ആരവിടെ …!
മന്ത്രിമുഖ്യ
ദർബാർ ആരംഭിക്കട്ടെ.
രാജകിങ്കരൻമാർ
തടവിലാക്കി കൊണ്ടുവന്ന
അടിമക്കലാകാരൻമാർ എവിടെ ?
അടിയർ!!
ഓ…നിങ്ങൾ കവികളാണല്ലേ …?
നിങ്ങളെല്ലാം കഥാകൃത്തുക്കളാണല്ലേ..?
അങ്ങനെയെങ്കിൽ …
കളകളാരവം മുഴക്കിയൊഴുകുന്ന , കണ്ണീർതെളിമയുള്ള,
ജലസമൃദ്ധിയാൽ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പുഴകളെക്കുറി
ച്ചെഴുതിയാൽ മതി നിങ്ങൾ.
കരളിൽ പ്രണയസംഗീതത്തിൻ്റെ മാസ്മരികത നിറച്ച് ,
വെള്ളിനൂലുപോലെ ഊർന്നിറങ്ങുന്ന ,
ഹൃദയഹാരിയായ കുളിർമഴയെക്കുറിച്ചെഴുതിയാൽ
മതി നിങ്ങൾ.
ഹൃദയതന്ത്രികളിൽ മാന്ത്രികത മീട്ടുന്ന,
പ്രണയസംഗീതത്തിൻ്റെ
താളലയലഹരിയിൽ മതികെട്ടുറങ്ങട്ടെ
പ്രജകളും ശത്രുക്കളും.
പച്ചപ്പട്ടു വിരിച്ചപോലെ വിശാലമായ , പുൽമേടുകൾക്കു നടുവിലുണ്ടാക്കിയ പൂന്തോട്ടങ്ങളിൽ വിരിയുന്ന , വർണപുഷ്പങ്ങളുടെ അപൂർവ്വ ഭംഗിയെക്കുറിച്ച് തുടരെത്തുടരെയെഴുതി മോഹനിദ്രയിലവരെ
വലയം ചെയ്യുക.
പ്രഭാതങ്ങളിൽ പുൽത്തലപ്പുകളിൽ തൂങ്ങിക്കിടക്കുന്ന , വജ്രംപോൽ വെട്ടിത്തിളങ്ങും , മഞ്ഞുകണങ്ങളെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.
വെള്ളിമേഘങ്ങൾ നിറഞ്ഞ,
നീലാകാശം അതിരിടുന്ന നീലമലകളെക്കുറിച്ചെഴുതിയാൽ
മതി നിങ്ങൾ.
ചക്രവാളസീമയിൽ ചെഞ്ചായം കൊണ്ട് വർണ വിസ്മയങ്ങൾ തീർക്കുന്ന , സുവർണ സൂര്യനെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.
പാലപ്പൂവിൻ്റെ മാദക മണമുള്ള രാത്രിയിൽ , പ്രപഞ്ചം മുഴുവൻ പരന്നൊഴുകുന്ന പാൽനിലാവിനെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.
അല്ലാതെ ,
റോക്കറ്റുപോൽ കുതിച്ചുയരുന്ന സാധാരണക്കാരന്റെ നടുവൊടിക്കുന്ന വില വർദ്ധനവിനെപ്പറ്റി എഴുതിപ്പോവരുത്.
മാലിന്യമല കത്തി, നാടാകെ വിഷപ്പുക നിറഞ്ഞപ്പോൾ
രക്ഷപ്പെടാൻ നെട്ടോട്ടമോടുന്നവന്റെ വണ്ടിക്ക് പുകക്കടലാസില്ലാത്തതിന്റെ പേരിൽ പിഴയീടാക്കുന്ന ചെററത്തരത്തിനെക്കുറിച്ച്
എഴുതാനേ പാടില്ല..!
തെരുവോരങ്ങളിൽ ജീവശ്വാസം ലഭിക്കാതെ നരകിച്ചു മരിക്കുന്ന നിർഭാഗ്യ ജന്മങ്ങളെക്കുറിച്ചൊരിക്കലുമെഴുതരുത്.!
ഉറ്റവരെ ദഹിപ്പിക്കാനൽപ്പം
വിറകിന് വേണ്ടി വെന്തമാംസത്തിൻ്റെ മണമുള്ള ശ്മശാന മതിലുകൾക്കപ്പുറത്ത് കാവലിരിക്കുന്ന പൗരൻമാരെക്കുറിച്ചൊരിക്കലുമെഴുതിപ്പോവരുത്.
മഹാനഗരങ്ങളിലെ ചേരികളിൽ പുഴുക്കളെപ്പോലെ നുരച്ച് , തീവ്രരോഗത്തിൻ്റെ തീരാദുരിതവും പേറി, ശ്വാസംകിട്ടാതെ പിടഞ്ഞു
തീരുന്ന എല്ലുന്തിയ പട്ടിണിക്കോലങ്ങളെക്കുറിച്ചൊരു വാക്ക് മിണ്ടരുത്.
അടിയാധാരങ്ങളന്വേഷിച്ച് തറവാടിൻ്റെ അടിക്കല്ലുകൾക്കടിയിൽ തപ്പിത്തിരഞ്ഞ് മൺമറഞ്ഞ പ്രപിതാമഹൻമാരുടെ കുഴിമാടം തോണ്ടി ദ്രവിച്ചു തീരാറായ
എല്ലുകളിൽ നിന്നും പൊടിഞ്ഞു
തീരാത്ത രോമങ്ങളിൽ നിന്നും പാരമ്പര്യജനിതക ഘടനയിലൂടെ പിതൃത്വമന്വേഷിക്കുന്ന പൗരത്വ
വാദികളെക്കുറിച്ചൊരക്ഷരം
ഉരിയാടരുത്.
ജന്മനാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട് ചെറുകവണയിൽ കല്ല് വെച്ച് അത്യാധുനിക ആയുധങ്ങളേന്തിയ അധിനിവേശക്കാർക്കെതിരെ ധീരധീരം പോരാടുന്ന മർദ്ദിതബാല്യങ്ങളെക്കുറിച്ച് ഇനിമേൽ കവിത കുറിക്കരുത്.
മരണത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവരുടെ ഇടയിൽ പോലും വേർതിരിവു കാണിച്ച് ഇരട്ടനിയമങ്ങൾ നടപ്പിൽ വരുത്തി രോഗത്തെ തൃണവൽഗണിക്കുന്ന വെള്ളക്കുപ്പായക്കാരെക്കുറിച്ചൊരിക്കലുമെഴുതരുത്.
ശക്തി തെളിയിക്കാൻ പൊതുമുതൽ നശിപ്പിക്കും വലതുപക്ഷക്കാരനെക്കുറിച്ചും ഇടതുപക്ഷക്കാരനെക്കുറിച്ചും രാജ്യഭരണക്കാരെക്കുറിച്ചുമൊരിക്കലുമെഴുതരുത്.
എന്ത് നടന്നാലുമത് മതത്തിൻ്റെ തലയിൽ കെട്ടിവെച്ച് നിരപരാധികളെ വെട്ടിയരിയുന്ന മദംപൊട്ടിയ തീവ്രപ്രസ്ഥാനക്കാരെക്കുറിച്ച് നിങ്ങളൊരിക്കലുമെഴുതരുത്.
വെട്ടിയരിയുന്നതിൽ കണക്കു വെച്ച് അനുപാതം ഒപ്പിക്കുന്ന ,
വെട്ടുകളിൽ പോലും എണ്ണംവെക്കുന്ന രാഷ്ട്രീയ കൊലപാതകികളെക്കുറിച്ച് നിങ്ങളൊരിക്കലുമെഴുതരുത്.
നീലജലത്താൽ ചുറ്റപ്പെട്ട തെളിമയുള്ള ഹൃദയങ്ങൾ വസിക്കുന്ന
പഞ്ചാരമണൽത്തരികൾ വിരിച്ച
പവിഴദ്വീപെന്ന സ്വർഗ്ഗം തകർക്കുന്ന
പുതുപുത്തൻ കിരാത നിയമങ്ങളെ ചോദ്യം ചെയ്യരുത്.
നിങ്ങൾക്കിതൊന്നുമെഴുതാനവകാശമില്ല.
കൈകാലുകൾ വെട്ടിമാറ്റപ്പെട്ട
വായ കെട്ടിമൂടപ്പെട്ട
തലച്ചോറിലെ ചിന്തകൾക്കു മീതെ ഉരുക്കുലോഹം ഉരുക്കിയൊഴിച്ച
നിങ്ങൾക്കിതൊന്നുമെഴുതാൻ
അവകാശമൊട്ടുമില്ല.
കാരണം,
നിങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ – സ്വേഛാധിപത്യ രാജ്യത്തിലെ അടിമകളായ കഥാകൃത്തുകളും കവികളുമാണ് …!!
സാക്കിർ – സാക്കി
നിലമ്പൂർ
About The Author
No related posts.