LIMA WORLD LIBRARY

പ്രണയം ഒരു പ്രാണവേദന അനുഭവം – ജയന്‍ വര്‍ഗീസ് (Jayan Varghese)

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തില്‍ പങ്കെടുത്തു കൊണ്ട് അക്കാദമി ആസ്ഥാനമായ മോഡല്‍ റീജിയണല്‍ തീയറ്ററില്‍ ( തൃശൂര്‍ ) അവതരിപ്പിക്കുകയും ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്ത ‘ ആലയം താവളം ‘ എന്ന എന്റെ നാടകത്തിന് തൃശൂര്‍ എറണാകുളം ഇടുക്കി ജില്ലകളിലായി ഏതാനും ബുക്കിങ്ങുകള്‍ കിട്ടിയിരുന്നു. തൃശൂര്‍ ജില്ലയിലെ അവതരണങ്ങളുടെ ഉത്ഘാടനം വെള്ളിക്കുളങ്ങരയില്‍ വച്ച് നിര്‍വഹിച്ചത് പ്രിയപ്പെട്ട നടന്‍ ശ്രീ മാള അരവിന്ദനായിരുന്നു.

അണിയറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ ഗ്രീന്‍ റൂമില്‍ ആയിരിക്കുമ്പോള്‍ ഒരു വിശിഷ്ട അഥിതി എന്നെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഞാന്‍ ചെന്നു കണ്ടു.

വെളുത്തു സുമുഖനായ, കറുത്ത താടി രോമങ്ങളില്‍ പകുതിലേറെയും വെള്ളിക്കമ്പികള്‍ ആയിത്തീര്‍ന്ന, കാവി മുണ്ടുടുത്തു മറ്റൊരു കാവിമുണ്ടു പുതച്ച, തോളത്തു തൂങ്ങുന്ന തടിച്ച തുണിസഞ്ചിയുമായി, ധാരാളമായ തന്റെ സുഹൃത്തക്കളെ ആലിംഗനം ചെയ്യുകയും, അതിന്റെ ആവേശത്തില്‍ ചിലപ്പോഴൊക്കെ വീഴാന്‍ പോവുകയും ചെയ്യുന്ന ഒരു സുസ്മേര വദനനെയാണ് ഞാന്‍ കാണുന്നത്. ‘ ഞാന്‍ സുരാസു. ‘ എന്ന് പറഞ്ഞ് അദ്ദേഹം എന്റെ കൈ പിടിച്ചു കുലുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാടക ജീനിയസ്സായ സുരാസുവാണെന്ന് ഞാനറിഞ്ഞിരുന്നു. എന്റെ നാടകം കാണണമെന്നുള്ള എന്റെ അപേക്ഷ തന്റെ തിരക്ക് മൂലം അദ്ദേഹം നിരാകരിച്ചുവെങ്കിലും, ‘ കുറച്ചു നേരം കാണാം ‘ എന്നാശ്വസിപ്പിച്ച് അദ്ദേഹമെന്നെ തിരിച്ചയച്ചു. ( ഒന്നാം രംഗം തീരുന്നതു വരെ തറയിലിരുന്നു നാടകം കണ്ട അദ്ദേഹം അതിനു ശേഷം തന്റ സഞ്ചിയുമായി എങ്ങോ മറഞ്ഞു എന്ന് പിന്നീടറിഞ്ഞു.)

മറ്റൊരു നാടക ജീനിയസ്സായ ശ്രീ സിവിക് ചന്ദ്രനെ ഞാന്‍ പരിചയപ്പെടുന്നതും, തൃശൂര്‍ ജില്ലയിലെ തന്നെ മറ്റൊരു നാടകാവതരണ സ്ഥലത്തു ‘വച്ചായിരുന്നു. സംവിധായകന്‍ പോള്‍ കോട്ടിലിന്റെ സുഹൃത്തായിരുന്ന അദ്ദേഹം നാടകം കാണാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീ നവാബ് രാജേന്ദ്രന്‍ ആയിരുന്നുവോ എന്ന് സംശയമുണ്ട് ; ഉറപ്പില്ല.) ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുമ്പോള്‍, താന്‍ വിപ്ലവ നാടകമായ ‘ പടയണി ‘ യുടെ പ്രവര്‍ത്തനത്തിലാണെന്നും, കഴിയുമെങ്കില്‍ അതുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുവെങ്കിലും, എനിക്ക് സാധിച്ചില്ല.)

എന്റെ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കര്‍ശനമായി ഞാന്‍ നടപ്പിലാക്കിയ ചില നിയമങ്ങളുണ്ടായിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പുകളിലോ, നാടകാവതരണ വേദികളിലോ മദ്യപിച്ചു കൊണ്ട് പങ്കെടുക്കരുത് എന്നതായിരുന്നു അതിലൊന്ന്. ക്യാമ്പില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് വാക്കിലും, നോക്കിലും മാന്യത പുലര്‍ത്തണം എന്നുള്ളതായിരുന്നു മറ്റൊന്ന്. ഞാനുള്‍പ്പടെയുള്ള സാധാരണ മനുഷ്യര്‍ ശീലങ്ങളുടെയും, ദൗര്‍ബല്യങ്ങളുടെയും അടിമകളാണ് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ആ ശീലങ്ങള്‍ വിളവിറക്കുന്നതിനുള്ള നിലങ്ങളാക്കി പവിത്രമായ നാടക വേദിയെ ദുരുപയോഗപ്പെടുത്തരുത് എന്നതായിരുന്നു പ്രധാന നിബന്ധന.

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന തല നാടക മത്സരങ്ങളില്‍ പങ്കെടുത്തു കൊണ്ട് അടുത്തടുത്ത രണ്ടു ടേമുകളില്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ അസ്ത്രം, ആലയം താവളം എന്നീ ‘ രണ്ടു നാടകങ്ങളുടെയും രചയിതാവ് ഞാന്‍ ആയിരുന്നത് കൊണ്ട് എന്റെ കര്‍ശനമായ നിയന്ത്രണവും, സ്വാധീനവും ട്രൂപ്പിന്മേല്‍ ഉണ്ടായിരുന്നു. അസ്ത്രം അവതരിപ്പിച്ച ‘ ജ്വാല ‘ യുടെ രക്ഷാധികാരി തന്നെ ഞാനായിരുന്നുവല്ലോ? ‘ അക്രോപോളീസ് ‘ തൃശൂരിലെ പിള്ളേര്‍ രൂപീകരിച്ചതാണെങ്കിലും, എന്റെ നാടകങ്ങള്‍ അവതരിപ്പിച്ച സമയങ്ങളില്‍ എല്ലാം ഞാന്‍ തന്നെയായിരുന്നു അവസാന വാക്ക്. ആലയം താവളത്തിന്റെ അക്കാദമി അവതരണത്തിന് വേണ്ടിവന്ന തുകയുടെ നല്ലൊരു ഭാഗം ചെലവഴിച്ചതും ഞാനായിരുന്നു.

( രണ്ടായിരത്തി അഞ്ഞൂറില്പരം വര്‍ഷങ്ങളായി, അതായത് ക്രിസ്തുവിനും അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് മൂതല്‍ നിലനില്‍ക്കുന്ന നാടകം എന്ന ഈ കലാരൂപം പുരാതന ഗ്രീക്ക് സംസ്‌കൃതിയില്‍ ദൈവാരാധനക്ക് വേണ്ടി ക്ഷേത്രങ്ങളില്‍ നേരിട്ട് സമര്‍പ്പിക്കപ്പെട്ട നെവേദ്യങ്ങള്‍ ആയിരുന്നു എന്നതാണ് ചരിത്ര സത്യം. പുരാതന ഭാരതീയ സംസ്‌കൃതിയിലും, മറ്റു ലോക സംസ്‌കൃതികളിലും ദൈവാരാധനയുടെ ഭാഗമായിട്ടോ, ദൈവീക പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനോ, ദൈവ സാന്നിധ്യം അറിയിക്കുന്നതിനോ ഒക്കെ വേണ്ടിയിട്ടായിരുന്നു നാടക അവതരണങ്ങള്‍. പുരാതന ഗ്രീക്ക് നാടകങ്ങളുടെ രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇന്നും പള്ളികളില്‍ അവതരിപ്പിക്കപ്പെടുന്ന കുര്‍ബാന എന്ന കലാരൂപം. ക്രിസ്തുവിന്റെ ജീവിതവും, പ്രവര്‍ത്തികളും പ്രത്യേക വേദിയില്‍, പ്രത്യേക വേഷം ധരിച്ചു നില്‍ക്കുന്ന പുരോഹിതന്‍ എന്ന അഭിനേതാവ്, സഹായികളുടെയും, കര്‍ട്ടന്റെയും, മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ അyഭിനയിച്ചു കാണിക്കുക എന്നതാണല്ലോ അവിടെ നടക്കുന്നത്.

