സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 5 | സൂസൻ പാലാത്ര

നോവൽ

സാറാക്കുട്ടിയുടെ അതിജീവനം
……………………..

സൂസൻ പാലാത്ര

അദ്ധ്യായം : 5

ഓർക്കുന്തോറും ലജ്ജ തോന്നുന്നു. ശ്ശൊ, എന്തൊരു മാനക്കേട്‌! സിംഗപ്പൂരിലപ്പച്ചനെ കാണാൻ ആർത്തിയോടെ ചെന്നപ്പോൾ വല്യമ്മച്ചി ഒരു വടിയെടുത്ത് പേടിപ്പിച്ച് ഓടിച്ചുവിട്ടു. “പോ, വീട്ടിപ്പോ, വേളി കാണാൻ വന്നേക്കുന്നോ?” മക്കളില്ലാത്തതിനാൽ, ഒരു ദത്തുപുത്രനെ വളർത്തുന്ന അപ്പച്ചൻ, കുട്ടികളെ കണ്ടയുടനെ പിള്ളേർക്ക് എന്തെങ്കിലും കൊടുക്കണ്ടെ, മിഠായി എടുക്കാം എന്നു പറഞ്ഞ് ഒരു പെട്ടി തുറക്കാൻ തുടങ്ങി. ആ സമയത്താണ് വല്യമ്മച്ചി വടിയെടുത്ത് അവരെ പേടിപ്പിച്ച് ഓടിച്ചത്. കരഞ്ഞുകൊണ്ട് ഓടി നടകളിറങ്ങാൻ തുടങ്ങിയ അവരെ അപ്പച്ചൻ തിരിച്ചുവിളിച്ചു, തിരിച്ചു ചെന്നവർക്ക് ഓരോ ഹീറോപേന കൊടുത്തു. എന്നിട്ടു ചോദിച്ചു “നന്നായി പഠിക്കുന്നുണ്ടോ, മിടുക്കരായി പഠിച്ചോണം, അതോ അപ്പനെപ്പോലെ കുസൃതികളാണോ?”

പക്ഷേ സാറാക്കുട്ടി തിരിച്ചു പോയില്ല, അതു കൊണ്ടവൾക്ക് പേന കിട്ടിയതുമില്ല. അവൾ പിന്നീട് ഏറെക്കാലത്തേയ്ക്ക് തറവാട്ടിലേയ്ക്ക് പോയില്ല. അത്രയ്ക്ക് അഭിമാനക്ഷതമായിപ്പോയി….. വല്യമ്മച്ചിയുടെ ആ ഡംഭ്. ങ്ഹും, എന്തൊരു ഹുങ്കാണ്. കോളാമ്പി കഴുകാനും മുറ്റമടിയ്ക്കാനും, തൊട്ടതിനും പിടിച്ചതിനുമൊക്കെ തങ്ങളെ വേണം. വല്യമ്മച്ചിയാണെന്നു കരുതി ഇത്ര ദുഷ്ടത്തരം പാടൊണ്ടൊ? ഇനി ഞാനും എന്റെ പട്ടീം ആ വഴി പോകില്ല…. സാറാക്കുട്ടി ഉറപ്പിച്ചു കഴിഞ്ഞു.

കാലങ്ങൾ അതിവേഗം കടന്നുപോയി. പിന്നീട് എത്രയെത്ര പ്രാവശ്യം സിംഗപ്പൂരുകാരും, ആസ്ട്രേലിയക്കാരും, ബോംബെക്കാരും വന്നു പോയി. അതൊന്നും അവൾക്കൊരു വിഷയമേയല്ലാതായി. അവൾ ബോധപൂർവ്വം ആ തറവാടിനെ മറന്നു. പാഠപുസ്തകങ്ങളിൽ മാത്രം ശ്രദ്ധയൂന്നി. അമ്മയുടെ നല്ല മകളായി.

അങ്ങനെയിരിയ്ക്കെ തൊണ്ണൂറ്റെട്ടുകാരനായ വല്ല്യപ്പച്ചന് അസുഖം കലശലായി. ദൂരെയുള്ള മക്കളെ ഈ വാർത്ത കമ്പിയടിച്ച് അറിയിച്ചു. ബന്ധുഗൃഹങ്ങളിലെല്ലാം കിടാത്തന്മാരെ അയച്ചു.
വല്യപ്പച്ചന്റെ സ്നേഹിതനായ കരിങ്കുന്നേലച്ചന് ആളു പോയി. അന്ത്യകൂദാശ വേണം. അപ്പച്ചനെ കാണാൻ ബന്ധുക്കളും നാട്ടുകാരും ഒഴുകുകയാണ്. ചിലർ പറഞ്ഞു, “കന്ദീല “യാണ്. ക്രിസ്തീയ കാര്യത്തിൽ അതീവ ജാഗ്രതയുള്ള സാറാക്കുട്ടിയുടെ അമ്മ കുഞ്ഞന്നാമ്മ പറഞ്ഞു; കന്ദീലാശുശ്രൂഷ വൈദികർക്കുള്ളതാണ്. ഐമേനികൾക്ക് തൈലാഭിഷേകമാണ്. മറ്റു മക്കളും കൊച്ചുമക്കളുമെല്ലാവരും ഒത്തുകൂടി.

വല്യപ്പച്ചന്റെ സമപ്രായക്കാരനായ കരിങ്കുന്നേലച്ചൻ പറഞ്ഞു; സത്യ വിശ്വാസികൾക്ക് തൈലാഭിഷേകം നല്കിയാൽ എളുപ്പം സൗഖ്യമാകും. ഔസേപ്പച്ചൻ ഇനി കുറേക്കാലം കൂടി ജീവിച്ചിരിക്കും. അതിനും മുന്നേ ഞാൻ പോകും”
അന്ത്യകൂദാശയും വി. കുർബ്ബാനയുമൊക്കെ സ്വീകരിച്ച് എല്ലാവരേയും ആളുകൂട്ടിയ വല്യപ്പച്ചൻ പിന്നെയും രണ്ടുവർഷം കൂടി ജീവിച്ചു. കരിങ്കുന്നേലച്ചന്റെ പ്രവചനം അച്ചട്ടായി. അച്ചൻ നേരത്തെ കാലം ചെയ്തു.

ഇടവക വികാരിയച്ചന്റെ കബറടക്ക ശുശ്രൂഷയും നാല്പതടിയന്തിരവും ഒക്കെ പള്ളിയാണ് നടത്തുന്നത്. അച്ചന്റെ വീട്ടുകാർക്കും നല്ല സാമ്പത്തിക സ്ഥിതിയായതിനാൽ ഒരു കുറവും വരുത്തിയില്ല. കെങ്കേമൻ സദ്യ സാറാക്കുട്ടിയും സഹോദരങ്ങളും നന്നായി ആസ്വദിച്ചുണ്ടു.

വല്യപ്പച്ചൻ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പടെ നല്ല വിദ്യാഭ്യാസം സിദ്ധിച്ചയാളാണ്. കണ്ണു മങ്ങിപ്പോയി. പത്രമാസികകളും യാമ പ്രാർത്ഥനകളും ചൊല്ലിക്കൊടുക്കാൻ ആളുവേണം. ആ ജോലി സാറാക്കുട്ടിയുടെ ചുമലിൽ വന്നു പതിച്ചു. അവൾ രാവിലെ പത്രങ്ങൾ വായിച്ചു കേൾപ്പിച്ചു, രാവിലെയും വൈകുന്നേരവും പ്രാർത്ഥനകൾ ചൊല്ലിക്കൊടുത്തു. വല്യപ്പച്ചൻ കിടന്ന് പുറം പൊട്ടാതിരിക്കാൻ കയറു കെട്ടി, കയറിൽ തുണി പിരിച്ച് മിനുസപ്പെടുത്തി, കട്ടിലിനോട് ബന്ധപ്പെടുത്തി, പിടിച്ചിരിക്കാൻ ഊഞ്ഞാലുപോലാക്കിക്കൊടുത്തിട്ടുണ്ട്. വല്യപ്പച്ചനെ കട്ടിലിന്റെ വിളുമ്പിലിരുത്തും. എന്നിട്ട് ആ തുണിക്കയറിൽ പിടിപ്പിച്ചു കൊടുക്കും, വീഴാതെ പിടിച്ചിരിക്കാനും ദൃഷ്ടി കുമ്പിട്ട് വീഴാതിരിക്കാനും. രാത്രികളിൽ കുളിരുമാറ്റാൻ നെരിപ്പോടു വച്ചു കൊടുത്തു. കൊച്ചപ്പാപനോ, സാറാക്കുട്ടിയുടെ അപ്പനോ ഒന്നരാടൻ ദിവസങ്ങളിൽ ഉറക്കമിളച്ചിരുന്നു. അവർക്കു പറ്റാഞ്ഞ ദിവസം സാറാക്കുട്ടിയെ ആ ചുമതല വല്യമ്മച്ചിയേല്പിച്ചു. മൂന്നാലു രാത്രികളിൽ ആ ഭയപ്പെടുത്തുന്ന, കൂരിരുട്ടിന്റെ അന്തരീക്ഷമുള്ള
“ഭാർഗ്ഗവീനിലയം” പോലെയുള്ളവീട്ടിലെ തളത്തിൽ അവൾ വല്യപ്പച്ചന് കൂട്ടിരുന്നു.

വല്യപ്പച്ചന് ഒരു ബുദ്ധിമുട്ടും വരാതിരിക്കാൻ സാറാക്കുട്ടിയുടെ അപ്പനും കൊച്ചപ്പാപ്പനും വല്യമ്മച്ചിയും ശ്രദ്ധിച്ചു. എന്നും എറേത്തെ വല്യതിണ്ണേൽ എടുത്തു കൊണ്ടുപോയിരുത്തി പല്ലില്ലാത്ത മോണ തേയ്പ്പിച്ചു, അക്കരം വന്ന നാക്ക് ശ്രദ്ധയോടെ വടിച്ചു, ഷേവ് ചെയ്യിച്ച് വിദേശവാസന സോപ്പു കൊണ്ടു കുളിപ്പിച്ച്, സിംഗപ്പൂർ വാസനതൈലങ്ങൾ പൂശിച്ച്, തളത്തിലെ ഈട്ടി കട്ടിലിൽ കൊണ്ടെ കിടത്തും. ആ സമയത്ത് ആരെങ്കിലും റേഡിയോ കേൾപ്പിച്ചു കൊടുക്കും, വള്ളംകളി മത്സരത്തിന്റെ തത്സമയ കമന്ററിയൊക്കെ, താഴത്തങ്ങാടിയിൽ ജനിച്ചു വളർന്ന് ബാല്യവും യൗവ്വനവും പിന്നിട്ട വല്യപ്പച്ചന് ഏറെ ഇഷ്ടമാണ്. വേദ വായനകളും പത്രവായനകളും നടത്തണം. ആ ചുമതല സാറാക്കുട്ടിയ്ക്കായത്, ഭാവികാലത്ത് അവൾക്ക് ഒരുപാട് ഉപകാരപ്പെട്ടു. പത്രത്തിലൂടെയും റേഡിയോയിലൂടെയും ലോക പരിചയവും അറിവും അവൾ സമ്പാദിച്ചതോടൊപ്പം; പ്രാർത്ഥന ചൊല്ലി കൊടുത്തതു വഴിയും, വേദപുസ്തകം വായിച്ചു കൊടുത്തതു വഴിയും, സത്യദൈവവുമായി അവൾ നിരന്തരം നല്ല സമ്പർക്കത്തിലേർപ്പെട്ടു. യേശുക്രിസ്തു അവളുടെ അരുമനാഥനായി മാറിയെന്നു മാത്രമല്ല വേദപുസ്തകത്തിൽ പ്രാവിണ്യം നേടാനും അവൾക്കായി.

അപ്പച്ചൻ അവളെ വിളിച്ച് അടുക്കിലിരുത്തി അനുഗ്രഹിച്ചു. “അദീനയുടെ എഴുത്തുകൾ അഥവാ ശ്രീയേശുചരിതം ” എന്ന അമൂല്യമായ പുസ്തകം നല്കി അനുഗ്രഹിച്ചിട്ട് പറഞ്ഞു ഒട്ടും പ്രയാസ്സപ്പെട്ടണ്ടാ, നിനക്കു നല്ലതേ വരൂ. നന്മ മാത്രം. പേരും പെരുമയും സിദ്ധിക്കും, ഒത്തിരി മിടുക്കിയാവും. ഇസ്രായേലിന്റെ മകൻ യോസേഫിനെപ്പോലെ നീ സഹോരങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെടും.

ഒരുദിവസം വല്യപ്പച്ചനെ അവൾ ഉറക്കമൊഴിഞ്ഞ് ശുശ്രൂഷിച്ചു കൊണ്ടിരുന്ന വേളയിൽ അറിയാതെ എപ്പഴോ അവളൊന്നു മയങ്ങിപ്പോയി…..

വല്യപ്പച്ചൻ അക്കരം വന്നു കുഴഞ്ഞു പോയ നാവുകൊണ്ട് തിരിയാത്ത ശബ്ദത്തിൽ വല്യഒച്ചയിട്ടു. വല്യമ്മച്ചിയും കൊച്ചപ്പാപ്പനും എല്ലാവരും ഓടിക്കൂടി, അവൾക്ക് കാര്യം മനസ്സിലായില്ല. വല്യപ്പച്ചൻ ഒച്ചയിട്ട് എല്ലാരേം കൂട്ടി വരുത്തിയതിന്റെ സാരം പിന്നീടാണ് അവൾക്ക് പിടികിട്ടിയത്. അപ്പച്ചനെ കാക്കാൻ ചെന്ന സാറാക്കുട്ടി ഉറക്കം തൂങ്ങി നെരിപ്പോടിൽ വീഴാൻ തുടങ്ങിയപ്പോഴാണ്, വല്യപ്പച്ചൻ ഒച്ചയുണ്ടാക്കിയത്. അങ്ങനെ ഉറക്കമിളപ്പിൽ നിന്ന് മന:പൂർവ്വമല്ലാതെ അവൾ രക്ഷനേടി. എന്നാലും പത്രവായന, വേദവായന എന്നു പറഞ്ഞ് വിളിപ്പിച്ച് സൂത്രത്തിൽ വീട്ടിലെ പണികൾ വല്ല്യമ്മച്ചിയും കൊച്ചമ്മയും കൂടി ചെയ്യിച്ചുകൊണ്ടിരുന്നു. അതവൾക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു.

കുടുംബ സ്വത്തൊക്കെയും തോന്നിയ മാതിരി ഭാഗം ചെയ്തെടുത്തിട്ട് പിന്നെയും അടിമവേല ചെയ്യിക്കുന്ന രീതിയോട് അവൾക്ക് പൊരുത്തപ്പെടാനായില്ല. വല്യപ്പച്ചൻ നീതിയുക്തമായി ചെയ്ത ഭാഗപത്രം കൊച്ചപ്പാപ്പൻ തന്റെ സൂത്രശാലിയായ ഭാര്യയും ഭാര്യാ സഹോദരൻ തരിയനുമായി ചേർന്ന് തിരിമറി കാണിച്ചു, ഭൂരിപക്ഷവും സ്വന്തമാക്കി. കൊമ്പൻ മീശക്കാരൻ തരിയനെ കാണുന്നതു പോലും അവൾക്കും വീട്ടുകാർക്കും വെറുപ്പാണ്. കൊച്ചമ്മയുടെ തരിച്ചായൻ – ശകുനി. അയാളെ ശകുനിയെന്ന് സാറാക്കുട്ടിയുടെ വീട്ടുകാർ രഹസ്യമായി വിളിച്ചു.

രണ്ടു കിണ്ണം വട്ടേപ്പവുമായി അവറ്റകൾ വന്ന് വല്യപ്പച്ചനേം വല്യമ്മച്ചിയേയും കിഴക്കോട്ട് നിർബന്ധിച്ച് കൊണ്ടുപോയതാണ്. പിന്നെ എന്തു കൂടോത്രമാ ചെയ്തതെന്ന് അറിയില്ല. എല്ലാം കൈമറിച്ച് കൊച്ചപ്പാപ്പൻ സ്വന്തമാക്കി.

സിംഗപ്പൂരിലപ്പച്ചൻ ആധാരങ്ങൾ എല്ലാം കാണണമെന്ന് വാശി പിടിച്ചപ്പോൾ വല്യ കലഹമായി. പിന്നീട് ഏറെനാൾ കഴിഞ്ഞ് മൂലേൽ സാബു ഒരു വഴക്കിനിടയിൽ ഈ ആധാരങ്ങളെല്ലാം തന്റെ വീട്ടിലാണ് ഒളിപ്പിച്ചതെന്ന് വിളിച്ചു പറഞ്ഞു. അപ്പോഴും സാറാക്കുട്ടിയുടെ അപ്പൻ ശാന്തത പൂണ്ട് നിഷ്ക്രിയനായി ഇരുന്നു.

കാലം ആരുടെയും അനുവാദം വാങ്ങാതെ വേഗം തന്റെ കലണ്ടർ മറിച്ചു കൊണ്ടിരുന്നു. സാറാക്കുട്ടിക്ക് ഇന്ന് പതിനെട്ടുവയസ്സ് തികഞ്ഞു. പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. ഫസ്റ്റ് ക്ലാസ്സിൽ പാസ്സായെങ്കിലും അവൾക്കു താഴെയുള്ള എല്ലാവർക്കും പഠിക്കണ്ടെ. അവൾ വീട്ടിൽ നിന്നു. അമ്മയെ വീട്ടുജോലികളിൽ സഹായിച്ചും, പശുക്കൾക്കു് പുല്ലുപറിച്ചും, ആടിനു തീറ്റ വെട്ടിയും അടുപ്പിൽ വയ്ക്കാൻ വിറകുണ്ടാക്കിയും, പശൂമ്മൂത്രം കോരിയും, ചാണകം വാരി തൊഴുത്തു വൃത്തിയാക്കിയും നടക്കുന്നത് കണ്ട്, അമ്മയുടെ ഉള്ളു പൊള്ളി. സങ്കടം സഹിക്കാഞ്ഞ് അമ്മ അവളെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ടൈപ്പിംഗ് പഠിക്കാൻ നിർബ്ബന്ധിച്ചു ചേർത്തു. ആ സ്ഥാപനത്തിൽ പഠിച്ച ഭൂരിപക്ഷം പേരും ജോലി കിട്ടിപ്പോകുക പതിവാണ്. ആദ്യം മടി കാണിച്ചെങ്കിലും സാറാക്കുട്ടിയ്ക്ക് അത് ഇഷ്ടമായി. അതിനാൽ സാറാക്കുട്ടിയ്ക്ക് ഇന്ന് ഒരു ലക്ഷ്യബോധമുണ്ട്. എങ്ങനെയും ഒരു സർക്കാർ ജോലി കരസ്ഥമാക്കണം.

അവൾക്കു് കുറെ കുട്ടികളെ ട്യൂഷൻ പഠിപ്പിയ്ക്കാൻ കിട്ടി. ട്യൂഷനിൽ നിന്നുള്ള വരുമാനംകൊണ്ട് അവൾ പഠിച്ചു. പിന്നീട് കുളിക്കാൻ ഒരു സോപ്പിനു പോലും അവൾക്ക് വീട്ടുകാരെ ആശ്രയിക്കേണ്ടി വന്നില്ല. വീട്ടിലെ ദൈനംദിനകാര്യങ്ങളിൽ അവളും യഥാശക്തിയനുസരിച്ച് സഹായിച്ചു പോന്നു.

അറയ്ക്കൽകാരുടെ വീട്ടിലെ ട്യൂഷൻ അവൾക്ക് ഏറെ പ്രയോജനപ്പെട്ടു. വായിക്കാൻ ധാരാളം നല്ല പ്രസിദ്ധീകരണങ്ങൾ കിട്ടി. നിരന്തരമുള്ള വായനയാൽ അവളിൽ ഒളിഞ്ഞിരുന്ന എഴുത്തുകാരി സടകുടഞ്ഞ് എഴുന്നേറ്റു. അവളുടെ രചനകൾ ഒക്കെ പതുക്കെ ചില പ്രസിദ്ധീകരണങ്ങളിലൊക്കെ തലപൊക്കാൻ തുടങ്ങി.

(തുടരും…)

LEAVE A REPLY

Please enter your comment!
Please enter your name here