പഴയ കോടതിക്കെട്ടിടത്തിന് മുന്നിൽ അന്ന് അസാധാരണമായ തിരക്കായിരുന്നു. പതിനഞ്ച് വർഷമായി നീണ്ടുനിന്ന ഒരു തർക്കക്കേസിൻ്റെ വിധി അന്ന് പ്രഖ്യാപിക്കുകയാണ്. ആ വിധി രണ്ട് കുടുംബങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ഗ്രാമവാസികൾക്ക് ഉറപ്പായിരുന്നു. ജയിക്കുന്നവന് ഭൂമി സ്വന്തമാകും. തോൽക്കുന്നവന് പാരമ്പര്യവും അഭിമാനവും നഷ്ടപ്പെടും.
എന്നാൽ, ആരും അറിയാത്ത മറ്റൊരു സത്യം അവരെ കാത്തിരിപ്പുണ്ടായിരുന്നു.
ജഡ്ജി വിധിന്യായം വായിക്കാനായി ഫയൽ തുറന്ന നിമിഷം, കോടതിയുടെ പിൻവാതിൽ പതുക്കെ തുറന്നു. തളർന്ന കാലടികളോടെ ഒരു വൃദ്ധൻ അകത്തേക്ക് നടന്നു വന്നു.
”ഒരു മിനിറ്റ്… ഈ കേസിൽ വിധി പറയുന്നതിന് മുമ്പ് എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം…” വൃദ്ധൻ്റെ ശബ്ദത്തിന് കാലത്തിൻ്റെ തളർച്ചയുണ്ടായിരുന്നു.
കോടതിമുറിയിൽ അസ്വസ്‌ഥത പടർന്നു. എല്ലാവരും വൃദ്ധനെ ഉറ്റുനോക്കി.വൃദ്ധൻ തൻ്റെ തുണിസഞ്ചിയിൽ നിന്ന് പഴക്കം ചെന്ന ഒരു കത്ത് പുറത്തെടുത്തു.
”ഇത് ഈ ഭൂമിയുടെ യഥാർത്ഥ ഉടമ എഴുതിയ അവസാനത്തെ കത്താണ്.”
അത് കേട്ടതും രണ്ട് കുടുംബനാഥന്മാരുടെയും മുഖം മ്ലാനമായി. വൃദ്ധൻ ജഡ്ജിയുടെ അനുമതിയോടെ കത്ത് തുറന്നു വായിച്ചു:
”എന്റെ മക്കളേ… നിങ്ങൾ ഈ കത്ത് വായിക്കുന്ന ദിവസം ഞാൻ ജീവനോടെയുണ്ടാകണമെന്നില്ല. ഈ ഭൂമി നിങ്ങളിൽ ആരുടെയും വ്യക്തിപരമായ സ്വത്തല്ല. എന്റെ മരണശേഷം ഈ മണ്ണിൽ ഒരു സ്കൂളോ ആശുപത്രിയോ ഉയരണമെന്നാണ് എന്റെ ആഗ്രഹം. ഈ ഭൂമിക്കായി നിങ്ങൾ തമ്മിൽ പോരാടുകയാണെങ്കിൽ, എൻ്റെ മക്കൾ എന്ന് വിളിക്കപ്പെടാൻ നിങ്ങൾക്ക് യോഗ്യതയില്ല…” ഇടറിയ സ്വരത്തിൽ വൃദ്ധൻ കത്ത് വായിച്ച് അവസാനിപ്പിച്ചു.
കത്തിലെ വരികൾ കോടതിമുറിയിൽ പ്രകമ്പനം സൃഷ്ടിച്ചു.
വർഷങ്ങളായി ശത്രുക്കളെപ്പോലെ കേസ് നടത്തിയ രണ്ട് കുടുംബനാഥന്മാരും പരസ്പരം നോക്കി. അപ്പോൾ അവരുടെ കണ്ണുകളിൽ ദേഷ്യമോ പകയോ ഉണ്ടായിരുന്നില്ല ,ഇരുവരും ആഴത്തിലുള്ള പശ്ചാത്താപത്തോടെ തലകൾ കുനിച്ചു. അവർ സ്വന്തം അഭിഭാഷകരോട് എന്തൊക്കെയോ പതുക്കെ പറഞ്ഞു. അതുകണ്ട്
ജഡ്ജി ചോദിച്ചു: “ഇനി ഞാൻ വിധി പ്രഖ്യാപിക്കട്ടെ…?”
ഒരു നിമിഷത്തെ മൗനത്തിന് ശേഷം രണ്ട് കുടുംബങ്ങളുടെയും അഭിഭാഷകർ ഒരുമിച്ച് എഴുന്നേറ്റു പറഞ്ഞു:
”യുവർ ഓണർ… ഇനി വിധി ആവശ്യമില്ല.”
എല്ലാവരും അമ്പരപ്പോടെ അവരെ നോക്കി.
”ഈ കേസ് പിൻവലിക്കുകയാണ്.”
നീണ്ട പതിനഞ്ച് വർഷത്തെ കോലാഹലങ്ങൾക്ക് ശേഷം ആ കോടതിമുറിയിൽ വീണ്ടും നിശ്ശബ്ദത തങ്ങിനിന്നു.
പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകർ കേസിൽ ആരാണ് ജയിച്ചതെന്ന് അറിയാൻ വെമ്പൽകൊണ്ടു. ആ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട്
കോടതിയുടെ വാതിൽ തുറന്ന്, പരസ്പരം കൈകോർത്ത് രണ്ട് കുടുംബങ്ങളും പുറത്തേക്ക് വന്നു. ഈ കാഴ്ച കണ്ട്
കൗതുകത്തോടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു: “ആരാണ് ജയിച്ചത്?” അപ്പോൾ
അവരിൽ മുതിർന്നയാൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “ഇന്ന് ജയിച്ചത് ഞങ്ങളാരുമല്ല… ഒത്തുതീർപ്പാണ്.”
കാലങ്ങൾക്കപ്പുറം ആ ഭൂമിയിൽ മനോഹരമായ ഒരു സ്കൂൾ ഉയർന്നുവന്നു. അതിൻ്റെ വലിയ കവാടത്തിൽ സ്വർണ്ണാക്ഷരങ്ങളിൽ ഈ വരികൾ കുറിച്ചിട്ടുണ്ടായിരുന്നു:
”വിധികൾ മനുഷ്യരെ വേർപെടുത്താം… എന്നാൽ, ഒത്തുതീർപ്പുകൾ തലമുറകളെ ഒന്നിപ്പിക്കുന്നു.”












