ഉണ്ണിമാവ് part 2 | സിന്ദുമോൾ തോമസ്

Facebook
Twitter
WhatsApp
Email

പെട്ടന്നൊരു അലമുറ..വല്യമ്മായിയാണ്. കാഞ്ഞിരക്കുറ്റി  പോലത്തെ ദേഹം  കുലുക്കി കൈയിൽ ഒരു കുറിമാനവും നീട്ടിപ്പിടിച്ചു കിതച്ചുകൊണ്ട് ഓടി വരുന്നു.
“അയ്യോ വെട്ടല്ലേ…ഉണ്ണിപെങ്ങളെ  കാണുന്നില്ല.. ദാ  ഈ എഴുത്തു അവളുടെ കിടക്കയിൽ നിന്ന് കിട്ടിയതാ…”
മരം വെട്ടുന്നതും വീഴുന്നതും കാണാൻ തടിച്ചു കൂടിയ ആളുകളെല്ലാം ചലനമറ്റു   നിന്ന ഒരു നിമിഷത്തിൽ പുഴ കടന്നു വന്ന ഇളം കാറ്റു ഉണ്ണിമാവിൻ ചില്ലകളെ മെല്ലെയൊന്നുലച്ചു.
വല്യമ്മാവൻ മൂക്കുകണ്ണാടി ഇളക്കിയുറപ്പിച്ചു ദൃഷ്ടികൾ കൂർപ്പിച്ചു വായിച്ചു..
“ പ്രിയപ്പെട്ട വല്യ കുഞ്ഞാഞ്ഞേ, എന്നോട് ക്ഷമിക്കണം.  എനിക്ക് ആര്ഭാടമായിട്ടു കല്യാണം വേണ്ട. ഞാൻ വടക്കേതിലെ സുനിയുടെ കൂടെ പോവുകയാണ്. ഉണ്ണിമാവ് അവിടെ നിന്നോട്ടെ.”
വായന കഴിഞ്ഞു കോടാലി ഓങ്ങി നിൽക്കുന്ന ചാത്തുണ്ണിയോട് വെട്ടണ്ട എന്ന് ആംഗ്യം കണിച്ചിട്ടു തടി കച്ചവടക്കാരനെ തോളത്തു കൈയിട്ടു പിടിച്ചു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. ചാര് കസേരയിൽ ചാഞ്ഞിരുന്നു വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു  കൊണ്ട് വല്യമ്മായിയെ വിളിച്ചു; ” എടിയേ, ഒരു ചായ കൊണ്ട് വാ” ചുണ്ണാമ്പു പുരട്ടി മടക്കിയ വെറ്റിലയും പുറകെ കഷണിച്ച അടക്കയും ഒടുവിൽ ഒരു നുറുക്ക് ഗാലി പുകയിലയും വായിലേക്കു തള്ളി നിവർന്നിരുന്നു തടിക്കച്ചവടക്കാരനോട് പറഞ്ഞു.” അതെ മാവു വിൽക്കുന്നില്ല. നിങ്ങക്കെന്ന നഷ്ടവൊണ്ട് ?അച്ചാരവും    നിങ്ങടെ ന്യായമായ നഷ്ടോം  ഞാൻ തന്നേക്കാം.” തടിക്കച്ചവടക്കാരൻ മനഃസാക്ഷിയുള്ളവൻ ആയതു കൊണ്ടും മുമ്പ് ഉണ്ണിമാമ്പഴം തിന്നിട്ടുള്ളത് കൊണ്ടും  അച്ചാര തുക മാത്രം കൈപ്പറ്റി ചായയും കുടിച്ചു തിരിച്ചു പോയി.
വല്യമ്മാവൻ ആവട്ടെ വീട് വിട്ടുപോയ ഉണ്ണിപെങ്ങളെ  കണ്ടു പിടിച്ചു കല്യാണത്തിന് വെച്ചിരുന്ന പണം അവൾക്കും അവൾ കണ്ടെത്തിയ ഭർത്താവിനും കൊടുത്തു മാതൃകയായി. നാട്ടുകാർ തുടർന്ന് വന്ന  മീനമാസത്തിലും കാറ്റു വീശാൻ പ്രാർത്ഥിച്ചുകൊണ്ട്  റബ്ബർ മരച്ചോട്ടിൽ മധുര മാമ്പഴങ്ങൾക്കു കാവലിരുന്നു.
വസന്തവും വർഷവും ശിശിരവും ഊഴം തെറ്റാതെ പലവുരു കടന്നു പോയി.. നാട്ടിലെ മൂക്കളയൊലിപ്പിച്ചു നടന്ന കുട്ടിപ്പട്ടാളത്തിന് മീശമുളക്കുകയും  യുവാക്കൾക്ക് പ്രായമാവുകയും പ്രായമായവർ പലരും മരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കുഞ്ഞമ്മാവൻ കുഞ്ഞമ്മായിയുടെ ആവശ്യപ്രകാരം തറവാട് പുതുക്കി പണിയാൻ തീരുമാനിച്ചു. ” ഉളിവെക്കുമ്പോൾ കട്ട പൊന്നുപോൽ മിന്നും പ്ലാവും” എന്ന പെരുന്തച്ചൻ കവിത പള്ളിക്കൂടത്തിൽ പഠിച്ചത് മറക്കാതിരുന്ന കുഞ്ഞമ്മായി ജനൽ പാളികളും കതകും പ്ലാവുകൊണ്ടും മച്ചും ബാക്കിയും മാവുകൊണ്ടും  എന്ന് നിശ്ചയിച്ചു. അമ്മായിയുടെ തീരുമാനത്തിന് മേൽ കുഞ്ഞമ്മാവന്‌ മറ്റൊരു തീരുമാനം ഇല്ലാതിരുന്നതു കൊണ്ട് തടിക്കച്ചവടക്കാരൻ വീണ്ടും ഉണ്ണിമാവിനെ കാണാനും വില പറയാനും ചായ കുടിക്കാനും അത് വഴി വന്നു. നാട്ടിലെ കുട്ടികൾക്ക് മാമ്പഴം പെറുക്കൽ  പഴയതു പോലെ ശീലമില്ലാത്തത് കൊണ്ടും പണ്ട് മാമ്പഴം പെറുക്കിയവർ ഒന്നോ രണ്ടോ വര്ഷം കൂടുമ്പോൾ നാട്ടിൽ വരുന്ന പ്രവാസി, വിദേശ മലയാളികൾ ആയതു കൊണ്ടും വല്യ കോലാഹലങ്ങൾ ഒന്നുമില്ലാതെ ഉണ്ണിമാവു നിലംപതിക്കുകയും തുണ്ടം തുണ്ടമായി ലോറിയിൽ കയറി സ്ഥലം വിടുകയും ചെയ്തു. പുഴ കടന്നു വന്ന വടക്കൻ കാറ്റു കൈകൾ വിടർത്തി പലവുരു ചുറ്റിക്കറങ്ങിയിട്ടും പതിവ്  ഇലച്ചാർത്തും  ചില്ലകളും കാണാതെ നിരാശനായി മടങ്ങി. ചിതറിക്കിടന്ന  ചതഞ്ഞ മാവിലകളും ചെറു ശിഖരങ്ങളും അന്തരീക്ഷത്തിൽ തങ്ങി  നിന്ന കറയുടെ ഗന്ധവും  ഒരു കൊലപാതകത്തിന്റെ ദാരുണമായ അന്തരീക്ഷം അവശേഷിപ്പിച്ചു. കൂറ്റൻ വേരുകൾ വളർന്നു മണ്ണിൽ കാലുറപ്പിച്ചു നിന്ന ഉണ്ണിമാവിന്റെ, വിസ്താരമേറിയ കുറ്റി  മാത്രം എണ്ണമറ്റ ഓർമ്മകളെയും അള്ളിപ്പിടിച്ചു മണ്ണിൽ നിന്നു വിട്ടു പോകാനാവാതെ അനാഥമായി കിടന്നു.
റബര് മരങ്ങൾക്കു വാർദ്ധക്യം ബാധിച്ചതുകൊണ്ടു അവരെയും ഉണ്ണിമാവിനൊപ്പം പടിയിറക്കി. അങ്ങനെ ആ പുരയിടം സൂര്യാഘാതമേറ്റുകിടന്നു മീനവും മേടവും കഴിച്ചു കൂട്ടി. ഇടവപ്പാതി മുതൽ തോരാത്ത മഴ പെയ്തു കർക്കിടകം പാതി ആയപ്പോഴേക്കും പുഴയും പാടവും കവിഞ്ഞു വെള്ളം തെങ്ങിൻ തോപ്പ് വരെയെത്തി. വൈകാതെ കുഞ്ഞമ്മായിയുടെ മാവിൻ തടി കൊണ്ട് മച്ചിട്ട വീട്ടിലും മലവെള്ളം താമസമാക്കി. കുഞ്ഞമ്മായിക്കും കുടുംബത്തിനും  മാവിൻതടികൊണ്ടു മച്ചിട്ട പുത്തൻ വീട് വിട്ടു ഉണ്ണിമാവ് നിന്ന പറമ്പിലെ ഉപേക്ഷിക്കപ്പെട്ട റബര് ഷീറ്റു പുരയിലേക്കു തല്ക്കാലം താമസം മാറ്റേണ്ടി വന്നു. ചുറ്റും വെള്ളം പൊങ്ങിവരുന്നത് കണ്ടു ഉണ്ണിമാവിന്റെ ചോര വാർന്നുണങ്ങിയ കുറ്റിയിൽ ഇരുന്നുകൊണ്ട് കുഞ്ഞമ്മായി വലിയവായിൽ നിലവിളിച്ചു.
പടുമുള മുളച്ച ഏതാനും മാവിൻ തൈകൾ അവിടെ ഉണ്ടായിരുന്നു. മലവെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ കുഞ്ഞമ്മാവൻ അതിൽ ഏതാനും തൈകൾ പിഴുതെടുത്തു ഒരു മൺവെട്ടിയുമായി പുരയിടത്തിലേക്കിറങ്ങി. ചുവന്ന പൂക്കൾ വിരിയുന്ന പെരുകിലം വളരുന്നിടത്തും ഓമൽപ്പൊരിയും പൂച്ചപ്പഴത്തിന്റെ വള്ളികളും പടർന്നു നിൽക്കുന്നിടത്തും പിന്നെ വഴിയോരത്തും മാവിൻ തൈകൾ കുഴിച്ചു വെച്ച് നെറ്റിയിലെ വിയർപ്പും തുടച്ചു കുഞ്ഞമ്മാവൻ മാർബിൾ പതിച്ച ഇറയത്തിരുന്നു അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.” എടിയേ  ഇത്തിരി കഞ്ഞിവെള്ളമിങ്ങെടുത്തേ.”
സമൃദ്ധമായ ചുരുണ്ട മുടി ചായ്ച്ചു കെട്ടി കച്ചമുറുക്കി വെള്ളിപിടിയുള്ള  വയനാടൻ കത്തി അരയിൽ തിരുകി വടക്കൻ പാട്ടിലെ ചന്തുവിനെ പോലെ പുഴ കടന്നു വന്ന കാറ്റു കുഞ്ഞമ്മാവന്റെ നരച്ചു തുടങ്ങിയ മുടിയിഴകൾ തഴുകിയ ശേഷം മാവിൻ തൈകളെ  തേടി പറമ്പിലേക്കൊഴുകി.

About The Author

Leave a Reply

Your email address will not be published. Required fields are marked *