LIMA WORLD LIBRARY

വിധവകളെ വിധിക്കുവാന്‍ ആരാണ് നമ്മെ അധികാരപ്പെടുത്തിയത് – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ശാരീരികശക്തി ഏറെയുള്ളവരെ നാം ഭീമനോടുപമിക്കും കുശാഗ്രബുദ്ധികളെ അര്‍ജുനനായും ലവകുശന്മാരായും വാഴ്ത്തും. പക്ഷെ എന്തുകൊണ്ടാണ് ഭര്‍ത്താവുമരിച്ച ഒരുസ്ത്രീയെ പാണ്ഡവരുടെ അമ്മയെപോലെ, ദശരഥന്റെ ഭാര്യയെപോലെ, ശ്രീരാമലക്ഷ്മണന്മാരുടെ അമ്മയെപോലെ കാണാന്‍ ശ്രമിക്കാത്തത്. ഒറ്റപ്പെടലെന്ന മഹാവിപത്തിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് മഹാഭൂരിപക്ഷം വിധവകളും. ഭയപ്പെടുത്തുന്ന സാമൂഹ്യനിന്ദയ്ക്കും വിവേചനത്തിനും ഇവര്‍ ഇരകളായിക്കൊണ്ടിരിക്കുന്നു.

ഭര്‍ത്താവു മരണപ്പെട്ടുവെന്ന് തെളിയിക്കപ്പെടാതെ എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന് വെറുതെ വിശ്വസിച്ചാലും അയിത്തം കല്‍പ്പിക്കാത്തവരെയാണ് ഭര്‍ത്തൃവിയോഗംമൂലം അനാഥയാകുമ്പോള്‍ നാം സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ദൈവീകമായ ആചാരാനുഷ്ടാനങ്ങളില്‍ ഇവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത്.

ഇവരെ വിധവകളാക്കി അരികുമാറ്റുന്നതിനെ എങ്ങനെയാണു ന്യായീകരിക്കുക. ആരുചെയ്ത തെറ്റിനാണ് ഇവര്‍ ശിക്ഷയനുഭവിക്കുന്നത്. കൈലിരിപ്പുമോശമായ ഭര്‍ത്താക്കന്മാര്‍ കൊലചെയ്യപ്പെട്ടാലും ശിക്ഷയനുഭവിക്കുന്നത് നിരപരാധികളായ സ്ത്രീകള്‍.
പശുവായി ജനിക്കുന്ന ജീവി കര്‍മ്മംകൊണ്ട് പശുപതിയാകുമെന്നാണ് പറയുക, മനുഷ്യജന്‍മം കിട്ടുന്നത് വളരെ അപൂര്‍വ്വമാണെന്നു പറയുന്ന നമ്മള്‍തന്നെ ഭര്‍ത്താവു മരിച്ചതിന്റെ പേരില്‍ സ്ത്രീയെ നികൃഷ്ടജീവിയായിക്കരുതുന്നു.നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും ചിന്തകളും തമ്മില്‍ ഇവിടെ യോജിപ്പില്ലാതെവരുന്നു.

ആചാരങ്ങള്‍ അനുഷ്ഠാനങ്ങളാവുകയും അനുഷ്ടാനങ്ങള്‍ക്ക് നാട്ടുനടപ്പിന്റെ അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് പുരുഷന്മാര്‍ തന്നെയാണ്. വിധവയ്ക്ക് പുനര്‍വിവാഹം പാടില്ലെന്നും സ്മാര്‍ത്തം വിചാരണചെയ്ത് മാപ്പിളക്കയ്യന്മാര്‍ക്ക് പിടിച്ചുകൊടുക്കുകയും ചെയ്തിരുന്ന പഴയകാലത്തില്‍ നിന്നും ഒരുപാടു മുന്‍പോട്ടുപോയെങ്കിലും ഇന്നും ചില ഒഴിവാക്കലുകള്‍ തുടരുന്നുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം നിരാലംബയാകുന്ന സ്ത്രീ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന മക്കളുടെ വിവാഹത്തിന് കൈപിടിച്ചുകൊടുക്കാനുള്ള അവകാശം ഭാര്യമരിച്ചതോ/ഭാര്യയെ കൊന്നതോ ആയാലും കുഴപ്പമില്ല, അമ്മാവനോ അഛന്റെ സഹോദരനോ ആണ് കല്‍പിച്ചുകൊടുക്കുന്നത്. മകന്റെ ഭാര്യയെ നിലവിളക്കെടുത്തു വീട്ടിലേക്കാനയിക്കാന്‍ വിധവയ്ക്കവകാശമില്ല. അതൊക്കെ മറ്റാരുടെയൊക്കെയോ അവകാശമായി അലിഖിതമായി നടപ്പിലാക്കി വരുന്നു. പുരുഷന്മാരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം പാവം സ്ത്രീകള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

”കര്‍മ്മങ്ങളില്‍ വ്യാപൃതരാകുന്നതിനുവേണ്ടിയാണ് ഇവിടെ വന്നുപെട്ടിരിക്കുന്നത് എന്നാല്‍ ശരീരവുമായി താദാത്മ്യഭാവം പുലര്‍ത്തുന്നതുമൂലം ആത്മധര്‍മ്മത്തെ വികലമായി ധരിക്കരുത്”. എന്നല്ലെ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. പിന്നെന്താണ് വിധവകളെ കര്‍മ്മത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് അതോ അകറ്റി നിര്‍ത്തുക എന്ന കര്‍മ്മംചെയ്യുവാന്‍ മറ്റുള്ളവരെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നു വികലമായി ധരിച്ചിട്ടുണ്ടോ. നമ്മള്‍ ഇതിനൊക്കെ അതീതരാണെന്ന ധാരണയാണ് നാം പ്രകടിപ്പിക്കുന്ന മനോവികാരങ്ങളിലെ വൈരുദ്ധ്യങ്ങള്‍.

ഭഗവാന്‍ സ്വപക്ഷത്തുണ്ടെന്നു വിശ്വസിക്കുന്നുവെങ്കില്‍ ആര്‍ക്കും ആരോടും അയിത്തം കല്‍പ്പിക്കുവാന്‍ കഴിയില്ലല്ലോ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts