” നാടക സിനിമ “യും , ” യഥാർഥ സിനിമ”യും – സാബു ശങ്കർ

Facebook
Twitter
WhatsApp
Email
പൊതുവേ പരിചിതമായ  “നാടകസിനിമ” യിൽ  നിന്ന് വ്യത്യസ്തമാണ്  “യഥാർത്ഥ സിനിമ”.
കല  ഒരു ദേശത്തിൻ്റെ സംസ്കാരിക ബൗദ്ധിക ഉൽപ്പന്നമായതിനാൽ സർഗ്ഗ
സിനിമ ഒരു പ്രത്യേക കലാരൂപം തന്നെയാണ്.
അതിൻ്റെ രൂപം എപ്പോഴും മാറിക്കൊണ്ടിരിക്കും. അത് മനസ്സിലാക്കാൻ മികച്ച പ്രേക്ഷകർ കേരളത്തിൽ വേണം. അതിനാണ് നല്ല ധാരണ വളർത്താൻ വേണ്ടി , ആഗോള സിനിമ കാണാൻ വേണ്ടി ,  ഫിലിം  സൊസൈറ്റികളും ഫെസ്റ്റിവലുകളും  സജീവമാകുന്നത് .
  ആ വഴിയിൽ സഞ്ചാരമില്ലാത്തവർക്ക് തങ്ങൾ നിർമ്മിക്കുന്ന ചലച്ചിത്ര ഉൽപ്പന്നം ഏത് നിലവാരത്തിൽ ഉള്ളതാണെന്ന് താരതമ്യ സ്വയം വിമർശനം നടത്തി തിരിച്ചറിയാൻ   കഴിയില്ല. അവ മിന്നൽ പോലെ വരുന്നു ; മായുന്നു.
യൂണിവേഴ്സൽ സിനിമ അപ്രതീക്ഷിതമായി സംഭവിക്കുകയില്ല. അതിന് പിന്നിൽ നല്ല പരിശീലനം തന്നെ വേണം.  ആ ദുർഘട സഞ്ചാരപഥത്തിൽ ആളെണ്ണം കുറവാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ , രാജ്യാന്തര തലത്തിൽ ,
മലയാള സിനിമയ്ക്ക് മൂല്യവും അന്തസും ഉണ്ടാക്കിയവർ  എത്ര പേരുണ്ടെന്ന്  സിനിമാ ചരിത്രത്തിൽ
നോക്കിയാൽ  മനസ്സിലാവും .
 മികച്ച  പ്രേക്ഷകർ മനസ്സിലാക്കുന്ന, ആസ്വദിക്കുന്ന , വിലയിരുത്തുന്ന സിനിമകൾ മലയാളത്തിൽ ഏറിയാൽ നാലോ അഞ്ചോ പേരുടേത് മാത്രം. !  അത്
എന്തുകൊണ്ടെന്ന് ചരിത്രപരമായി നിരീക്ഷിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യവുമാണ്. ആ ചലച്ചിത്രധാര കേരളത്തിൽ എന്നും ഒരു സാഹസിക യത്നം പോലെയാണ്.
മികച്ച വായനക്കാർ കുറവാണ്  എന്നത് പോലെ മികച്ച പ്രേക്ഷകരും കുറവാണ്  എന്നത്  തിരിച്ചറിയേണ്ടുന്ന യാഥാർത്ഥ്യമാണ്  . സമൂഹത്തിൻ്റെ ബോധരൂപമാണ് കല എന്ന വസ്തുത നിസ്സാരവൽക്കരിക്കുന്നു ; ലളിതവൽക്കരിക്കുന്നു.
   സിനിമയ്ക്ക്
  പരസ്യം നൽകി , ചിലപ്പോൾ അവാർഡുകൾ തരപ്പെടുത്തി ,  ക്ളാസിക് ആണെന്ന്  പ്രചരിപ്പിച്ച് , സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പല പ്രഹസന
നാടകങ്ങളും കാണാൻ കഴിയും . പക്ഷേ അവയൊന്നും താൽക്കാലിക നേട്ടങ്ങൾക്ക് ഉപരിയായി ഒരു നിശ്ചിത
കാലത്തിനപ്പുറത്തേക്ക്
നിലനിൽക്കുന്നില്ല എന്നും   ചരിത്രപരമായ പരിശോധനയിലൂടെ  തിരിച്ചറിയാനൊക്കും. പത്ത് വർഷങ്ങൾ പിന്നോട്ട് നോക്കിയാൽ അക്കാലത്ത് കൊട്ടിഘോഷിക്കപ്പെട്ട 95 % വും ഇന്ന് അപ്രസക്തമായി മറഞ്ഞുവെന്ന് കാണാം. വരുന്നു ; മായുന്നു.
 തർക്കമില്ല;
മലയാള സിനിമയിൽ ആദ്യമായി ” യഥാർഥ സിനിമ” അവതരിപ്പിച്ചത് 1972 – ലെ ” സ്വയംവരം ” ആണ്. അതിന്നും പ്രദർശിപ്പിക്കുന്നു. നാല്  ദേശീയ അവാർഡുകൾ കരസ്ഥമാക്കി. വിദേശ മേളകളിലും എത്തി. എന്നാൽ കേരളത്തിലോ ? മികച്ച സിനിമയ്ക്കുള്ള അവാർഡിനു പരിഗണിച്ചില്ല. ഇത് ഒരു സാംസ്കാരിക നിലവാര പ്രശ്നം തന്നെയാണ്. അവാർഡ് കമ്മറ്റിയിലെ അംഗങ്ങളുടെ യോഗ്യതയുടെ പ്രശ്നമാണ്. അവരെ നിയോഗിക്കുന്ന രാഷ്ടീയ നേതൃത്വത്തിൻ്റെ യോഗ്യതയുടെ പ്രശ്നമാണ്. അതിന്നും തുടരുന്നു.
 ഇപ്പോൾ ഏറ്റവും പരിതാപകരം ദേശീയ അവാർഡ് നിർണയ സമിതിയുടെ യോഗ്യതയാണ്. കലികാലം ! കാർക്കോടക വിഷകാലം ! അറിവില്ലാത്ത കാര്യങ്ങളിൽ ആധികാരികമായി ഇടപെടരുത് എന്ന വിവേകം എന്നുദിക്കും? വരും തലമുറ ഇതെല്ലാം കറുത്ത ഏടുകളെന്ന് വിധിയെഴുതാതിരിക്കുമോ ?
സമാന്തര സിനിമ എന്നാണ് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ സിനിമകളെ വിളിക്കുന്നത്. മറ്റുള്ളവയെ അപേക്ഷിച്ച്  മുഖ്യമായ സ്ഥാനം അവയ്ക്കുണ്ട്. എന്നാൽ മുഖ്യധാരാ സിനിമ എന്ന് വിളിക്കുന്നത് ഇവയെ അല്ലെന്നു കാണാം.
ജനപ്രിയ സിനിമകളെ മുഖ്യധാരാ സിനിമയെന്ന് വിളിക്കുന്നത് ആരാണ് ? നിരൂപകർ അങ്ങനെ വിളിക്കാറില്ല. പിന്നെ ആരാണ് മുഖ്യമായ മുഖ്യധാരാ സിനിമയെ സമാന്തര സിനിമയെന്ന് വിളിക്കുന്നത് ?
 സാധാരണക്കാരുടെ  ജനപ്രീതിയെ അടിസ്ഥാനമാക്കിയ
“നാടകസിനിമ”യെ മുഖ്യധാരാ സിനിമയെന്നും “യഥാർഥ സിനിമ”യെ സമാന്തര സിനിമയെന്നും വിളിക്കപ്പെട്ടതിൻ്റെ ഉറവിടം പരിശോധിക്കേണ്ടതുണ്ട് .
ഈ വകതിരിവില്ലാത്ത , തലതിരിഞ്ഞ പദപ്രയോഗം ഇനിയും തിരുത്തേണ്ടതുണ്ട്.  .
 സർഗാത്മക സ്വതന്ത്ര സിനിമകൾക്ക് പലപ്പോഴും നിർമ്മാണത്തുക പ്രശ്നം തന്നെയാണ്. സത്യജിത് റായിയുടെ ആദ്യ സിനിമ – പഥേർ പാഞ്ജലിയുടെയും അടൂർ ഗോപാലകൃഷ്ണൻ്റെ ആദ്യ സിനിമ – സ്വയംവരത്തിൻ്റെയും നിർമ്മാണ സാഹചര്യം
നോക്കിയാൽ അത് മനസിലാവും.
പൊതു പങ്കാളിത്തത്തോടെ ചിത്രലേഖ, ജനശക്തി , ഒഡേസ എന്നിങ്ങനെ പല ജനകീയ ചലച്ചിത്ര നിർമ്മാണ സംരംഭങ്ങൾ കേരളത്തിൽ
 നടന്നിട്ടുണ്ട്. എങ്കിലും
ആ പ്രധാന പ്രശ്നം ഇന്നും തുടരുന്നു.
 ചിത്രകാരൻ ചിത്രം വരയ്ക്കുന്നത് പോലെ , കവി കവിത എഴുതുന്നത് പോലെ , നോവലിസ്റ്റ് നോവൽ രചിക്കുന്നത് പോലെ തന്നെയാണ് സംവിധായകനും സൃഷ്ടി കർമ്മത്തിൽ മുഴുകുന്നത്. അതിനാൽ പലപ്പോഴും സംവിധായകർ തന്നെ പണം കണ്ടെത്തിയാണ് അവരുടെ സ്വതന്ത്ര
സിനിമ നിർമ്മിച്ചിട്ടുള്ളത്.
തിരക്കഥ എന്നത് ചിത്രീകരണത്തിനുള്ള ഒരു ആശയം മാത്രമാണ്. തിരക്കഥ ചിത്രീകരിച്ചാൽ ഒരുപക്ഷേ ” നാടകസിനിമ ” ആയേക്കും.
” യഥാർഥ സിനിമ ” യാവില്ല. കാരണമെന്താണ് ?
അതിൻ്റെ പ്രശ്നം  നാടകത്തിലൂടെയാണ് സിനിമയെ കാണുന്നത് എന്നതാണ്. വാസ്തവത്തിൽ
ചിത്രകലയുടെ സങ്കേതത്തിലൂടെയാണ് സിനിമയുടെ രൂപത്തെ കുറിച്ച് ചിന്തിക്കേണ്ടത്. അതാണ് ചലച്ചിത്രഭാഷയും സിനിമയുടെ വ്യാകരണവും.
ഇത് പഠിക്കാൻ വിശ്വ ക്ളാസിക് സിനിമ തന്നെ കാണണം. വർഷങ്ങൾ കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായ ഓരോ ചലച്ചിത്ര രീതിയും ദർശനവും പ്രസ്ഥാനവും പഠിക്കണം. ഇനിയെന്ത് എന്ന ചിന്തയിൽ മൗലികമായ വഴികൾ തേടണം. ഗഹനമായ അറിവും തഴക്കവും നേടണം.
 തഴക്കം എന്നത് പ്രധാനം തന്നെയാണ്. കാരണം സിനിമ എന്നത് കാലത്തിൽ കൊത്തിയെടുക്കുന്ന  ശില്പവേല പോലെയാണ്. ഷോട്ടുകൾ കൊണ്ടുള്ള അനുഭവമാണ്. കാവ്യ വ്യക്തിത്വം കൊണ്ടുള്ള  രേഖപ്പെടുത്തലാണ്. ഒരു സംസ്കാരത്തിൻ്റെയും  സമൂഹത്തിൻ്റെയും സ്വഭാവ സവിശേഷതകളുടെ ഒഴുക്കാണ്. മനുഷ്യ ജീവിതത്തോടുള്ള ഇടപെടലാണ്. കാതലായ കാര്യങ്ങളിലേക്കുള്ള ഗഹനമായ യാത്രയാണ്. ആശയത്തിൻ്റെയും പുനരാവിഷ്കാരത്തിൻ്റെയും ധ്യാനമാണ്.
 തഴക്കം കാഴ്ചയുടെ അനുഭവത്തെ സംബന്ധിക്കുന്ന ഒന്നാണ്. കഥയല്ല സിനിമ എന്നൊരു ലേഖനം ഒരു പതിറ്റാണ്ട്  മുൻപ് എഴുതിയിരുന്നു. കഥ പറയാനുള്ള ഒരു മാധ്യമമല്ല സിനിമ. അർത്ഥവത്തായ
ഒരു ചിത്രലോകത്തെ സൃഷ്ടിക്കുക  എന്നതാണ് ചലച്ചിത്ര കല. കഥ അറിയാനാണെങ്കിൽ സിനിമ ഒന്നിൽ കൂടുതൽ പ്രാവശ്യം കാണേണ്ടതില്ലല്ലോ .
ജീവത്തായ നിമിഷങ്ങളെ കാഴ്ചയിലൂടെ അനുഭവിക്കാനാണ് സിനിമ വീണ്ടും കാണുന്നത്.
വിശ്വ സിനിമകളുടെ രാജ്യാന്തര മേളകളിൽ ചലച്ചിത്രത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് ധാരണ നൽകുന്ന ലഘുവിവരണം ആദ്യമേ പ്രേക്ഷകർക്ക് ലഭിക്കുന്നു. വിഷയ സംബന്ധിയായ മുൻധാരണയോടെയാണ് ചലച്ചിത്ര സൃഷ്ടിയെ പ്രേക്ഷകർ സമീപിക്കുന്നതും ഉൾക്കൊള്ളുന്നതും അനുഭവിക്കുന്നതും.
അപ്പോൾ  കഥയോ പ്രമേയമോ അല്ല പ്രേക്ഷകൻ അനുഭവിക്കുന്നത്. സിനിമയുടേതായ ദൃശ്യാത്മക ലോകത്തെയാണ് പ്രേക്ഷകർ  അനുഭവിക്കുന്നത്. ആ ദൃശ്യ വ്യാകരണം സൃഷ്ടിക്കാൻ തഴക്കം വേണം.
 സൃഷ്ടിയിൽ ആത്മാവുണ്ട് എന്ന് ഉറപ്പാക്കണം. സിനിമയ്ക്ക് മനസ്സ് ഇല്ലെങ്കിലും കലാകാരൻ്റെ ആത്മാവുണ്ട്. സിനിമയുടെ സൈക്കോളജി ! അത് ശിൽപ്പഭദ്രതയിലൂടെ , മാറിമാറി വരുന്ന പരീക്ഷണങ്ങളിലൂടെ , സൃഷ്ടിച്ചെടുക്കുന്ന ചലിക്കുന്ന ചിത്രകലാ രൂപവുമാണ്. അതിന് തഴക്കം കൂടിയേ തീരൂ.
 ഇവിടെ അപഗ്രഥിക്കുന്നത്  ” യഥാർഥ സിനിമ” യിലേക്കുള്ള , സത്യസന്ധമായ ഒരു യാത്രയെ ആണ്. ബാഹ്യത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന സംവേദനത്തെയാണ്. അതിലൂടെ ആന്തരിക തലങ്ങളിലേക്കുള്ള പ്രവേശനമാണ്. ഓരോ സിനിമയ്ക്കും വ്യത്യസ്തമായ ദൃശ്യഭാഷയുണ്ട്. അതൊരു കണ്ടുപിടുത്തമാണ്. ഡിസ്കവറി അല്ല; ഇൻവെൻഷൻ ആണ്.
 ” യഥാർഥ സിനിമ” സാംസ്കാരികവും കലാപരവും  മനുഷ്യ ചരിത്രത്തിൽ കൂട്ടിച്ചേർക്കുന്ന  പ്രതിഭയും പ്രകാശനവുമാണ് .
 ഇവിടെ അഭിനയങ്ങളില്ല. നാട്യം , നൃത്യം , നൃത്തം എന്നിങ്ങനെയുള്ള ത്രൗരിത്രയവുമില്ല. പൂർണ്ണമായ ഇഴുകിച്ചേരലും ഇടപെടലുമാണ്. ” നാടകസിനിമ” യിൽ നിന്ന് വ്യത്യസ്തമായ ” യഥാർഥ സിനിമ” യുടെ സർഗ്ഗ ലോകമാണത്.
ഈ ചലച്ചിത്ര ധാരയെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന വേദിയാണ് ഫിലിം സൊസൈറ്റികളും രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളും.

About The Author

Leave a Reply

Your email address will not be published. Required fields are marked *