LIMA WORLD LIBRARY

യാത്ര (ഗദ്യകവിത) – എം. തങ്കച്ചൻ ജോസഫ്

സ്വയം പ്രകാശിക്കുന്ന

പവിഴമുത്തുകൾ പോലെയുള്ള

നിന്റെ അക്ഷരങ്ങൾക്കുമ്മ

നൽകിയാണ്

ഞാനുറങ്ങിയിരുന്നത്.

 

അക്ഷരങ്ങൾക്കു പുറകിലെ

നിഴലുകൾ തേടി

ഞാൻ യാത്ര

ചെയ്തിരുന്നു.

 

നീയറിഞ്ഞിരുന്നില്ലങ്കിലും

എന്റെ പാതകൾ

തീരുന്നത് നിന്റെ ഹൃദയ

വാതായനങ്ങളിൽ ആയിരുന്നു.

 

അലയടിക്കുന്ന

കടലിരമ്പം എനിക്കവിടെ

കേൾക്കാമായിരുന്നു.നിറംമങ്ങിയ, നിന്റെ

പൂവാടിയിലെ മലരുകൾ

എന്നോട് പരിഭവം

പറഞ്ഞിരുന്നു.

 

വർഷമേഘങ്ങളെ തേടുന്ന

ചുടുമണലാരണ്യങ്ങളെ

ഞാനവിടെ കണ്ടിരുന്നു.

 

ശിലകളെപ്പോലും ഉരുക്കുന്ന

ചുട് താപത്തിന്റെ ബാഷ്പങ്ങൾ

അവിടെ ഉയരുന്നുണ്ടായിരുന്നു.

 

നീയറിയാതെ ഞാൻ

യാത്ര മടങ്ങുമ്പോൾ,

കൺകണ്ട കാഴ്ചകൾ

കൊണ്ട് നീ അക്ഷരഹാരം

തീർക്കുകയായിരുന്നു.

നഷ്ടസ്വപ്നങ്ങളുടെ

പുനർ വായനക്കായി

അക്ഷരങ്ങൾ തേടി

ഞാനും യാത്രയായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px