മനുഷ്യ വംശ ചരിത്രത്തിലെ എത്രയോ പ്രതിഭാ ശാലികള്‍ ഈ കലാരൂപവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.? ഭാരതതീയാചാര്യന്മാരായ ഭാസനും, കാളിദാസനും മാത്രമല്ലാ, പാശ്ചാത്യ ദേശങ്ങളില്‍ നിന്നുള്ള സോഫോക്‌ളീസും, യൂറിപ്പിഡീസും, യെസ് കൈലസും, അരിസ്റ്റോഫനീസും മുതല്‍ ഷേക്‌സ്പിയറും ഇബ്സണും, ബര്‍ണാഡ്ഷായും ബ്രഷ്തും, സാമുവല്‍ ബക്കറ്റും, വരെയുള്ള മഹാ രഥന്മാര്‍ നടന്നു പോയ വഴിയിലൂടെയാണ് ഓരോ നാടക പ്രവര്‍ത്തകനും നടക്കുന്നത് എന്ന ഒരു അവബോധം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു എന്നതിനാലാവാം, പിള്ളേര് കളിക്കുള്ള ഒരു തമാശക്കളമായി നാടക വേദിയെ കാണാന്‍ എനിക്ക് കഴിയാതെ പോയത് എന്നാണു ഞാന്‍ സ്വയം ആശ്വസിക്കുന്നത്.

ഏതൊരു കാലഘട്ടങ്ങളിലെയും നാടകങ്ങള്‍ക്ക് സമകാലീന ജീവിത പരിസരങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കു കാരണമായിത്തീരാന്‍ സാധിക്കുമെന്നതു കൊണ്ട് , നമ്മുടെ നാടക പരിസരങ്ങള്‍ ജീവിത വിശുദ്ധി വിളയാടുന്ന സമര്‍പ്പണ വേദികള്‍ ആയിരിക്കണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിരുന്നത് എന്റെ സബോര്‍ഡിനേറ്റുകള്‍ അക്ഷരം പ്രതി പാലിച്ചിരുന്നു എന്ന സത്യം അവരോടുള്ള എല്ലാ സ്‌നേഹാദരവുകളോടെയും ഇവിടെ അനുസ്മരിക്കുന്നു. എന്റെ പെരുമാറ്റത്തില്‍ ഉണ്ടായേക്കാവുന്ന ചെറിയ പാളിച്ചകള്‍ പോലും നിയമത്തിന്റെ ഈ നൂല്‍ച്ചരട് പൊട്ടിച്ചു കളഞ്ഞേക്കാം എന്ന തിരിച്ചറിവോടെ വളരെ കരുതലോടെയാണ് ഞാനും പെരുമാറിയിരുന്നത്. ഇതുമൂലമാവാം, അനിര്‍വചനീയമായ ഒരു സുഹൃത് ബന്ധവും, കൂട്ടായ്മയും, കെട്ടുറപ്പും ഞങ്ങളുടെ സമിതികളില്‍ നില നിന്നിരുന്നു.

മദ്ധ്യ കേരളത്തിലെ നാടക പ്രവര്‍ത്തകര്‍ക്ക് ഗുരൂ തുല്യനായിരുന്ന ശ്രീ ആര്‍.സി. ബാലന്‍ ഞങ്ങളോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ശബ്ദവും വെളിച്ചവും സെറ്റും മ്യൂസിക്കും ബാലന്റെ ചുമതലയില്‍ ആയിരുന്നു.
നാടകാവതരണങ്ങള്‍ നന്നായി നടക്കുന്ന കാലത്ത് പണം പങ്കു വയ്ക്കുന്നതിനെക്കുറിച്ചുള്ള ബാലന്റെ ചില നിര്‍ദ്ദേശങ്ങള്‍ വന്നു. ആയിരം രൂപയാണ് ഒരു നാടക അവതരണത്തിന് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. അതില്‍ സെറ്റ്, മേക്കപ്പ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, മ്യൂസിക്, ലേഡീസ്, എന്നിവയുടെ നിശ്ചിത നിരക്കുകള്‍ കഴിച്ചു ബാക്കി വരുന്നതില്‍ മൂക്കന് എഴുപത്തി അഞ്ച്, തൊടുപുഴയിലെയും, തൃശൂര്‍ സൈഡിലേയും മുന്‍പരിചയമുള്ളവര്‍ക്ക് അന്‍പതു വീതം, തൃശൂരില്‍ നിന്നുള്ള പുതു മുഖങ്ങള്‍ ആയിട്ടുള്ളവര്‍ക്ക് ഇരപത്തി അഞ്ചു വീതം. ഇതായിരുന്നു നിരക്ക്. എല്ലാം കൊടുത്തു കഴിയുമ്പോള്‍ എനിക്കും കിട്ടിയിരുന്നു നൂറു രൂപ.

ബാലന്റെ പുതിയ നിര്‍ദ്ദേശത്തില്‍ മൂക്കന് നൂറു രൂപയും, തൊടുപുഴ സൈഡിലുള്ള മറ്റുള്ളവര്‍ക്ക് എഴുപത്തി അഞ്ചു രൂപ വീതവും വേണം എന്ന ആവശ്യം വന്നു. അങ്ങിനെ കൊടുത്താല്‍ തൃശൂരില്‍ നിന്നുള്ളവര്‍ക്ക് ഒന്നും തന്നെ കിട്ടാതെ വരും എന്ന എന്റെ വാദം ബാലന്‍ തള്ളി. തൊടുപുഴയിലുള്ളവര്‍ പ്രൊഫഷണലുകള്‍ ആണെന്നും, പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടുന്നതാണ് വലിയ കാര്യം എന്നുമാണ് ബാലന്റെ പക്ഷം. ഇത് സമ്മതിക്കാന്‍ സാധ്യമല്ലെന്നു ഞാന്‍ പറഞ്ഞതോടെ ടീമിന്റെ കെട്ടുറപ്പില്‍ ഒരു വിള്ളല്‍ വീഴുകയും ക്രമേണ അത് വളര്‍ന്ന് സമിതീയുടെ തന്നെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.

കിട്ടിയ ബുക്കിങ്ങുകളില്‍ രണ്ടെണ്ണം കൂടി ബാക്കിയുണ്ട്. ചാലക്കുടി കലാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടേതാണ് ഒന്ന്. രണ്ടാമത്തേത് തൊടുപുഴ ടൌണ്‍ ഹാളില്‍ ബാലന്റെ സുഹൃത്തും, പില്‍ക്കാലത്ത് സിനിമാ അഭിനയത്തില്‍ എത്തിപ്പെട്ട ആളുമായ ശ്രീ ആന്റണി മാത്യു കോണ്‍ട്രാക്ട് ചെയ്തിട്ടുള്ളത്.

( വര്‍ഷങ്ങള്‍ക്ക് ശേഷം എന്നോടൊപ്പം ശ്രീ ആന്റണി മാത്യുവും കൂടി പേട്രണ്‍ പാനലില്‍ ഉള്‍പ്പെട്ട ‘ ഉത്സവ് ‘ എന്ന സാംസ്‌കാരിക സംഘടനയുടെ പരിപാടിയായി ‘ ‘ജ്യോതിര്‍ഗമയ ‘ എന്ന എന്റെ നാടകം ന്യൂ യോര്‍ക്കില്‍ ഫ്‌ളഷിങ്ങിലെ ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചപ്പോള്‍ ശ്രീ ആന്റണി മാത്യു ആയിരുന്നു സംവിധായകന്‍ )
ചാലക്കുടി കലയില്‍ വച്ച് അക്കാദമി അവാര്‍ഡ് വിന്നേഴ്സ് എന്ന നിലയില്‍ എനിക്കും, മൂക്കനും, കമലത്തിനും സ്വീകരണവും ഒരുക്കിയിട്ടുണ്ട്. അതിനു ശേഷമാണ് നാടകം. ഞാനുള്‍പ്പടെ തെക്കന്‍ ഭാഗത്തു നിന്നുള്ളവര്‍ ബസ്സിലാണ് സ്ഥലത്തെത്തിയത്.

ചാലക്കുടി കലാ ഓഡിറ്റോറിയത്തിന്റെ കസ്റ്റോഡിയന്‍ ആയി പ്രവര്‍ത്തിക്കുന്ന അറുപതിനും, എഴുപതിനും ഇടയില്‍ പ്രായമുള്ള ഒരു റപ്പായിച്ചേട്ടന്‍ എന്നെ വിടാതെ പിന്തുടരുകയാണ്. ഞാന്‍ നോക്കുമ്പോള്‍ ആള്‍ ഒന്ന് പുഞ്ചിരിക്കുകയും, വലതു കൈത്തലം തലയോളം ഉയര്‍ത്തി ഒന്ന് അഭിവാദ്യം ചെയ്യുകയും ചെയ്യും. പല തവണ ഇതാവര്‍ത്തിച്ചപ്പോള്‍ എനിക്കും ജിജ്ഞാസയായി. കാരണം അന്വേഷിച്ചപ്പോള്‍ വെള്ളിക്കുളങ്ങരയില്‍ വച്ച് അദ്ദേഹം നാടകം കണ്ടിരുന്നുവെന്നും, ചാലക്കുടി കലയില്‍ അക്കാലത്ത് അവതരിപ്പിച്ച എല്ലാ പ്രൊഫഷണല്‍ നാടകങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും, ഇത് പോലൊരു നാടകം ജീവിതത്തില്‍ ആദ്യം കാണുകയാണെന്നും, ഇതെഴുതിയ എന്റെ കാല്‍ തൊട്ടു നിറുകയില്‍ വയ്ക്കണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ശരിക്കും ഞാന്‍ നാണിച്ചു പോയി. എന്റെ വല്യാപ്പനാവാന്‍ പ്രായമുള്ള ഒരാള്‍. അദ്ദേഹത്തിന് എന്റെ കാല്‍ തൊട്ടു നിറുകയില്‍ വയ്ക്കണമത്രേ ! എന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ട് അദ്ദേഹം എന്റെ കാല്‍ തൊട്ടു നിറുകയില്‍ വച്ചു. ഞെട്ടിത്തെറിച്ചു പോയ ഞാന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് എന്റെ നെറുകയിലും വച്ചു. ഈ മനുഷ്യന് വട്ടായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ അദ്ദേഹം ഒരു വലിയ വീട്ടിലെ അംഗമായിരുന്നുവെന്നും, വിവാഹം കഴിക്കാഞ്ഞതിനാല്‍ ഒറ്റയ്ക്ക് ജീവിക്കുകയാണെന്നും, തനിക്കു നല്ലതെന്ന് തോന്നുന്ന എല്ലാറ്റിനെയും ആരാധിച്ചു നടക്കുന്നയാളാണെന്നും, ഇപ്പോള്‍ ‘ കല ‘ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ജീവാത്മാവായി പ്രവര്‍ത്തിക്കുകയാണെന്നും, തനിക്കു ബഹുമാനം തോന്നുന്നവരോട് ഇതാണ് പെരുമാറ്റ രീതി എന്നും മനസ്സിലായി.

കലാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ചെറിയ സ്വീകരണ യോഗത്തില്‍ എല്ലാവര്‍ക്കും വേണ്ടി നന്ദി പറഞ്ഞത് ഞാനായിരുന്നു. കലയുടെ ഉപഹാരമായി ഓരോ പൂച്ചെണ്ട് ഞങ്ങള്‍ക്ക് കിട്ടി. യോഗാനന്തരം നടന്ന നാടകാവതരണം നല്ല വിജയമായിരുന്നു. അതിരാവിലെയുള്ള ഒരു തിരുവനന്തപുരം ഫാസ്റ്റിനാണ് ഞങ്ങള്‍ മടങ്ങിപ്പോന്നത്. ബസ്സില്‍ അല്‍പ്പം തിരക്കുണ്ടായിരുന്നു. കമലക്കും, ശോഭക്കുമായി ഒരു സീറ്റു തരപ്പെട്ടു . ഞാന്‍ എത്ര നിരസിച്ചിട്ടും ബാലന്‍ നിര്‍ബന്ധിച്ചു ബലമായി ആ പെണ്‍കുട്ടികളുടെ നടുവില്‍ എന്നെ പിടിച്ചിരുത്തി. മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുവാനുള്ള എന്റെ ശ്രമങ്ങളെ ബാലന്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തി.

രണ്ടു പേര്‍ക്കുള്ള ഒരു സീറ്റില്‍ യുവതികളും,സുന്ദരികളുമായ രണ്ടു പെണ്‍കുട്ടികളുടെ നടുവില്‍ യുവാവായ ഞാന്‍. സൂപ്പര്‍ ഫാസ്റ്റിന്റെ അതിവേതയിലുള്ള ഓട്ടം. ആ ഓട്ടത്തില്‍ ഉലയുന്ന ബസ്സിന്റെ താളത്തിനൊപ്പം ആരും കൊതിച്ചു പോകുന്ന ശോഭയുടെ അംഗ ലാവണ്യം എന്റെ ശരീരത്തില്‍ നൃത്തം വയ്ക്കുന്നത് ഞാനറിയുന്നുണ്ട്. ഞാന്‍ നടപ്പിലാക്കിയ നിയമങ്ങളോട് ഞാന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കാനാണ് ബാലന്‍ ഇത് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. എന്റെ വ്യക്തിഗത ബലഹീനതകള്‍ വിളവിറക്കാനുള്ള വേദിയല്ല നാടകം എന്ന് മുന്നമേ തിരിച്ചറിഞ്ഞു നടപ്പിലാക്കിയിരുന്ന ഞാന്‍ തികഞ്ഞ മാന്യതയോടെ ആ പെണ്‍കുട്ടികള്‍ക്ക് നടുവിലിരുന്നു യാത്ര ചെയ്ത് മൂവാറ്റുപുഴയിലെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലിറങ്ങി വീട്ടില്‍പ്പോന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇരുപത് വയസ്സുകാരിയും, അതി സുന്ദരിയുമായ ശോഭയുടെ ഒരു കത്ത് എനിക്ക് കിട്ടി. ആ കത്തില്‍ ശോഭക്ക് എന്നോട് പ്രണയമാണെന്നും, എന്നോടൊത്തു ജീവിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്നും, ഞാന്‍ വിവാഹിതനാണ് എന്നത് ഒരു പ്രശ്നമല്ലെന്നും, അവളുടെ മാതാ പിതാക്കളെ ഏക മകളായ അവള്‍ സമ്മതിപ്പിച്ചു കൊള്ളാമെന്നും, എത്രയും വേഗം പാലായിലെത്തി അവളെ കാണണം എന്നുമായിരുന്നു കത്ത്.

സത്യം പറഞ്ഞാല്‍ എന്റെ ഹൃദയം പിടയുക തന്നെ ചെയ്തു. നാടകം മുഖാന്തിരം ബന്ധപ്പെട്ട ഒരു പെണ്‍കുട്ടി അല്ലായിരുന്നു ശോഭയെങ്കില്‍ ഒരുപക്ഷെ ഞാന്‍ പാലായ്ക്ക് പോയി അവളെ സന്ധിക്കുമായിരുന്നു എന്നാണ് അന്നും, ഇന്നും എനിക്ക് തോന്നുന്നത്. നാടകം ഒരു വിശുദ്ധ വേദിയായി കണക്കാക്കുന്ന ഞാന്‍ ആ വേദി സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയില്ല എന്ന എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന് കൊണ്ട് ആ വഴി പോയില്ല.

തൊടുപുഴ ടൗണ്‍ ഹാളിലെ അവതരണത്തിനായി വിളിക്കുമ്പോള്‍ ഇനി തന്‍ വരുന്നില്ലെന്ന് ശോഭ തീര്‍ത്ത് പറഞ്ഞു. മറ്റാരും ഒന്നും അറിഞ്ഞില്ലെങ്കിലും എത്രമാത്രം ആഴത്തിലുള്ള ഒരു പ്രണയമാണ് ആ കിളുന്ത് പെണ്‍കുട്ടിക്ക് എന്നോട് ഉണ്ടായിരുന്നതെന്നും അത് നിരസിക്കപ്പെട്ടപ്പോള്‍ എത്ര വലിയ പ്രാണ വേദനയാണ് അവള്‍ അനുഭവിച്ചതെന്നും നിസ്സഹായതയോടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഇവിടെ ഒന്ന് പറയാം.
പ്രണയം ഒരു പ്രാണ വേദന തന്നെയാണ്.. സാമൂഹ്യാവസ്ഥയുടെ അഴിക്കൂടുകളില്‍ വികാരങ്ങളുടെ മനയോല കൊറിച്ചു മോഹങ്ങള്‍ക്ക് പതം വരുത്തി മാന്യതയുടെ സുരക്ഷിതപ്പുതപ്പ് വാരിചുറ്റി ജീവിക്കുന്ന കൂട്ടിലിട്ട തത്തകളെപ്പോലെയാണ് മനുഷ്യര്‍. അവരില്‍ ഒരാള്‍ മാത്രമാണ് ഞാനും.

* ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളില്‍ നിന്ന്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts