വിലാപാക്ഷരങ്ങൾ തളംകെട്ടുന്ന തെരുവോരം – ഉദയത്ത് പ്രിയകുമാർ

Facebook
Twitter
WhatsApp
Email
       പൊതുവെ തിരക്കു വളരെ കുറവുള്ളതെങ്കിലും, ധാരാളം വീടുകളുള്ള ഒരു സ്ട്രീറ്റിനരികിൽ തല ഉയർത്തി നിൽക്കുന്ന പന്ത്രണ്ടാം നമ്പർ വീടിൻ്റെ വരാന്തയിൽ പുഞ്ചിരിക്കുന്ന മുഖവുമായി ജോർജ്ജുകുട്ടി എന്ന വൃദ്ധൻ എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു.
      ആരോ എപ്പോഴോ ആ റോഡിന് “വാം സ്ട്രീറ്റ് ” എന്ന് പേരിട്ടിരുന്നു. എന്തു കൊണ്ടായിരിക്കും ചുറ്റുപാടുള്ള റോഡുകൾക്കൊന്നും ഉണ്ടാകാത്ത വ്യത്യസ്ഥമായ നാമം ആറോഡിന് വന്നത് എന്ന് ആരും ചിന്തിച്ചതുപോലുമില്ല. ചിന്തിക്കുവാൻ വീടുകളേക്കാൾ വളരെ കുറച്ച് ആളുകളേ ആ റോഡരുകിൽ താമസമുണ്ടായിരുന്നുള്ളു. ജോർജ്ജുകുട്ടിച്ചായൻ്റെ പന്ത്രണ്ടാം നമ്പർ വീടിൻ്റെ എതിർവശത്ത് നാൽപ്പത്തിയഞ്ചാം നമ്പർ വീടായിരുന്നു. മൊത്തം അൻപതു വീടുകളുള്ള ഒരു കോളനിയായിരുന്നു വാം സ്ട്രീറ്റ്. അൻപതു വീടുകളിൽ ഇരുപത്തി ഒന്നും പൂർണ്ണമായി അടച്ചിട്ടനിലയിൽ ആണ് ഉണ്ടായിരുന്നത്. അവശേഷിക്കുന്നവയിൽ വൃദ്ധരായ മാതാപിതാക്കളോ, വീടു നോട്ടക്കാരോ താമസിച്ചു. അപൂർവ്വം ചില വീടുകളിൽ മാത്രം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.
    വാം സ്ട്രീറ്റിൻ്റെ വടക്കേ മൂലയ്ക്കിപ്പുറം തൊട്ടപ്പുറത്തെ ഗോൾഡൻ സ്ട്രീറ്റിൽ നിന്ന് ഒരു ഇടവഴി സന്ധിക്കുന്നുണ്ടായിരുന്നു. ഗോർഡൻ സ്ട്രീറ്റിൽ നിന്ന് ടൗണിലേക്കുള്ള എളുപ്പവഴി കൂടി ആയിരുന്നു അത്.. അതുകൊണ്ട് വാംസ്ട്രീറ്റ് രാവിലെയും വൈകുന്നേരവും ആലസ്യത്തിൽ നിന്നുണരുകയും വാഹനങ്ങൾ ആ വഴിയിലൂടെ തിരക്കുകൂട്ടുകയും ചെയ്തു. അതുവഴിയേ നടന്നു പോകുന്നവരും പരിചിതരായ സ്കൂട്ടർ യാത്രക്കാരും അയാളോട് ചിരിച്ചും കൈകൂപ്പിയും റ്റാറ്റാ പറഞ്ഞുമാണ് പൊയ്ക്കൊണ്ടിരുന്നത്. അവരിൽ കൂടുതലാളുകളും ഗോൾഡൻ സ്ട്രീറ്റിൽ നിന്ന് വരുന്നവരുമായിരുന്നു. ഗോൾഡൻസ്ട്രീറ്റിനിരുവശവും കച്ചവടക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വീടുകളായിരുന്നു ഉണ്ടായിരുന്നത്.
        ജോർജ്ജുകുട്ടിച്ചായൻ തൻ്റെ വീൽചെയർ ഒറ്റക്ക് ഉരുട്ടി രാവിലെ ആറരയോടെ സിറ്റൗട്ടിൽ വന്നിരിക്കും. വീൽ ചെയറിലെ ആ ഇരുപ്പിൽ ചിലപ്പോൾ കൈയിലൊരു ചായക്കപ്പോ, മറ്റു ചിലപ്പോൾ ദിനപത്രമോ ഉണ്ടാകാറുണ്ടെങ്കിലും വഴിയിൽ ഒരനക്കം കേട്ടാൽ അപ്പോൾ പുഞ്ചിരിച്ചു കൊണ്ട് അയാൾ കൈവീശും. നിരവധി വീടുകളുള്ള ഒരു തെരുവിലായിരുന്നു ആ വീട് നിലകൊണ്ടിരുന്നതെങ്കിലും ചുറ്റിലുമുള്ള പലതും പൂട്ടിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. വിദേശത്തു നിന്ന് വർഷത്തിലൊരിക്കൽ രണ്ടു മാസത്തെ അവധിക്കുവരുമ്പോൾ താമസിക്കാനായി പത്തുസെൻ്റു സ്ഥലത്ത് മതിലു കെട്ടിത്തിരിച്ച് അതു നിറഞ്ഞൊരു വീടും കെട്ടി, വൈഫൈ യുള്ള ക്യാമറകൾ ചുറ്റിനും പിടിപ്പിച്ച് നാടു വിട്ടുപോയവരുടെ ശേഷിപ്പുകളായിരുന്നു ആ വീടുകൾ. ഇൻ്റർനെറ്റിൽ കുരുക്കിയിട്ടിരിക്കുന്ന വീടുകൾ.
       കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട ജോർജ്ജുകുട്ടിച്ചായനും അത്തരം ഒരു വീടിൻ്റെ കാവൽക്കാരനാകുന്നു. തൻ്റെ മകൻ്റെ വീടിൻ്റെ ഉമ്മറത്തിരുന്ന് തൊട്ടടുത്തു കാണാവുന്ന വീടുകളോടെല്ലാം അയാൾ ചങ്ങാത്തം കൂടി. ഉള്ളിൽ നിറഞ്ഞു പെരുകുന്ന ചൂടുവായു ആ വീടുകളിൽ നിറഞ്ഞു നിറഞ്ഞ് ഇഷ്ടികച്ചൂളകളിൽ നിന്നെന്ന പോലെ ചൂടിനെ പ്രസരിപ്പിച്ചു. ഓരോ വീടും ഓരോ ചൂള ആയിരുന്നു. പുട്ടുകുറ്റിയിൽ നിന്ന് ആവി ചീറ്റുന്നതു പോലെ എയർ ഹോളുകളിലൂടെ ചൂട് കുമുകുമാ പുറത്തേക്ക് തള്ളി വന്നുകൊണ്ടിരുന്നു. ഉഷ്ണതരംഗത്തിൻ്റെ തീഷ്ണതയിൽ കെട്ടിടങ്ങളുടെ ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെട്ടു കൊണ്ടിരുന്നു.
        ജോർജ്ജുകുട്ടിച്ചായൻ കാലുകൾ തളർന്ന് വീൽ ചെയറിലായിട്ട് വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. ബാത്ത്റൂമിൽ പോകാനും കുളിക്കാനും മറ്റൊരാളുടെ സഹായം അയാൾ ഇഷ്ടപ്പെട്ടില്ല. അതിനാൽ തന്നെ ബാത്ത്റൂമിൽ ബോൾട്ടിട്ടു മുറുക്കിയ ചില പൈപ്പുകളിലും മുകളിലെ ഹുക്കിൽ നിന്നു ഞാത്തിയിട്ട ചില പ്ലാസ്റ്റിക് കയറുകളിലും തൂങ്ങി അയാൾ തൻ്റെ ദിനചര്യകളും കുളിയും സ്വയം നിർവ്വഹിച്ചു. വീൽച്ചെയറിൽ നിന്ന് സ്വയം ഇറങ്ങാനും തിരികെ കയറാനും തളരാത്ത മനസ്സിൻ്റെ കരുത്തിനാൽ പരിശീലിച്ചെടുത്തിരുന്നു അയാൾ. സ്വയം ശൗചം ചെയ്യാനായില്ലെങ്കിൽ പിന്നെന്തിനു ജീവിക്കണം എന്നതായിരുന്നു അയാളുടെ ചോദ്യം. വീട്ടു പണിയ്ക്കും ഭക്ഷണമുണ്ടാക്കാനുമായി മകൻ നിയോഗിച്ചിരുന്ന സരസമ്മ എന്ന സ്ത്രീയെ ഒരിക്കലും തൻ്റെ ഒരാവശ്യവും പറഞ്ഞ് ബുദ്ധിമുട്ടിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത്, ഒരു പക്ഷിയെ കൂട്ടിലടയ്ക്കുന്നതുപോലെയുള്ള പ്രവൃത്തിയാണെന്ന് അയാൾ വിചാരിച്ചു. അയാളുടെ ഈ സ്വഭാവ വിശേഷം കൊണ്ട് ആ സ്ത്രീ അതിരാവിലെ തന്നെ അയാളുടെ വീട്ടിലെത്തുകയും വീടും പരിസരവും അടിച്ചു വൃത്തിയാക്കി, പത്രമെടുത്ത് ടീപ്പോയിൽ വച്ച്, ചായ തിളപ്പിച്ച് കപ്പിലേക്കൊഴിക്കുമ്പോഴേക്കും ജോർജ്ജുകുട്ടിച്ചായൻ ഉണർന്ന് പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ച് തൻ്റെ വീൽച്ചെയറിൽ എത്തുമായിരുന്നു. സരസമ്മയോടൊന്ന് ചിരിച്ച്, “സുഖാണോ” എന്ന് ഒറ്റ വാക്കിലൊരു കുശലാന്വേഷണം നടത്തി ചായക്കപ്പുമായി സിറ്റൗട്ടിലേക്കു പോകുന്ന ആ മനുഷ്യനോട് സരസമ്മക്ക് വല്ലാത്തൊരു ബഹുമാനം തോന്നും.
