറഞ്ഞു വിട്ടതായിരിക്കാമെന്ന് ഞാൻ കരുതുന്നു. എന്തായാലും, ശരിയായാലും തെറ്റായാലും, വൃക്ഷങ്ങൾ ഫ്യൂഡൽ ആഭിജാത്യത്തിന്റെ പ്രതീകങ്ങളാണെന്നാണ് ചില പാശ്ചാത്യ ചിന്തകർ നിരീക്ഷിച്ചിട്ടുള്ളത്.
അങ്ങനെ കാറ്റത്ത് ആടിയുലയുന്ന വൃക്ഷ ശിഖരങ്ങളിൽ ഞാൻ അഭൗമസൗന്ദര്യത്തിൻ്റെ വിസ്മയ രൂപങ്ങൾ കണ്ടു. പ്രകൃതി സൗന്ദര്യവും പ്രകൃതി നിയമവും വൃക്ഷങ്ങളിലൂടെ പ്രകടീ ഭവിക്കുകയാണ്. പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ വൃക്ഷ ശിഖരങ്ങളിൽ ഞാൻ ദർശിച്ചു. പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും സ്വഭാവ സൗന്ദര്യങ്ങൾ വൃക്ഷങ്ങളിലൂടെ പ്രതിഫലിക്കപ്പെടുകയാണ്. നമ്മുടെ ജീവിതത്തിന് വല്യ വില കൊടുത്തുകൊണ്ടേ, നമുക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന് ഞാൻ ആഴത്തിൽ മനസ്സിലാക്കി. വൃക്ഷങ്ങൾ എന്റെ മനസ്സിലേക്ക് പ്രവേശിക്കാൻ, ഞാൻ ഹൃദയ കവാടങ്ങൾ തുറന്നിട്ടുകൊടുത്തു. നിർഭയമായ മനസിലൂടെയേ നമുക്ക് അളവറ്റ സ്വാതന്ത്യം അനുഭവിക്കാനും ആസ്വദിക്കാനും കഴിയൂ. കലയ്ക്കും സാഹിത്യത്തിനും സ്വാതന്ത്ര്യത്തിനും, സൗന്ദര്യാസ്വാദനത്തിനും നാം പകരം കൊടുക്കേണ്ടിവരുന്നത് വിലപിടിപ്പുള്ള നമ്മുടെ ഈ ജീവിതം തന്നെയാണ്. ഒരു വൃക്ഷത്തെ അറിഞ്ഞാൽ പ്രപഞ്ചത്തെയും പ്രകൃതിയെയും മനസിലാക്കാം. വനനിബിഡമായ എന്റെ മനസ്സ് അങ്ങനെ പ്രപഞ്ചത്തിലേക്ക് നിർഭയമായി സ്വച്ഛന്ദം സഞ്ചരിക്കാൻ തുടങ്ങി. ഇപ്പോൾ വൃക്ഷങ്ങൾ ഭൂമിയിലല്ല, എന്റെ ആത്മാവിൽതന്നെ വനനിബിഡമായി നിലകൊള്ളുകയാണ്.
പ്രകൃതി അതിന്റെ ഭാവഹാവാദികളും സൗന്ദര്യവിസ്മയങ്ങളും അനുനിമിഷം മാറ്റിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ കാണാം, തെളിഞ്ഞ് നിൽക്കുന്ന ആകാശത്ത്, മേഘങ്ങൾ തൂർന്നു കൂടുന്നതും ഭൂമിയെ കിടിലംകൊളളിക്കുന്ന മിന്നലുകളും ഇടിമുഴക്കങ്ങളും സൃഷ്ടിക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും കയറുന്നതിന് സർഗ്ഗാത്മക മനസ്സ് എപ്പോഴും തുറന്നിട്ടിരിക്കണം. മനസ്സ് സർഗ്ഗാത്മകമാകുന്നത് ഭയം അകലുമ്പോഴാണ്, സ്വാതന്ത്ര്യത്തിന്റെ സുഗന്ധപൂരിതമായ അന്തരീക്ഷംകൊണ്ട് ഹൃദയം ശ്വാസം മുട്ടുമ്പോഴാണ്. മനസ്സ് വൃക്ഷനിബിഡമായ ഒരു കാലത്തിൽ ജീവിച്ച അനുഭവങ്ങളിൽ നിന്നും ഇപ്പോഴും ഞാൻ മുക്തി നേടിയിട്ടില്ല. മരങ്ങൾ എങ്ങനെയാണ് മനസ്സിലേക്ക് പ്രവേശിച്ചതെന്ന് ചോദ്യത്തിൽ നിന്നും ഇപ്പോഴും ഞാൻ മോചനം നേടിയിട്ടില്ല. അതൊരു തിരമാലപോലെ എന്നിലേക്ക് പ്രവേശിക്കുകയായിരുന്നു. അടഞ്ഞ ആത്മാവിലേക്ക് ഒന്നും പ്രവേശിക്കുകയില്ല. തുറന്ന ആത്മാവിലേക്ക് എല്ലാം പ്രവേശിക്കുന്നു. എന്റെ നിർഭയവും സ്വതന്ത്രവും സാഹസികവുമായ തുറന്ന ആത്മാവിലേക്ക് ഏതൊ ഒരു സായംസന്ധ്യയിൽ കാമുകിയെപ്പോലെ മരങ്ങൾ ഒഴുകിയെത്തുകയായിരുന്നു ( ബാഹ്യമായ ഭയം എപ്പോഴും നിലനിൽക്കും). വൃക്ഷങ്ങളുമായുള്ള ആ വേഴ്ചയുടെ അനുസ്യൂതമായ അനുഭൂതിയിൽ മാസങ്ങൾ കൊഴിഞ്ഞുവീണത് ഞാനറിഞ്ഞില്ല. ദശകങ്ങൾക്ക് മുമ്പ് വളരെ ചെറുപ്പത്തിൽ എന്റെ ആത്മാവിൽ പ്രവേശിച്ച മറ്റൊരു കാമുകിയായിരുന്നു വർഗ്ഗസമരം. വൃക്ഷങ്ങൾ കടന്നുവന്നപ്പോൾ, പഴയ കാമുകിയായ വർഗ്ഗസമരവുമായി വലിയ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ഞാൻ ആകെ ധർമ്മസങ്കടത്തിലായി. ആത്മസംഘർഷം എന്നിൽ കൊടുമ്പിരിക്കൊണ്ടു. അവർ തമ്മിൽ എന്റെ മനസ്സിൽ നടന്ന വർഗ്ഗയുദ്ധങ്ങളെ അനുരഞ്ജിപ്പിക്കേണ്ടത് എന്റെ ഇരട്ട കടമയും ഉത്തരവാദിത്വവുമായിരുന്നു. അങ്ങനെ ഞാൻ, പുതുതായി പ്രവേശിച്ച വൃക്ഷകാമുകിയെ വർഗ്ഗസമര കാമുകിയുമായി കൂട്ടിയിണക്കി ( പരിസ്ഥിതി സമരത്തെ വർഗ്ഗസമര രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്നതുപോലെ ). ഇതിനിടയിൽ വർഗ്ഗസമരത്തിന്റെ വേറെ ചില ഉൾപ്പിരിവുകളും എന്റെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ടായിരുന്നു. അത്, ഭാരതീയ വടവൃക്ഷങ്ങളോടൊപ്പം എന്റെ ഹൃദയ കവാടത്തിലേക്ക് പ്രവേശിച്ച അമേരിക്കൻ കാലിഫോർണിയൻ – ഹൈപ്പീരിയൻ വൃക്ഷങ്ങളായിരുന്നു. ഭാരതീയ വടവൃക്ഷങ്ങളും ഹൈപ്പീരിയൻ വൃക്ഷങ്ങളും തമ്മിലുള്ള രൂക്ഷമായ പെരിഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ ചിലപ്പോഴൊക്കെ വടവൃക്ഷങ്ങളെ (പേരാൽ) എനിക്ക് ഡൈവോഴ്സ് ചെയ്യേണ്ടിവന്നിട്ടുണ്ട്. എങ്കിലും ചരിത്രപ്രധാനമായ ആ സമരത്തിന്റെ അന്ത്യത്തിൽ ഈ രണ്ട് തരം വ്യത്യസ്ത വൃക്ഷങ്ങളേയും അനുരഞ്ജിപ്പിച്ച് ഐക്യപ്പെടുത്തി പരസ്പരം സ്നേഹത്തോടെ ജീവിച്ച് വളരാൻ അനുവദിക്കുന്നതിൽ ഞാൻ നയതന്ത്രപരമായ വിജയം കണ്ടെത്തുകയുണ്ടായി.
ഹൈപ്പീരിയൻ വൃക്ഷങ്ങൾ നരകത്തിൽ നിന്ന് ഭൂമിയിലേക്ക് വന്നതാണെന്നോ ഭാരതീയ വടവൃക്ഷങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലൂക്ക് വന്നതാണെന്നോ ഉള്ള മുൻവിധിയോ വിവേചനമോ എനിക്കില്ലായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഞാൻ വൃക്ഷനിബിഡമായ ജീവിതം നയിച്ചു എന്നതുകൊണ്ട്, അത് സന്ന്യാസ ജീവിതമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. എന്നാൽ വൃക്ഷങ്ങളും സന്ന്യാസജീവിതവും തമ്മിൽ ചില ഇഴപിരിക്കാനാവാത്ത ബന്ധങ്ങളുമുണ്ടെന്ന് നമുക്കേവർക്കും അറിവുള്ള കാര്യവുമാണല്ലോ. പണ്ട് സന്ന്യാസിമാർ വനാന്തരങ്ങളിലാണ് ജീവിച്ചത് എന്നൊക്കെ നാം പഠിച്ചിട്ടുണ്ട്. ബുദ്ധന് ബോധോദയമുണ്ടായത് ബോധി വൃക്ഷച്ചുവട്ടിൽ ധ്യാനനിരതനായിരിക്കുമ്പോഴാണല്ലോ. എന്തായാലും ആ പഴയ സങ്കല്പങ്ങളൊക്കെ വളരെ മനോഹരം തന്നെയാണ്. യോഗദണ്ഡും കമണ്ഡലുവും രുദ്രാക്ഷവുമൊക്കെ ഒരു സാധാരണ ഭാരതീയനെ മായികമായി വശീകരിക്കുന്ന ബിംബപ്രതീകങ്ങൾ തന്നെയാണ് ഈ ആധുനികയുഗത്തിലും. അതൊക്കെ ഇന്ത്യയിലെ കോർപ്പറേറ്റ് രാഷ്ട്രീയ ഭരണ നേതൃത്വം വിദഗ്ദ്ധമായി രാഷ്ട്രീയ ദുരുപയോഗം ചെയ്തുകൊണ്ടാണല്ലോ ഇന്ത്യൻ പൗരന്മാരുടെ വോട്ടു ബാങ്കുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.
ഏകദേശം ഒരു വർഷക്കാലത്തോളം, എന്റെ ഹൃദയ കവാടങ്ങൾ വൃക്ഷങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി തുറന്നിട്ടുകൊടുത്തു. ഈ കാലയളവിൽ ഞാൻ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെ അവാച്യമായ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ഞാൻ ഭൂമിയിലായിരുന്നെങ്കിലും, മറ്റേതോ വനനിബിഡമായ സ്വർഗ്ഗീയ ലോകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. വൃക്ഷനിബിഡമായ ജീവിതം എന്റെ ആത്മാവിനെ കൂടുതൽ വിശുദ്ധ മുന്യവുമാക്കി എന്ന കാര്യം നിസ്സംശയമാണ്. അത് കേവലം ഫാന്റസിയുടെ ഒരു ലോകമായിരുന്നില്ല, അതൊരു ഭൂതബാധയുമല്ലായിരുന്നു. മറിച്ച്, യഥാർത്ഥമായ ലോകം എനിക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു. അന്നേവരെ എന്റെ മനസ്സ് വനരഹിതമായ സഹാറ മരുഭൂമിപോലെ വിണ്ടുവിണ്ണീറായി ശൂന്യമായി കിടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, വനനിബിഡമായ ആശയ മണ്ഡലത്തിന്റെ വേലിയേറ്റം കഴിഞ്ഞിട്ടും, വൃക്ഷങ്ങൾ (വർഗ്ഗസമരവും)എന്റെ ആത്മാവിന്റെ ഉൾക്കടലിൽ പ്രക്ഷുബ്ദമായ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
NB : എന്റെ ഈ പുസ്തകത്തിന്റെ പിറവിയുടെ ചരിത്രം എഴുതാൻ പ്രേരിപ്പിച്ച MK ഹരികുമാറിന് നന്ദി.

About The Author

Leave a Reply

Your email address will not be published. Required fields are marked *