LIMA WORLD LIBRARY

നോഹയുടെ പെട്ടകം – ആനി കോരുത്

(യാത്രാവിവരണം )

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഭർത്താവും ഞാനും കൂടി വിദേശയാത്രയ്ക്ക് പുറപ്പെട്ടു. യു. എസ്സിലുള്ള മകൻ്റെ അടുത്തേയ്ക്ക്. യാത്രാ ദിവസം അടുക്കുന്തോറും എനിക്ക് തിരക്കുകൾ കൂടി വന്നു. കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ അടിക്കി വെയ്ക്കണം. അതിനും പുറമേ കൊച്ചു മക്കളുടെ ആവശ്യങ്ങളുടെ ലിസ്റ്റ് അതൊക്കെ സംഘടിപ്പി. ക്കേണ്ടേ.! അങ്ങനെ ആ സുദിനം വന്നെത്തി. എയർപോട്ടിൽ നിന്ന് പെട്ടിയുമെടുത്തു ഞങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും മകനും’ കൊച്ചു മകനും കൈവീശി കാണിച്ചു കൊണ്ട് ഓടി വന്നു. കൊച്ചുമോനെ വാരിപുണരുമ്പോൾ എൻ്റെ കണ്ണു നിറഞ്ഞോ യെന്നു സംശയം അവൻ്റെ മണിപ്രവാളം നിറഞ്ഞ ഭാഷ എനിക്കു അത്ര പിടികിട്ടിയില്ല. പിന്നെ മോൻ്റെ തർജ്ജിമ വേണ്ടി വന്നു

ഒരു ദിവസം മോൻ എൻ്റെ അടുത്തു വന്നു പറഞ്ഞു “അമ്മേ, നമുക്കൊരു അല്പം നീണ്ട യാത്ര പോയാലോ?”യാത്ര എന്നു കേട്ടപ്പോൾ എൻ്റെ കണ്ണകൾ വികസിച്ചു. നിറഞ്ഞ സന്തോഷത്തോടെ ഞാൻ ചോദിച്ചു”എങ്ങോട്ടാണ് ” അവനൊരു കള്ള ഗൗരവത്തോടെ നാടകീയമായി പറഞ്ഞു “നോഹയുടെ പെട്ടകത്തിലേക്ക് ” നോഹയുടെ പെട്ടകമോ?” എൻ്റെ ചോദ്യം കേട്ടപ്പോൾ ഭർത്താവ് പറഞ്ഞു “കുറെ നാളു മുമ്പു പത്രത്തിൽ അതിനെക്കുറിച്ച് വായിച്ചതായി ഓർക്കുന്നു” ” അത് ബൈബിളിൽ പറഞ്ഞിരിക്കുന്ന അതേ അളവിൽ തന്നെയാണ് പണിതിരിക്കുന്നത് . ഒന്നു കാണേണ്ടതു തന്നെയാണ് ” മോൻ അക്കാര്യം ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു.

. ഓസ്റ്റനിൽ നിന്ന് ചിക്കാഗോ വരെ ഫ്ലൈറ്റിൽ ചെന്നിട്ട് അവിടെ നിന്ന് റെൻ്റേ കാർ എടുത്ത് കെൻ്റക്കിയിൽ എത്താം. നാലഞ്ച് സ്റ്റേറ്റിൽ കൂടെ പോകാം. പോകുന്ന വഴിക്കുള്ള കാഴ്ചകളും കാണാം. മോൻ യാത്രാ പരിപാടി വിശദീകരിച്ചപ്പോൾ. എല്ലാവർക്കും അത് സന്തോഷമായി

: മിഷിഗൻ സ്റ്റേറ്റിൽ എത്തിയപ്പോഴാണ് നോർത്ത് അമേരിക്കയിലെ വലിയ കാർ മ്യൂസിയം ഉണ്ട് എന്ന് അറിഞ്ഞത്. 1966 ജൂലൈ 31 ന് ഗിൽമോർ ഓട്ടോമൊബൈൽ കാർ മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ‘ പത്തൊൻപതാം നൂറ്റാണ്ടിലെ മുതൽ. വിവിധ കാറ് കമ്പിനികളുടെ കാർ വച്ചിട്ടുണ്ട്. ഓരോന്നും തിളക്കി മനോഹരമായി വച്ചിരിക്കുന്നു 91ഏക്കറിൽ ഈ മ്യൂസിയം പടർന്നു കിടക്കുന്നു. കുറേ നടന്നപ്പോഴേ ഞാൻ തളർന്നു തുടങ്ങി. ആ കാറുകളിലൂടെ ചരിത്രം നമുക്ക് മനസ്സിലാക്കാം വർണ്ണവെറി കൊടികുത്തി വാണിരുന്ന സമയത്ത് ആഫ്രിക്കക്കാർക്ക് എല്ലാ തരത്തിലുള്ള കാറുകളും ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നില്ല.
അവർക്കായി ഉണ്ടായിരുന്ന കാറുകൾ തടി കൊണ്ടുള്ള കാറുകൾ. നീളം വളരെ കൂടിയ കാറുകൾ ഇങ്ങനെ പലതരത്തിലുള്ള വ.അതെല്ലാം തുത്തു മിനുക്കി പളപളാന്ന് സൂക്ഷിച്ചിരിക്കുന്നു ഓരോ കാറിൻ്റെ സൈഡിൽ അതിനെക്കുറിച്ച് ഉള്ള കുറിപ്പുകൾ ഉണ്ട്

ടൂലിപ്പ് പൂക്കളുടെ ഒരു വർണ്ണവിസ്മയവും കണ്ടു എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന പുൽ മേടുകൾ. ഇടക്കിടെ കാണുന്ന ഫാമുകൾ , ഗോതമ്പുവയലുകൾ – ഇതൊക്കെയായിരുന്നു ജനാല കാഴ്ചകൾ ഇതിനിടെ പല സ്റ്റേറ്റുകളും കടന്നു. എനിക്ക് അതിശയം തോന്നിയ ഒരു കാര്യം. – ഇന്ത്യയിൽ ഒരു സ്റ്റേറ്റിൽ നിന്ന് മറ്റൊരു സ്റ്റേറ്റിലേയ്ക് കടന്നാലുള്ള വ്യത്യാസമാണ്. ഭൂപ്രകൃതി ആകെ മാറും. ഭാഷയും ആളുകളുമൊക്കെ മാറും. ഇവിടെ അത്തരം മാറ്റങ്ങളൊന്നും കാണാനില്ല. നീണ്ടുപരന്ന പുൽമേടുകളും ഇടയ്ക്കിടെയുള്ള കാടുകളും മാത്രം. നാലുദിവസത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ കെൻ്റക്കിയിൽ എത്തി അവിടെയുള്ള ഒരു ഹോട്ടലിൽ വിശ്രമിച്ചതിനു ശേഷം പിറ്റേന്ന് ഞങ്ങൾ നോഹയുടെ പെട്ടകം കാണാൻ പോയി.

ജനങ്ങളുടെ ഇടയിൽ പാപവും അകൃത്യവും പെരുകിയപ്പോൾ ലോകത്തെ മുഴുവൻ ജലപ്രളയം നിമിത്തം നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു എന്നാൽ ജനങ്ങളുടെ കൂട്ടത്തിൽ നോഹയും കുടുംബവും ദൈവകല്പനകൾ ‘അനുസരിച്ച് ജീവിക്കുന്നവരായിരുന്നു. അതിനാൽത്തന്നെ വരുവാൻ പോകുന്ന മഹാപ്രളയത്തിൽ നിന്നു അവരെ രക്ഷിക്കുവാൻ ദൈവം കരുണ കാട്ടി. ഭൂമിയിൽ നിന്നു ജീവജാലങ്ങൾ അറ്റുപോകരുതെന്നു ദൈവത്തിന് നിർബന്ധമുണ്ടായിരുന്നു അതിനായി ദൈവം ഒരു വലിയ പെട്ടകം ഉണ്ടാക്കാൻ നോഹയോട് കല്പിച്ചു. അതിനുള്ള അളവുകളും കൊടുത്തു മൂന്നു ഡെക്കുകളും അനേകം അറകളും ഒരു കിളിവാതിലും ഒരു വാതിലുമുള്ള ഒരു കൂറ്റൻ കപ്പൽ ഗോഫർ മരം കൊണ്ട്. നോഹയും കുടുംബവും കൂടി ഉണ്ടാക്കിയെടുത്തു. ദൈവം കല്പിച്ചതനമ്പരിച്ച് ശുദ്ധിയുള്ള മൃഗങ്ങളിൽ ആണും പെണ്ണുമായി ഏഴു വീതവും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽ ആണും പെണ്ണുമായി ഈ രണ്ടും പറവകളിൽ പൂവനും പിടയുമായിഏഴേഴും ഇഴജാതികളിലും ആണും പെണ്ണുമായി ഈരണ്ടായി അതിൽ കയറ്റണം. അവയ്ക്കു ഉള്ള തീറ്റിയും വെള്ളവും അതിൽ സംഭരിച്ചിരുന്നു ഏതാണ്ട് നാലപത് രാവും നാല്പതു പകലും നിർത്താതെ മഴ പെയ്തു. നൂറ്റമ്പത് ദിവസം വെള്ളം പൊങ്ങിക്കൊണ്ടിരുന്നു. ഭൂമിയാകെ വെള്ളം കൊണ്ട് മൂടി. കരയിൽ ജീവിക്കുന്ന വയിൽ , പെട്ടകത്തിൽ കയറിയതല്ലാതെ യാതൊന്നും ജീവനോടെ ശേഷിച്ചില്ല നൂറ്റമ്പതു ദിവസത്തിനു ശേഷം വെള്ളം ഇറങ്ങിത്തുടങ്ങി പെട്ടകം അരാരത്ത് പർവ്വതത്തിൽ ഉറച്ചു ഭൂമിയിൽ വെള്ളം പറ്റി, ഭൂതലം ഉണങ്ങി, സസ്യ വൃക്ഷാദികൾ തളിർത്തു വന്നപ്പോൾ ദൈവം നോഹയോടും കുടുംബത്തോടും പെട്ടകത്തിലെ പക്ഷിമൃഗാദികളോടൊപ്പം പുറത്തിറങ്ങാൻ കല്പിച്ചു. ഇനിയും ഭൂമിയാകെ ഒരു ജലപ്രളയത്താൽ നശിക്കുകയില്ലെന്ന് ദൈവം കല്പിച്ചു. അതിന് അടയാളമായി മഴവില്ല് ആകാശത്തുവെയ്ക്കുകയും ചെയ്തു.

നോഹയുടെ പെട്ടകത്തിൻ്റെ കഥ ഞാൻ ഒന്നു ചുരുക്കി എഴുതിയതാണ് ഇതിൽ അന്നു നോഹയോടൊപ്പം ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന മൃഗങ്ങളുടെയും പറവകളുടെയും മാതൃകക ൾഓരോ അറയിലുംഉണ്ടാക്കി വച്ചിട്ടുണ്ട്. അവയുടെയൊക്കെ ശബ്ദം കൊണ്ട് ആ സ്ഥലം മുഖരിതമാണ്. അവയ്ക്കുള്ള തീറ്റകളും വെള്ളവുമൊക്കെ ശേഖരിച്ചു വച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൻ്റെ രൂപഭാവങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് അവിടെ ഓരോന്നും ഉണ്ടാക്കിയിരിക്കുന്നത്. നോഹയുടെയും മക്കളുടെയും മുറികളിലുള്ള സാധനങ്ങൾ തുടങ്ങിയവ അതിനുദ്ദാഹരണമാണ്. ഈ പെട്ടകം കണ്ടപ്പോൾ എൻ്റെ മനസ്സിൽ പണ്ടുണ്ടായിരുന്ന പല സംശയങ്ങളും മാറി. അവിടുത്തെ ഗൈഡും എഴുതിയിരിക്കുന്ന വിവരണങ്ങളും അതിനു സഹായിച്ചു. ഒന്നാമത്തെ എൻ്റെ ഒരു സംശയമായിരുന്നു മാംസാഹാരികളായ മൃഗങ്ങൾക്ക് നോഹയൊക്കെ എങ്ങനെയാണ് ആഹാരം കൊടുത്തതെന്ന്. എന്നാൽ മാംസാഹാരികളായ മൃഗങ്ങളും നോഹയും കുടുംബവുമൊക്കെ പെട്ടകത്തിനു പുറത്ത് ഇറങ്ങുന്നതുവരെ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നൊള്ളു അത്യാവശ്യത്തിനുള്ള പച്ചക്കറികൾ അവരുടെ മൂന്നാമത്തെ ഡെക്കിൽ ഉല്പാദിപ്പിച്ചിരുന്നു ഇത് പച്ചക്കറിക്കു വേണ്ടി മാത്രമല്ല പെട്ടകത്തിലുള്ള പ്രാണവായു നിലനിർത്താനും കൂടിയാണ് അതുപോലെ മൃഗങ്ങളുടെയും മറ്റും വേസ്റ്റ് പ്രോഡക്റ്റുകൾ കളയാനുള്ള പ്രത്യേക സംവിധാനവും ഉണ്ട്.. ദിനോസാറുകൾ ആന തുടങ്ങിയ വലിപ്പമേറിയ ജീവജാലങ്ങളുടെ കുഞ്ഞുങ്ങളാണ് പെട്ടകത്തിലുണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്.

എത്രയോ ആളുകൾ വരുന്ന ഇടമായിട്ടും എല്ലായിടവും വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

കെൻ ഹാം എന്ന ആളുടെ നേതൃത്വത്തിലുള്ള ഒരു ‘സംഘമാണ് ബൈബിളിൽ പറഞ്ഞ അതേ അളവിൽ ഈ പടുകൂറ്റൻ പെട്ടകം പണിതത്. അവിടെ നിന്നും ഏതാണ്ട് അരമണിക്കൂർ ദൂരമുണ്ട് ക്രിയേഷൻ മ്യൂസിയത്തിലേയ്ക്ക്. ധാരാളം വായിച്ചു മനസ്സിലാക്കാനുണ്ട് അവിടെ. വളരെയേറെ സന്ദർശകർ ഈ രണ്ടിടത്തും വന്നു പോകുന്നു

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px