രണ്ടു നേരത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി ചൂടാറാപ്പാത്രങ്ങളിൽ അയാൾക്ക് കൈയെത്തുംദൂരത്ത് എടുത്തുവച്ച് അവൾ എട്ടരയോടെ തിരികെപ്പോവുകയും,പിന്നീട് സന്ധ്യയോടെ തിരികെ വന്ന് മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വിരിച്ച് മുറി തുടച്ച് ഓട്സ് കുറുക്കി ചൂടോടെ കൊടുക്കുകയും ചെയ്തിട്ട് തൻ്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു പതിവ്. രണ്ടു വർഷമായിട്ടും ഒരു മുടക്കവും കൂടാതെ ഈ ദിനചര്യ തുടർന്നു കൊണ്ടിരുന്നു.
       രാവിലെ ഒൻപതര ആകുമ്പോഴേക്കും നിരത്തിലെ തിരക്കുകൾ ഒഴിയുകയും അയാൾ അപ്പോൾ വീൽച്ചെയർ ഉരുട്ടി അകത്തേക്കു പോയി ഭക്ഷണം കഴിച്ച് തിരിച്ചു വന്ന് സിറ്റൗട്ടിൽ ഇരിക്കുകയും ചെയ്യും. അന്നേരമാണ് ഉള്ളു ചൂടായിത്തുടങ്ങിയ വീടുകളുടെ സന്ദേശം വന്നു തുടങ്ങുക. ഒഴിഞ്ഞ വീടുകൾ ക്കുള്ളിൽ നിന്ന് തങ്ങളുടെ ദുഃഖങ്ങൾ ചുടുനിശ്വാസങ്ങളായി പുറത്തേക്കു ചീറ്റി. സുന്ദരമായ വീടുകളുടെ നിശ്വാസം കന്യകയുടെ നെടുവീർപ്പു പോലെ അനുഭവപ്പെട്ടു. ഓരോ സന്ദേശങ്ങൾക്കും ജോർജ്ജുകുട്ടിച്ചായൻ അപ്പപ്പോൾ മറുപടി കൊടുത്തു കൊണ്ടിരുന്നു.. വീടുകളുടെ ദുഃഖങ്ങളും, പരിദേവനങ്ങളും, പരാതികളും പന്ത്രണ്ടാം നമ്പർ വീട്ടിൽ വന്ന് കുമിഞ്ഞു കൂടി.
       പാലുകാച്ചൽ കാത്തു കിടക്കുന്ന മുപ്പത്തിനാലം നമ്പർ വീട് വാതിലുകൾ തുറന്ന് തൻ്റെ കന്യകാത്വത്തിനും അപ്പുറത്തേക്ക് പടർന്നുകയറേണ്ട ആൾ എവിടെയെന്ന് കാത്തുകാത്തിരുന്ന് പൊള്ളുന്ന നിശ്വാസങ്ങളുടെ സങ്കടക്കടൽ തീർത്തു.
      “മനുഷ്യരുടെ സ്നേഹം വെറും പൊള്ളയാണു പെണ്ണേ…”
      സങ്കടക്കടലിൽ മുങ്ങിത്തപ്പുന്ന മുപ്പത്തിനാലിനോട് പതിനാറു പറഞ്ഞു.
