ബുദ്ധിയും ഭ്രാന്തും – (ജയരാജ് മിത്ര)

Facebook
Twitter
WhatsApp
Email

“പഠിച്ച് പഠിച്ച് പ്രാന്തായതാ ! ”

“ബുദ്ധികൂടി വട്ടായതാ !”

“വായിച്ച് വായിച്ച് നൊസ്സായതാ !”

ഇത്തരം പരാമർശങ്ങൾ വളരെക്കാലം മുന്നേ ഞാൻ കേൾക്കുന്നതാണ്.
ഇതിനേക്കുറിച്ച് പലരോടും ചോദിച്ചിട്ടുണ്ട്.

ബുദ്ധി കൂടിയാൽ ഒരാൾക്ക് ഭ്രാന്താകുമോ !?
പഠിച്ചതുകൊണ്ടോ വായിച്ചതുകൊണ്ടോ ഒരാൾ മനോരോഗിയാകുമോ !?

ആദ്യ ഉത്തരം സയൻസ് മാഷിൽനിന്നായിരുന്നു.

“നമ്മുടെ തലച്ചോറിന് സ്റ്റോർ ചെയ്യാൻ പറ്റുന്നതിനൊക്കെ ഒരു പരിധിയുണ്ട്. താങ്ങാവുന്നതിലും അധികം ഇൻഫർമേഷൻ തലയിലേയ്ക്കിട്ടാൽ അത് താളം തെറ്റാതിരിക്കുമോ !?”

ഈ ഉത്തരത്തിന് അധികം ആയുസ്സുണ്ടായില്ല.
ഒരു മനുഷ്യൻ്റെ തലച്ചോറിൻ്റെ ക്ഷമതയേപ്പറ്റി ഞാൻ മനസ്സിലാക്കി.
2.5 പെറ്റാ ബൈറ്റ്സ് ആണത്രേ ബ്രെയ്ൻ കപ്പാസിറ്റി.
അതായത്, ഒരു പെറ്റാ ബൈറ്റ് എന്നത് 1024 ടെറാ ബൈറ്റ്.
എന്നുവെച്ചാൽ 2560 ടെറാ ബൈറ്റ് മെമ്മറി !
ഉദ്ദേശക്കണക്ക് പറഞ്ഞാൽ;
ഒരു ടെറാ ബൈറ്റ് മെമ്മറിയിൽ ആയിരം സിനിമകൾ സ്റ്റോർ ചെയ്യാം.
അപ്പോൾ, ഒരു മനുഷ്യൻ്റെ തലച്ചോറിന്, പൂർണ്ണതെളിവോടെ, വേണമെങ്കിൽ 2560000 ( ഇരുപത്തഞ്ച് ലക്ഷത്തി അറുപതിനായിരം ) സിനിമകൾ ഓർത്തു വെയ്ക്കാനാവും!
ഇത്രയും കപ്പാസിറ്റിയുള്ള തലച്ചോർ, നാല് പുസ്തകം വായിച്ചാലൊന്നും ഹാങ് ആയി, ‘ പ്രാന്ത് പ്രാന്ത് ‘ എന്നെഴുതിക്കാട്ടില്ല.

പിന്നെ, കുറച്ചുകൂടി തെളിമയുള്ള ഉത്തരം തന്നത് നിർമ്മലാനന്ദസ്വാമിയാണ്.

“വയറിന് താങ്ങാനാവാത്ത ഭക്ഷണം ദഹനക്കേടുണ്ടാക്കുന്നപോലെ;
കാണാൻപാടില്ലാത്ത കാഴ്ച കണ്ണിനും
കേൾക്കാനരുതാത്ത വർത്തമാനം ചെവിക്കും ദഹനക്കേടുണ്ടാക്കും.
അമിതമായ ചൂടും കഠിനമായ തണുപ്പും തൊലിയെ പൊള്ളിക്കുംപോലെ, കടുത്ത ചിന്തകൾ തലച്ചോറിൽ ദഹനക്കേടുകൾ സൃഷ്ടിക്കും.”

അതായത്,
കളിക്കുടുക്കയും
ബാലരമയും മുത്തുച്ചിപ്പിയും മനോരമയും മാതൃഭൂമിയും കഴിഞ്ഞുവേണം ഒരാൾ ഗഹനമായ വിഷയങ്ങളിലെത്താൻ എന്ന് സാമാന്യേന പറയാം.
ഒരു സ്റ്റെപ്പ് ചാടിക്കടന്നുള്ള യാത്ര, ബുദ്ധിയുടെ ലോകത്ത് ഒരാൾക്ക് ദഹനക്കേടുണ്ടാക്കാം; ഭ്രാന്ത് വരാം.
സ്വാമിജി പറഞ്ഞത് കൊള്ളാവുന്ന ഉത്തരമാണ്.

പക്ഷേ, മനസ്സ് തൃപ്തമായില്ല.

എന്തുകൊണ്ടാണ് ഉപാസകരായ പുരുഷൻമാരിൽ പലർക്കും സ്‌ത്രൈണഭാവം വന്നുചേരുന്നത് എന്നും ; പലപ്പോഴും; ചലനംമാത്രമല്ലാതെ, ശബ്ദംപോലും സ്ത്രൈണതയിലെത്തുന്നത് എന്നും ; ഭക്തിമാർഗ്ഗത്തിലേയ്ക്ക് എടുത്തുചാടിയവർ കിളിപോയി നടക്കുന്നത് എന്നും അന്വേഷിച്ചപ്പോൾ,
അഭിനവ ബാലാനന്ദഭൈരവസ്വാമിയാണ്;
‘ ശരിയായ ഉപാസനാമാർഗ്ഗമല്ലെങ്കിൽ നാഡി പിഴയ്ക്കും ‘ എന്ന് സൂചിപ്പിച്ചത്.

വീണ്ടും അന്വേഷണമായി.

അറിവ് ഒരാളെ ഭ്രാന്തനാക്കിമാറ്റുന്നതിലെ പൊരുളെന്ത്?

ജ്ഞാനം ശാന്തിയാണ്.
നിറഞ്ഞ കതിരിൽ, വിനയത്തിൻ്റെ ശിരസ്സുനമിക്കലാണ് ഉണ്ടാവേണ്ടത്.
പക്ഷേ,
അറിവ് മിക്കവരേയും അഹങ്കാരിയാക്കുന്നു..
പലരേയും അക്രമകാരിയാക്കുന്നു.
ഭൂരിഭാഗത്തേയും അസഹിഷ്ണുക്കളാക്കുന്നു.
ചിലരെ മുഴുഭ്രാന്തരും ആക്കുന്നു.

ആത്മഗുരു പ്രത്യക്ഷമാകുന്നതപ്പോഴാണ് !

ഷിജു പറഞ്ഞു;
“അവൻ അച്ഛനെ കൊന്നിട്ട് മുങ്ങിയതാ. പരോളാണോ ജാമ്യമാണോ എന്നറിയില്ലാ.ജയിലിൽ ആയിരുന്നു . എന്തായാലും ആള് തീർന്നു.”

ആത്മഹത്യ ചെയ്തവനേക്കുറിച്ച് വിശേഷണം പുറകേ വന്നു.

“നല്ല അറിവായിരുന്നു കക്ഷിക്ക് ! സംസ്കൃത ശ്ലോകങ്ങളൊക്കെ വെള്ളം വെള്ളംപോലെ ചൊല്ലും. ഗ്രന്ഥമൊക്കെ കലക്കിക്കുടിച്ച ജീനിയസ് ! പഠിച്ച് പഠിച്ച് കിളി പോയതാ….”

ഗുരു പറഞ്ഞു.
“അറിവ് അഗ്നിയാണ്. ഓരോ അക്ഷരവും മന്ത്രമാണ്.
ദേവതകളെ വിലയിച്ച മന്ത്രങ്ങൾ കോർത്ത് വാക്കുണ്ടാക്കി, അതിൽ ജ്ഞാനത്തിൻ്റെ അഗ്നി നിറച്ച് അകത്തേയ്ക്കെടുക്കുമ്പോൾ;
പുറത്തുനിന്നും വരുന്ന ദേവതകൾ നമ്മളെ ഭരിക്കാതിരിക്കാൻ വേണ്ടതായ നാഡീബലം നമ്മൾക്കുണ്ടാകണം.
അതായത്, നമ്മളുടെ അകത്തുള്ള ദേവതാഭാവം ശക്തമായിരിക്കണം.
അറിവ് സ്വീകരിക്കുമ്പോൾ സൂര്യഭഗവാനെ പ്രതീകമാക്കി, വിളക്കിൽ അഗ്നി വിരിയിച്ച്, ‘അറിവിലെ ആനന്ദത്തേയും ദേവതകളുടെ ഉത്തമഭാവത്തേയും എനിക്ക് പകരൂ ‘എന്ന് പ്രാർത്ഥിച്ച്, ഗുരുവിനെ, വെറ്റില – അടയ്ക്ക – ദക്ഷിണ നൽകി നമസ്ക്കരിക്കണം.
തറവാട്ടിലെ പരമ്പരയോട് അനുവാദം വാങ്ങണം.
പിതൃക്കളോട് അനുഗ്രഹം വാങ്ങിമാത്രമേ പുറത്തുനിന്നുള്ള ദേവതയെ സ്വീകരിക്കാവൂ.
ഇങ്ങനെയെങ്കിൽ, പുറത്തുനിന്നും ഏത് ദേവതവന്നാലും ഭരണം നമ്മുടെ കയ്യിലിരിക്കും.
കടിഞ്ഞാൺ, പരമ്പരയിലും ഗുരുവിലും പിതൃക്കളിലും; സാക്ഷിയായ വിശ്വഗുരു സൂര്യനിലുമാണ്.
ഇപ്രകാരമാണ് അറിവിനെ കോരിക്കുടിച്ചതെങ്കിൽ ഒരാൾക്കും ഭ്രാന്ത് വരില്ല.
എത്രയെത്ര വാരിനിറച്ചാലും; ‘ഇനിയും തന്നോളൂ ‘ എന്ന്, ചിരിച്ച് പറയുന്ന മെമ്മറീസ്പേസുമായാണ് ഏവരുടേയും തലച്ചോർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഇനി, നിത്യം ത്രിസന്ധ്യയ്ക്ക് വിളക്കുവെച്ച്,
‘ഈ അറിവെല്ലാം ലോകനൻമയ്ക്കായി പ്രയോഗിക്കാൻ എനിക്ക് പ്രാപ്തി തരണേ’ എന്ന് പ്രാർത്ഥിക്കുകകൂടി ചെയ്താൽ; ഭ്രാന്തിൻ്റെ ദേവതകൾ പടിക്കു പുറത്തല്ല; തട്ടകത്തിനു പുറത്തുതന്നെ നിൽക്കും”

About The Author

Leave a Reply

Your email address will not be published. Required fields are marked *