അമ്മമനം കുളിർമ്മമനം – സി. രാധാകൃഷ്ണൻ

Facebook
Twitter
WhatsApp
Email

ബാലസാഹിത്യം എഴുതാൻ ഏറ്റവും അവകാശവും അധികാരവും ഉള്ളത് ആർക്കാണ്? അഥവാ ആ അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ സ്വാഭാവികമായി ഉള്ളത് ആർക്കാണ്?

സംശയം ഒന്നും വേണ്ട, ഏറ്റവും കൂടുതൽ ഉള്ളത് അമ്മമാർക്ക്. അവരെക്കാൾ കൂടുതൽ മുത്തശ്ശിമാർക്കും.

എന്റെ അമ്മയ്ക്ക് ഞങ്ങൾ അഞ്ചു മക്കളാണ്. എല്ലാരും ഈരണ്ടു വയസ്സ് മാറി ജനിച്ചു. ഞങ്ങളെ നിരത്തിയിരുത്തി അമ്മ കഥ പറഞ്ഞു തരുമായിരുന്നു. രാമായണവും മഹാഭാരതവും.

ഞങ്ങൾ വല്ലാതെ വികൃതി കാണിക്കുമ്പോൾ അമ്മ സ്വയം പറയും: എന്നാണാവോ ഇതൊക്കെ ഒന്ന് ഉണ്ണി വിരിഞ്ഞു കാണുക!

കുറേക്കാലം കഴിഞ്ഞ് ഞങ്ങളൊക്കെ മുതിർന്നു. ഞങ്ങൾക്ക് കുട്ടികളായി. അവധിക്കാലത്ത് വീട്ടിൽ വരുമ്പോൾ ആ കുട്ടികളെയൊക്കെ നിരത്തി ഇരുത്തി അമ്മ കഥ പറഞ്ഞു കൊടുക്കും. അവരിൽ പലരും അന്യനാടുകളിൽ ആയിരുന്നതുകൊണ്ട് ഭാഷ വേണ്ടത്ര വശമില്ലാതെ ഇരുന്നിട്ടും ആ കഥകൾ ആസ്വദിച്ചു.

ഈ രണ്ടാമൂഴത്തിൽ അമ്മ പറയുന്ന കഥകൾ കേട്ട് ഞാൻ അന്തം വിട്ടു പോയി! ഞാൻ കുട്ടിക്കാലത്ത് കേട്ട കഥകളെക്കാൾ നൂറിരട്ടി ചാരുത ഉണ്ടായിരുന്നു ഈ കഥ പറച്ചിലിന്!

അതുകൊണ്ട് ഞാൻ നിസ്സംശയം പറയും, അമ്മക്കഥകളേക്കാൾ പോലും വിശിഷ്ടവും മനോഹരവുമാണ് മുത്തശ്ശിക്കഥകൾ.
ഉയരങ്ങളിലേക്ക് എന്നത് ഒരു പുസ്തകത്തിന്റെ പേരല്ല, ഒരു മുത്തശ്ശിയുടെ മക്കൾക്ക് വേണ്ടിയുള്ള ഉള്ളു നൊന്ത പ്രാർത്ഥനയാണ്.

കഥ പറയാനറിയാവുന്ന അമ്മമാർക്ക് കുട്ടികളുടെ ഇടയിൽ വലിയ സ്വാധീനമാണ്. ഉറങ്ങാൻ നേരത്ത് അവർ ഈ അമ്മമാരെ അന്വേഷിക്കും. എനിക്ക് തോന്നുന്നു അങ്ങനെ കുട്ടികൾ അന്വേഷിക്കുന്ന ഒരു അമ്മമുത്തശ്ശിയാണ് ശ്രീമതി സരോജിനി ഉണ്ണിത്താൻ. എഴുതിയ ഓരോ വാചകത്തിലും ഓരോ പ്രാർത്ഥന അന്തർലീനമായി ഉണ്ട്.

കാലം മാറി കഥ മാറി. ഇങ്ങനെയുള്ള അമ്മമാർ വളരെ അപൂർവ്വമായി. ഇവരുടെ സ്നേഹവും ഇനി ഏറെ ഉറവ എടുക്കാനുള്ള പഴുതില്ല. അതുകൊണ്ട് കുട്ടികൾക്ക് നല്ലതു വരാൻ ആഗ്രഹിക്കുന്നവർ ഈ കൃതികൾ വാങ്ങി വയ്ക്കുക. കുട്ടികൾക്ക് വായിച്ചു കൊടുക്കുക. അവരെ വായിക്കാൻ പ്രോത്സാഹിപ്പിക്കുക. നമ്മുടെ കുട്ടികൾക്ക് വേണ്ടി നാം ചെയ്യുന്ന ഏറ്റവും വലിയ സഹായമാവും ഇത്.

നമുക്കും വേണ്ടേ നാളേക്ക് ഒരു പ്രതീക്ഷ!

About The Author

Leave a Reply

Your email address will not be published. Required fields are marked *