പൂക്കോട് കേരള വെറ്ററിനറി സര്‍വ്വകലാശാല കോളേജിലെ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥിന്‍റെ ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അവന്‍റെ അമ്മ പറയുന്നു ڇഎന്‍റെ പൊന്നുമോനെ അവര്‍ കൊന്നതാണ്ڈ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമങ്ങളും ദുരിതങ്ങളും അരാഷ്ട്രീയ പ്രക്രിയകളും നടമാടുന്നത് ചൂടും പുകയുമായി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സൂര്യന്‍ അസ്തമിച്ചാലും ചന്ദ്രന്‍ പൂര്‍ണ്ണശോഭയോടെ തിളങ്ങിയാലും ഒരു പാവം വിദ്യാര്‍ത്ഥിയുടെ മരണം പൂനിലാവില്‍ കണ്ട അഗ്നിവര്‍ഷമായിരുന്നു. ഈ സംഭവം ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അയശസ്സ് ഉണ്ടാക്കിയിരിക്കുന്നു. മൃഗങ്ങളെപ്പറ്റി പഠിക്കാന്‍ പോയവര്‍ എങ്ങനെ വന്യമൃഗങ്ങളായി? വിദ്യ പഠിക്കാന്‍, ഒപ്പം പഠിക്കുന്ന സഹപാഠിയെ എങ്ങനെ കൊല്ലാന്‍ തോന്നുന്നു. ഈ കുട്ടികളുടെ ലക്ഷ്യബോധം എന്താണ്?
സിദ്ധാര്‍ത്ഥിനെപ്പറ്റി സഹപാഠികള്‍ പറയുന്നത് അവന്‍ പഠിക്കാന്‍ മിടുക്കനും കലാ-കായിക രംഗങ്ങളില്‍ മിടുക്കനുമായിരുന്നു. കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്.എഫ്,ഐ. നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പിന്മാറി. അതിന് അവനെ കൊല്ലുമോ? അത്രമാത്രം ശൂന്യഹൃദയമുള്ളവരാണോ ഈ കോളേജ് സംഘടനകള്‍? മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് മറ്റുള്ളവരുടെ തലോടലില്‍ അലിഞ്ഞില്ലാതാകുന്നില്ല. അവന്‍റെ അമ്മ പറയുന്നു. അവനൊപ്പം വീട്ടില്‍ വരുന്ന കൂട്ടുകാര്‍ക്ക് കഴിക്കാന്‍ ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു. അവനെ പീഢിപ്പിച്ചു കൊല്ലാന്‍, നാവുണക്കാന്‍ ഒരു തുള്ളി വെള്ളം കൊടുക്കാതെ കൊല്ലാന്‍ ഇവര്‍ക്ക് എങ്ങനെ മനസ്സുവന്നു? ഇതൊക്കെ മനുഷ്യഹൃദയങ്ങളെ തകര്‍ക്കുന്ന ചോദ്യങ്ങളാണ്. ഒരു പെറ്റതള്ളയുടെ വിലാപം കേരളത്തിലെ പെറ്റമ്മമാര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും. ڇതാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്ڈ ഇതാണ് ഇന്നത്തെ പല വിദ്യാര്‍ത്ഥി സംഘടനകളും കുരുതുന്നത്. ഈ പിടിവാശിയാണ് കുട്ടികളെ ആപത്തിലേക്ക് നയിക്കുന്നത്. പഠിക്കാന്‍ പോകുന്ന കുട്ടികളെ സാമൂഹ്യവിരുദ്ധരാക്കുന്നത് ആരാണ്? ഈ കൃത്യനിര്‍വ്വഹണത്തിന് പ്രേരിപ്പിച്ച കോളേജ് ഡീന്‍, വാര്‍ഡന്‍, പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ വരേണ്ട കുറ്റവാളികളാണ്. ഇതുപോലെ ദാരുണമായി കൊല്ലപ്പെട്ട എറണാകുളം മാഹാരാജാസ് കോളേജിലെ ജീവന്‍ നഷ്ടപ്പെട്ട അഭിമന്യൂവിന്‍റെ അമ്മ 2018 ല്‍ പറഞ്ഞു ڇഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്ڈ. പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥി സംഘടന കൊടുംകൊലപാതകം നടത്തിയിട്ടും എന്തുകൊണ്ടാണ് കേരളത്തിലിതാവര്‍ത്തിക്കുന്നത്? രാഷ്ട്രീയ തിമിരം ബാധിച്ച നാട്ടുപ്രമാണികളുടെ മക്കള്‍ കോളേജില്‍ പോകുന്നത് പഠിക്കാനോ അതോ നിരപരാധികളായ കുട്ടികളെ വന്യമൃഗങ്ങളെപ്പോലെ ആക്രമിക്കാനോ? ഈ കാട്ടുജാതികള്‍ക്ക് കോളേജ് അധികൃതര്‍ തണലൊരുക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും നിരപരാധികളെ കൊന്നൊടുക്കുന്നവരെ തെരഞ്ഞെടുപ്പ് വേളകളിലെങ്കിലും പുറത്താക്കാന്‍ ശ്രമിക്കാത്തതെന്താണ്?
മുഖ്യമന്ത്രി ഈ കേസ് സി.ബി.ഐ.ക്ക് വിട്ടത് ആശ്വാസകരം തന്നെ. അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം കുട്ടികള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന്‍റെ തെളിവുകളാണ് കഞ്ചാവ് മാഫിയകള്‍ കലാലയങ്ങളില്‍ പിടിമുറുക്കിയിരിക്കുന്നത്. രാഷ്ട്രീയ യൂണിയനുകളാണ് കുട്ടികളെ നാശത്തിലേക്ക് തള്ളിവിടുന്നത്. എത്രയോ സമ്പന്നമായിരുന്ന കലാലയ ജീവിതം ഇത്രമാത്രം ജീര്‍ണ്ണിച്ചത് എന്തുകൊണ്ടാണ്? ഈ അടുത്ത കാലത്താണ് മഹാരാജാസിലെ അറബിക് വിഭാഗം അധ്യാപകനെ ഒരു വിദ്യാര്‍ത്ഥി ആക്രമിച്ചത്. കേരളത്തിലെ കലാലയങ്ങളില്‍ ഗുണ്ടകളുടെ, ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന് വളംവെച്ചു കൊടുക്കുന്നത് ആരാണ്? മത രാഷ്ട്രീയക്കാര്‍ കുട്ടികളെ പഠിക്കാനാണോ വിടുന്നത് അതോ കോളേജ് യൂണിയന്‍റെ മറവില്‍ ഒപ്പം പഠിക്കുന്നവരെ, പഠിപ്പിക്കുന്നവരെ ആക്രമിക്കാനോ?
ഓരോ കോളേജ് കാമ്പസുകളിലും നടക്കുന്ന കൊടും ക്രൂരതകള്‍ എന്തുകൊണ്ടാണ് കോളേജ് അധികൃതര്‍ കാണാതെപോകുന്നത്? നമ്മുടെ വിദ്യാഭ്യാസരംഗം സമര രക്ത അപരാധങ്ങള്‍കൊണ്ട് നരകയോഗ്യമായിക്കൊണ്ടിരിക്കുന്നു. ഇത് മരുഭൂമിയുടെ പുല്പുറങ്ങള്‍ തേടിയുള്ള പഠനങ്ങളാണ്. അവരുടെ തലച്ചോറില്‍ വളരുക കാരുണ്യത്തിന്‍റെ, സ്നേഹത്തിന്‍റെ, സഹനത്തിന്‍റെ പാഠങ്ങളല്ല, അതിലുപരി വരണ്ട ഹൃദയമുള്ളവരായി മാറ്റപ്പെടുന്നു.
ഫെബ്രുവരി 18 ന് കോളേജില്‍ നടന്ന കൊടുംക്രൂരത എന്തുകൊണ്ടാണ് കോളേജ് അധികൃതര്‍ മൂടിവെച്ചത്? ഇപ്പോള്‍ പതിനെട്ട് പേര്‍ പ്രതികള്‍. നേരും നെറിയുമില്ലാത്ത 130 കുട്ടികള്‍ കാഴ്ച്ചക്കാരായി ഈ ചോരക്കളി കണ്ടു നിന്നു. ഈ വേട്ടനായ്ക്കളെ ഭയന്നാണ് കുട്ടികള്‍ കോളേജില്‍ പഠിക്കുന്നതും രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയെയോര്‍ത്ത് വിലപിക്കുന്നതും. ഇവര്‍ എന്തിനാണ് ഈ നാരാധമന്മാരായ കാട്ടുനായ്ക്കളെ ഭയക്കുന്നത്? ഇങ്ങനെ ഒരു ഭീകരാന്തരീക്ഷം ഈ കോളേജിലുണ്ടാക്കിയതിന്‍റെ ഉത്തരവാദികള്‍ അവിടുത്തെ അധികാരികളല്ലേ? അവരെ എന്തുകൊണ്ടാണ് പിരിച്ചുവിടാത്തത്?
പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെയോര്‍ത്ത് ലജ്ജിക്കുന്നു. എല്ലാവരുടേയും കൈയ്യില്‍ മൊബൈല്‍ ഉണ്ടായിട്ടും ആരും പുറത്തേക്ക് അറിയിക്കാഞ്ഞത് എന്തുകൊണ്ട്? കുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും കുറ്റക്കാര്‍ തന്നെ. നമ്മുടെ സാംസ്കാരിക നായകന്മാര്‍ മൗനികളാകുന്നത് ധാര്‍മ്മികമായ രോഷം മറ്റുള്ളവരില്‍ സൃഷ്ടിക്കുന്നു. അവര്‍ക്കറിയില്ലല്ലോ ഭൗതികമായ രാഷ്ട്രീയ പദവികള്‍, പുരസ്കാരങ്ങള്‍ക്കുവേണ്ടി കാത്തുകഴിയുന്നത്. നിങ്ങള്‍ക്കും കുട്ടികളില്ലേ? നാണംകെട്ട വിദ്യാലയങ്ങളും, അധ്യാപകരും, മാതാപിതാക്കളും അതിന് പറ്റിയ കുറെ മത രാഷ്ട്രീയ അടിമകളും ചേര്‍ന്ന് ദൈവത്തിന്‍റെ സ്വന്തം നാടിനെ പിശാചിന്‍റെ നാടാക്കി നാറ്റിച്ചുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം പ്രസംഗിച്ചു നടക്കുന്ന നാട്ടിലാണ് അക്ഷരമെന്ന വെളിച്ചത്തെ ഇരുട്ടിലാഴ്ത്തി അന്ധകാരം സൃഷ്ടിക്കുന്നത്. കുറ്റവാളികളെ മഹത്വപ്പെടുത്തുന്നവര്‍ വിദ്യാഭ്യാസ രംഗത്ത് കുട്ടികളനുഭവിക്കുന്ന കഠിന മാനസിക പീഢനങ്ങളെപ്പറ്റി ക്ലാസുകള്‍ എടുക്കാറുണ്ടോ? ഇല്ലെങ്കില്‍ ഉന്നത നിലവാരമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുക്കുക. അവിടുത്തെ കുട്ടികള്‍ ഇന്ത്യയിലെ കുട്ടികളനുഭവിക്കുന്ന മാനസിക പീഢനങ്ങള്‍ അനുഭവിക്കുന്നില്ല. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ സ്വദേശത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പ്രാണനും കൊണ്ട് ഓടുന്നത്? അവരെ അഭയാര്‍ത്ഥികളാക്കുന്നത് ആരാണ്?
ഇന്ത്യയിലെ മത രാഷ്ട്രീയ മേലാളന്മാര്‍ ജനത്തെ മാത്രമല്ല പഠിക്കാന്‍ പോകുന്ന കുട്ടികളെയും ജാതിമത അരാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നു. ഇത് മാതാപിതാക്കള്‍ തിരിച്ചറിയുക ഇല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ മതരാഷ്ട്രീയത്തിന്‍റെ അടിമകളായി ജീവിക്കേണ്ടി വരും.
കലാലയങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന മൃഗീയ കൊലപാതകങ്ങളുടെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥി മൃഗീയസംഘടനകള്‍ എന്നാണ് നിരോധിക്കുന്നത്? പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ പഠിക്കാനാണ് പോകുന്നത്. ഇന്ത്യയില്‍ നടക്കുന്നതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല. ഏതെങ്കിലും മത രാഷ്ട്രീയ പ്രമാണിമാരുടെ മക്കള്‍ തല്ലുകൊള്ളാനും കൊടിപിടിക്കാനും ജയിലിലും പോകുന്നുണ്ടോ എന്നത് രക്ഷിതാക്കള്‍ കൂടി ചിന്തിക്കുക. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട പല ശാസ്ത്രീയ തെളിവുകള്‍ ഗൂഢാലോചനകളുടെ ഫലമായി നശ്ശിപ്പിച്ചെങ്കിലും സി.ബി.ഐ. കുറ്റവാളികളെ കണ്ടെത്തുമെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തില്‍ ഇതുപോലുള്ള കലാലയ കാട്ടുമൃഗങ്ങള്‍ ഇനിയുമുണ്ടാകാതിരിക്കട്ടെ.
About The Author
No related posts.