കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 25 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

Facebook
Twitter
WhatsApp
Email

അദ്ധ്യായം – 25

ഞങ്ങള്‍ വിവാഹിതരായി


ഓമനയും ജ്യേഷ്ഠത്തി തങ്കമ്മയും ഹസാരിബാഗില്‍ നേര്‍ക്കുനേര്‍ സംസാരിച്ചു. തങ്കമ്മയുടെ തൊണ്ടവരണ്ടു പോയതല്ലാതെ മുന്നോട്ടുവച്ചതൊന്നും ശിരസ്സാവഹിക്കാന്‍ ഓമന തയ്യാറായില്ല. തങ്കമ്മ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍. അവസാനമായി പറഞ്ഞിട്ടു പോയത്, നീ നരകത്തിലേക്കുളള വഴിയാണ് കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു. ഞാനതിനു മറുപടി കൊടുത്തത് സ്വര്‍ഗ്ഗത്തിന്‍റേയും നരകത്തിന്‍റേയും ഉപദേഷ്ടാവായി നിന്‍റെ ജ്യേഷ്ഠത്തിയെ നിയമിച്ചത് ഞാനറിഞ്ഞില്ല എന്നാണ്. ഇവര്‍ പഠിച്ചത് ആതുര സേവനമാണോ അതോ പരമ്പരാഗത അന്ധവിശ്വാസികള്‍ നടത്തുന്ന ആഭിചാരക്രിയകളോ. ഇവര്‍ ശകുനം നോക്കാനും കണ്ണുകളില്‍ നോക്കി ഫലം പറയാനും മിടുക്കിയായിരിക്കും. എന്തായാലും ആ മന്ത്ര-തന്ത്രങ്ങളൊന്നും നീ പഠിക്കല്ലേ. അതു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്.
എന്‍റെ മനസ്സില്‍ വന്നത് തങ്കമ്മ കാഷായ വസ്ത്രം ധരിച്ച് കഴുത്തില്‍ രുദ്രക്ഷമാലയുമണിഞ്ഞ് മന്ത്രച്ചരടുകള്‍ രണ്ടു കൈയ്യിലും കെട്ടിയ ഒരു സന്യസിനിയായിട്ടാണ്. എന്‍റെ പേരു കേള്‍ക്കുമ്പോള്‍ ഇത്ര അസഹിഷിണുതയും ഈര്‍ഷ്യയും എന്തിനാണ്?. സ്നേഹത്തെ കണ്ണുതുറന്നു കാണാത്തവര്‍ ഇതു പോലെ ഈ മണ്ണില്‍ ധാരാളമുണ്ട്. മറ്റുളളവരില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്നത് ചിലര്‍ക്കൊരു സുഖമാണ്. സ്നേഹത്തിന്‍റെ തിളക്കവും പരിശുദ്ധിയും കളങ്കപ്പെടുത്തുന്നവരെയായിരിക്കാം ഇവര്‍ കണ്ടുവളര്‍ന്നത്. ഞങ്ങള്‍ സ്വപ്നത്തിലും ജീവിതത്തിലും താലോലിച്ചു വളര്‍ത്തിയ പ്രണയമെന്ന മരം ഇന്ന് ആകാശത്തോളം വളര്‍ന്നിരിക്കുന്നു. അതിനെ വെട്ടിമാറ്റാന്‍ ആര്‍ക്കും കഴിയില്ല.
മനുഷ്യന്‍ അത്യാര്‍ത്തിയോടെ വിവാഹത്തിനു മുമ്പ് ഉറപ്പിക്കുന്ന കച്ചവടമാണല്ലോ സ്ത്രീധനം, സ്വര്‍ണം, മറ്റു പലതും. ഞാന്‍ ഓമനയെ കച്ചവടം നടത്തി വാങ്ങാന്‍ ഒരുക്കമല്ല. ഒരു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അവളെ മലിനപ്പെടുത്തുന്നതിന് തുല്യമാണ്. അറേബ്യന്‍ നാടുകളില്‍ പുരുഷനാണ് സ്ത്രീധനം കൊടുക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇതുപോലുളള കച്ചവടമില്ല. ഇന്ത്യയില്‍ കാളച്ചന്തയിലെ മൃഗങ്ങളെ പോലെയാണ് പെണ്‍കുട്ടികള്‍ക്ക് വില പേശുന്നത്. ദരിദ്രരാജ്യങ്ങളായ ആഫ്രിക്കയില്‍ പോലും ഒരു പശുവിനെയോ ആടിനെയോ ആണ് സ്ത്രീധനമായി കൊടുക്കുന്നത്. ഭൂതങ്ങള്‍ ബാധിച്ചിരിക്കുന്ന മനുഷ്യരില്‍ ഇതുപോലുളള ധാരാളം അന്ധമായ ആചാരങ്ങള്‍ ഉണ്ട്. എന്‍റെയുളളിലെ കഠിനമായ എതിര്‍പ്പ് കത്തില്‍ എഴുതി തീര്‍ന്നപ്പോഴാണ് മനസ്സ് ഒന്നു ശാന്തമായത്. എനിക്ക് കിട്ടുന്ന ശമ്പളം പോലും മറ്റുളളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഞാനുപയോഗിക്കുന്നത്. അവളുടെ ബോണ്ടിനുളള പണം അയച്ചതും സ്വന്തം അദ്ധ്വാനത്തില്‍ നിന്നാണ്. മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മക്കള്‍ക്ക് കൊടുക്കാം . അത് അവകാശമാക്കരുത്. എന്തായാലും സ്ത്രീധനം മടിയിലും സ്വര്‍ണ്ണത്തെ കഴുത്തിലും ചാര്‍ത്തി ഒരു ഭര്‍ത്താവിന്‍റെ മേലങ്കിയണിയാന്‍ ഞാനാഗ്രഹിക്കുന്നില്ല. എല്ലാ കാര്യത്തിലും ഞാനവള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ കണ്ടനാള്‍ മുതല്‍ ഓരോ അഭിപ്രായങ്ങളും പരസ്പരം ബോധ്യപ്പെടുന്നതും ഇഷ്ടമുളളതുമായിരുന്നു. ഇപ്പോള്‍ വന്ന കത്തിലെഴുതിയത് ജീവിതം സ്വന്തം വരുമാനത്തില്‍ പടുത്തുയര്‍ത്തണമെന്നാണ്. മറ്റുളളവരെ ആശ്രയിച്ചല്ല ജീവിക്കേണ്ടത്. തെളിഞ്ഞ പുഞ്ചിരിയോടെയാണ് ഞാനതിനെ കണ്ടത്.
എല്ലാ മനുഷ്യരും ഈ മണ്ണില്‍ ജനിക്കുന്നു, വളരുന്നു. ജീവിതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ക്ക് അത് തളിര്‍ക്കും, പൂക്കും, ഫലങ്ങള്‍ തരികയും ചെയ്യും. ആ രാത്രി സ്നേഹത്തെപ്പറ്റിയാണ് ഞാനവള്‍ക്കെഴുതിയത്. എന്‍റെ വാക്കില്‍ നിന്ന്, ലക്ഷ്യയത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഭൂമിയില്‍ ദീര്‍ഘായുസ്സുളളത് സ്നേഹത്തിനും പ്രണയത്തിനുമാണ്. നമ്മള്‍ മരിക്കുമ്പോള്‍ അടുത്ത തലമുറ സ്നേഹത്തെ പുനര്‍ജീവിപ്പിക്കുന്നു.ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ ആഴങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് കുറ്റബോധത്തിലും ദുഖത്തിലും കഴിയുന്നത്. ഹൃദയത്തില്‍ രക്തം ശുദ്ധി ചെയ്യുന്നതു പോലെ സ്നേഹത്തെ ശുദ്ധി ചെയ്തെടുത്താല്‍ അതിന്‍റെ ഫലങ്ങളുണ്ടാകും. ഇവിടെയാണ് സ്നേഹം ഹൃദയസ്പര്‍ശിയാകുന്നത്. വിശുദ്ധിയുളള സ്നേഹത്തിനും പ്രണയത്തിനും ശത്രുവായി വരുന്നത് സ്വന്തം സുഖങ്ങളും ലാഭങ്ങളുമാണ്.
കമിതാക്കളില്‍ നല്ലൊരു പങ്കും ശാരീരിക സുഖത്തിലാണ് പ്രണയത്തെ കാണുന്നത്. ആ പ്രണയം ദുഖമാണ് നല്‍കുക, സന്തോഷമല്ല, അതു ക്ഷണികവുമാണ്. നമ്മള്‍ ഈ സ്നേഹത്തെ അനശ്വരമാക്കിയവരാണ്. അതിനാല്‍ ഒരാപത്തും ഇതുവരെയുണ്ടായിട്ടില്ല. സ്നേഹത്തിന്‍റെ ദിവ്യത്ത്വമറിയാത്തവര്‍ക്ക് നമ്മളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. സ്നേഹത്തിന്‍റെ ഉറവിടമായ ദൈവത്തെ സ്നേഹത്തിന്‍റെ പരിശുദ്ധിയറിയാത്തവര്‍ ആരാധിച്ചിട്ട് വല്ല കാര്യവുമുണ്ടോ. ഇവരുടെ പ്രാര്‍ത്ഥനയും സ്തോത്രഗാനങ്ങളും അര്‍ത്ഥശൂന്യമാണ്. ഇവര്‍ ബൈബിളിള്‍, ഭഗവത്ഗീത, ഖുറാന്‍ പാരായണം ചെയ്തിട്ട് ഒരു കാര്യവുമില്ല.
സി.എം.സി.ക്ക് കുറച്ചകലെയായി ഒരു അബ്രഹാം യേശുവിന്‍റെ നാമത്തില്‍ വിദേശത്തു നിന്ന് ഗായകരെ വരുത്തി സി.എം.സി.യിലുളളവരെ സംഗീതവിരുന്നിനു ക്ഷണിക്കുക പതിവാണ്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമൊക്കെ മ്യൂസിക് ഗ്രൂപ്പുകളെത്തി ഗാനങ്ങള്‍ ആലപിക്കുന്നതിന് ഞാനും പോയിട്ടുണ്ട്. ആ ഗാനങ്ങളെല്ലാം ആത്മാവിന്‍റെ അഗാധതലങ്ങളിലേക്ക് ശ്രോധാക്കളെ കൊണ്ടുപോകും. ഇദ്ദേഹം സുന്ദരമായ ഒരു മിനിബസ്സ് സി.എം.സി.യിലേക്കയ്ക്കും അതില്‍ പാശ്ചാത്യരും പൗരസ്ത്യരുമായവര്‍ കയറിയിരിക്കും. യാത്ര സൗജന്യമാണ്. തുടരെ വന്നുകൊണ്ടിരുന്ന വിദേശികളുടെ മ്യൂസിക്ക് ആകര്‍ഷകമായിരുന്നെങ്കിലും അബ്രഹാമിന്‍റെ ലക്ഷ്യം ജീവിത നേട്ടങ്ങള്‍ തന്നെയായിരുന്നു.
യേശുവിന്‍റെ നാമത്തില്‍ അവിടെയൊരു സ്കൂള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും യേശുവിന്‍റെ നാമത്തില്‍ കൊണ്ടുവരുന്നവരുടെ ഗൂഢലക്ഷ്യം എത്രമാത്രം സമ്പത്ത് ഉണ്ടാക്കാം എന്നതാണ്. ലുധിയാനയിലെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വന്ന ഒരു പാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ ഞാനും ജോസുമായി പോയി. അപ്പോള്‍ ജോസ് എന്നോടുപറഞ്ഞു ഇദ്ദേഹമാണ് ഉണക്കകപ്പ ഇംഗ്ലണ്ടില്‍ കൊണ്ടുപോയി സായിപ്പന്മാരോടു കഴിക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ വായിലിട്ടപ്പോള്‍ ചോദിച്ചു, ഇതെന്താണ്, കടിച്ചിട്ട് കല്ലു പോലെയിരിക്കുന്നു. പാസ്റ്റര്‍ സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു, ഇതാണ് പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ കഴിക്കുന്നത്, നല്ല ഭക്ഷണമില്ല, നല്ല വസ്ത്രങ്ങളില്ല, പാര്‍പ്പിടമില്ല. പാവങ്ങള്‍ ദുരിതത്തിലാണ്. സായിപ്പിനറിയില്ലല്ലോ അതു വേവിച്ചെടുത്താല്‍ കല്ലല്ല കിഴങ്ങാണെന്ന്. ആദ്ധ്യാത്മികതയില്‍ ഇതു പോലെ കണ്ടുപിടുത്തങ്ങള്‍ നടത്തി കശുണ്ടാക്കി മധുരം നുകരുന്നവന്‍ എല്ലാ സഭകളിലും ധാരാളമുണ്ട്. ശിക്ഷാവിധിയുടെ നാള്‍ അവര്‍ അറിയുന്നില്ല.
മലയാളി അസ്സോസ്സിയേഷന് വേണ്ടി എന്‍റെ കടല്‍ക്കര എന്ന നാടകത്തിന്‍റെ റിഹേഴ്സല്‍ സഖറിയയുടെ വീട്ടില്‍ ആരംഭിച്ചു. ഇതിനകം ദീപികയിലും എന്‍റെ കവിത അച്ചടിച്ചുവന്നു. എനിക്ക് തപാല്‍ മാര്‍ഗം അവര്‍ കോപ്പി അയച്ചുതന്നു. ജലന്തറിലെ ഒരു മലയാളി കൂട്ടായ്മയുടെ ഓണം ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തു. നാടകം ആവശ്യപ്പെട്ടുകൊണ്ട് ബോംബെ മലയാളി സമാജത്തിന്‍റെ കത്തും ലഭിച്ചു. സി.എം.സി.വഴി എന്‍റെ സാഹിത്യസൃഷ്ടികളുടെ പല കോപ്പികളും എടുക്കാന്‍ കഴിഞ്ഞു. നാട്ടില്‍ പോയിട്ടില്ലെങ്കിലും തകഴി, ടി.എന്‍.ഗോപിനാഥന്‍ നായര്‍, പണിക്കര്‍ സാര്‍, കാക്കനാടന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പാല കെ.എം.മാത്യു തുടങ്ങി ധാരാളം പ്രമുഖരുമായി എനിക്ക് കത്തിടപാടുകളുണ്ടായിരുന്നു. തകഴിച്ചേട്ടന്‍ പ്രത്യേകം ചോദിക്കുമായിരുന്നു നോവല്‍ എഴുത്ത് എവിടെവരെയായി. അതിനു മറുപടി കൊടുക്കുന്നത് എഴുതികൊണ്ടിരിക്കുന്നുവെന്നാണ്. എതാനും അദ്ധ്യായങ്ങള്‍ ഞാനെഴുതി വച്ചിട്ടുണ്ട്. നാടകത്തിന്‍റെ റിഹേഴ്സലിനിടയില്‍ നോവലെഴുത്ത് നടക്കില്ലെന്ന് എനിക്കറിയാം. ഇതിനിടയില്‍ വര്‍ത്തമാന്‍ തുണിമില്ലില്‍ നിന്ന് അവിടുത്തെ ഏതാനം തൊഴിലാളികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സമരം നടന്നു. ഞാനും ഒരു ദിവസം അവധിയെടുത്ത് അവര്‍ക്കൊപ്പം ചേര്‍ന്നു മുദ്രാവാക്യം വിളിച്ചു. അതിന്‍റെ പ്രധാന കാരണം അതില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത പാലക്കാട്ടുകാരന്‍ താമരാക്ഷനുമുണ്ടായിരുന്നു. ആ ജോലി കിട്ടാന്‍ കാരണം ഈ കമ്പനിയുടെ മുതലാളി ഏതാനം ദിവസം ആശുപത്രിയില്‍ കിടന്നു. എഴുപതു വയസ്സില്‍ കൂടുതല്‍ കാണും. ഇദ്ദേഹത്തെ വിളിക്കുന്നത് ലാലാജി എന്നാണ്. ഡോ.ചന്ദറിനൊപ്പമായിരുന്നു ഞാനൊരിക്കല്‍ ഇദ്ദേഹത്തെ കാണാന്‍ പോയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലാലാജി സഹായിക്കാറുണ്ട്.
ലാലാജിയുടെ സെക്രട്ടറി ഒരു ജോണ്‍ ആണ്. ജോണിന്‍റെ ഭാര്യ സി.എം.സി. കോളജിലാണ് ജോലി ചെയ്യുന്നത്. കോളജ് ക്വാര്‍ട്ടറിലാണ് താമസം. സി.എം.സി. യുടെ ക്വര്‍ട്ടറുകളില്‍ മലയാളികളുമുണ്ട്. ലാലാജിക്ക് സുഖം പ്രാപിച്ചപ്പോഴാണ് ഞാനദ്ദേഹത്തോട് ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജോലിക്കായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ ഒരു കത്തെഴുതി തന്നിട്ട് ഫൈനാന്‍സ് അഡ്മിന്‍ മാനേജരെ കാണിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ പത്തു മാസമായി താമരാക്ഷന്‍ അവിടെ ജോലി ചെയ്യുന്നത്. പഞ്ചാബിലെ പ്രമുഖ കമ്പിളി ടെക്സ്റ്റൈല്‍സാണ് ഓസ്വാള്‍, വര്‍ത്തമാന്‍ മില്‍സ്, ഇന്ത്യയിലെ എല്ലായിടത്തേക്കും ഇവിടുന്ന് വസ്ത്രങ്ങള്‍ അയക്കാറുണ്ട്. തൊഴിലാളികളും യൂണിയനുകളും ഒന്നിച്ചപ്പോഴാണ് സമരം ഒത്തുതീര്‍പ്പിലായി അവസാനിപ്പിച്ചത്.
ഞങ്ങളുടെ വിവാഹം ചിലരുടെ എതിര്‍പ്പോടെ ചിലരുടെ ആശീര്‍വാദത്തോടെ എയര്‍ഫോഴ്സുകാരന്‍ പാപ്പച്ചന്‍റെ നേതൃത്വത്തില്‍ ഹരിയാനയിലെ കര്‍നാല്‍ കത്തോലിക്ക പളളിയില്‍ ഫാദര്‍ ക്രുൂസുബഹറ്റിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്നു.
ജ്യേഷ്ഠന്‍ ഈ പളളിയിലെ അംഗമായതിനാലാണ് അവിടെ വെച്ച് നടന്നത്. ഇല്ലെങ്കില്‍ ബോംബെയില്‍ വച്ച് നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ദീര്‍ഘനാളായി സമാഹരിക്കപ്പെട്ടിരിന്ന പ്രണയം. മധുരഗീതം പൊഴിക്കാന്‍ തുടങ്ങി. ഞാന്‍ അവളുടെ കഴുത്തിലണിഞ്ഞ മിന്ന് പൂര്‍വ്വാധികം ശോഭിച്ചു തന്നെ കിടന്നു. മറ്റുളളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി വിവാഹധൂര്‍ത്ത് പാടില്ലെന്ന് ഞങ്ങള്‍ മുമ്പു തന്നെ തീരുമാനിച്ചിരുന്നു. പളളിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് വന്നത് സൈക്കിള്‍ റിക്ഷയിലാണ്. ഞങ്ങള്‍ ധരിച്ചിരുന്ന വിവാഹ വസ്ത്രങ്ങള്‍ വിലപിടിപ്പില്ലാത്തതായിരുന്നെങ്കിലും സൂര്യപ്രഭയുടെ സുന്ദരമായ ഭംഗിയുളളതായിരുന്നു. ഇരുന്നു രസിക്കാന്‍ ആകര്‍ഷകങ്ങളായ ഇരിപ്പിടങ്ങളോ മറ്റു സ്ത്രീകളില്‍ കാണുന്നതു പോലെ ഒന്നു പ്രദര്‍ശിപ്പിക്കാന്‍ തിളങ്ങിനില്‍ക്കുന്ന വളകളോ, മാലകളോ ഇല്ലായിരുന്നു. പരിശിദ്ധിയുളള പ്രണയത്തിന് ഇതൊക്കെ അകമ്പടി സേവിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുറച്ചതാണ്. ആഭരണ പ്രഭയില്‍ ഇളകി നടക്കുന്നത് ഇഷ്ടമല്ലെന്നവള്‍ പറയുമായിരുന്നു. ഞങ്ങളുടെ ജീവിതം താളം തെറ്റുമെന്ന് തങ്കമ്മയെപ്പോലുളളവര്‍ തെറ്റിധരിച്ചു.
ഒരിക്കല്‍ തങ്കമ്മ എന്നെ വെല്ലുവിളിച്ചു പറഞ്ഞു ഓമനയെ കെട്ടാനുളള മോഹമുണ്ടെങ്കില്‍ ആ വെളളമങ്ങ് വാങ്ങിവച്ചേക്ക് എന്ന്. അന്നു മുതല്‍ ആ വെളളം മനസ്സില്‍ തിളച്ചു കൊണ്ടിരുന്നതാണ്. ഇന്നാണ് ആ ജലം കുടിച്ച് എന്‍റെ ദാഹമകറ്റിയത്. ആ വാക്കുകള്‍ എന്നെ നശിപ്പിക്കാനായിരുന്നില്ല ജനിപ്പിക്കാനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കാലത്തിന്‍റെ സമയം എങ്ങോട്ടെന്നറിയാന്‍ ആര്‍ക്കുമാവില്ല. കാലത്തിനൊപ്പം എങ്ങോട്ടു സഞ്ചരിച്ചാലും ഞങ്ങള്‍ക്ക് മനസ്സിലായത് സ്നേഹമാണ്. അതില്‍ അടിയുറച്ചു വിശ്വസിച്ചു. ആ വിശ്വാസം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇരുള്‍ പടര്‍ന്നിരുന്ന ഞങ്ങളുടെ ജീവിതത്തില്‍ നിലാവും നക്ഷത്രങ്ങളും തെളിഞ്ഞു വന്നു.
ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം സി.എം.സി.യിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജോലി വാങ്ങിക്കൊടുത്തു. ഫിറോസ്പുര്‍ ആശുപത്രയില്‍ നിന്ന് പഠിച്ചിറങ്ങിയ മറ്റൊരു പെണ്‍കുട്ടിക്ക് ഇവര്‍ വഴി ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. എല്ലാ നഴ്സിംഗ് അഡ്മിഷന്‍ സമയത്തും മാതാപിതാക്കള്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ടെസ്റ്റ് എഴുതിക്കാന്‍ കുട്ടികളുമായി വരാറുണ്ട്. വരുന്ന കുട്ടികള്‍ കൊടുക്കുന്ന ടെസ്റ്റില്‍ ജയിക്കുമോ ഇല്ലയോ എന്നത് അവരില്‍ ആശങ്ക പരത്തിയിരുന്നു. അതില്‍ ചില മലയാളികള്‍ എന്നെ സമീപിച്ചിട്ട് ആദരവോടെ പറയും മകള്‍ എഴുതുന്നു. ആരെങ്കിലും എന്തെങ്കിലും വഴി സ്വാധീനം ചെലുത്താന്‍ കഴിയുമോ. എന്തു വേണമെങ്കിലും ചെയ്യാം.
ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളിലും കൈക്കൂലി എന്ന വിത്ത് പാകിയിട്ടുണ്ട്. ആ വിത്ത് ഇവിടെ മുളക്കില്ലെന്ന് വരുന്നവര്‍ക്കറിയില്ല. സി.എം.സി.യുടെ പ്രധാന ഓഫിസുകളിലൊന്നിലും മലയാളികള്‍ ജോലി ചെയ്യുന്നില്ല. ആകെയുളളത് ജി.എസിന്‍റെ ഓഫിസാണ്. എനിക്കല്പം സാമൂഹിക പ്രവര്‍ത്തനവും, രക്തം കൊടുക്കലും, നാടകവും, ജോലിയില്ലാത്തവര്‍ക്ക് ജോലി തെണ്ടലുമൊക്കെയുളളതു കൊണ്ട് മലയാളികള്‍ പറഞ്ഞു വിടുക എന്‍റെ അടുക്കലാണ്. എന്നിട്ട് പറഞ്ഞു വിടുന്നവരോടു പറയും എന്‍റെ പേര് പറയരുതെന്ന്. അവര്‍ക്ക് അങ്ങനെയൊരു ഗുണമുണ്ടായിരുന്നു. ടെസ്റ്റ് കഴിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ക്ക് കിട്ടുമോ ഇല്ലയോ എന്നത് മാതാപിതാക്കളെ സംബദ്ധിച്ച് സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. ഞാനവരെ ധൈര്യപ്പെടുത്തി പറയും. ഇവിടെ ആരുടെ സ്വാധീനവും നടക്കില്ല. എല്ലാം മെറിറ്റിലാണ്. ഞാനുറപ്പു പറയും മകള്‍ക്ക് കിട്ടാതിരിക്കില്ല, ധൈര്യമായിരിക്ക്. എന്നിട്ട് അവരെ യാത്രയാക്കും. അങ്ങനെ മിഥ്യാബോധവുമായി എന്‍റെ അടുക്കല്‍ വന്നിട്ടുളളവരുടെ മക്കള്‍ക്ക് അവിടെ പ്രവേശനം കിട്ടുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടാറുണ്ട് പറഞ്ഞത് ഫലിച്ചല്ലോ എന്ന്. മഞ്ഞുകാലം വന്നതോടെ മഞ്ഞ് റോഡിലെങ്ങും തടസങ്ങളുണ്ടാക്കി. നേരം പുലര്‍ന്നാല്‍ മഞ്ഞിന്‍റെ പുകപടലങ്ങള്‍ മണ്ണിലെങ്ങും ആധിപത്യമുറപ്പിക്കും.
മാസങ്ങള്‍ പലതു കഴിഞ്ഞു. ഓമന പത്തുമണിക്ക് എന്‍റെ ഓഫിസിലാണ് ചായ കുടിക്കാന്‍ വരുന്നത്. അര മണിക്കൂറിനുള്ളില്‍ പ്യൂണിനെ വിട്ട് കാന്‍റിനില്‍ നിന്ന് ചായക്കൊപ്പം കഴിക്കാനും വാങ്ങിപ്പിക്കും. അതില്‍ പ്യൂണായ സ്ത്രീയും പങ്കുചേരും. അവരുടെ ഭര്‍ത്താവ് സാനിറ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം എന്‍റെ അയല്‍ക്കാരനായ വേടരപ്ലാവിലെ കിണറുവിള മുക്കിലെ റയില്‍വേയില്‍ ജോലിയുളള മുരളി ഓഫീസില്‍ വന്നു. അവന്‍റെ ഭാര്യ ശൂരനാട്ടുകാരിയാണ്. തുടര്‍ന്ന് അവര്‍ എന്‍റെ വീട്ടില്‍ വരികയും ഞങ്ങള്‍ അവരുടെ വീട്ടില്‍ പോവുകയും ചെയ്തു. അവന്‍റെ വീട്ടില്‍ പോയി സൈക്കിളില്‍ ഓമനയെ പിറകിലിരുത്തി മടങ്ങി വരുമ്പോള്‍ ഒരു ചെറുക്കന്‍ കുറുകെ ചാടി ഞങ്ങള്‍ രണ്ടു പേരും റോഡില്‍ വീണു. അതിനുശേഷം ഓമന പിന്നെ എന്‍റെ സൈക്കിളില്‍ കയറാറില്ല. അന്ന് വീണതിന്‍റെ പേടി മനസ്സിലുളളതു കൊണ്ടാണത്. അതിന്‍റെ പേരില്‍ നിരപരാധിയായ എന്നെ കളിയാക്കുമ്പോള്‍ ഞാന്‍ പറയും പിന്നെ ലോകചരിത്രത്തില്‍ ആദ്യമായിട്ടല്ലേ രണ്ടുപേര്‍ സൈക്കിളില്‍ നിന്ന് വീണത്. അതു കേട്ട് അവളുടെ മിഴികളില്‍ സന്തോഷം വിടരും. നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ പലവട്ടം കത്തെഴുതി ഒന്നു വന്നിട്ടുപോകാന്‍ വീട്ടിലെ ഏറ്റവും ഇളയ പുത്രിയായതിനാല്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം നടത്തിയിട്ടും അവളോട് അത്യധികം സ്നേഹമായിരുന്നു. ഇനിയും അവരെ വേദനിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. നാട്ടിലേക്ക് പോകാനുളള ശ്രമങ്ങള്‍ തുടര്‍ന്നു. ഉള്ളിലെ ഹൃദയഭാരമകറ്റി ഞങ്ങള്‍ നാട്ടിലേക്ക് യാത്രതിരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *