ബാല്യകാലം മുതല്‍ അത്ഭുതത്തോടെ മനസ്സില്‍ നിറയെ നിലനിന്നിരുന്ന അസാധാരണ അഭിനയപ്രതിഭയായിരുന്നു കലാലോകത്തെ വിട്ടുപിരിഞ്ഞ നാടക-സീരിയല്‍-ചലച്ചിത്ര നടിയായ കലാലയം രാധ.
1968 മുതല്‍ തൃശ്ശൂര്‍ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ സന്ധ്യാസമയങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന ജോസ് പായമ്മല്‍ – ചിത്രമോഹന്‍ – കലാലയം രാധ ടീമിന്റെ നാടകങ്ങളില്‍ കൂടിയാണ് കലാലയം രാധ എന്ന അഭിനേത്രിയെ ഞാനറിയുന്നത്. നാഗരാതിര്‍ത്തികള്‍ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്നന്നത്തെ കൗതുകകരമായ വിഷയങ്ങള്‍ ഹാസ്യവും വിമര്‍ശനവും ചേര്‍ത്ത് പ്രേക്ഷകഹൃദയത്തിലേക്ക് മുനകൂര്‍പ്പിച്ച ശരങ്ങളായി തൊടുത്തുവിടുന്ന പ്രത്യേകമായൊരു അവതരണ രീതിയായിരുന്നു അത്.
വൈകുന്നേരങ്ങളില്‍ എക്‌സിബിഷനകത്തു കയറിപ്പറ്റുക, പായമ്മല്‍ – രാധേച്ചി -ചിത്രമോഹന്‍ – നന്ദനന്‍ മാസ്റ്റര്‍
ടീമിന്റെ നാടകം കാണുക എന്നത് ഒരു അനുഷ്ടാനം പോലെ ചെയ്തുവന്നിരുന്നൊരു ശീലമായിരുന്നു ഞങ്ങള്‍ കുറേപേര്‍ക്ക് അക്കാലം.
പലപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയിട്ടില്ലാത്ത തിരനാടകവുമായി ശൂന്യതയില്‍നിന്നു സന്ദര്‍ഭോചിതമായ സംഭാഷണങ്ങള്‍ ആവാഹിച്ചെടുത്തു അവതരിപ്പിക്കാനുള്ള സര്‍ഗ്ഗശേഷി ഇക്കൂട്ടര്‍ക്ക് അനായാസേന വഴങ്ങുമായിരുന്നു.
തൃശ്ശൂരിലെ സമപ്രായക്കാരായ കൂട്ടുകാര്‍ക്കും, വൃദ്ധജനങ്ങള്‍ക്കും കണ്ടുചേരാനുള്ള ഒരിടം കൂടിയായിരുന്നു അസാധാരണമായ വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന ഈ കലാപ്രകടന പരിസരങ്ങള്‍.
വെളിച്ചം വിടര്‍ന്ന ജീവിത വഴികള്‍
ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്ന ഒരു ബാല്യകാലത്തിന്റെ തുടര്‍ച്ചയില്‍ വിധവയായിരുന്ന അമ്മ രണ്ടുമക്കളെയും ചുമലിലേറ്റി ആത്മഹത്യയ്‌ക്കൊരുങ്ങി ആഴമുള്ള കിണര്‍ക്കരയില്‍ മരണദേവനുമായി മുഖാമുഖം സംവദിക്കുന്നതിനിടയയില്‍ ആകാശം പിളരുമ്പോലെ അലമുറയിട്ടുള്ള രാധ എന്ന പെണ്‍കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം കേട്ട് ഓടിവന്ന അയല്‍ക്കാരന്റെ കാരുണ്യംകൊണ്ട് ജീവതത്തിലേക്കുതന്നെ പ്രയാണം തുടരുവാനുള്ള ഭാഗ്യം ലഭിച്ച ഒരു കലാകാരിയാണ് തൃശ്ശൂരിന്റെ അഭിമാനപാത്രം കൂടിയായ കലാലയം രാധ.
സ്‌കൂള്‍ പ്രായത്തില്‍ത്തന്നെ പാടാനും,ആടാനും ജന്മസിദ്ധമായ കഴിവ് പ്രകടമാക്കിയിരുന്ന ഈ ബാലികയെ അധ്യാപകരും, സഹപാഠികളും, നാട്ടുകാരും തങ്ങളുടെ മനസ്സിന്റെ വാത്സല്യ തലങ്ങളില്‍ ഏറെ സ്‌നേഹത്തോടെ ആരാധിക്കുകയും പ്രോത്സാസാഹിപ്പിക്കുകയും ചെയ്തിരുന്നു.
‘അമ്പിളി അമ്മാവാ തിരിഞ്ഞു നീ അമ്പുവിനോട് ചൊല്ല് ‘ എന്ന അക്കാലത്തെ ജനകീയമായ ഗാനതാളത്തിനൊത്തുള്ള നൃത്തച്ചുവടുകളായിരുന്നു രാധേച്ചിയുടെ ഹിറ്റുകള്‍. പിന്നീട് ഇരിഞ്ഞാലക്കുടക്കാരനായ നാടക പ്രവര്‍ത്തകന്‍ ജോസ് പായമ്മലിന്റെ
ഒരു ‘ഷാഡോ പ്ലേ’ യിലൂടെയാണ് അഭിനയത്തിന്റെ അരങ്ങിലേക്ക് അനുഗ്രഹത്തോടെ കയറിവരുന്നത്. വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയുടെ ഒരു ആവിഷ്‌കാരമായിരുന്നു അത്. ആയിടെ തന്നെ പായമ്മലിന്റെ ‘കണ്ണീര്‍ കളിപ്പാട്ടങ്ങള്‍’ എന്ന ഏക രംഗമുള്ള നാടകത്തിലും തന്റെ കഴിവിന്റെ
അനന്തവര്‍ണ്ണങ്ങള്‍ പ്രേക്ഷകരിലേക്ക് പകരുവാന്‍ ഈ ബാലികയ്ക്ക് അവസരങ്ങളുണ്ടായി. കേവലം 8 വയസുമാത്രം പ്രായമുള്ളപ്പോളാണ് ഈ നാടകങ്ങളില്‍ അഭിനയിക്കുവാനുള്ള അവസരങ്ങള്‍ ഈ ബാലികയെ തേടിവന്നത് എന്നോര്‍ക്കുമ്പോള്‍ വിസ്മയത്തിന്റെ നേത്രങ്ങള്‍ നമുക്കിടയില്‍ വിടര്‍ന്നില്ലെങ്കിലേ വിസ്മയപ്പെടേണ്ടതുള്ളൂ. ഈ പ്രകടനങ്ങള്‍ കാഴ്ചവെച്ച എല്ലാ വേദികളില്‍നിന്നും മികച്ച നടിക്കുള്ള പുരസ്‌കാരങ്ങളും ബാലനടി നേടുകയുണ്ടായി.
പായമ്മലിനോടൊപ്പം മാതൃകാജീവിതം
കാലക്രമേണ ജോസ് പായമ്മലിന്റെ ജീവിതപങ്കാളിയായിതന്നെ മാതൃകാദാമ്പത്യം തുടരുവാനുള്ള പ്രകൃതിനിശ്ചയവും ഈ അഭിനയ പ്രതിഭയ്ക്ക് കൈവരിക്കാനായി.
കേരളത്തിലെ പ്രമുഖമായ പല നാടക ട്രൂപ്പുകളിലും പ്രധാനമായ വേഷങ്ങളില്‍ തിളങ്ങി നാടകപ്രേമികളില്‍ അനശ്വരസ്ഥാനം നേടിയിട്ടുള്ള ഈ അഭിനേത്രിയെതേടി അടിയന്തിരഘട്ടങ്ങളില്‍ നാടക സംവിധായകര്‍ ഓടിയെത്തുക പതിവായിരുന്നു.
‘മറ്റ് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി’ എന്ന് പറയുംപോലെ നിശ്ചയിച്ചുറച്ച നടിമാരെ സമയത്തിന് ലഭിക്കാതെ വരുമ്പോള്‍ അവസാന രക്ഷയ്ക്കായി
കലാലയം രാധയെത്തേടി ഓടിയെത്തുന്ന നാടക പ്രവര്‍ത്തകരും അനേകം.
ചലച്ചിത്രലോകത്തെ സുകുമാരിയോടോ, കെ. പി. എ. സി. ലളിതയോടെ മാത്രം താരതമ്യം ചെയ്യാവുന്ന അഭിനയമിടുക്കിന്റെ അഴകുള്ള വ്യക്തിയായിരുന്നു ഈ കലാകാരി.
ലൂസിഫര്‍, ദ്വിഗ് വിജയം,
രാഗം താനം പല്ലവി, ഉറി, ഗോള്‍ഡ് മെഡല്‍,വിശ്വരൂപം തുടങ്ങിയ അതിപ്രശസ്തമായ നാടകങ്ങളില്‍ ഈ ദമ്പതികളുടെ അസാധാരണമായ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ് നമ്മള്‍.
പത്തോളം സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും തന്റെ അഭിനയമിഴിവ് തെളിയിച്ചിട്ടുള്ള ഈ അഭിനേത്രിക്ക് എണ്ണിയാലൊതുങ്ങാത്ത സംഘടനകളുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തോപ്പില്‍ ഭാസി, കെ. ടി. മുഹമ്മദ്, എന്‍. എന്‍. പിള്ള, ടി. എന്‍. ഗോപിനാഥന്‍ നായര്‍ തുടങ്ങിയ ഭീക്ഷ്മാചാര്യന്മാരുടെ നാടകങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേത്രി പട്ടം അലങ്കരിച്ചിരുന്ന ചരിത്രവും ഇവരുടെ അഭിനയയാത്രയുടെ അധ്യാങ്ങളാണ്. കൂടാതെ ‘ലൂസിഫര്‍’ നാടകത്തിലെ അഭിനയത്തിന് 1973 ലെ സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാര്‍ഡും രാധേച്ചിക്കുതന്നെയായിരുന്നു.
സൗമ്യ ഭാവമാകട്ടെ, രൗദ്രഭാവപ്പകര്‍ച്ചകള്‍ തിമിര്‍ത്തു പെയ്യുന്നതാകട്ടെ, ഹാസ്യപ്രധാനമുള്ള കൂട്ടുരംഗങ്ങളാകട്ടെ, ശോകത്തിന്റെ അലകള്‍ കൊഴിഞ്ഞുവീഴുന്ന രംഗങ്ങളിലാകട്ടെ ഏത് തരത്തിലുള്ള കഥാപാത്രവേഷവും രാധേച്ചിയുടെ കരങ്ങളില്‍ കടുകിടപോലും വ്യതിചലിക്കാതെ നിറഞ്ഞുതുളുമ്പുന്ന അഭിനയ പാടവം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് മലയാളപ്രേക്ഷകര്‍.










