ഇടവേള എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുന്നത് തീർച്ചയായും തീയേറ്റേറിൽ സിനിമയ്ക്കിടയിൽ ഇടവേള എന്നെഴുതി കാണിക്കുന്നതായിരിക്കും. സിനിമയിൽ മാത്രമുണ്ടായിരുന്ന ഇടവേള സാധാരണക്കാരുടെ ജീവിതത്തിൽ എത്തിച്ചേർന്നത് കോറോണക്കാലത്ത് തന്നെ. അതിഭയങ്കരമായി കഠിനാദ്ധ്വാനം ചെയ്തില്ലെങ്കിലും വല്യ കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നു തിരിച്ചറിഞ്ഞ കാലം. ബുദ്ധിപരവും സന്തോഷം നല്കുന്നതുമായ കഠിനാദ്ധ്വാനങ്ങളേയും ജീവിതത്തിൽ സ്വീകരിക്കാവുന്നതാണ് എന്നും തോന്നുന്നുണ്ട്.
കുട്ടിക്കാലത്ത് അവധിക്കാലങ്ങളായിരുന്നു ഇടവേളകൾ. മറ്റൊരു ഇടവേളകൾക്കും സാദ്ധ്യത ഇല്ലാതിരുന്നത് കൊണ്ട് അവധിക്കാല ഇടവേളകൾ ശരിക്കും സന്തോഷിച്ചിരുന്നു. പുസ്തകങ്ങൾ, യാത്രകൾ, ആഘോഷങ്ങൾ ഒക്കെ സന്തോഷങ്ങളായി മാറി. കുറച്ച് ഓർമയായപ്പോൾ മുതൽ വരാൻ പോകുന്ന കഠിനാദ്ധ്വാനകാലങ്ങൾക്ക് വേണ്ടി മനസിനെ പാകപ്പെടുത്തുക എന്നൊരു കാര്യവും അവധിക്കാലത്ത് ചെയ്തിരുന്നു. മുന്നൊരുക്കങ്ങൾ വരാൻ പോകുന്ന കാലത്തെ കുറച്ചൊന്നു എളുപ്പമാക്കാറുണ്ട്. അതായത് രണ്ടായിരത്തിഇരുപതിലെ ഒന്നാം കൊറോണ തരംഗത്തിനും ഇരുപത്തൊന്നിലെ രണ്ടാം തരംഗത്തിനുമിടയ്ക്ക് താരതമ്യേന ആശ്വാസത്തിന് വകയുള്ള ഒരിടവേള ഉണ്ടായിരുന്നു. ഇടവേളകൾ നന്നായി ഉപയോഗിക്കാതിരുന്നാലുണ്ടാവുന്ന ദുരിതത്തിനുദാഹരണമാണ് രണ്ടാം തരംഗത്തിന്റെ ഭീകരത.
തികച്ചും അപ്രതീക്ഷിതങ്ങളായ കാര്യങ്ങളാണ് ഓരോ ദിവസവും നമുക്കായി കരുതി വെയ്ക്കുന്നത് എന്നത് മറക്കുന്നുമില്ല. അതായത് വളർന്നു വലുതാകുന്ന കാലം എന്ന പ്രധാനപ്പെട്ട ഇടവേള. സുഹൃത്തുക്കളുടെയും പ്രണയികളുടെയും രൂപത്തിൽ ജീവിതത്തിന്റെ ഗതി മാറ്റി വിടുന്നവർ ആഗതരാവുന്ന ജീവിതയാത്രയിലെ സമയം.
വിദ്യാഭ്യാസകാലം അങ്ങനെയൊക്കെ കടന്നു പോയി കഴിയുമ്പോൾ ജീവിതയാഥാർത്യങ്ങളിലേക്ക് കടക്കുന്നകാലമെന്ന ഇടവേള. തിരഞ്ഞെടുപ്പിന്റെ അക്കാലം ചിലർ സമൂഹത്തിന്റെ ഒഴുക്കിനനുസരിച്ച് പോകാം എന്നു തീരുമാനിക്കും. ചിലർ സ്വന്തം ആത്മാവിന്റെ ശക്തമായ വിളി അവഗണിക്കാൻ കഴിയാതെ വ്യത്യസ്തങ്ങളായ പാതകൾ സ്വീകരിക്കും. ചിലർ എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാവാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ഏതു പാതയ്ക്കും അതിന്റേതായ സുഖങ്ങളും ദുഃഖങ്ങളും ഉണ്ട്.
ഉദാഹരണത്തിന് ലോക്ഡൌണിൽ പനിയും പിടിച്ചിരുന്ന എന്റെ കൂട്ടുകാരിയോട് ഇടവേളകളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. ജോലിയും ചെയ്തു അനങ്ങാൻ വയ്യാതിരുന്ന കക്ഷി ആവേശത്തോടെ പറഞ്ഞതിങ്ങനെ. ” ഇടവേളകൾക്കായി കാത്തിരിക്കുന്നതും കിട്ടാതെ പോകുന്നതും സ്ത്രീകൾക്കാണ്. നമ്മളെപ്പോലുള്ള സ്ത്രീകൾക്ക് ഒരു ബ്രേയ്ക്കിൻടെ ആവശ്യം ഉണ്ടെന്ന് പോലും ആർക്കും തോന്നുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം. സ്ത്രീകൾക്ക് യാത്രയുടെ രൂപത്തിലോ, ഇടയ്ക്കൊക്കെ പാചകത്തിൽ നിന്നൊരു ഒഴിവിന്റെ രൂപത്തിലോ ഇടവേളകൾ നല്കുന്നത് നമ്മുടെ കുടുംബാന്തരീക്ഷം ഒരുപാട് നന്നാക്കും.”
സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും ഇടവേളകൾ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. സന്തോഷകാലങ്ങളിൽ എല്ലാം മറന്ന് ഇതൊന്നും അവസാനിക്കരുതേ എന്നാഗ്രഹിക്കുമ്പോൾ ദുഃഖകാലങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കണേ എന്നാണാഗ്രഹിക്കുക. കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുക, മാറ്റമില്ലാത്തത് മാറ്റം മാത്രം തുടങ്ങിയ ചിന്തകൾ കൊണ്ട് മാറ്റാൻ ശ്രമിച്ചാലും ദുഃഖകാലങ്ങൾ അങ്ങനൊന്നും പോകില്ല. ജ്യോതിഷം പറയുന്നത്, മോശംകാലം നല്ലകാലത്തെ പ്രവൃത്തികളുടെ ഫലമാണ് എന്നാണ്. പ്രവൃത്തി നല്ലതാണെങ്കിൽ മോശംകാലം അത്ര മോശമാവില്ല എന്നു പറയും. എന്തായാലും പഠിക്കാനുള്ളത് പഠിച്ചാലെ ദുഃഖകാലം അകന്നു പോവുകയുളളൂ. പെമ ചോഡ്രൺ എന്ന അമേരിക്കക്കാരിയായ ബുദ്ധിസ്റ്റ് ഗുരു പറയുന്നത് “എന്താണോ നമ്മൾ പഠിക്കേണ്ടത് ആ പാഠം പഠിപ്പിക്കാതെ ഒന്നും തന്നെ മാറിപ്പോവില്ല” എന്നാണ്.
എഴുത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വരുന്നവരെക്കുറിച്ച് പറയുന്നത്, ഒന്നുകിൽ അവർ എഴുതിക്കൊണ്ടിരിക്കും അല്ലെങ്കിൽ എഴുത്തിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും എന്നാണ്. എഴുതുന്നതും എഴുതാതിരിക്കുന്നതും ഓരോ തരത്തിൽ ഇടവേളകൾ തന്നെ. ഒന്നും ചെയ്യാതിരിക്കുമ്പോഴാണല്ലോ സ്വന്തം കഴിവുകളെക്കുറിച്ച് പോലും വ്യക്തമായ ഒരു ധാരണ കിട്ടുന്നത്.
ഇടവേളകളുടെ മറ്റൊരു പ്രത്യേകത, ഉള്ളിന്റെ ഉള്ളിൽ നമുക്കറിയാം ഇക്കാലം എപ്പോഴവസാനിക്കും എങ്ങനെ അവസാനിക്കും, എന്നതാണ്. സ്വയമറിയാതെ നമ്മൾ പല പദ്ധതികളും മനസ്സിൽ ഉയർത്തുകയും ചെയ്യും. എന്നാൽ ഒരു പദ്ധതിയും ഉണ്ടാക്കാനാവാതെ മനസ്സ് ശൂന്യമായി പോകുന്ന ഒന്നാം കോവിഡ്കാലത്തെപ്പോലുള്ള കാലങ്ങളും അപൂർവമായി ജീവിതത്തിൽ ഉണ്ടാകാറുണ്ട്.
പ്രവാസവും ഒരു തരത്തിൽ ഇടവേള തന്നെയാണ്. ദുഃഖം തന്ന സാഹചര്യങ്ങളിൽ നിന്നും ആളുകളിൽ നിന്നുമുള്ള ഒളിച്ചോട്ടം, അല്ലെങ്കിൽ കുടുംബത്തിന്റെ കൂടുതൽ മെച്ചപ്പെട്ട സൌകര്യങ്ങൾക്ക് വേണ്ടിയുള്ള പ്രവാസം, അതുമല്ലെങ്കിൽ ഏതൊക്കെയോ കർമ്മബന്ധങ്ങളിൽ എത്തിച്ചേരാനുള്ള സ്വയമറിയാത്ത സഞ്ചാരം. എവിടെയായാലും സന്തോഷങ്ങളുടെ താക്കോൽ നമ്മുടെ മനസ്സ് തന്നെയാണെന്ന് പീന്നീട് മനസ്സിലാകും.
രോഗകാലങ്ങളും ആരോഗ്യമുള്ള കാലങ്ങളുമാണ് മറ്റൊന്ന്. രോഗകാലവും തെറ്റുകൾ തിരുത്തപ്പെടേണ്ട അവസരങ്ങൾ തന്നെ. ചിലപ്പോഴെങ്കിലും മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ട കാലവും. കാരണം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴി രോഗാവസ്ഥയ്ക്ക് ഒരു തരത്തിലും സഹായമാവില്ല എന്ന തിരിച്ചറിവ് തന്നെ.
ഒരു തരത്തിൽ പറഞ്ഞാൽ ജീവിതം തന്നെ ഒരിടവേള അല്ലേ? “ഭൂമി ഏതെങ്കിലും ഗ്രഹത്തിന്റെ നരകമാണോ?” എന്നു ഒരുപാട് പുരോഗമിച്ച സംസ്കാരമുള്ള ഒരു ഗ്രഹത്തിലെ കാർട്ടൂൺ കണ്ടിട്ടു മോൻ ചോദിച്ചിരുന്നു. ആയിരിക്കാം. മൃത്യുലോകത്തിലെ ഇടവേള. ചൊവ്വാഗ്രഹത്തിൽ പോലും കോളനി നിർമ്മിക്കാൻ ശ്രമിക്കുമ്പോൾ, അവതാരങ്ങൾ എവിടെനിന്നൊക്കെയോ വന്നവരാവാം എന്നും കരുതാം. എന്തായാലും നമുക്കു കിട്ടിയിട്ടുള്ള ഉപദേശങ്ങൾ സ്നേഹത്തെക്കുറിച്ചും, ക്ഷമയെക്കുറിച്ചും, നന്മയെക്കുറിച്ചും ആയിരിക്കുന്നിടത്തോളം കൂടുതൽ ചിന്തിക്കേണ്ടതില്ല. ഇടവേളകൾ നല്ലതായി ഉപയോഗിക്കുക. നന്മകൾ കാത്തിരിക്കുന്നുണ്ടാവും.
സ്വപ്ന ജേക്കബ്
About The Author
No related posts.
One thought on “ജീവിതത്തിലെ ഇടവേളകൾ – സ്വപ്ന ജേക്കബ് (കുവൈറ്റ് )”
മോൻ പറഞ്ഞിടത്താണ് ഞാനും. ജീവിതം തന്നെ ഒരിടവേളയല്ലേ?… ആണോ?