ആകാശം നിറയെ പൊന്‍ചെമ്പകം പൂവിട്ട
ഒരു വസന്തകാലത്തിന്റെ
കുഞ്ഞായിരുന്നു അവള്‍. വനമുല്ലയുടെ
ഗന്ധം പേറും ഹൃദയവുമായി പിറന്നവള്‍.
ഒരു അപ്പൂപ്പന്‍താടിയായി
ഇളംതെന്നലില്‍ പറന്നവള്‍.
കാലപ്രവാഹത്തില്‍ ഒരു
മണലാരണ്യത്തിലെ പച്ചയായ് മുളച്ചു
പൊന്തുവാനായിരുന്നു അവളുടെ
ജന്മനിയോഗം.
ഒരു ഇലമുളച്ചിയുടെ
‘അവസാനത്തെ ഇല’ യില്‍
നിന്നും മരുവിലൊരു
വസന്തം പടര്‍ത്തുവാന്‍
ദൈവം കാത്തുവെച്ചൊരു
വിത്തായിരുന്നു അവള്‍.
കല്ലിലും പുല്‍നാമ്പിലും ഉര്‍വരതയുടെ
ദേവതയെ ഉപാസിച്ചവളുടെ മിഴികളില്‍
ഋതുക്കള്‍ മാറിയതേയില്ല. നോക്കെത്താ
ദൂരം അവള്‍ മരുപ്പച്ചയെ സ്വപ്നം കണ്ടു.
മഞ്ഞിലും മഴയിലും വെയിലിലും
മഞ്ഞപ്പൂക്കള്‍ തോരാതെ പെയ്ത ഒരു
കര്‍ണ്ണികാര വൃക്ഷത്തണലില്‍
നിലയ്ക്കാത്ത വസന്തത്തിനായ് അവള്‍
ഏകാന്ത തപസ്സു ചെയ്തു.












