ഹിരണ്മയ മുദ്ര – Dr മായാ ഗോപിനാഥ്

Facebook
Twitter
WhatsApp
Email

ഞാനെന്നാൽ നീയും നീയെന്നാൽ ഞാനുമായി മാറുന്ന ഒരു നീരുറവയാണ് സ്നേഹം..”

വായിച്ച് കൊണ്ടിരുന്ന പ്രണയപുസ്തകം മടക്കി വച്ച്
വെയിൽ ചാഞ്ഞ കിടന്ന വൈകുന്നേരത്ത് അയൽ വീടിന്റെ രണ്ടാം നിലയിലെ ആകാശനീലവിരിയുള്ള ജനാലയിലേക്ക് പ്രതീക്ഷയോടെ നോക്കി സൂസൻ .ഇല്ല ഇന്നും തുറന്നിട്ടില്ല.
ഒരു വിതുമ്പലോടെ കാറ്റു പിടഞ്ഞു പോയ മതിലിൽ നിന്നും മൂന്നാല് കരിയിലകൾ മാത്രം താഴേക്കു പറന്നു വീണു

അടഞ്ഞ ജാലകങ്ങൾക്കുള്ളിൽ എത്രയെത്ര രാഗമാലികകൾ ഇപ്പോൾ പിടയുന്നുണ്ടാവും.

വെള്ളിയാഭരണങ്ങളും, കസവ് കര സാരികളും, പലനിറം കുപ്പിവളകളും ചുമരലമാരയിൽ അലസമായി മയങ്ങുന്നുണ്ടാവും.

ഹിരൺമയി ദേവി ഇനി എന്നാവും ആ ജനാല വിരി നീക്കി തന്നെ നോക്കി ചിരിക്കുക? ഒരിക്കലും പൊട്ടുതൊടാത്ത താൻ ഇനി എന്നാണ് ആ നെറ്റിമേൽ തൊട്ട വലിയ പൊട്ടിന്റെ ചന്തം തൊട്ടെടുക്കുക?

മടുപ്പിന്റെ ചാര നിറങ്ങളിൽ നിന്നു തനിക്ക് ഊർജമേകുന്ന ആ ഇളം പായൽ പച്ച സാരി ചുറ്റി അവരെന്നാണ് തന്നെ നോക്കി സുഖമല്ലേ കൂട്ടീ എന്ന ഒറ്റ ചോദ്യം കൊണ്ട് ജീവിക്കാൻ പ്രേരിപ്പിക്കുക?

എന്നാണ് ഇനിയവർ തന്റെ നഷ്ടങ്ങൾക്ക് മേൽ ഒരു സ്നേഹരാഗമായി പെയ്തിറങ്ങുക? തിടുക്കത്തിൽ ഓടിച്ചാടി പടിക്കെട്ട് കയറി ചെല്ലുന്ന തനിക്ക് വായിക്കാൻ അവരുടെ പുസ്തകങ്ങൾ തരുക?

ഈ വാടകവീട്ടിലേക്കു ഭർത്താവും മകളുമൊത്തു വരുമ്പോൾ പൊള്ളുന്ന ജീവിതവഴികളുടെ ചൂടായിരുന്നു നെഞ്ച് നിറയെ.

കാറ്റും കോളും അടിയൊഴുക്കും നിറഞ്ഞ ജീവിതത്തിൽ ബാക്കി കിടന്ന
സാധനങ്ങൾ അടുക്കി പെറുക്കി നിന്ന ആദ്യ വൈകുന്നേരത്താണ് ആദ്യമായി തന്റെ മനസ്സിൽ നിർവൃതി നിറച്ച ആ രാഗമാലിക
ജനാലയിലൂടെ ഒഴുകിവന്നത്.

നേർത്ത നീലജാലകവിരിയിലൂടെ അവ്യക്തമായി കണ്ട ആ രൂപം അന്ന് മുതൽ ഇന്ന് വരെ തന്റെ ജീവിതത്തിന്റെ സൗന്ദര്യവും പ്രതീക്ഷയുമാണ്.

പിറ്റേന്ന് കാലത്താണ് മുറ്റത്തെ പനിനീർപൂവിനെ തഴുകി നിൽക്കുന്ന കുലീനമായ രൂപം നേരിൽ കാണുന്നത്. അവരുടെ കോട്ടൺ സാരിയുടെ അഴക് തൊട്ടെടുത്തു തന്റെ നിറം മങ്ങിയ സാരി പോലും തുടുത്ത് പോയി. വസന്തം അവരിൽ വിടർന്ന പോലെ.

സൗമ്യവും ദീപ്തവുമായ ഭാഷണത്താൽ പ്രദക്ഷിണവഴിയിലൂടെ ശ്രീകോവിലിലേക്കെന്ന വണ്ണം അവരുടെ ഹൃദയനേരിലേക്ക് താൻ കൈകൂപ്പി പോയി.

നിധു വനത്തിൽ രാധാ ദേവിയെ കണ്ടെത്തിയ പോലെ. അവരെ കണ്ടത് മുതൽ തന്റെ ജീവിതത്തിന് വച്ചടി കയറ്റമായിരുന്നു. പ്രൊമോഷൻ, ശമ്പളവർധന, ഭർത്താവുമായുള്ള നിരന്തര കലഹങ്ങൾക്ക് അറുതി വന്നത് പോലെ

വൈകുന്നേരങ്ങളിൽ ഫിൽറ്റർ കോഫീയുടെ ഊഷ്‌മളതയിൽ, നനവുള്ള മുടി അഴിച്ചിട്ടു അരഭിത്തിമേലിരുന്നു പുസ്തകം വായിക്കുന്ന സുഖം, നിലവിളിക്കിന്റെ സൗമ്യ ദീപ്തിയിലേക്ക് ഒഴുകിയെത്തുന്ന ഹിരൺമയിയുടേ കീർത്തനങ്ങൾ… നിലാവിൽ കുളിച്ച രാത്രികളിൽ നീലവിരി ജനാലയുടെ ഇന്ദ്രനീല ഛായയിൽ അവ്യക്തമായ ആ രൂപം…

അകമെല്ലാം പുറമായി മാറ്റുന്ന, അന്നെല്ലാം ഇന്നായി മാറ്റുന്ന, മുളച്ചു പൊന്തുന്ന കാമത്തെയെല്ലാം സ്നേഹമാക്കി മാറ്റുന്ന സ്വപ്നസഞ്ചാരിണി..

ഏത് പ്രതിസന്ധിയിലും പതറരുത് എന്ന് തന്നെ ഓർമ്മിപ്പിച്ച ഹിരണ്യ ശോഭ..
കുപ്പി വളയിട്ട കൈകളുടെ സൗമ്യതയിൽ പൂത്ത നഖങ്ങൾക്ക്‌ മേൽ നീലയും ചുവപ്പും പച്ചയും നിറങ്ങൾ..

കൃത്യമായി പറഞ്ഞാൽ മൂന്നാഴ്ച മുന്നേ ഒരു പുലരിയിൽ അനുജനോപ്പം ചികിത്സയ്ക്കായി പോയതാണ് ഹിരൺന്മയി ദേവി.
ഒരു മേഘ വിസ്ഫോടനം പോലെയാണാ വാർത്ത കേട്ടതെങ്കിലും ഗേറ്റിനോട് ചേർന്നു നിന്നു തന്നെ കെട്ടിപിടിച്ചു പറഞ്ഞ രോഗം അവരെ മിക്കവാറും കാർന്നു തിന്നു കഴിഞ്ഞിരിന്നു…

വല്ലാത്തൊരു വിഭ്രമത്തിന്റെ അടിയൊഴുക്കിൽ വീണ പോലെ ഒരാന്തൽ…

സന്ധ്യകൾ പെട്ടെന്ന്‌ ശൂന്യമായത് പോലെ..
വായനയ്‌ക്കെടുക്കാതെ പുസ്തകങ്ങൾ ചിതറി കിടന്നു.

ഒടുവിൽ ഇന്ന് ഒരു പകൽമയക്കത്തിൽ വന്നു തന്നോട് പ്രണയത്തെയും കവിതയെയും പാട്ടിനെ കുറിച്ചും സംസാരിച്ച
ഹിരൺന്മയി……

. എന്റെ ജീവിതത്തിന്റെ കാടും മേടുമൊക്കെ എനിക്ക് തിരികെ നൽകാൻ, നിങ്ങളെന്നാണ് വരിക?

താരകപ്പൂ വിരിയുന്ന ആ മുഖമൊന്നു കാണാൻ ഋതുസംക്രമങ്ങൾക്കപ്പുറം വരെ കാത്തിരിക്കാൻ സൂസൻ തയ്യാറാണ്

ആരുമല്ലാത്തൊരാൾ പെട്ടെന്നു നമ്മുടെ ആരോ ആയി മാറുന്നതാണ് പ്രണയം..

തുറന്ന് വച്ച പുസ്തകത്തിലൂടെ സൂസനോട് ഹിരൺമയി അപ്പോഴും നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു…

ദൂരെ നഗരത്തിന്റെ ചരിവിലെ ആശുപത്രി മുറിയിൽ അവരപ്പോഴും പൂവിന്റെ മൃദുത്വമുള്ള ഒരു ചിരി നഴ്സന് സമ്മാനിച്ചു വേദന കടിച്ചമർത്തി ചോദിച്ചു
” കുട്ടി ഇന്നലെ തീരെ ഉറങ്ങിയില്ലേ ” കൺ പോള നന്നേ തടിച്ചിട്ടുണ്ട് ”

‘അമ്മ സംസാരിക്കേണ്ട എന്നല്ലേ ഡോക്ടർ പറഞ്ഞത്..
മകളുടെ മുഖത്തെ അനിഷ്ടം കണ്ടില്ലെന്നു നടിച്ചു ഡ്രിപ് ന്റെ ട്യൂബിൽ തൊട്ട നേഴ്സ് ന്റെ കൈപ്പത്തി മേൽ മെല്ലെ തലോടി ആ കൈ തന്റെ ചുണ്ടോടു ചേർത്ത് അവർ പറഞ്ഞു…

വേദനിക്കുന്നവരെ നിത്യവും തഴുകുന്ന ഈ കൈകൾക്ക്‌ ഒരുമ്മയല്ലാതെ ഞാൻ എന്താണ് നൽകുക കുട്ടി?

സ്നേഹനൂലിഴ തുന്നുന്ന കൈകൾക്ക് മേലേ ആർദ്രമായ വാത്സല്യമുദ്ര ഏറ്റു വാങ്ങി കീർത്തന സിസ്റ്റർ നെഞ്ച് പിളർന്നൊഴുകിയ കനിവരുവിയിലെ തീർത്ഥവുമായി അടുത്ത മുറിയിലേക്കു പോയി.

🌿🥰🌿

About The Author

Leave a Reply

Your email address will not be published. Required fields are marked *