കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-12

Facebook
Twitter
WhatsApp
Email

അധ്യായം-12

കാവിലേക്കുള്ള പടികള്‍ കയറുമ്പോഴാണു തന്നെയാരോ പേരുചൊല്ലി വിളിക്കുമ്പോലെയൊരു തോന്നല്‍ കാര്‍ത്തിയമ്മക്കുണ്ടായത്. അവര്‍ താഴേക്ക് നോക്കി. കല്‍പടികള്‍ക്ക് താഴെ ക്ലേശത്തോടെ ഓടിക്കയറി വരുന്ന രവിയെക്കണ്ട് അവര്‍ അമ്പരന്നു. കൈപ്പിടിയില്‍ പിടിച്ചും പിടിക്കാതെയും ഒരുവിധം നടകള്‍ കയറി രവി അവരുടെ സമീപമെത്തി. അവരെ നോക്കി പുഞ്ചിരിച്ചെങ്കിലും കിതപ്പ് മൂലം രവിക്ക് സംസാരിക്കാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു.

‘എന്താ കുഞ്ഞേ? സംശയം മാറിയിട്ടില്ല ല്ലേ? കുഞ്ഞാത്തോല്‍ ഉണ്ടോ എന്ന്?’ അവര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. രവിശങ്കര്‍ തല വെട്ടിച്ചു.

‘അതല്ല കാര്‍ത്തിയമ്മേ…. നിങ്ങള്‍ തൊഴുതിട്ട് വരൂ… ഞാന്‍ കാത്ത് നില്‍ക്കാം. എനിക്ക് മറ്റുചിലതാണ് അറിയാനുള്ളത്.’ രവിയുടെ ഉത്തരം കേട്ടപ്പോള്‍ അയാളെ ഒന്ന് നോക്കി അവര്‍ അമ്പലത്തിലേക്ക് കടന്നു.

നാരായണേട്ടനെ വിളിച്ച് രവി കാര്‍ കേടായ വിവരം പറഞ്ഞു. ഉടനെ തന്നെ മെക്കാനിക്കിനെ കൂട്ടിയെത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ഉമയോട് ഇക്കാര്യം പറയേണ്ട എന്നും ഓര്‍മ്മിപ്പിച്ചു. സമയം ആറുമണിയോടടുക്കുന്നു. ഉമ അമ്പലത്തില്‍ വരാന്‍ സാധ്യതയുണ്ട്. കാര്‍ത്തിയമ്മയൊന്ന് വേഗം വന്നിരുന്നെങ്കില്‍. ഉമയറിയാതെ വേണം കാര്‍ത്തിയമ്മയോട് സംസാരിക്കാന്‍. കാര്യകാരണസഹിതം എല്ലാ വിവരങ്ങളും അറിഞ്ഞതിനുശേഷമേ അവളോട് സംസാരിക്കാനാവൂ, ഇല്ലെങ്കില്‍ പാവമപ്പാടെ തകര്‍ന്ന് പോവും.

രവി അമ്പലത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് കാത്തുനിന്നു. വിവാഹം കഴിഞ്ഞ നാളുകളിലൊന്നില്‍ ഇവിടെ വന്നതായോര്‍ക്കുന്നു. കവാടത്തിനരികിലെ കല്‍വിളക്കില്‍ ആയിരംതിരികള്‍ കൊളുത്താന്‍ ഉമയെ സഹായിച്ചതും അയാള്‍ക്കോര്‍മ്മ വന്നു. ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മ്മല്യവുമാണയാള്‍ക്ക് ഉമ അന്നുമിന്നും. അവളോടെന്നും വാത്സല്യം കലര്‍ന്നൊരു സ്‌നേഹമാണയാള്‍ക്ക്. അതുകൊണ്ട് മാത്രമാണിപ്പോള്‍ ഈ അമ്പലമുറ്റത്തിങ്ങനെ കാത്ത് നില്‍ക്കുന്നതും. അപ്പോള്‍ പാറി വന്നിരുന്നൊരു വെണ്‍പ്രാവില്‍ അയാളുടെ കണ്ണുകള്‍ പതിഞ്ഞു. അടിവെച്ചടിവച്ച് പാദങ്ങള്‍ പറിച്ചുവയ്ക്കുന്നതിനിടെ കാതരയായി തന്നെ നിരീക്ഷിക്കുന്ന ആ പ്രാവില്‍ അയാളുടെ മനസ്സുടക്കി. ആ ചാരക്കണ്ണുകള്‍ എന്തോ പറയുവാന്‍ വെമ്പുന്നത് പോലെ.
കുഞ്ഞാത്തോലിന്റെ വെള്ളാരംകണ്ണുകളെപ്പറ്റി ഉമ എപ്പോഴും പറയുമായിരുന്നു. എന്തുകൊണ്ടാണു താനിപ്പോള്‍ വീണ്ടും കുഞ്ഞാത്തോലിനെ ഓര്‍ക്കുന്നത്? രവിശങ്കറിനു അസ്വസ്ഥത തോന്നി. അമ്പലത്തിനുള്ളില്‍ കയറിയില്ലെങ്കിലും അയാള്‍ അമ്പലനടയില്‍ കൂപ്പുകൈകളോടെ നിന്നു. അനിര്‍വ്വചനീയമായൊരു ആത്മശാന്തിയില്‍ രവി സ്വയമലിഞ്ഞില്ലാതായി.പിന്നെ, കണ്ണു തുറന്നപ്പോള്‍ കയ്യില്‍ പ്രസാദവുമായി കാര്‍ത്തിയമ്മ നടന്നടുക്കുന്നത് കണ്ട് അയാള്‍ ഉത്സുകനായി.

എന്താ കുഞ്ഞേ തിരക്കി വന്നത്? കാര്‍ത്തിയമ്മ അയാളെ നോക്കി’ഇന്നലെ മനക്കലെ ജോലിയെല്ലാം തീര്‍ത്ത് ഞാന്‍ വന്നപ്പോള്‍ കുഞ്ഞ് പോയിക്കഴിഞ്ഞിരുന്നു.’

‘അതേ കാര്‍ത്തിയമ്മേ…. ഉമയുടെ ഫോണ്‍ വന്നത് കൊണ്ട് അത്യാവശ്യമായി പോരേണ്ടി വന്നു.’

‘ഇന്നലത്തെ സംശയങ്ങള്‍ ഒക്കെ മാറി. ഇന്നിപ്പോള്‍ ഒരേയൊരു ചോദ്യം മാത്രമാണു മനസ്സില്‍.’ അയാള്‍ പറയുന്നത് കേട്ട് കാര്‍ത്തിയമ്മ ആകാംക്ഷയോടെ നോക്കി.

‘കാര്‍ത്തിയമ്മേ…. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ കുഞ്ഞാത്തോലിനെ കൊന്നതാണെന്ന്? ഉമയുടെ അച്ഛന്‍ മനപൂര്‍വ്വം കൊന്നതാണെന്ന്?’ രവി വിങ്ങലോടെ ചോദിച്ചു.

‘അങ്ങനെ ചോദിച്ചാല്‍.? അഥവാ, ആണെന്ന് ഞാന്‍ പറഞ്ഞാല്‍ തന്നെ? കുഞ്ഞ് വിശ്വസിക്കുമോ?’ കാര്‍ത്തിയമ്മ വിമുഖതയോടെ മറുപടി പറഞ്ഞു.

‘വിശ്വസിക്കും. ആ കുടുംബത്തോട് ഇത്രയും ആത്മാര്‍ത്ഥതയുള്ള വേറൊരു വ്യക്തി ഇന്നാട്ടിലില്ല. കാര്‍ത്തിയമ്മ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. പക്ഷേ എന്തിനായിരുന്നു എന്നുകൂടി പറയണം.’

‘കൃത്യമായി ഉത്തരം തരാനാവില്ലെങ്കിലും ഒരുകാര്യം പറയാം. കുഞ്ഞാത്തോലിന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍ വാര്യര്‍ ഉപദ്രവിക്കും എന്നൊരു ഭയം ആത്തോലമ്മയ്ക്ക് ഉണ്ടായിരുന്നു. അക്കാരണം ഒന്നുകൊണ്ട് മാത്രമാണു കുഞ്ഞാത്തോലിന്റെ വിവാഹം പോലും വേഗം നടത്തിയത്.’

രവിയുടെ മുഖം വിവര്‍ണ്ണമാവുന്നത് കണ്ട് കാര്‍ത്തിയമ്മ നിര്‍ത്തി. അമ്പലത്തിലേക്കുള്ള ഭകതരുടെ തിരക്ക് തുടങ്ങിയിരിക്കുന്നു. അല്‍പമകലെ ഒഴിഞ്ഞ കല്‍പടിയിലിരുന്ന് സംസാരിക്കാമെന്ന് രവി അവരോട് പറഞ്ഞു. എല്ലാം വിശദമായി അറിയണം. അവര്‍ പടര്‍ന്നു പന്തലിച്ച അരയാലിന്റെ താഴെ ഒരു മൂലയിലേക്ക് നീങ്ങി.

‘ഈ ശിവക്ഷേത്രം കണ്ടോ കുഞ്ഞേ? 600 വര്‍ഷമെങ്കിലും പഴക്കമുണ്ട്. പിന്നെ ഈ ഗ്രാമം. പട്ടാമ്പിയ്ക്കും കുന്തിപ്പുഴയ്ക്കും ഇടയിലുള്ള ഈ ഗ്രാമം മുഴുവന്‍ ഒരു കാലത്ത് കോയിക്കല്‍ മനയുടേതായിരുന്നു. മംഗലംകുന്നിന്റെ താഴ്‌വാരം മുതല്‍ കുന്തിപ്പുഴ വരെ നീണ്ട് കിടക്കുന്ന കൃഷിഭൂമിയും മനക്കലേതായിരുന്നു. ഈ ക്ഷേത്രത്തിലെ കഴകം വാര്യരങ്ങുന്നിന്റെ കുടുംബക്കാര്‍ക്കായിരുന്നു. ഒരിക്കല്‍ ഭഗവാനു നൈവേദ്യമുണ്ടാക്കാനായി മനക്കലില്‍ നിന്നും സമര്‍പ്പിച്ച പൊന്നുരുളി കാണാതായി. കഴുകി വൃത്തിയാക്കാന്‍ ഏല്‍പിച്ച ഉരുളി മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി അന്നത്തെ പതിനാലുകാരനായ വാര്യരെ അമ്പലക്കമ്മറ്റി ചാട്ടവാറിനടിച്ചു. ശിക്ഷ നടപ്പാക്കിയതിനു ശേഷം പിന്നീട് ശ്രീകോവിലിനുള്ളില്‍ പൊന്നുരുളി കണ്ടെടുത്ത പൂജാരി തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി വാര്യരോട് മാപ്പിരന്നു. വിവരങ്ങളെല്ലാമറിഞ്ഞ വലിയതിരുമേനി വാര്യരെ തന്റെ സഹായിയായി ക്ഷണിച്ച്, അദ്ദേഹത്തെ മനയുടെ കാര്യസ്ഥപദവി ഏല്‍പിച്ചു.’
കാര്‍ത്തിയമ്മ ഒന്നുനിര്‍ത്തി രവിയെ നോക്കി. ഈ പഴമ്പുരാണത്തില്‍ തനിക്ക് താല്‍പര്യമില്ല എന്ന മട്ടായിരുന്നു രവിയുടെ മുഖത്ത്. ഇതും തന്റെ ചോദ്യവുമായി എന്താണു ബന്ധമെന്നൊരു ചോദ്യം രവിയുടെ ചിന്താമണ്ഡലത്തില്‍ നിറഞ്ഞു. അത് മനസ്സിലാക്കിയെന്നോളം അവര്‍ തുടര്‍ന്നു.

‘അങ്ങനെ കോയിക്കല്‍ മനയുടെ കാര്യസ്ഥനായ വാര്യരുടെ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ട് മനയുടെ പ്രശസ്തിയും സമ്പത്തും അടിക്കടി കൂടി. ഒപ്പം വാര്യരുടെ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. ആയിടെ സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വത്തിനു കീഴിലാക്കിയതോടെ മനയ്കലേക്കുള്ള വരുമാനം കൃഷിയിലൂടെ മാത്രമായി. മോഷ്ടാവാക്കി ശിക്ഷിച്ച കോയിക്കല്‍ മനക്കാരോടുള്ള പകയും പ്രതികാരവും വാര്യരുടെ മനസ്സില്‍ എരിയുന്ന നെരിപ്പോടായ് മാറിയത് ആരുമറിഞ്ഞില്ല. സമപ്രായക്കാരനായ കൊച്ചുതിരുമേനിയെ ലഹരിക്കടിമയാക്കി, വാര്യര്‍ കോയിക്കല്‍ മനയുടെ തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ സ്വസ്ഥാനം നിലനിര്‍ത്തി.

തന്റെ സ്വത്തുവകകള്‍ പതിയെ പതിയെ കൈവിട്ട് പോകുന്നത് വലിയതിരുമേനി തിരിച്ചറിഞ്ഞപ്പോള്‍ വൈകിയിരുന്നു. അതിബുദ്ധിമാനായ രാഘവന്‍ തന്റെ അസ്ഥിത്വം തകര്‍ത്ത് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു ഇത്രനാളും എന്ന തിരിച്ചറിവില്‍ വലിയ തിരുമേനി ആകെ തകര്‍ന്നു. ഇനിയാകെ അവശേഷിച്ചതു മനയും ചുറ്റുപാടുമുള്ള രണ്ടേക്കര്‍ പുരയിടവും കുന്തിപ്പുഴയുടെ തീരം വരെ അന്തമില്ലാതെ നീണ്ടുകിടക്കുന്ന കരപ്പാടവും മാത്രം.

ഇനിയുള്ളതെങ്കിലും കൈവിടാതിരിക്കണമെങ്കില്‍ ആദ്യം വാര്യരെ ഒഴിവാക്കണം. ലഹരിക്കടിമപ്പെട്ട് മൂഢനായ പുത്രനെ വേളി കഴിപ്പിച്ച് കാര്യപ്രാപ്തനാക്കണം. ഇരുപത്തിനാലിന്റെ ചൂടുള്ള യുവത്വത്തില്‍ വാര്യരെയിപ്പോള്‍ വലിയതിരുമേനിക്ക് ഭയമായിരിക്കുന്നു. തിരുമേനിയുടെ തലയിലെന്തൊക്കെയോ ചിന്തകള്‍ ഉരുത്തിരിയുന്നത് വാര്യര്‍ക്കും മനസ്സിലായിത്തുടങ്ങി. പക്ഷെ എത്ര ആലോചിച്ചിട്ടും അതൊട്ട് മനസിലായതുമില്ല. സാമ്പത്തികമായി വളരെയേറെ മെച്ചപ്പെട്ട അയാള്‍ക്കിപ്പോള്‍ ഒരു മോഹം കൂടിയുണ്ട്. വാര്യത്തെ പടിയില്‍ നിന്നും കുന്തിപ്പുഴയോളം നീണ്ട് കിടക്കുന്ന നൂറേക്കര്‍ പാടം. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ പൊന്ന് വിളയിക്കുന്ന ഈ പാടം എന്നേക്കുമായി തന്റെ സ്വന്തമാകണം. വാര്യര്‍ അതിനുള്ള ശ്രമം തുടങ്ങി. കൊച്ചുതിരുമേനിയുടെ വിവാഹം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ ലഹരിയില്‍ മുങ്ങിയ കൊച്ചുതിരുമേനിയിലൂടെ ആധാരത്തിന്റെ പകര്‍പ്പ് കൈപ്പിടിയിലാക്കാന്‍ വാര്യര്‍ക്ക് സാധിച്ചു.’ കാര്‍ത്തിയമ്മ പറഞ്ഞു നിര്‍ത്തി.

എന്നിട്ടോ? രവിയിപ്പോള്‍ ആകാംക്ഷാഭരിതനായിരിക്കുന്നു.

‘എല്ലാം ഞാന്‍ കേട്ടറിഞ്ഞ കാര്യങ്ങളാണു കുഞ്ഞേ.’ കാര്‍ത്തിയമ്മ തുടര്‍ന്നു. വാര്യരെ മനക്കലെ കാര്യസ്ഥപദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ വലിയതിരുമേനി തീരുമാനിച്ച ദിവസം. ഇനിയെന്താണു മനയുടേതായി അവശേഷിച്ചിട്ടുള്ളതെന്ന വാര്യരുടെ പരിഹാസവും പൊട്ടിച്ചിരിയും മുഴങ്ങിയപ്പോള്‍ നെഞ്ചില്‍ കൈയമര്‍ത്തി മുന്നോട്ടാഞ്ഞ വലിയതിരുമേനി പിടഞ്ഞുവീണു, മൂക്കില്‍ നിന്നും രക്തമൊഴുകി മരിക്കുകയാണുണ്ടായത്.

കാര്‍ത്തിയമ്മ പറഞ്ഞുതീരും മുന്‍പേ വയസ്സന്‍ ആല്‍മരത്തിന്റെ ഒരു ശിഖരം ഘോരശബ്ദത്തോടെ അടര്‍ന്നു വീണു, ഒപ്പം ഭീതിജനകമായ കാറിക്കരച്ചിലോടെ പറന്നുയര്‍ന്ന നൂറുകണക്കിനു കടവാവലുകള്‍ അമ്പലമുറ്റത്തെ ശബ്ദമുഖരിതമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *