അന്ന് റെയിൽവേ സ്റ്റേഷനിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു.
ചലിച്ചു തുടങ്ങിയ ട്രെയിനിൽ കയറാനായി ശിവനന്ദൻ ഓടുകയായിരുന്നു. ഒരു ബോഗിയുടെ അടഞ്ഞ വാതിലിന്റെ പിടിയിൽ അവൻ ചാടി പിടിച്ച് അകത്തേക്ക് കയറാൻ ശ്രമിച്ചു. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.
അപസ്മാര രോഗത്തിൻറെ പിടിയിൽ നിയന്ത്രണം വിട്ട് വാതിൽ പടിയിൽ മുറുകെപ്പിടിച്ച കൈകളുമായി ശിവനന്ദൻ വിറച്ചു തുള്ളി. വായിൽ നിന്ന് അവ്യക്ത ശബ്ദങ്ങൾ പുറത്തുവന്നുകൊണ്ടിരുന്നു.
“മതത്തിൻറെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന ചില ചരടുകൾ, മഞ്ഞ് കറുപ്പ് ,ചുവപ്പ് നിറങ്ങളിലുള്ളവ; അവൻറെകൈകളിൽ അണിഞ്ഞിരുന്നു. അവ വിശ്വാസത്തിൻറെ ചരടുകൾ ആയിരുന്നില്ല;
മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റുന്ന മുൻവിധികളുടെ കെട്ടുകൾ ആയിരുന്നു”.
യാത്രയാക്കാൻ വന്നവരെല്ലാം മടങ്ങിപ്പോയിരുന്നു.
അപ്പോഴാണ് ഭർത്താവിനെ യാത്രയാക്കിയതിനു ശേഷം മടങ്ങി പോവുകയായിരുന്ന ആയിഷയും മകൻ യൂസഫും ആ കാഴ്ച കണ്ടത്.
“ഉമ്മ….. അയാൾക്ക് എന്തോ സംഭവിച്ചിരിക്കുന്നു…”
ഐഷ ഒരു നിമിഷം പോലും ചിന്തിച്ചില്ല. “വേഗം….. വേഗം….
കുറച്ചു വേഗത്തിൽ ചലിക്കാൻ തുടങ്ങിയ ട്രെയിൻ ഒപ്പം അവൾ ഓടി. വാതിൽ പടിയിൽ മുറുകെ പിടിച്ചിരുന്ന ശിവനന്ദൻറെ കൈകളിൽ യൂസഫ് പിടിച്ചു.
സൂക്ഷിച്ചു മോനെ…. വീഴല്ലേ….. ഇരുവരും ചേർന്ന് സാഹസികമായി ശിവനന്ദനെ സുരക്ഷിതമായി താഴെ ഇറക്കി.
ആയിഷ തന്റെ ബാഗ് തലയിണയാക്കി തല കുറച്ചു ഉയർത്തിവെച്ച് ഇടതു സൈഡിലേക്ക് ചെരിച്ചു കിടത്തി. ധരിച്ചിരുന്ന വസ്ത്രം ലൂസാക്കി. വായ്ക്കുള്ളിൽ വൈപ്പ് പല്ല് ഒന്നുമില്ലെന്ന് ഉറപ്പാക്കി.
മോനേ… നീ കാലുകൾ മെല്ലെ ഒന്ന് തടവി കൊടുക്കൂ…..
കോച്ചി വലിക്കുന്നത് കണ്ടില്ലേ….
യൂസഫ് ശിവനന്ദൻറെ ഇരുകാലുകളും പതുക്കെ തലോടി അയവ് കൊടുത്തു.
ഐഷ അവന്റെ നെറ്റിയിൽ വിയർപ്പിൽ പറ്റിപ്പിടിച്ചിരുന്ന മുടിയിഴകൾ ഒതുക്കി മുഖത്ത് തണുത്ത വെള്ളം തളിച്ചു. കൈകാലുകളിലെ വിറയൽ കുറയുന്നതുവരെ അവൻറെ തല സുരക്ഷിതമായി താങ്ങി വെച്ചു.
“ഭയപ്പെടേണ്ട….. ഞങ്ങളുണ്ട്….”
അപസ്മാര രോഗത്തിൻറെ തീവ്രത പതുക്കെ കുറഞ്ഞു. ശിവനന്ദൻറെ ശ്വാസം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ കൺപോളകൾ മെല്ലെ തുറന്നു. ആദ്യം കണ്ടത് തന്റെ തല ചേർത്തുപിടിച്ചിരിക്കുന്ന ഐഷയുടെ മുഖവും,
തൻറെ കാലുകളിൽ ശ്രദ്ധയോടെ കരുതലിന്റെ കൈകൾ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന യൂസഫിനെയും ആയിരുന്നു.
“ശിവനന്ദൻ തിരിച്ചറിഞ്ഞു.
ഒരിക്കൽ തൻറെ പ്രസംഗങ്ങളിൽ അവർ എന്നുമാത്രം വിളിച്ചിരുന്നർ….
തൻറെ സമൂഹത്തിൽനിന്ന് എന്നും അകറ്റിനിർത്താൻ ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നവർ….
ഭയത്തിന്റെ നിറം പൂശി ഒരു ഭീകര സമൂഹം എന്ന് മുദ്രകുത്തിരുന്ന സമൂഹത്തിലെ രണ്ടുപേർ….
പക്ഷേ;
ഇന്ന് തൻറെ ജീവൻ തിരികെ നൽകിയവർ:
ശിവനന്ദൻറെ കണ്ണുകൾ നിറഞ്ഞു.
“എനിക്ക്…..
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.”
ആയിഷ പുഞ്ചിരിയോടെ പറഞ്ഞു.
“ശാന്തമായിരിക്കു…. ഭയപ്പെടേണ്ട, സുഖം ആയിക്കോളും….”
യൂസഫ് തന്റെ ഫോൺ എടുത്തു
കുറച്ചു മുൻപ് വന്ന സന്ദേശം വായിച്ചു. യൂസഫിന്റെ അടുത്ത് ചേർന്നിരിക്കുകയായിരുന്ന
ശിവനന്ദൻറെ കണ്ണിലും അത് തെളിഞ്ഞു.
“മതം മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിക്കേണ്ടത്; വെറുക്കാൻ അല്ല.
അപരിചിതനായ ഒരാളുടെ ജീവൻ രക്ഷിക്കുമ്പോൾ ജാതിയോ മതമോ ചോദിക്കേണ്ടതില്ല:
ആദ്യം രക്ഷിക്കേണ്ടത് മനുഷ്യനെയാണ്.”
ശിവനന്ദൻ ആയിഷയെ നോക്കി….
നിങ്ങൾ…. പേര് പോലും ചോദിച്ചില്ല….
ഐഷ മന്ദഹാസത്തോടെ മൊഴിഞ്ഞു.
ജീവൻ അപകടത്തിൽ ആയപ്പോൾ പേര് ചോദിക്കാൻ സമയം ഉണ്ടായില്ല:
“അവളുടെ വാക്കുകൾ ശിവനന്ദൻറെ ഹൃദയാന്തരങ്ങളിൽ എവിടെയോ തറച്ചു കയറി.”
അവൻ തന്റെ കൈകളിലേക്ക് നോക്കി.
മതത്തിൻറെ പേരിൽ മുറുകെ കെട്ടിയിരിക്കുന്ന ചരടുകൾ……. എന്തോ ഒന്ന് അവൻറെ മനസ്സിൽ പുതുതായി തെളിഞ്ഞു… ഒരു നവ ബോധോദയത്തിന്റെ വെളിച്ചം.
” അതിൽ തിരിച്ചറിവിൻറെ സുഗന്ധം ഉണ്ടായിരുന്നു.
“മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്ന ചരടുകൾ; എത്ര മുറുകെ പിടിച്ചാലും മൃത്യുവിന്റെ വാതിൽക്കൽ അവ അർഥശൂന്യമാണ്
ശിവനന്ദൻ ഐഷയുടെയും യൂസഫിന്റെയും കൈകളിലേക്ക് നോക്കി. കുറച്ചുനേരം മുമ്പ് തന്റെ ജീവൻ പിടിച്ചുനിർത്തിയ കൈകൾ…. അവൻ അവരുടെ നേരെ കൈ നീട്ടി…
അപ്പോൾ ആ കൈകളിൽ മതത്തിൻറെ ചരടുകൾ ഉണ്ടായിരുന്നില്ല. വാക്കുകൾക്ക് അപ്പുറമായിരുന്നു അവൻറെ കണ്ണുകളിലെ നന്ദി.
മൗനത്തിൻറെ വാചാലമായ നിമിഷങ്ങൾ..
ആയിഷയും യൂസഫും ശിവനന്ദന് ഹൃദയപൂർവ്വം മനുഷ്യ സ്നേഹത്തിന്റെ നിറപുഞ്ചിരി സമ്മാനിച്ചുകൊണ്ട് നടന്നു നീങ്ങി.
പിന്നിൽ ശിവനന്ദൻ തന്റെ കൈകളിൽ മുറുകെ കെട്ടിയിരുന്ന ചരടുകളെ പതുക്കെ അഴിച്ചു തുടങ്ങി.
അന്ന് ആദ്യമായി അവന് മനസ്സിലായി….
“മതം മനുഷ്യനെ മനുഷ്യനിലേക്ക്
ചേർത്തു നിർത്തുവാൻ ഉള്ളതാണ്.
അകറ്റാൻ വേണ്ടിയുള്ളതല്ല.”
“മനുഷ്യനെ രക്ഷിക്കുന്ന കൈകൾക്ക്; ജാതിയില്ല മതമില്ല: അവയ്ക്ക് ഒരേ ഒരു പേരെ ഉള്ളൂ …. മനുഷ്യത്വം. ”
മഹാനായ മനുഷ്യസ്നേഹി ശ്രീനാരായണഗുരു;
കൊളുത്തി വെച്ച ദീപം ” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്”
ആ ദീപം ഒരിക്കലും അണയാതിരിക്കട്ടെ. മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളിൽ നിന്ന് ആഴങ്ങളിലേക്ക്, അതിൻറെ വെളിച്ചം പകർന്നുകൊണ്ടേയിരിക്കട്ടെ . വെറുപ്പിന്റെ ഇരുട്ടിൽ ആ ദീപം വഴികാട്ടി ആകട്ടെ. മനുഷ്യ സ്നേഹത്തിൻറെ വെളിച്ചമായി എന്നും ജ്വലിച്ചുകൊണ്ടിരിക്കട്ടെ. ജാതിയുടെയും മതത്തിന്റെയും മതിലുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു ലോകം സംജാതമാകട്ടെ












