മഹാവയറനല്ല; മഹാബലി – ജയരാജ് മിത്ര

Facebook
Twitter
WhatsApp
Email

കൊടുവായൂരിലെ ബാലകൃഷ്ണൻഡോക്ടറുമായി സംസാരിച്ചിരിക്കുകയാണ്.
പ്രമേഹത്തേപ്പറ്റിയാണ് ചർച്ച.

“തൊലിയിൽ ഇങ്ങനെ പിടിച്ച് ഒന്നു വലിച്ച് വിട്ടാൽ; ഒരു സെക്കൻ്റ് തൊലി അൽപം പൊങ്ങിനിൽക്കുന്നുണ്ടെങ്കിൽ ഷുഗർ ഇല്ലാ എന്നർത്ഥം.
അല്ലെങ്കിൽ, ഷുഗർ വരുമെന്നോ ഉണ്ടെന്നോ പറയാം. ലാബിലൊന്നും പോകേണ്ട കാര്യമില്ല.”

ഡോക്ടർതന്നെ പണ്ട് പറഞ്ഞതോർമ്മവന്നു.

“ചുമലിനേക്കാൾ അരക്കെട്ടിന് വലുപ്പം വന്നാൽ പ്രമേഹമാരംഭമായി എന്ന് ഊഹിക്കാം.”

എനിക്ക് പെട്ടെന്ന് മാവേലിയെ ഓർമ്മവന്നു.

എൻ്റെ ഉള്ളിലുള്ള മഹാബലിയല്ല മിക്ക ചിത്രങ്ങളിലുമുള്ളത്.

ബാലകൃഷ്ണൻഡോക്ടർ പറഞ്ഞതനുസരിച്ച്, ഈ കുടവയറൻ മഹാബലിക്ക് കടുത്ത പ്രമേഹം കാണണം.

ഓണമായാൽ എല്ലാ കച്ചവടക്കാരും കുടവയറൻ മാവേലിയെ പട്ടക്കുടയും ചൂടിച്ച് ഇറക്കും.
പത്ത് കുറഞ്ഞവൻ്റെ ഒരു ഇളിഞ്ഞ ചിരിയും ആ മുഖത്ത് കാണും.

നമുക്ക്, പ്രശസ്തമായ ആ പാട്ടൊന്ന് നോക്കാം.

‘മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.’

എന്നാണ് തുടക്കം.

ആരെഴുതിയതാണെന്ന് ഇതുവരെ നിശ്ചയമില്ലാത്ത കവിതയിൽ, സമ്പൽ സമൃദ്ധമായ നാടിനേക്കുറിച്ചാണ് വർണ്ണന.

‘എല്ലാ കൃഷികൾക്കുമെന്നപോലെ
നെല്ലിനും നൂറു വിളവതെന്നും.’
എന്നാണ് മറ്റൊരു വരി .

നെല്ല് വെറുതെയങ്ങോട്ട് വിളഞ്ഞുതരികയൊന്നുമില്ലാ.
നല്ലപോലെ അദ്ധ്വാനിക്കുന്ന ; മണ്ണറിഞ്ഞ നാട്ടിലേ വിളവ് നൂറുമേനി ഉണ്ടാവൂ.

‘പത്തായിരത്താണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ.’
എന്നതിൽനിന്നും വളരെ വ്യക്തമാണ് പ്രജകൾ അദ്ധ്വാനശീലരായിരുന്നു എന്നത്.

‘യഥാ രാജാ തഥാ പ്രജാ ‘ എന്നാണ് പ്രമാണം.
രാജാവ് എപ്രകാരമാണോ അപ്രകാരമായിരിക്കും പ്രജയും എന്നർത്ഥം.
അതായത്, രാജാവായ മഹാബലിയും അദ്ധ്വാനിയായിരുന്നു.
അങ്ങനെയുള്ള നാട്ടിൽ ഒരാൾക്കും അലസൻമാരുടെ ലോഗോ ആയ കുടവയർ ഉണ്ടാകില്ല.
ചിത്രകാരൻമാർ നമ്മോട് നിത്യം പറയുന്ന ഓണക്കള്ളമാണ് ഈ ചിത്രം.

സ്വന്തം ചരിത്രത്തേയും സംസ്ക്കാരത്തേയും ഇകഴ്ത്തി സംസാരിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യേകതരം പുരോഗമനമായിരിക്കണം ഈ ചിത്രം സൃഷ്ടിച്ചെടുത്തതിന് പുറകിൽ.

രാജാവ് സുഖലോലുപനായത് ജനാധിപത്യകാലത്താണ്.

നാട മുറിക്കാനും ദീപം കത്തിക്കാനും
‘ഞാൻ ദീപം കത്തിക്കില്ല ‘ എന്ന് പറയാനും അദ്ധ്വാനം തീരെ ആവശ്യമില്ല.
വയറ് ചാടാൻ ഉള്ളതായ എല്ലാ സാഹചര്യങ്ങളുമുണ്ട്.

ഞാറുനടൽ ഉദ്ഘാടനത്തിനുവരെ പരവതാനി വിരിച്ച്, അതിലൂടെ മണ്ണും ചെളിയും പുരളാതെ , വില കൂടിയ ചെരിപ്പിട്ട് വരുന്ന കൃഷിമന്ത്രിമാരുടെ നാടാണ് ഇത്.
കഴിഞ്ഞ ഒരു ഇരുപത്തഞ്ച് വർഷത്തെ എല്ലാ മന്ത്രിമാരേയും പരിശോധിച്ചാൽ 99 ശതമാനത്തിനും ഷുഗർ കാണും എന്നുറപ്പ്.

കുതന്ത്രങ്ങൾ ആലോചിച്ചാലോചിച്ച് ഗ്യാസ് കേറി അൾസർ ആയി വയർ ചാടുമെന്നുമുറപ്പ്.
‘അതുകൊണ്ട് ഏതൊരു രാജാവും കുടവയറനായിരിക്കണം ‘ എന്ന റിവേഴ്സ് ലോജിക്ക് മഹാബലിക്ക് കൊടുക്കരുത്.

‘കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ’ത്ത ആ കാലത്ത്,
ടെൻഷൻ മൂലം അൾസറോ
ആധിമൂലം മൂലവ്യാധിയോ വരികയില്ലാ.

കസേര നിറഞ്ഞിരിക്കുന്ന ജനാധിപത്യരാജാക്കളുടെ ഇളിഞ്ഞ ചിരികൂടി മഹാബലിക്ക് വെച്ചുകൊടുക്കുന്ന ആ റിവേഴ്സ് ലോജിക്കും ഈ ചിത്രത്തിനു പുറകിൽ കണ്ടേയ്ക്കാം.

‘നല്ല മഴ പെയ്യും വേണ്ടുന്നേരം’ എന്നാണ് കവിത.
കാലം തെറ്റാതെ മഴ പെയ്യുന്ന നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനമോ ഫണ്ട് തട്ടിപ്പോ നടന്നിരിക്കില്ല എന്നുറപ്പ്.

‘നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം ‘
എന്നാണ് പാട്ട്.

ഇവിടെ ‘ മലദ്വാർ ‘ ഗോൾഡിനും ഒരു സാദ്ധ്യതയുമില്ല.

അതായത്, ഏറ്റവും നല്ല രാജ്യം.
ഏറ്റവും നല്ല രാജാവ്.
എതിരഭിപ്രായമില്ലാത്തത് ഇല്ലാത്തതുകൊണ്ടുതന്നെയാണ്; അല്ലാതെ, ‘രായാവിനെ ‘ ഭയന്നല്ല.

ദേവൻമാരെ യുദ്ധംകൊണ്ടും ധാർമ്മികതകൊണ്ടും കിടുകിടെ വിറപ്പിച്ച രാജാവായിരുന്നു മഹാബലി.

ദേവൻമാരും അസുരൻമാരും തമ്മിൽ നടന്നത് സുമോ ഗുസ്തി ആയിരുന്നില്ല.

അരോഗദൃഢഗാത്രനായിരുന്നു മഹാബലി.
യോദ്ധാവും; ധീരനായ പോരാളിയുമായിരുന്നു അദ്ദേഹം.
ദേവസൈന്യാധിപനായ സുബ്രഹ്മണ്യൻ പരാജയപ്പെടുന്നിടത്താണ് ദേവരാജാവായ ഇന്ദ്രൻ ഭയക്കുക.
ഇന്ദ്രന്, മഹാബലി എന്ന് കേൾക്കുമ്പോഴേ മുട്ട് വിറയ്ക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
“ഈ വയറൻ മേലിൽ വന്ന് വീണാൽ ഞാൻ ചപ്ലി പിളിയാകും ” എന്ന ഭയമായിരുന്നില്ല അത്.
ധാർമ്മികതയിലും നീതിബോധത്തിലും ദാനശീലത്തിലും യുദ്ധനൈപുണ്യത്തിലും ധീരതയിലും താൻ മഹാബലിയേക്കാൾ ഏറെ പുറകിലാണ് എന്ന തിരിച്ചറിവും ഭയവുമായിരുന്നു ദേവേന്ദ്രന് ഉണ്ടായിരുന്നത്.

ഈ പറഞ്ഞതെല്ലാം യുക്തികളാണ്.
ഇനി, ബലിയുടെ കഥയിലേയ്ക്ക് കടന്നാൽ കാണാനാവുന്ന രസികൻ സന്ദർഭംകൂടി പറയാം.

രാവണൻ തൻ്റെ മന്ത്രിയായ പ്രഹസ്തനോടൊത്ത് ലോകസഞ്ചാരം നടത്തുമ്പോൾ, അതിവിശിഷ്ടമായൊരു കൊട്ടാരം കണ്ടു.
രത്നങ്ങളാൽ അലങ്കരിച്ച അതിഗംഭീരൻ കൊട്ടാരം.
‘തന്നേക്കാൾ കേമനായ ഒരുവൻ ഈ
ഈരേഴ് പതിനാല് ലോകത്തുണ്ടോ’ എന്ന അത്ഭുതവും അസൂയയും രാവണന്.
‘ലങ്കാലക്ഷ്മി ലങ്കയിൽ നിൽക്കുമ്പോൾ മറ്റൊരിടത്ത് അതിലും ഐശ്വര്യമെങ്ങനെ ‘ എന്ന സംശയവും ഉള്ളിൽ.
ഒടുവിൽ, അകത്തു കയറുന്നു. ഭാര്യ വിന്ധ്യാവലിയോടൊപ്പമിരിക്കുന്ന
മഹാബലിയെ കാണുന്നു.
യുദ്ധത്തിന് വെല്ലുവിളിക്കുന്നു.
തികഞ്ഞ പോരാളിയുടെ മട്ടും ഭാവവും കണ്ട് രാവണന് ഉള്ളിൽ ഭയമുണ്ട്.
ശിവനോടും രാമനോടും ചെന്നു മുട്ടിയപ്പോൾ തോന്നാത്ത ഒരു കിടുകിടുപ്പ്.

യുദ്ധത്തിനുള്ള വെല്ലുവിളിയെ ചിരിച്ചു നേരിട്ട ബലി പറഞ്ഞു.

“ദാ …… ആ കിടക്കുന്ന കർണ്ണാഭരണം എൻ്റെ മുതുമുത്തശ്ശൻ ഹിരണ്യകശിപു അണിഞ്ഞിരുന്നതാണ്.
അത് ചെറുതായി അനക്കാനെങ്കിലും പറ്റുമോ എന്ന്; രാവണാ , അങ്ങൊന്ന് ശ്രമിച്ചുനോക്കൂ.
അതിന് അങ്ങേയ്ക്കായാൽ ആലോചിക്കാം യുദ്ധത്തിൻ്റെ കാര്യം.
ആ കർണ്ണാഭരണം അണിഞ്ഞ മുത്തശ്ശനെ ; അതായത്, ഹിരണ്യകശിപുവിനെ യുദ്ധത്തിൽ വധിച്ച മഹാവിഷ്ണുവാണ് ഈ കൊട്ടാരത്തിൽ ഇപ്പോൾ എൻ്റെ കാവൽക്കാരൻ.
ഹിരണ്യകശിപുവിൻ്റെ മകൻ പ്രഹ്ലാദൻ. പ്രഹ്ലാദൻ്റെ മകൻ വിരോചനനൻ. വിരോചനൻ്റെ മകനായ മഹാബലിയാണ് ഞാൻ.
അപ്പൊ എങ്ങനെയാണ് യുദ്ധം വേണ്ടത്? ”

രാവണൻ ജീവനുംകൊണ്ട് ഓടിയതാണ് അന്ന്.

ഇനി മഹാബലിയുടെ രൂപം ഒന്ന് ആലോചിച്ചു നോക്കൂ.

‘ഈ നാട്ടിലുള്ളതെല്ലാം മോശമാണ് ‘ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ
ഈ കുടവയറനെ അവതരിപ്പിച്ചുകൊണ്ടേ ഇരിക്കും.

‘ഞാൻ,
പൊളിവചനങ്ങളും കള്ളത്തരങ്ങളും എള്ളോളമില്ലാതിരുന്ന ഈ രാജ്യത്തെ ഭരിച്ചിരുന്ന മഹാബലിയെ ആദരിക്കുന്നു ‘
എന്ന് ചിന്തിക്കുന്നവർ,
മറ്റൊരു നല്ല ചിത്രം ഉപയോഗിക്കണം എന്നാണ് എൻ്റെ അഭിപ്രായം.

കള്ളങ്ങൾക്ക് പുറകേ സഞ്ചരിച്ചാൽ,
നമ്മൾപോലുമറിയാതെ നമ്മളും കള്ളൻമാരോ കള്ളത്തികളോ ആയിപ്പോകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *