LIMA WORLD LIBRARY

ഒഡീഷ എന്ന വിസ്മയം – കെ. പി. അനിജാമോള്‍

ഭാരതത്തിന്റെ കിഴക്കന്‍ തീരത്ത്, ബംഗാള്‍ ഉള്‍ക്കടലിന്റെ ഓളങ്ങള്‍ പാദങ്ങള്‍ കഴുകുന്ന മണ്ണാണ് ഒഡീഷ. ചരിത്രവും ഐതിഹ്യങ്ങളും പ്രകൃതിസൗന്ദര്യവും സമന്വയമടഞ്ഞ ഈ ഭൂവിഭാഗം വെറുമൊരു സംസ്ഥാനമല്ല, മറിച്ച് സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന അദ്ഭുതങ്ങളുടെ കലവറയാണ്. അശോകചക്രവര്‍ത്തിയെ യുദ്ധത്തിന്റെ പാതയില്‍ നിന്ന് സമാധാനത്തിന്റെയും ബുദ്ധധര്‍മ്മത്തിന്റെയും വഴിയിലേക്ക് നയിച്ച കലിംഗയുദ്ധത്തിന്റെ ചരിത്രഭൂമിയാണിത്. പ്രകൃതി ഒളിപ്പിച്ചുവെച്ച ഹരിതാഭമായ കാടുകളും ജലസമൃദ്ധമായ കായലുകളും വന്യജീവി സങ്കേതങ്ങളും വിശാലമായ പാടങ്ങളും പാടവരമ്പില്‍ കുട നിവര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും ഒഡീഷയെ വേറിട്ടുനിര്‍ത്തുന്നു. കലയുടെയും സംസ്‌കാരത്തിന്റെയും ശില്പകലയുടെയും പാരമ്പര്യം പേറുന്ന ഒഡീഷ, ഏതു കോണില്‍ നിന്ന് നോക്കിയാലും വിസ്മയം തീര്‍ക്കുന്ന ഒരു പൈതൃകഭൂമിയാണ്.

ആത്മീയതയുടെയും ചരിത്രത്തിന്റെയും സംഗമം
പുരി ജഗന്നാഥ ക്ഷേത്രം
ഒഡീഷ സന്ദര്‍ശിക്കുന്ന ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട മഹാക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. ഐതിഹ്യങ്ങളും ചരിത്രവും ഗോത്രസംസ്‌കാരവും പരസ്പരം ഒന്നിക്കുന്ന ഈ വൈഷ്ണവ ആരാധനാകേന്ദ്രം ഭാരതീയ സംസ്‌കാരത്തിന്റെ അതുല്യവും മനോഹരവുമായ ഒരു ചിഹ്നമാണ്. മഹാഭാരത കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇന്ദ്രദ്യുമ്‌ന മഹാരാജാവാണ് പുരി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. നാലു ലക്ഷം ചതുരശ്ര അടി വിസ്താരത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം ഒരു വിസ്മയമാണ്. ക്ഷേത്രത്തിന് സംരക്ഷണമായി 20 അടി ഉയരമുള്ള കോട്ട പോലുള്ള കൂറ്റന്‍ ചുറ്റുമതിലുണ്ട്. പിരമിഡ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് 214 അടി ഉയരമുണ്ട്. ഒഡീഷയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രവും ഇതാണ്. ‘സിംഹദ്വാരം’ എന്നറിയപ്പെടുന്ന മുഖ്യകവാടത്തിന്റെ ഇരുഭാഗത്തും ഒഡീഷ്യന്‍ ശില്പശൈലിയിലുള്ള രണ്ട് കല്ലില്‍ തീര്‍ത്ത സിംഹരൂപങ്ങളുണ്ട്. ഇവയ്ക്ക് ശ്രീലങ്കയിലെ സിംഹശില്പങ്ങളോട് വലിയ സാദൃശ്യമുണ്ട്. പുരി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും നിരവധി പ്രത്യേകതകളുണ്ട്. വേപ്പ് മരത്തില്‍ തീര്‍ത്ത മരവിഗ്രഹങ്ങള്‍ ഇന്നും പൂര്‍ണ്ണമായി പണിതീര്‍ക്കാത്ത രൂപത്തിലുള്ളതാണെന്നാണ് സവിശേഷത. ശ്രീകോവിലില്‍ സ്ഥിതിചെയ്യുന്ന ‘രത്‌നവേദിക’ എന്ന പീഠത്തില്‍ ജഗന്നാഥന്‍, സുഭദ്ര, ബലഭദ്രന്‍ എന്നീ പ്രധാന മൂര്‍ത്തികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ സുദര്‍ശനചക്രം, മദനമോഹനന്‍, ശ്രീദേവി, വിശ്വധാത്രി എന്നീ മൂര്‍ത്തികളുടെ വിഗ്രഹങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇവിടുത്തെ വിഗ്രഹങ്ങള്‍ അഗ്‌നിയില്‍ സമര്‍പ്പിച്ച് പുതിയവ നിര്‍മ്മിച്ച് പ്രതിഷ്ഠിക്കുന്ന അപൂര്‍വ്വമായ ചടങ്ങും പുരി ജഗന്നാഥ ക്ഷേത്രത്തിന്റെമാത്രം പ്രത്യേകതയാണ്. ഉത്തര ഭാരതീയ ക്ഷേത്രമാതൃക പിന്തുടരുന്നതിനാല്‍ കേരളത്തിലേതുപോലെ ഇവിടെ പ്രത്യേക കൊടിമരങ്ങളില്ല, പകരം ക്ഷേത്രത്തിന്റെ കുംഭഗോപുരങ്ങളിലാണ് കൊടിക്കൂറ ഉയര്‍ത്താറുള്ളത്. ദിവസവും പലവട്ടം കൊടിമാറ്റുന്ന അനുഷ്ഠാനങ്ങളും ഇവിടെ നടന്നു പോകുന്നു. വളരെ ദൂരെ നിന്നുപോലും നമ്മെ ആകര്‍ഷിക്കുന്നത് ക്ഷേത്രഗോപുരത്തിന് ഉച്ചിയില്‍ സ്ഥാപിച്ചിരിക്കുന്ന സുദര്‍ശനചക്രവും അതില്‍ പാറിക്കളിക്കുന്ന കൊടിയുമാണ്. കാറ്റിന്റെ എതിര്‍ദിശയിലേക്കാണ് കൊടികൂറ പാറുന്നത് എന്നത് വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും കാണാവുന്ന ഈ കൂറ്റന്‍ സുദര്‍ശനചക്രം അഷ്ടധാതുക്കള്‍ (എട്ട് ലോഹങ്ങള്‍) കൊണ്ടുണ്ടാക്കിയതാണ്. ഇതിന്റെ നിര്‍മ്മാണ വിദ്യ ഇന്നും അജ്ഞാതമായി തുടരുന്നു. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ജഗന്നാഥനെ കൂടാതെ നിരവധി ഉപപ്രതിഷ്ഠകളുണ്ട്. സ്വര്‍ണ്ണാഭരണവിഭൂഷിതയായ സാമാന്യം വലിപ്പമുള്ള മഹാലക്ഷ്മീ വിഗ്രഹം, ക്ഷേത്ര മതില്‍ക്കകത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരാലിന്റെ ചുവട്ടിലുള്ള വട ജഗന്നാഥന്‍, കല്‍പ്പവൃക്ഷ ഗണേഷന്‍, ഭുവനേശ്വരിയുടെയും നരസിംഹത്തിന്റെയും ഉപദേവാലയങ്ങള്‍.ഭാരതത്തില്‍ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത വിധത്തിലുള്ള നിരവധി സവിശേഷതകളും ആത്മീയചൈതന്യവും പ്രൗഢിയും നിറഞ്ഞുനില്‍ക്കുന്ന പുരി ജഗന്നാഥ ക്ഷേത്രം ഓരോ ഭക്തനും സഞ്ചാരിക്കും നല്‍കുന്നത് അതിരറ്റ അനുഭൂതിയാണ്.

ലോകത്തിലെ ഏറ്റവും വലിയ അടുക്കള
പുരി ക്ഷേത്രത്തിലെ തിടപ്പള്ളിയാണ് ലോകത്തിലെ ഏറ്റവും വലിയ അടുക്കളയെന്നാണ് പറയപ്പെടുന്നത്. ജഗന്നാഥന് ദിവസം ആറുനേരമാണ് നേദ്യം സമര്‍പ്പിക്കുന്നത്. അതീവ ഭക്തിയോടെയും ശുദ്ധിയോടെയുമാണ് പ്രസാദം തയ്യാറാക്കുന്നത്. ഒരു തരത്തിലുള്ള അശുദ്ധിയും ഭഗവാന്‍ പൊറുക്കില്ല എന്ന ഉറച്ച വിശ്വാസം ഇവിടുത്തെ പൂജാരിമാര്‍ക്കുണ്ട്. മണ്‍പാത്രങ്ങളിലെ പാചഗമാണ് മറ്റൊരു പ്രത്യേകത. ആയിരക്കണക്കിന് ഭക്തര്‍ക്കുള്ള പ്രസാദം തയ്യാറാക്കുന്നത് മണ്‍പാത്രങ്ങളിലാണ്. വിറകടുപ്പില്‍ ഒന്നതിനു മുകളില്‍ ഒന്നായി 7 മണ്‍പാത്രങ്ങള്‍ അടുക്കിവെച്ചാണ് ഭക്ഷണം തയ്യാറാക്കുന്നു. ഇതില്‍ ഏറ്റവും മുകളിലുള്ള പാത്രത്തിലെ ഭക്ഷണമാണ് ആദ്യം വേവുന്നത് എന്നതാണ് ഏറ്റവും വലിയ അത്ഭുതം. നൂറുകണക്കിന് അടുപ്പുകളും ഏതാണ്ട് 500ഓളം പാചകക്കാരും അവരെ സഹായിക്കാന്‍ ആയിരത്തോളം ആളുകളും ദിവസവും ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രസാദം ഭഗവാന് നിവേദിക്കുന്നതിന് മുന്‍പ് അതിന് യാതൊരുവിധ വാസനയോ ഗന്ധമോ ഉണ്ടാകില്ലെന്നും, നിവേദ്യത്തിനു ശേഷം മാത്രമാണ് പ്രസാദത്തിന് ദിവ്യമായ സുഗന്ധം ഉണ്ടാകുന്നതെന്നും വിശ്വസിക്കപ്പെടുന്നു. സാധാരണ ദിവസങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കും, രഥയാത്ര പോലെയുള്ള വിശേഷ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തര്‍ക്കും ഇവിടെ നിന്ന് പ്രസാദം വിതരണം ചെയ്യുന്നു. എത്ര ഭക്തര്‍ വന്നാലും പ്രസാദം തികയാതെ വരാറില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

 

ഉദയഗിരിയും ഖണ്ഡഗിരിയും:
ചരിത്രം ഉറങ്ങുന്ന ഗുഹാക്ഷേത്രങ്ങള്‍
ഒഡീഷയിലെ കുമാരി പര്‍വ്വതത്തിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അപൂര്‍വ്വ ചരിത്ര നിര്‍മ്മിതികളാണ് ഉദയഗിരിയും ഖണ്ഡഗിരിയും. ബിസി രണ്ടാം നൂറ്റാണ്ടില്‍ കലിംഗം ഭരിച്ചിരുന്ന ഖാരവേലന്റെ കാലഘട്ടത്തില്‍, ജൈന മുനിമാര്‍ക്ക് തപസ്സു ചെയ്യുന്നതിനായി പാറ തുരന്ന് നിര്‍മ്മിച്ച നിരവധി ഗുഹകള്‍ ഇവിടെ കാണാം. ചരിത്രപരമായ പ്രാധാന്യമുള്ള ഈ ഗുഹകളില്‍ ഖാരവേലന്റെ നിരവധി ശിലാലിഖിതങ്ങള്‍ ബ്രാഹ്മി ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തില്‍ ഉദയഗിരിയില്‍ 18ഉം ഖണ്ഡഗിരിയില്‍ 15ഉം ഗുഹകളാണുള്ളത്. പ്രാചീന ഭാരതീയ ശില്പകലയുടെയും ജൈന സംസ്‌കാരത്തിന്റെയും മഹത്തായ പാരമ്പര്യം വിളിച്ചോതുന്ന അപൂര്‍വ്വമായ ചരിത്ര സ്മാരകങ്ങളാണ് ഉദയഗിരിയും ഖണ്ഡഗിരിയും.

ഉദയഗിരിയിലെ പ്രധാന ഗുഹകള്‍
ഉദയഗിരിയിലെ ഏറ്റവും പ്രശസ്തമായ നിര്‍മ്മിതികളിലൊന്നാണ് ‘റാണി ഗുംഭ’ എന്നറിയപ്പെടുന്ന ഇരുനില ഗുഹ. വളരെ ദൂരെ നിന്നുപോലും ദൃശ്യമാകുന്ന ഈ ഗുഹ വളരെ വിസ്താരമേറിയതാണ്. രണ്ടാം നിലയിലെ കലാപരമായി കൊത്തിവച്ച തൂണുകളും ദ്വാരപാലകരുടെ ശില്‍പ്പങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഉള്‍ച്ചുവരുകളില്‍ യുദ്ധദൃശ്യങ്ങള്‍, മൃഗരൂപങ്ങള്‍, നായാട്ട് തുടങ്ങിയവ കൊത്തിവെച്ചിരിക്കുന്നു. കൂടാതെ, വലതു മൂലയിലുള്ള യവന പോരാളിയുടെ ശില്‍പ്പം അക്കാലത്തെ യവന പടയോട്ടങ്ങളെക്കുറിച്ച് സൂചന നല്‍കുന്നു. കാലപ്പഴക്കം കൊണ്ട് ചില ശില്‍പ്പങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, രാജശില്‍പ്പികള്‍ തന്നെ ജൈനമുനിമാര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയവയാണ് ഇവ എന്ന് കരുതപ്പെടുന്നു.

ഖണ്ഡഗിരിയും ജൈന പാരമ്പര്യവും
ഖണ്ഡഗിരിയിലും ധാരാളം ഗുഹകള്‍ കാണാന്‍ കഴിയും. ഇവയില്‍ ജൈന തീര്‍ത്ഥങ്കരന്മാരുടെയും യക്ഷിണികളുടെയും രൂപങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളെ ഇത് വലിയ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട്. സോമവംശി രാജപരമ്പരയുടെ കാലത്താണ് ഖണ്ഡഗിരി ഗുഹകള്‍ നവീകരിക്കപ്പെട്ടതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഇവിടെയുള്ള ഭൂരിഭാഗം ഗുഹകളും ആരാണ് നിര്‍മ്മിച്ചതെന്ന വിവരം പരിസരത്തുള്ള ശിലാരേഖകളില്‍ കാണാവുന്നതാണ്. പരിസരത്തുള്ള ജൈനക്ഷേത്രം ഒരു പുതിയ നിര്‍മ്മിതിയാണെങ്കിലും, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇത് അടച്ചിട്ടിരിക്കുകയാണ്.

ലിംഗരാജ മന്ദിര്‍:
സാംസ്‌കാരിക പൈതൃകവും വാസ്തുവിദ്യയും
ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമായ ലിംഗരാജ മന്ദിര്‍ ഒഡീഷയുടെ സമ്പന്നമായ ചരിത്രത്തിന്റെയും തനതായ വാസ്തുവിദ്യയുടെയും പ്രതീകമാണ്. അമ്പത്തഞ്ച് മീറ്റര്‍ ഉയരമുള്ള പ്രധാന ശ്രീകോവിലോടു കൂടിയ ഈ വിശുദ്ധ നികേതനം സോമവംശി രാജാക്കന്മാരുടെ ഭരണകാലത്താണ് നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പില്‍ക്കാലത്ത് ഗംഗാ രാജവംശവും ക്ഷേത്രത്തില്‍ നിര്‍ണ്ണായകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയുണ്ടായി. കേരളത്തിലെ മഹാക്ഷേത്രങ്ങള്‍ എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍ കരിങ്കല്ലും മരവും പ്രധാനമായി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടവയാണെങ്കില്‍, ഒഡീഷയിലെ ക്ഷേത്രങ്ങള്‍ വ്യത്യസ്തമായ ഒരു വാസ്തുശൈലിയാണ് പിന്തുടരുന്നത്. കരിങ്കല്ലിനേക്കാള്‍ ബലം കുറഞ്ഞ ചെങ്കല്ല് (ലാറ്ററേറ്റ്), മണല്‍ക്കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ലിംഗരാജ മന്ദിര്‍ പടുതുയര്‍ത്തിയിരിക്കുന്നത്. ഏതാണ്ട് രണ്ടര മീറ്റര്‍ ഘനത്തിലുള്ള ചെങ്കല്‍ മതില്‍ക്കെട്ടിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായി, ‘ദൗള’ ശൈലിയിലാണ് ഈ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ പൂര്‍ത്തിയായെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ നടമണ്ഡപം എഡി 1099നും 1104നും ഇടയിലും, ഭോഗ മണ്ഡപം പന്ത്രണ്ടാം നൂറ്റാണ്ടിലുമാണ് നിര്‍മ്മിക്കപ്പെട്ടത്. സോമവംശ രാജാവായ യാതിയുടെ കാലത്താണ് ഇന്നത്തെ പ്രധാന ക്ഷേത്രം നിര്‍മ്മിച്ചതെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ആദികാലത്ത് ഒരു മാവിന്റെ ചുവട്ടില്‍ സ്ഥിതി ചെയ്തിരുന്ന വിഗ്രഹമായതിനാലാണ് ഈ ക്ഷേത്രത്തിന് ‘ഏകാമ്ര ക്ഷേത്രം’ എന്ന പേര് ലഭിച്ചത് (സംസ്‌കൃതത്തില്‍ ‘ആമ്രം’ എന്നാല്‍ മാവ് എന്നാണര്‍ത്ഥം). ഇവിടുത്തെ വിഗ്രഹം സ്വയം ഭൂവായതിനാല്‍ പൂര്‍ണ്ണമായ ശിവലിംഗരൂപമില്ല. ശിവന്റെയും വിഷ്ണുവിന്റെയും സാന്നിദ്ധ്യമുള്ള ‘ശങ്കരനാരായണ’ സങ്കല്‍പ്പത്തിലാണ് ഇവിടെ ആരാധന നടക്കുന്നത്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ അമ്പതിലധികം ഉപദേവാലയങ്ങളുണ്ട്. ഇതില്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണെങ്കിലും പാര്‍വ്വതീദേവി ക്ഷേത്രം പോലുള്ളവ വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് സമാനമായി വിദേശികള്‍ക്കും അഹിന്ദുക്കള്‍ക്കും ഇവിടെ പ്രവേശനമില്ല. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയി ലോര്‍ഡ് കഴ്‌സണ് ക്ഷേത്രച്ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി മതിലിനു പുറത്ത് ഒരു നിരീക്ഷണ ടവര്‍ നിര്‍മ്മിച്ചിരുന്നു. ഈ ടവറില്‍ നിന്ന് ഇപ്പോഴും ക്ഷേത്രദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തില്‍ രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെയാണ് ദര്‍ശന സമയം.

കൊണാര്‍ക്ക് സൂര്യക്ഷേത്രം: കല്ലില്‍ കൊത്തിയെടുത്ത കാവ്യം
ഭാരതീയ വാസ്തുവിദ്യയുടെയും ശില്പകലയുടെയും മകുടോദാഹരണമായ കൊണാര്‍ക്ക് സൂര്യക്ഷേത്രം ചരിത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും അപൂര്‍വ്വ സംഗമമാണ്. കനത്ത പകല്‍വെളിച്ചത്തില്‍ ദൂരത്തു നിന്നുതന്നെ കണ്ണിലുടക്കുന്നത് ഒരു സാധാരണ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളല്ല, മറിച്ച് ഏഴ് കുതിരകള്‍ വലിക്കുന്നതുപോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു മഹാരഥമായാണ് ദൃശ്യമാകുന്നത്. നിശ്ചലമായി നില്‍ക്കുമ്പോഴും മുന്നോട്ടുപായുന്ന ഒരു ചലനം ആ ശിലാസൃഷ്ടിയില്‍ കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടും പതിമൂന്നാം നൂറ്റാണ്ടില്‍ (എ.ഡി. 1250) കിഴക്കന്‍ ഗംഗാ രാജവംശത്തിലെ നരസിംഹദേവന്‍ ഒന്നാമന്റെ ഭരണകാലത്താണ് ഈ അത്ഭുത നിര്‍മ്മിതി ഉയര്‍ന്നുവന്നത്. സൂര്യദേവന്റെ ആകാശരഥത്തെ സങ്കല്‍പ്പിച്ചാണ് ക്ഷേത്രത്തിന്റെ വാസ്തുരൂപം ഒരുക്കിയിരിക്കുന്നത്. മൂന്നിനം കല്ലുകള്‍ (ഖോണ്ടലൈറ്റ്, ലാറ്ററൈറ്റ്, ക്ലോറൈറ്റ്) ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ നിര്‍മ്മിതി കലിംഗ ശില്പ ശൈലിയുടെ മികച്ച ഉദാഹരണമാണ്. പന്ത്രണ്ടായിരം തൊഴിലാളികള്‍ പന്ത്രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചു എന്ന് കരുതപ്പെടുന്ന ഇതിന്റെ നിര്‍മ്മാണച്ചിലവ് രാജ്യത്തിന്റെ പന്ത്രണ്ട് വര്‍ഷത്തെ വരുമാനമാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഘടനയില്‍ പുരാതന ഭാരതത്തിന്റെ കാലഗണനയും സമയനിര്‍ണ്ണയ രീതികളും വ്യക്തമായി പ്രതിഫലിക്കുന്നു. സൂര്യന്റെ ആദ്യകിരണങ്ങള്‍ ശ്രീകോവിലില്‍ പതിക്കും വിധമാണ് ഇതിന്റെ വിസ്മയിപ്പിക്കുന്ന നിര്‍മ്മിതി. ചുവരുകളില്‍ നൃത്തവും സംഗീതവും, മൃഗങ്ങളും പക്ഷികളും, രാജകീയ ജീവിതത്തിനൊപ്പം സാധാരണ മനുഷ്യരുടെ ജീവിത കാഴ്ചകളും കാണാം. അന്നത്തെ മനുഷ്യരുടെ വസ്ത്രധാരണം, കല, വിനോദം, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള സൂചനകള്‍ ഇവ നല്‍കുന്നു. ക്ഷേത്രത്തിനു ചുറ്റും ചക്രങ്ങളുടെ രൂപങ്ങള്‍ കൊത്തി വെച്ചിരിക്കുന്നത് ഒരു വിസ്മയ കാഴ്ചയാണ്. 24 ഭീമന്‍ ചക്രങ്ങള്‍ 12 ജോഡികളായാണ് സ്ഥിതി ചെയ്യുന്നത്. ഇത് വര്‍ഷത്തിലെ 12 മാസങ്ങളെയും 24 മണിക്കൂറിനെയും പ്രതീകവല്‍ക്കരിക്കുന്നു. എട്ട് ആരക്കാലുകള്‍ ഉള്ള ഓരോ ചക്രത്തിനും 3.7 മീറ്റര്‍ ഉയരമുണ്ട്. ഇവ സമയനിര്‍ണ്ണയത്തിനുള്ള ഘടകങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നു.

ഇന്ന് കൊണാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ കാണുന്നത് സൂര്യക്ഷേത്രത്തിന്റെ തകരാതെ നില്‍ക്കുന്ന ഒരു ഭാഗം മാത്രമാണ്. ശ്രീകോവിലിന്റെ മുന്നില്‍ ഉയരത്തില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ‘നട മന്ദിര്‍’ എന്ന നൃത്ത മണ്ഡപമാണ് സഞ്ചാരികളുടെ ദൃഷ്ടിയില്‍ ആദ്യം പതിയുക. പ്രധാന ശ്രീകോവിലിനു മുന്നില്‍ അരുണ സ്തംഭവും സ്ഥിതി ചെയ്തിരുന്നു. 1837ല്‍ പ്രധാന ശ്രീകോവില്‍ വീണുപോവുകയും നടമണ്ഡപവും ഭോഗ മണ്ഡപവും മാത്രമാണ് അവശേഷിക്കുന്നത്. ക്ഷേത്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. കാലാവസ്ഥ, തീരപ്രദേശത്തിന്റെ സ്വഭാവം, ഘടനാപരമായ പ്രശ്‌നങ്ങള്‍, മനുഷ്യ ഇടപെടലുകള്‍ എന്നിവയെല്ലാം ഇതിന് കാരണമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുംഭ ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിക്കുമ്പോള്‍ അത് തകര്‍ന്നുവീണെന്നും ആ ദുര്‍നിമിത്തം കാരണം പണി പൂര്‍ത്തിയാക്കാതെ ദീര്‍ഘകാലം മുടങ്ങിക്കിടന്നു എന്നും പറയപ്പെടുന്നുണ്ട്.

പത്ത് രൂപ നോട്ടിലെ കൊണാര്‍ക്ക്
ഒഡീഷയിലെത്തുന്ന ഏതൊരു സഞ്ചാരിക്കും ‘കൊണാര്‍ക്’ എന്ന പേര് പരിചിതമായിരിക്കാം. എന്നാല്‍, ദിവസേന നമ്മള്‍ കൈമാറുന്ന പത്ത് രൂപ നോട്ടിലെ ആ ചെറുചിത്രം കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കല്‍ച്ചക്രമാണെന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും? ഒഡീഷയുടെ മണ്ണിലെ കൂറ്റന്‍ കല്ലുകളില്‍ കൊത്തിവെച്ച ആ വിസ്മയം ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും കൈകളില്‍ ഒരു കൊച്ചു ജനാലയായി മാറിനില്‍ക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കല്ലില്‍ കൊത്തിവെച്ച വാസ്തുവിദ്യാ അത്ഭുതം, ഒരു രാജ്യത്തിന്റെ ഔദ്യോഗിക നാണയരൂപകല്‍പ്പനയുടെ ഭാഗമായി മാറുന്നത് ചരിത്രത്തിലെ വളരെ അപൂര്‍വ്വവും കൗതുകകരവുമായ ഒരു അധ്യായമാണ്. വിദേശ ആക്രമണങ്ങളെയും കാലത്തിന്റെ പ്രഹരങ്ങളെയും അതിജീവിച്ച കൊണാര്‍ക്ക്, ഇന്ന് കല്ലുകളില്‍ നിന്ന് കോടിക്കണക്കിന് കടലാസ് നോട്ടുകളിലേക്ക് കുടിയേറിയിരിക്കുന്നു. ഓരോ തവണ നമ്മള്‍ ആ പത്ത് രൂപ നോട്ട് കയ്യിലെടുക്കുമ്പോഴും, അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഭാരതീയ ശില്പകലയുടെയും ജ്യോതിശാസ്ത്രത്തിന്റെയും സുവര്‍ണ്ണ ഭൂതകാലത്തെയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px