      “ ഒരിക്കൽ ഞാനും ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടിയതാണ്. പതിനാറാം നമ്പർ പതിച്ചു കിട്ടിയ ഞാൻ അല്പം അഹങ്കരിക്കുകയും ചെയ്തു. എന്നും പതിനാറിൻ്റെ ചെറുപ്പത്തിൽ തുള്ളിച്ചാടാമെന്ന് വെറുതെ മോഹിച്ചു പോയി ഞാൻ. ഓരോ നിരയും പൊങ്ങുമ്പോൾ എൻ്റെ ഗർവ്വ് കൂടി കൊണ്ടിരുന്നു. അവസാനമിനുക്കു പണികൾക്കൊടുക്കം ഉടമയെക്കാത്ത് കിടന്നത് രണ്ടു കൊല്ലം. പതിനാറിൽ രണ്ടല്ല രണ്ടായിരം കൊല്ലം കാത്തുനിൽക്കാനുമുള്ള മനസ്സുണ്ടാകും. എന്നിട്ടെന്തായി……??”
       പതിനാറിൻ്റെ നിശ്വാസം അത് നിരാശയുടെ പെയ്തൊഴിയലായിരുന്നു.
      “ കാത്തു കാത്തിരുന്ന പാലുകാച്ചൽ കഴിഞ്ഞു. ആളും ആരവവും എന്നെ കോരിത്തരിപ്പിച്ചു കുട്ടികളുടെ കളിചിരിപ്പിണക്കങ്ങൾ എന്നിലുളവാക്കിയത് എന്തു വികാരമാണെന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.”
       “ പിന്നെന്തു സംഭവിച്ചു?”
      ഇരുപതിൻ്റെ ആകാംഷ ഇരട്ടിച്ചു കൊണ്ടിരുന്നു.
       “പിന്നെന്തു സംഭവിക്കാൻ, നിങ്ങൾക്കൊക്കെ സംഭവിച്ചതു തന്നെ.പാലുകാച്ചലും വിരുന്നും മദ്യസത്കാരവും കഴിഞ്ഞ് രാത്രി വളരെ വൈകി എല്ലാവരും ഓരോ മൂലയിൽ കിടന്നുറങ്ങി. പിറ്റേന്ന് വീടുനോക്കാനും അടിച്ചു വാരാനും ഒരാളെ ഏർപ്പെടുത്തി. അവർ പോയിട്ടിപ്പോൾ കൊല്ലം നാലായി.”
       “എന്നും പതിനാറായിട്ടെന്താ ഗുണം ഉഷ്ണതരംഗം ഉള്ളിൽ പതപ്പിക്കാമെന്നല്ലാതെ.”
         പതിനാറിനിട്ട് ചെറിയൊരു കുത്തുകൊടുത്തപ്പോൾ ഇരുപത്തെട്ടിന് ചെറുതല്ലാത്ത സന്തോഷം തോന്നി. പതിനാറിൻ്റെ തലപ്പൊക്കം ഇരുപത്തെട്ടിനുള്ളിൽ എന്നും അസൂയപെരുപ്പിക്കാറുണ്ടായിരുന്നു. ഇരുപത്തെട്ടിന് അസൂയ പെരുക്കാൻ തൻ്റേതായ കാരണങ്ങളുമുണ്ടായിരുന്നു. ഒരേ ദിവസം തറക്കല്ലിട്ട്, ഒരേ ദിവസം പണി തുടങ്ങിയതാണ് പതിനാറിനേയും ഇരുപത്തെട്ടിനെയും. ഒരേ ചുറ്റളവുള്ള രണ്ടു വീടുകൾ. എങ്കിലും പതിനാറിൻ്റെ കട്ടളയുടെ ഭംഗിയിലാണ് ഇരുപത്തെട്ടിന് ആദ്യമായി കുശുമ്പു തോന്നിയത്. പിന്നെ ജനലുകളുടെ നീളവും വലുപ്പവും കുശുമ്പിൻ്റെ ഗ്രാഫ് ഉയർത്തിക്കൊണ്ടിരുന്നു. അവസാനം പതിനാറിൻ്റെ നെറ്റിയിലെ തിലകക്കുറി പോലെ ഒരു കമാനം കൂടി നിർമ്മിച്ചു കഴിഞ്ഞതേ ഇരുപത്തെട്ടിൻ്റെ ഉള്ളിലെ കനൽ കെടാതെ ചാരം മൂടിക്കിടന്നു. ഇരുപത്തെട്ടിൻ്റെ മനസ്സറിയാമായിരുന്ന പതിനാറ് കൂടുതലൊന്നും പറഞ്ഞില്ല. തങ്ങൾ വീടുകൾ, പുലരി മുതൽ സന്ധ്യ വരെ എന്നും നേർക്കുനേർ കാണേണ്ടവർ. എന്തിനാ വെറുതെ കലമ്പലുണ്ടാക്കുന്നത് എന്ന് പതിനാറ് പക്വതയോടെ ചിന്തിച്ചു.
       അന്നാദ്യമായാണ് ഇരുപത്തിനാലിൻ്റെ വീർപ്പുമുട്ടലുകൾ പുറത്തു വന്നത്.
       “ഒഴിഞ്ഞ വീടുകളുടെ പരിദേവനങ്ങൾക്കിടയിൽ എന്തിനാണ് ഈ വലിഞ്ഞു കേറിയുള്ള വരവ് എന്ന് ചിന്തിക്കരുത്”
      എന്നു പറഞ്ഞു കൊണ്ടാണ് ഇരുപത്തിനാല് തുടക്കമിട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന ഗൃഹനാഥൻ. വർഷത്തിൽ ഒരു മാസത്തെ അവധിക്ക് വന്നാലായി. രണ്ടു കുട്ടികളും അയാളുടെ ഭാര്യയും ആ വലിയ വീട്ടിൽ കഴിഞ്ഞു.
      “ ഇപ്പോൾ കുറച്ചു നാളായി രാത്രി കനക്കുമ്പോൾ AC മുറിയിൽ ഒരു പുരുഷ ഗന്ധം, സുരതതാളം. അവിഹിതം ഒളിപ്പിക്കാൻ എൻ്റെ ഉള്ളറകൾ തന്നെ തെരഞ്ഞെടുത്തുവല്ലോ എന്ന ചിന്തകൾ എന്നെ തിരിഞ്ഞു കുത്തുന്നു.”
       “ ഞാൻ എത്ര നാളായി ഇത് നേരിൽ കാണുന്നു. നമ്മെ നേരിട്ട് ബാധിക്കാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതിരുന്നാൽ തീരുന്നതേയുള്ളു ഈ പ്രശ്നങ്ങളെല്ലാം”
       ഇരുപത്തിനാലിൻ്റെ നേരെ എതിരിലുള്ള ഇരുപത്തി ഏഴായിരുന്നു അത്.
       “ എങ്കിലും അവിഹിതത്തിലേക്ക് നമ്മുടെ ഉള്ളറകളെ തെരഞ്ഞെടുക്കുമ്പോൾ …..”
        “ വിഹിതമായാലും അവിഹിതമായാലും നമുക്കെന്ത് എന്ന് ചിന്തിച്ചാൽ എല്ലാം ശാന്തമാകും. അവിടെ ആളും അനക്കവുമുണ്ടല്ലോ. അവിഹിതത്തിനെങ്കിലും AC യിട്ട് ഉള്ള് കുളിരുന്നുണ്ടല്ലോ. അതല്ലേ ഈ കൊടും ചൂടിനിടയിലെ ഭാഗ്യം. ഇവിടെ വെന്തുനീറി വിണ്ടുകീറിക്കൊണ്ടിരിക്കുമ്പോഴാ…”
       അൻപത്, റോഡരുകിലെ ചരലിലേക്കു നോക്കി പിറുപിറുത്തു. മെയിൻ റോഡിൽ നിന്നും, വാം സ്ട്രീറ്റിൽ നിന്നും, രണ്ടു വശത്തു നിന്നുമുള്ള ചൂടേറ്റ് അൻപത് വല്ലാതെ പരവേശപ്പെടുകയായിരുന്നു. ഒരിറ്റു തണലില്ലാതെ അടച്ചിട്ടിരിക്കുന്ന മുറികളിലെ ചൂടുവായു ഭിത്തികളിൽ ശക്തമായി ഞെരുങ്ങിക്കൊണ്ട് മുൻവാതിലിൽ തീഷ്ണമായി തട്ടിക്കൊണ്ടിരുന്നു. ചൂട് വാതിൽപ്പാളികളിൽ വിള്ളലുകൾ തീർത്തു. അൻപതിൻ്റെ മനസ്സിൽ അവിഹിതത്തിനായെങ്കിലും രണ്ടു പേർ വന്ന് ഈ വാതിലൊന്നു തുറന്നിരുന്നെങ്കിൽ എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ.
       വീടുകളുടെ വർത്തമാനങ്ങൾക്ക് കാതുകൊടുത്ത് പരാതികളും നെടുവീർപ്പുകളും പരിഹരിച്ചു പരിഹരിച്ച് നേരം പോകുന്നതറിയാതെ ജോർജ്ജുകുട്ടിച്ചായൻ സിറ്റൗട്ടിലങ്ങനെയിരിക്കും. ഉള്ളു ചൂടാകുന്നതനുസരിച്ച് പരാതികളും പരിഭവങ്ങളും വഴക്കോളമെത്തുകയും, തങ്ങൾ മനുഷ്യരെപ്പോലെ ആകാൻ പാടില്ലെന്ന ഉൾവെളിവിൽ അതെല്ലാം അവിടെ അവസാനിക്കുകയും ചെയ്തു. നിന്നിടത്തുന്നിന്നനങ്ങാതെ എന്തു വഴക്ക്. പന്ത്രണ്ടിൻ്റെ മനസ്സും ശരീരവും ശബ്ദവുമായി അയാൾ ആ ഇത്തിരി വട്ടത്തിൽ തൻ്റെ വീൽചെയറിൽ കറങ്ങി നടന്നു.
       കെട്ടിടങ്ങൾ നിർജ്ജീവമായ അസ്തി കൂടങ്ങൾ മാത്രമാകുന്നു എന്ന പൊതുതത്വബോധത്തിനപ്പുറം ഒരു റോഡിനിരുവശവും തലയെടുപ്പോടെ നിൽക്കുന്ന വീടുകളുടെ മനസ്സ് കാണാൻ തനിക്കു കഴിയുമെന്ന വലിയൊരുതിരിച്ചറിവിലേക്ക് അയാളുടെ ബോധമണ്ഡലം മിഴി തുറന്നു. പിന്നെ പിന്നെ വീടുകളുടെ ഭാഷ അയാൾ മനസ്സിലാക്കി, വീടുകളുടെ നിശ്വാസം കേട്ടു, വീടുകളോട് അവരുടെ ഭാഷയിൽ സംസാരിക്കാൻ പഠിച്ചു. അതോടെ തളർന്നു പോയ തൻ്റെ കാലുകളെ പറ്റി ചിന്തിച്ചിരിക്കാതെ, വീടുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വേണ്ട ഉപദേശങ്ങൾ നിർദ്ദേശിക്കാനും തുടങ്ങി. അങ്ങനെ വീടുകളുടെ സംസാരങ്ങൾ പന്ത്രണ്ടിൻ്റെ വരാന്തയിൽ വിശ്രമിച്ചു. വീടുകളുടെ ഭാഷ ശൂന്യതയുടെ സ്ക്രീനിൽ അയാൾ വായിച്ചു കൊണ്ടിരുന്നു. എല്ലാ സന്ദേശങ്ങൾക്കും ഉചിതമായ മറുപടി നൽകി കഴിയുമ്പോഴേക്കും ഉച്ചഭക്ഷണം കഴിക്കാൻ മറന്നു പോവുകയും സന്ധ്യക്ക് സരസമ്മ തയ്യാറാക്കിക്കൊടുക്കുന്ന ഓട്സ് കഴിക്കാൻ സമയമാവുകയും ചെയ്തു. പതിവായി ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് താൻ വച്ചുണ്ടാക്കുന്നതിലെന്തെങ്കിലും അപാകത തോന്നിയിട്ടാണോ എന്ന് ആ സ്ത്രീസംശയിച്ചു. അയാളെ ഇന്നു വരെ പുഞ്ചിരിച്ച മുഖവുമായേ കണ്ടിട്ടുള്ളു എങ്കിലും തൻ്റെ ആഹാരത്തിനെന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് ചോദിക്കുവാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ആളുകൾ എപ്പോൾ എങ്ങനെയൊക്കെ ആയിരിക്കും പ്രതികരിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ലല്ലോ. എന്നാൽ ഇത് മനസ്സിലാക്കിയിട്ടെന്ന പോലെ ഒരു ദിവസം രാവിലെ ചൂടു ചായ ഊതി കുടിച്ചു കൊണ്ട്,
       “ സരസമ്മക്ക് ഞാൻ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടല്ലേ?”
        എന്നൊരു ചോദ്യമെറിഞ്ഞു ജോർജ്ജുകുട്ടിച്ചായൻ..സരസമ്മ ബഹുമാനത്തോടെ അല്പം ഒതുങ്ങി. അപ്പോൾ അയാൾ തുടർന്നു;
       “ ഉച്ചക്ക് ഭക്ഷണം ഞാൻ മന:പൂർവ്വം വേണ്ടെന്നുവച്ചതൊന്നുമല്ല. എല്ലാവരുടേയും പ്രശ്നങ്ങൾ പരിഹരിച്ച്, വർത്തമാനത്തിന് കാതുകൊടുത്ത്, വരുന്ന സന്ദേശങ്ങൾക്ക് മറുപടി അയച്ച് കഴിയുമ്പോഴേക്കും സന്ധ്യ കഴിയും സരസൂ…”
        സരസമ്മ വായ പൊളിച്ചു നിന്നു. ആരുടെ എന്തു പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യമാണെന്ന് ഒരു രൂപവും കിട്ടിയില്ല. മുറ്റത്ത് ഒരു പുൽക്കൊടി പോലും ചവിട്ടേറ്റ് ചതയാറില്ലെന്ന് അവരോർത്തു. പിന്നാരു വരാനാ , ഒരു പൊടി പോലും ഒരിടത്തും കണ്ടിട്ടില്ല. സരസമ്മ വല്ലാത്ത പ്രതിസന്ധിയിലായി. പകൽ മുഴുവൻ ഒറ്റക്കിരുന്നിരുന്ന് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കുമോ എന്നവൾ സംശയിച്ചു. പിന്നീട് പകലുകളിൽ അയാളറിയാതെ സരസമ്മ അയാളെ നിരീക്ഷിച്ചു. സിറ്റൗട്ടിൽ നിന്ന് ഒരിഞ്ചുപോലും ചലിക്കാതെ അയാൾ ഇരിക്കുന്നത് അവൾ കണ്ടു.
       “ഇന്നും തിരക്കായിരുന്നോ ഇച്ചായാ, ചോറുണ്ടിട്ടില്ലല്ലോ ഉച്ചയ്ക്ക് ?”
        വൈകുന്നേരം ഓട്സ് കുറുക്കി നൽകുന്നേരം അവൾ ചോദിച്ചു. ചോദ്യം കേട്ട് അയാൾ ചിരിച്ചു.
       “ ഇന്നെന്തായാലും രസമായിരുന്നു. പ്രാരാബ്ധവും, പരാതിയും, വഴക്കും വക്കാണവുമൊന്നുമില്ലാതെ, തമാശ പറഞ്ഞു ചിരിച്ചു ചിരിച്ച് ഒരു പരുവമായി. ഓരോരുത്തരോടും ഞാൻ മറുപടി പറഞ്ഞില്ലെങ്കിൽ പിന്നെ പിണക്കമാകും. ഞാനീ പന്ത്രണ്ടിലിങ്ങനെ കുറ്റിയടിച്ചപോലിരിക്കുകയല്ലേ, എന്താ ചെയ്ക.വന്നു വന്ന് ഉച്ചയൂണെന്നൊരു ചിന്ത തന്നെ മനസ്സിലേക്ക് വരുന്നതേയില്ല സരസൂ.”
       സരസമ്മയുടെ ഉള്ളിൽ വല്ലാത്തൊരു പേടി ഉടലെടുക്കുകയായിരുന്നു. തമാശ പറഞ്ഞ് ചിരിച്ചു ചിരിച്ച് ഒരു പരുവമായത്രേ. രാവിലെ മുതൽ താൻ നിരീക്ഷിക്കുകയായിരുന്നു എല്ലാം. ഒരീച്ച പോലും ഇവിടേക്കു വന്നതോ ഇവിടെന്തെങ്കിലും പ്രത്യേകിച്ച് നടന്നതോ താൻ കണ്ടില്ല. അരുതാത്തൊരു സംഗതിയുടെ സൂചന പോലെ സരസമ്മ വിയർത്തു. ഇത് ഇന്നു തന്നെ അമേരിക്കയിലുള്ള ഇച്ചായൻ്റെ മോനെ വിളിച്ചു പറയണമെന്ന് സരസമ്മ ഉറപ്പിച്ചു. ഇല്ലേൽ എല്ലാത്തിനും താനാകും കുറ്റക്കാരി. അവൾ തൻ്റെ വീട്ടിലേക്കു നടന്നു.
       പിറ്റേന്ന് രാവിലെ പതിവുപോലെ ഗെയ്റ്റു കടക്കുമ്പോൾ സരസമ്മ ഒന്നു ചുറ്റിലും നോക്കി. പതിവില്ലാത്തതെന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്നൊരാധി മനസ്സിൽ വല്ലാതെ ചുഴറ്റിയടിച്ചു കൊണ്ടിരുന്നു. പപ്പയെ ഒന്നു ശ്രദ്ധിച്ചിട്ട് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് അലക്സുകുഞ്ഞ് ഇന്നലെ രാത്രി പറഞ്ഞത് അവളോർത്തു. കുഞ്ഞവിടെയിരുന്ന് ക്യാമറ ചെക്കു ചെയ്തോളാമെന്നു പറഞ്ഞപ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. പതിവുപോലെ ചായ ഗ്ലാസിലേക്കൊഴിക്കാനെടുത്തതും വീൽ ചെയറിൽ ആള് എത്തിക്കഴിഞ്ഞു. അയാൾ പതിവുപോലെ അവളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി എന്തു കൊണ്ടോ അവളെ അസഹ്യതയുടെ നീർച്ചുഴിയിലേക്ക് വലിച്ചു കൊണ്ടു പോയി. പതിവു പോലെ രണ്ടു നേരത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി ചൂടാറാപ്പാത്രങ്ങളിൽ പ്രത്യേകം പ്രത്യേകം അടച്ചുവച്ചിട്ട് അവൾ തൻ്റെ വീട്ടിലേക്കു നടന്നു. അയാൾ ചായക്കപ്പും പത്രവുമായി സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു അപ്പോൾ.
       ഇരുപത്തിനാലിൽ നിന്ന് ഭയത്തിൻ്റെയോ , വീർപ്പുമുട്ടലിൻ്റെയോ എന്ന് വേർതിരിച്ചറിയാനാകാത്ത ഒരു ഞരക്കം ഇഴഞ്ഞിഴഞ്ഞു വന്നു. രക്തത്തിൻ്റെ രൂക്ഷഗന്ധം ആ സ്വരത്തിൽ നിറഞ്ഞിരിക്കുന്നത് ജോർജ്ജുകുട്ടിച്ചായൻ തിരിച്ചറിഞ്ഞു. ശൂന്യതയുടെ മഹാപ്രതലത്തിൽ തൻ്റെ ഉള്ളിലെ ചോദ്യങ്ങളത്രയും കുടഞ്ഞിട്ടു അയാൾ. ഒരു മറുപടി എവിടെ നിന്നെങ്കിലും പാറി വരും എന്നയാൾ വിശ്വസിച്ചു. ഇരുപത്തിനാലിലെന്താണ് സംഭവിച്ചതെന്ന് ഇരുപത്തിയേഴിന് ഉറപ്പായും അറിവുണ്ടാകേണ്ടതാണ്. ഇവിടെ എല്ലാവരും മൗനത്തിലേക്ക് ഉൾവലിയുന്നത് എന്താണ്? രണ്ടു കാലും തളർന്നവൻ ഒരു കെട്ടിടമാകുന്നു. ചലിക്കാനാവാതെ ചിന്തിക്കാൻ മാത്രം കഴിയുന്ന ഒരു കെട്ടിടം. അല്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇരുപത്തിനാലിലൊന്നു പോയി വിവരങ്ങൾ നേരിൽ അറിയാമായിരുന്നു. അയാൾ വീടുകളുടെ സന്ദേശങ്ങൾക്കായി കാത്തു.
       ഇരുപത്തേഴിൻ്റെ വാക്കുകൾ ശൂന്യതയുടെ സ്ക്രീനിൽ തെളിഞ്ഞു.
       “ ഇരുപത്തിനാലിലെ ജാരൻ വീട്ടുകാരിയെ കൊലപ്പെടുത്തിയിരിക്കുന്നു. അയാളുമായി സംഭോഗവേളയിലുരുവായ എന്തോ അസ്വാരസ്യത്താൽ അവൾ രക്തപ്പുഴയിൽ നീന്തി നടന്നു. രാവിലെ കുട്ടികളാണത്രേ കണ്ടത്. അയാൾ രാത്രി തന്നെ കടന്നു കളഞ്ഞു.”
       സ്തംഭനത്തിനിടയിൽ രണ്ടു കുട്ടികളുടെ കരച്ചിൽ അയാൾ കേട്ടു. ഇരുപത്തിനാലിൻ്റെ വിലാപം വല്ലാത്തൊരു ഞരക്കമായി മാറിയിരിക്കുന്നതും അയാൾ അറിഞ്ഞു. വാം സ്ട്രീറ്റിലെ അൻപതു വീടുകളും ഖനീഭവിച്ച നിശബ്ദതയിലേക്ക് കൂപ്പുകുത്തിയപ്പോൾ അയാൾക്ക് ഇരുപത്തിനാലിലേക്ക് ഓടിയെത്തണമെന്നു തോന്നി. തൻ്റെ ചക്രക്കസേര അയാൾ പടിക്കെട്ടുകളിലൂടെ ഉരുട്ടിയിറക്കി.
      ഒരു അവിശുദ്ധ കൊലപാതകം നടന്ന ഇരുപത്തിനാലാം നമ്പർ വീട്ടിലേക്ക് പാളിനോക്കിക്കൊണ്ട് സന്ധ്യക്ക് ഗെയ്റ്റു കടന്നെത്തിയ സരസമ്മ ജോർജ്ജു കുട്ടിച്ചായൻ വീൽച്ചെയറിനടിയിലായി തലകുത്തി കഴുത്തൊടിഞ്ഞ് മരവിച്ചു കിടക്കുന്നതാണ് കണ്ടത്. ആ ചുണ്ടിൽ അപ്പോഴും വിഷാദത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പന്ത്രണ്ടാം നമ്പർ വീടിനുമുകളിൽ ശൂന്യതയുടെ സ്ക്രീനിൽ കുമിഞ്ഞു കൂടുന്ന സന്ദേശങ്ങളിൽ താപവും ശോകവും തളം കെട്ടിക്കിടന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *