പ്രിയശിഷ്യൻ – രാഘവനുണ്ണി
ദാമോദരക്കുറുപ്പിൻ്റെ ശിഷ്യരിൽ മിടുക്കനായ കുട്ടിയായിരുന്നു രാഘവനുണ്ണി.സ്കൂൾ അവധികളിൽ രാഘവനുണ്ണിയും കൂട്ടരും കഥകളിപ്പദങ്ങൾ ആടി പഠിക്കുമ്പോൾ നളിനിയും കൂടെ മൂന്ന് നാല് കുട്ടികളും ഭരതനാട്യവും മോഹിനിയാട്ടവും തിരഞ്ഞെടുത്തു. എന്നാൽ പത്താം ക്ലാസ്സ് കഴിഞ്ഞ് നളിനി നങ്ങ്യാർകൂത്തിന് പിന്നാലെ പോയി. മകളുടെ ഇഷ്ടം ഏതാണോ അതാകട്ടെ എന്നായിരുന്നു ദാമോദരക്കുറുപ്പിൻ്റെ അഭിപ്രായം.
സ്കൂൾ കലോൽസവങ്ങളിൽ രാഘവനുണ്ണിക്ക് കഥകളിയിൽ ഉയർന്ന സ്ഥാനം കിട്ടിയിരുന്നു. നളിനിയും മോശമായിരുന്നില്ല. അവരിരുവരും കലാമണ്ഡലത്തിൽ ചേർന്ന് തുടർപഠനം നടത്തി. ഒഴിവുകളിൽ നളിനിയുടെ വീട്ടിലെ കലാക്ഷേത്രത്തിലും ഇരുവരും കല അഭ്യസിച്ചിരുന്നു.
പിന്നെപ്പിന്നെ മുതിർന്ന കുട്ടികൾ അച്ഛനോടൊപ്പം പുറത്ത് പരിപാടികളിൽ പങ്കെടുക്കാനും തുടങ്ങി.അവരിൽ നളിനിയും രാഘവനുണ്ണിയുമായിരുന്നു നേതൃസ്ഥാനത്ത്. പരിപാടികൾക്കു പോകുമ്പോഴെല്ലാം നളിനിയുടെ ഏതു കാര്യത്തിനും ഓടി നടക്കാൻ കേശവനുണ്ട്. അതേ സമയം ഒരു കൈ അകലത്തിൽ ദാമോദരക്കുറുപ്പിനും വേണം കേശവനെ .നളിനിക്കെന്നും ഒരു സഹോദരൻ്റെ സ്ഥാനം കേശവനാൽ പൂർണ്ണമായിരുന്നു.
ഇതിനിടയിൽ നളിനിയും രാഘവനുണ്ണിയും തമ്മിൽ ഇഷ്ടത്തിലാവുകയായിരുന്നു എന്ന കാര്യത്തിൽ ദോഷം പറയാനാകില്ലല്ലൊ. ശിഷ്യരിൽ സമർത്ഥനെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുന്നതിൽ ദാമോദരക്കുറുപ്പിന് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ. തെക്കേടത്ത് തറവാട്ടുകാരും രാഘവനുണ്ണിയുടെ ഇഷ്ടം നിഷേധിച്ചില്ല.
(തുടരും)










