LIMA WORLD LIBRARY

കഥയെഴുത്ത് – ദീപ ബിബീഷ് നായർ

കൃഷ്ണൻ എന്നു പേരുള്ള കിഷൻ എന്നു നാട്ടുകാർ വിളിക്കുന്ന വീട്ടുകാരുടെ കിച്ചു എന്ന നമ്മുടെ കഥയിലെ നായകൻ രാവിലെ ഒരു അത്യാവശ്യ കാര്യം പറയാനായി അടുക്കളയിൽ ചെന്നു. പച്ചക്കറി അരിഞ്ഞു കൊണ്ട് നിൽക്കുന്ന ഭാര്യ രോഹിണിയോടായി പറഞ്ഞു, “ഒരു കഥയെഴുത്തു മത്സരം നടക്കുന്നു ഞങ്ങൾ സുഹൃത്തുക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ “, ഒന്നു ചിരിച്ചു കൊണ്ട് അയാൾ തുടർന്നു,
“ഞാനും ഒരു എഴുത്തുകാരനാണല്ലോ “,
ഭാര്യ തിരിഞ്ഞ് ദഹിക്കാത്ത മട്ടിൽ കിച്ചുവിനെ നോക്കി, “എന്താ അല്ലേ “?
കിച്ചു പുരികം ചുളിച്ചു…. “പിന്നെ ഒരു കാര്യം,എന്നെ ശല്യം ചെയ്യരുത്, എനിക്ക് വിശക്കുമ്പോൾ ഞാൻ പറയാം”. കിച്ചു തൻ്റെ റൂമിലേക്ക് നടന്നു. ഒരു പേനയും നാലഞ്ചു പേപ്പറുമെടുത്തു എഴുതാനിരുന്നു…

അല്ല, എന്തിനെക്കുറിച്ച് എഴുതണം, അവൻ ആലോചനയിലാണ്ടു. കൊറോണയെക്കുറിച്ചാകാം. ലോകം മുഴുവൻ നാശം വിതച്ചു കൊണ്ട്, മനുഷ്യരെ മരണത്തിൻ്റെ മുൾമുനയിൽ നിർത്തിയിരുന്ന കൊറോണയുടെ താണ്ഡവത്തെപ്പറ്റിയുള്ള ഒരു കഥയായാലോ, അതാകുമ്പോ നമ്മൾ അനുഭവിച്ചതുമാണ്. കൊറോണയെ തുരത്താൻ പ്രവാസികളെ ഓടിക്കാൻ തുനിഞ്ഞതും, ഒരു അടിയന്തരാവസ്ഥ പോലെ നാടുറങ്ങിയതും മറ്റും, ഇപ്പോഴോർക്കുമ്പോൾ തമാശയാണെങ്കിലും അതൊരു യുഗമായിരുന്നു , ഒത്തിരി എഴുതാനുമുണ്ട് , വിശാലമായിട്ടെഴുതാം, അല്ലെങ്കിൽ വേണ്ട, ഒട്ടുമിക്ക പേരും അതൊക്കെയാകും എഴുതുന്നത്.

അല്ലേൽ ഇപ്പോഴും നിലയ്ക്കാത്ത അഭയാർത്ഥി പ്രവാഹത്തെക്കുറിച്ചായാലോ? ഗാസയിലെ
യുദ്ധവും, മിസൈലും, രക്തക്കളവും അതിനിടയിൽ സ്വന്തം നാടും നഗരവും ഉപേക്ഷിച്ച്, കൺമുന്നിൽ ജീവിതം കത്തിയമരുന്നത് കണ്ട് പ്രാണനും കൊണ്ട് എവിടേയ്ക്കെന്നില്ലാതെ പലായനം ചെയ്യുന്നവർ….. അവരുടെ കദന കഥകളാണെങ്കിൽ ഏറെയുണ്ട്. ഏയ്… അതും വേണ്ട, എല്ലാവരും ചിലപ്പോൾ അതു തന്നെയാകും എഴുതുന്നത്. എഴുതുമ്പോൾ അത് കുറച്ച് എങ്കിലും പുതുമയുള്ളതാകണം.

പ്രവാസികളെക്കുറിച്ചായാലോ? സുഖങ്ങൾ വിറ്റ് സ്വപ്നങ്ങൾ നേടാനായി മരുഭൂമിയിൽ ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും കഴിച്ചുകൂട്ടുന്നവർ, ഒന്നിനുമൊരു പരിഭവവുമില്ലാതെ ജീവിക്കുന്നവർ, ഒന്നിനു പുറകെ ഒന്നായി വരുന്ന വീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റിക്കഴിയുമ്പോൾ ആർക്കും വേണ്ടാതെ ,ജീവിക്കേണ്ടി വരുന്ന പാവം മനുഷ്യർ… വേണ്ട… സൗഹൃദക്കൂട്ടായ്മയിൽ ഒത്തിരി പ്രവാസികളുണ്ട്, അവരെ ഞാനായിട്ട് വിഷമിപ്പിക്കണ്ട.

ലോട്ടറി ടിക്കറ്റ് വിറ്റ് നടന്നിരുന്ന അന്ധരായ ഭാര്യാഭർത്താക്കന്മാരുടെ കഥയായാലോ? ഭാഗ്യം വിറ്റ് ഭാഗ്യം കാത്തു കഴിഞ്ഞിരുന്ന ദമ്പതികൾ. “നാളെയാണ്,നാളെയാണ്, നാളെയാണ്… നാളത്തെ നറുക്കെടുപ്പ്, ഒന്നാം സമ്മാനം പത്തുലക്ഷം രൂപയും, ഒരു മാരുതിക്കാറും, ഭാഗ്യം നിങ്ങളുടെ പടിവാതിലിൽ” എന്ന ഉച്ചഭാഷിണിയുമായി മുഷിഞ്ഞ വസ്ത്രങ്ങളോടെ ഓരോ യാത്രികരുടേയും മുന്നിൽ ലോട്ടറി ടിക്കറ്റുമായി നടന്നിരുന്ന അവരെപ്പറ്റി എഴുതാം.. അല്ലെങ്കിൽ വേണ്ട… അതൊക്കെ ഒരു പാട് പഴയ കഥകളായിപ്പോകും, ഇന്ന് ആ കഥയൊന്നും ആർക്കും ഇഷ്ടമാകാനിടയില്ല.

നമ്മുടെ നാടിനെക്കുറിച്ചുതന്നെ എഴുതിയാലോ? ആ ഗ്രാമീണ ഭംഗിയും, ഹരിതാഭയും, വാസുവണ്ണൻ്റെ പീടികയും, ചുമടുതാങ്ങിയും, തോടും, പാടങ്ങളും, പള്ളിയും, അമ്പലവും…. ആഹാ….. അല്ലെങ്കിൽ വേണ്ട, അതൊക്കെ ഇപ്പോ എവിടെ കാണാനാണ്? മുന്നേ എത്രയോ തവണ എഴുതിക്കഴിഞ്ഞതാണ്. കുറേ യാഥാസ്ഥിതികരുണ്ട്, അവർക്ക് ‘നൊസ്റ്റു’ പിടിക്കത്തില്ല.

വടക്കേതിലെ മരിച്ചുപോയ പാവം ഭ്രാന്തിയമ്മയുടെ കഥ എഴുതിയാലോ? എന്നോ എവിടെയോ കളഞ്ഞു പോയ മനസും, കീറി മുറിക്കപ്പെട്ട ഹൃദയവും, കണ്ടാൽ പേടിപ്പെടുത്തുന്ന രൂപവും,എല്ലാവരാലും പരിഹാസപാത്രമായി തീർന്നിരുന്ന അവരുടെ കഥ എഴുതാം… ഏയ്, അല്ലെങ്കിൽ വേണ്ട, അവരുടെ കഥ ഈ നാട്ടിലെ കൊച്ചു കുട്ടികൾക്കുപോലുമറിയാവുന്നതാണ് ,അതൊട്ടും ശരിയാവില്ല.

ഇവിടുത്തെ അമ്പലത്തിന് പുറകിലായി ആളു താമസമില്ലാതെ നശിച്ചുപോയ ഒരു പഴയ ഇല്ലമുണ്ട്. കാടുപിടിച്ചു കിടക്കുന്ന ആ പ്രേതാലയത്തെക്കുറിച്ചായാലോ? പണ്ടെങ്ങോ കുടുംബത്തോടെ ആത്മഹത്യ ചെയ്ത അവരുടെ കഥകളും,അമാവാസി രാത്രിയിൽ അവിടെ നിന്നുമുയരുന്ന അപശബ്ദങ്ങളെക്കുറിച്ചുമായാലോ…. അതാകുമ്പൊ വായനക്കാരുടെ മനസ്സിൽ ഒരു ഇഷ്ടം തോന്നും. ഓഹ്.. വേണ്ട അല്ലെങ്കിൽ മരിച്ചു പോയവരെ എന്തിനാ തിരിച്ചുവിളിക്കുന്നത്?

ഇന്ന് നാട്ടിൽ നടക്കുന്ന പൊളിട്രിക്ക്സിനെക്കുറിച്ചായാലോ? എതിരാളികളെ എങ്ങനെയും താറടിച്ചു കാണിക്കുന്ന ഒരു കൂട്ടമാളുകൾ.. നാം കൊടുക്കുന്ന നികുതി കൊണ്ട് നമുക്ക് വേണ്ടി ഓരോന്നു നിർമ്മിച്ച് അതും സ്വന്തം പേരിലാക്കുന്ന വീരന്മാരെപ്പറ്റിയോ? ആരെങ്കിലും ഭക്ഷ്യവിഷബാധയിൽ മരിച്ചാൽ പിന്നെ നിർത്താതെ ഹോട്ടലുകളിൽ പരിശോധന, അപകടം പറ്റിയാൽ വാഹന പരിശോധന, അങ്ങനെ ഓരോ സംഭവങ്ങളുണ്ടാക്കാൻ കാത്തിരിക്കുന്ന അധികാരികളെക്കുറിച്ച്.. എല്ലാം വെറുതെ പ്രഹസനങ്ങളെന്നും എഴുതാം, അറിഞ്ഞിട്ടും അറിഞ്ഞില്ലാന്ന് നടിക്കുന്നവരുമറിയട്ടെ… അല്ലെങ്കിൽ വേണ്ട … പല കൂട്ടുകാർ, പല രാഷ്ട്രീയം, അതിനി കൂട്ടുകാർ തമ്മിലൊരു ഇഷ്ടക്കേടിന് ഇടയാക്കണ്ട..

ഏറ്റവും നല്ലത് സ്കൂൾ ജീവിതത്തെക്കുറിച്ചെഴുതാം.. അതാകുമ്പോൾ ഒരു പാടുണ്ട്. കൂടെ പഠിച്ച ഉമയും, അജ്മിയും, പിന്നെ കുറേ നാൾ പുറകെ നടന്നിട്ടും ഒന്നു നോക്കാതെ പോയ അനുവും, അവൾക്കായി കൊടുത്തു വിട്ട കത്ത് ആളുമാറിപ്പോയതും, പ്രിയകൂട്ടുകാരൻ മനസലിവു തോന്നി അവൻ്റെ സൈക്കിൾ അവളുടെ പുറകെ കറങ്ങി നടക്കാൻ തന്നതും…. അതൊക്കെ ആലോചിച്ചപ്പോൾ തന്നെ ഒരു കുളിര്…. ദൈവമേ, ആ കഥ ഇവളെങ്ങാനും വായിച്ചാൽ അതോടെ എൻ്റെ കഥ തീരും…

ആലോചിച്ചതേയുള്ളു, ഉടനെ കേട്ടു രോഹിണിയുടെ അടുത്തടുത്തു വരുന്ന ശബ്ദം…. “നേരം വെളുത്തപ്പോ തുടങ്ങിയതാ, ഒരു പേപ്പറും പേനയും പിടിച്ചു കൊണ്ട്…. പേപ്പറിലേയ്ക്ക് എത്തിനോക്കിക്കൊണ്ട് അവൾ പറഞ്ഞു. “ഇതേൽ ഒന്നും എഴുതിയില്ലല്ലോ? വച്ചിട്ട് വാ മനുഷ്യാ, വല്ലതും കഴിക്കാം. ഇതുപോലെ കഥയില്ലാത്ത ഒരു മനുഷ്യനെയാണല്ലോ ദൈവമേ എനിക്കു കിട്ടിയത്……..” അവൾ പറയുന്നതു കേട്ട് അവന്റെ മുഖത്തുണ്ടായ ഭാവം നവരസത്തിലൊന്നുമുള്ളതായിരുന്നില്ല.
‘ഇനി വല്ലതും കഴിച്ചിട്ടാലോചിക്കാം
അല്ലേ’….. അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px