ഒടുവില്‍ തുളസി അങ്ങനെയൊരു തീരുമാനത്തിലെത്തി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം……
പോകണം…… ഇവിടെ നിന്ന് പോകണം. അച്ഛന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ മനസ്സുകൊണ്ട് ആശിച്ചുപോയി. അത് കാനല്‍ ജലമാണെന്നറിയാം…… എങ്കിലും വെറുതേ…. വെറുതേ മോഹിച്ചു പോയി.
അച്ഛന്റെ ശാപവാക്കുകള്‍ വീണ്ടും തലയ്ക്ക് മുകളില്‍ വന്നു പതിഞ്ഞു……
‘ നന്നാവില്ല ഒരിക്കലും നന്നാവില്ല…. കുലം മുടിക്കാനായി ഉണ്ടായ സന്തതി …. ലക്ഷങ്ങളുടെ ശമ്പളത്തിന് അമേരിക്കയ്ക്ക് പോവുകയല്ലെ – ഞാന്‍ ആശീര്‍വദിക്കാന്‍’
അമ്മ സ്വയം ശപിച്ചു – ” ഇങ്ങനെയൊരുത്തന് ഞാന്‍ ജന്മം നല്കിയല്ലോ എന്റെ തേവരേ ‘…… സഹോദരങ്ങള്‍ കളിയാക്കി – ‘എവിടെപ്പോയാലും…… എത്ര ശസ്ത്രക്രിയ ചെയ്ത് രൂപം മാറിയാലും ശിഖണ്ഡി ……. ശിഖണ്ഡിതന്നെയാടാ ‘ ……
സുഹൃത്തുക്കള്‍ മുഖത്തു നോക്കി പറഞ്ഞു -‘ആണും പെണ്ണും കെട്ടവനുമായി കൂട്ട് വേണ്ട’
മടുത്തു…… ഇനി വയ്യാ…… സഹനത്തിന്റെ ആമാടപ്പെട്ടിയും വിഴുപ്പുഭാണ്ഡം ചുമക്കുന്ന ചുമടുതാങ്ങിയും ഈ നാട്ടില്‍ ഞാനുപേക്ഷിക്കയാണ്. ഒപ്പം…. എന്റേത് എന്നു പറഞ്ഞ് നെഞ്ചോടടക്കിപ്പിടിച്ചു വച്ചിരുന്ന എല്ലാറ്റിനേയും ഉപേക്ഷിക്കയാണ്…. വീട്, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍…എല്ലാം… എല്ലാം.
ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരുടെയൊക്കെ മാനസീകാവസ്ഥ ഞാനും മനസ്സിലാ ക്കേണ്ടതല്ലേ. ഞാന്‍ പാപത്തിന്റെ സന്തതി ആയതിന് അവരൊക്കെ എന്ത് പിഴച്ചു.
വര്‍ഷങ്ങളായി ഞാന്‍ ഒറ്റയ്ക്കാണ്……. ഒറ്റപ്പെടുന്നവരുടെ വേദന ചിത്രീകരിക്കാന്‍ ഒരു ക്യാമറയും പ്രാപ്തമല്ല. പടിയിറങ്ങുമ്പോള്‍ കാലിടറി…. നെഞ്ചിലെ ഘനം കൂടി … സ്വന്തം എന്നത് ഒരു വിറയലായി.
യാത്ര പറയാന്‍ മനസ്സില്‍ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷേ യാത്രയയക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇനി ഒരു മടക്കയാത്രയില്ല. യാത്ര ‘കൂവാഗ ‘ ത്തേക്കാണ്. കൂവാഗം ഒരു ഉള്‍നാടന്‍ ഗ്രാമമാണ്. ഒരു ദിവസം ഏറ്റവും കൂടുതല്‍ വിധവകളെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഗ്രാമം.
കോയമ്പത്തൂര്‍ സേലം വഴി വില്ലുപുരത്ത് എത്തിയാല്‍ പിന്നെ ഒരു മുപ്പത് കിലോമീറ്റര്‍. അപ്പോള്‍ കൂവാഗമായി. വര്‍ഷത്തിലൊരിക്കല്‍ അവിടെ ഒരു ഉത്സവമുണ്ട്.
‘ഹിജഡ ‘ എന്ന വിളിപ്പേര് നല്‍കുന്ന മനുഷ്യരുടെ ഉത്സവം. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണ് ഈ താലികെട്ട് ഉത്സവം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവാഹം സ്വപ്നം കണ്ട് ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. ആയുര്‍ബലം കുറഞ്ഞതാണെങ്കിലും ആ മഞ്ഞത്താലി കൂവാഗത്ത് എത്തുന്നവര്‍ക്ക് ഒരു സ്വപ്നമാണ്. തുളസിയും ആ താലി ഒരുപാട് മോഹിച്ചു പോയി.
കൂത്താണ്ടവര്‍ കോവിലിലെ പ്രതിഷ്ഠ ‘അരവാനാണ് ” . ഇതിന്റെ പിന്നില്‍ ഒരു കഥയുണ്ട്…… കൂവാഗത്ത് എത്തിയ തുളസി ആ കഥ സശ്രദ്ധം കേട്ടു…..
അര്‍ജ്ജുനന് നാഗസുന്ദരി ഉലൂപിയിലുണ്ടായ പുത്രനാണ് അരവാന്‍. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിക്കുന്നതിനുവേണ്ടി ഒരാളെ ബലി കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ ആരും അതിന് തയ്യാറായില്ല. പക്ഷേ ബലിയാടാവാന്‍ അരവാന്‍ തയ്യാറായി.
ഒരു ആഗ്രഹം അരവാനുണ്ടായിരുന്നു. ഒരു ദിവസമെങ്കിലും വിവാഹിതനായി കഴിയണം എന്നായിരുന്നു ആ ആഗ്രഹം. അരവാന്‍ ആഗ്രഹം ശ്രീകൃഷ്ണനെ അറിയിച്ചു. പക്ഷേ അരവാന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് വൈധവ്യം ഏറ്റുവാങ്ങാന്‍ സ്ത്രീകളാരും തയ്യാറായില്ല. അവസാനം ശ്രീകൃഷ്ണന്‍ മോഹിനി രൂപം പൂണ്ട് അരവാന്റെ വധുവായി. അങ്ങനെയാണ് ശ്രീകൃഷ്ണന്റെ മോഹിനി രൂപമായി സങ്കല്‍പിച്ച് ഹിജഡകള്‍ കൂത്താണ്ടവര്‍ കോവിലിലെത്തി വധുവാകുന്നത്.
കഥ കേട്ടുകഴിഞ്ഞപ്പോള്‍ തുളസിക്ക് തെല്ലൊരഭിമാനം തോന്നി. കൃഷ്ണന്‍ മനസ്സില്‍പീലിവിടര്‍ത്തി നിന്നാടി.കൃഷ്ണന്റെ മോഹിനിരൂപം മനസ്സിലേക്കാവാഹിച്ചു. ഒരു മോഹിനിയായി തുളസി മാറുകയായിരുന്നു.
ആദ്യമായി കൂവാഗത്ത് എത്തുന്ന തുളസിയെ സ്വീകരിക്കാന്‍ ഒരുപാട് പേരെത്തി. ആട്ടവും പാട്ടും ആര്‍പ്പുവിളികളുമായി അവര്‍ തുളസിയെ കോവിലിലേക്ക് ആനയിച്ചു. സൗന്ദര്യം കൈമുതലായുള്ള തുളസിയെ പരിചയപ്പെടാനും കൂട്ടുകൂടാനും അവര്‍ മത്സരിച്ചു.
പുതിയ കുഞ്ഞുങ്ങള്‍ ജനിച്ച വീടുകളില്‍ തുളസിയേയും കൂട്ടി കൂട്ടുകാര്‍ പോയി. കുഞ്ഞുങ്ങളെയെടുത്ത് പാട്ടുപാടിയും നൃത്തം ചെയ്തും അവരെ അനുഗ്രഹിച്ചു. ഇത് ഒരു ചടങ്ങാത്രെ ….
ഈ അനുഗ്രഹം കുട്ടികള്‍ക്ക് നല്ലതാണെന്ന് വീട്ടുകാര്‍ വിശ്വസിക്കുന്നു. അങ്ങനെ അനുഗ്രഹം കിട്ടാത്ത കുട്ടികള്‍ ഹിജഡ പോലെ ആകുമെന്നും ഒരു വിശ്വാസം ഉണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള ഹിജഡ സുന്ദരിമാരെ തെരഞ്ഞെടുക്കുന്ന മിസ് കൂവാഗം മത്സരം നടക്കുകയാണ്. തുളസി മോഹിനിയായി അരങ്ങത്ത് വന്നു. നൂറുകണക്കിന് സ്വപ്നസൗന്ദര്യങ്ങളെ പിന്നിലാക്കി ഈ വര്‍ഷത്തെ മിസ് കൂവാഗമായി തുളസി തിളങ്ങി. കുപ്പിവളകളുടെ പൊട്ടിച്ചിരിയും പാദസരങ്ങളുടെ കിലുക്കവും മുല്ലപ്പൂവിന്റെ സുഗന്ധവും കൊണ്ട് കൂവാഗ സന്ധ്യ ഋതു കഴിഞ്ഞ് മുങ്ങിത്തുടിച്ചു. സൂര്യന്‍ പിരിയാന്‍ കഴിയാതെ വിതുമ്പി…….പൗര്‍ണ്ണമി സന്ധ്യയെ പുല്‍കാന്‍ വെമ്പല്‍ കാണിച്ചു. മഞ്ഞളിന്റേയും കര്‍പ്പൂരത്തിന്റേയും സുഗന്ധം പടര്‍ന്നു. ‘ഇനി താലികെട്ട് ‘
എല്ലാ വര്‍ഷവും കൂവാഗത്തിന്റെ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ രത്‌നസിംഗ്’ എത്താറുണ്ട്. രത്‌ന വ്യാപാരിയും അറിയപ്പെടുന്ന വ്യവസായ പ്രമുഖനുമായ രത്‌നസിംഗ് ഇപ്പോഴും പതിവ് തെറ്റിച്ചില്ല. തന്നെ സന്തോഷിപ്പിക്കുന്ന പങ്കാളിക്ക് പിരിയാന്‍ നേരം വിലപിടിപ്പുളള ആഭരണങ്ങളും സമ്മാനങ്ങളും രത്‌നസിംഗ് നല്‍കാറുണ്ട്. അതുകൊണ്ട് രത്‌നസിംഗിന്റെ മണവാട്ടിയാകാന്‍ അവിടെ വരുന്നവരൊക്കെ കൊതിക്കും.
ഈ വര്‍ഷം ആ ഭാഗ്യം ലഭിച്ചത് തുളസിക്കായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ തുളസിയിലെ മാദകത്വം രത്‌നസിംഗിനെ കീഴ്‌പ്പെടുത്തി. ഈ രാവ് പുലരാതിരിക്കാന്‍ രത്‌നവ്യാപാരിയായ രത്‌നസിംഗ് രത്‌നങ്ങള്‍ കാട്ടി സൂര്യനെ മോഹിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉദയംവൈധവ്യത്തിന്റെ വെളുത്ത ചേലതുളസിയുടെ മാറിലേക്ക് വലിച്ചെറിഞ്ഞു.
പിരിയാന്‍ നേരം രത്‌നസിംഗ് തന്റെ വിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് തുളസിക്ക് നല്‍കി. സ്വര്‍ണ്ണവും മറ്റു സമ്മാനങ്ങളും കൊണ്ട് തുളസിയെ പൊതിഞ്ഞു. അതുവരെ ആരോടും തോന്നാത്ത ഒരു വൈകാരിക ബന്ധം അയാള്‍ക്ക് തുളസിയോട് തോന്നി. തുളസിയെ പിരിയാന്‍ രത്‌നസിംഗിന് മനസ്സ് അനുവദിക്കുന്നില്ല. എന്നാലും പിരിഞ്ഞല്ലേ പറ്റൂ…. ഇനിയും കാണാം എന്ന ശുഭപ്രതീക്ഷയോടെ അവര്‍ പിരിഞ്ഞു.
കൂവാഗത്തെ കാറ്റിന് ഇപ്പോള്‍ ഉപ്പിന്റെ മണമാണ്. ഉടഞ്ഞ വളപ്പൊട്ടുകളും … സുഗന്ധം വറ്റിയ മുല്ലപ്പൂക്കളും…. വലിച്ചെറിയപ്പെട്ട മഞ്ഞപ്പൂത്താലിയും….. ചിന്നിച്ചിതറിയ മഞ്ഞളും കുങ്കുമവും കൂവാഗമണ്ണിലെ നഖക്ഷതങ്ങളാകുമ്പോള്‍ എല്ലാം ശാന്തമായി.
ദിവസങ്ങള്‍ പിന്നിട്ടു. കൂവാഗത്തിലെ ഒരു കുടിലില്‍ തുളസി, രത്‌നസിംഗ് നല്‍കിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുകയാണ്.
തുളസിയുടെ മൊബൈല്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു. വീട്ടില്‍ നിന്നാണ് വിളിക്കുന്നത്. താന്‍ എവിടെപ്പോയാലും എവിടെപ്പോയെന്നോ, എന്താ താമസിക്കുന്നതെന്നോ ഒന്നും ആരും ഇതുവരെ വിളിച്ചു ചോദിച്ചിട്ടില്ല. പിന്നെ ഇപ്പൊ എന്താ ഇങ്ങനെ? കോള്‍ വന്നു കൊണ്ടേയിരുന്നു. പ്രതികരിക്കാതെ വന്നപ്പോള്‍ മെസേജ് വന്നു…….
‘ കുട്ടീ…എത്രയും പെട്ടെന്ന് വീട്ടിലെത്തണം. അച്ഛനും അമ്മയും നിന്നെ കാണാതെ വിഷമിക്കുന്നു… ഉടനെ എത്തണം’. തുളസിക്ക് ഉണ്ടായ സന്തോഷം എത്രയാണെന്ന് പറയാന്‍ കഴിയില്ല. ഈ ഒരു സ്‌നേഹത്തിനാണ് താന്‍ ഇത്രയും നാള്‍ ആഗ്രഹിച്ചിരുന്നത്. എല്ലാ സങ്കടങ്ങളും പരാതികളും പരിഭവങ്ങളും ഒക്കെ ആ ഒരു സന്ദേശത്തില്‍ അലിഞ്ഞു പോയി. തിരിച്ചു പോകാം. ഇനി ഒരു മടക്കയാത്ര ഇല്ലെന്ന് കരുതിയാണ് അവിടെ നിന്നും പോന്നത്.
പിന്നെ വീട്ടിലെത്താന്‍ ഒരാവേശമായി….. വീട്ടിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. മൂത്ത ഏട്ടന് ഒരു അപകടം ഉണ്ടായി. മരണത്തോട് മല്ലിടുന്നു. ഏട്ടന്‍ സാധാരണ ആളല്ല. നാളെ മന്ത്രി ആയേക്കാവുന്ന ഒരു എം.എല്‍.എ. ആണ്. അച്ഛനും അമ്മയും തുളസിയുടെ മുന്നില്‍ യാചിച്ചു.
‘നിനക്ക് മാത്രമേ ഏട്ടനെ രക്ഷിക്കാന്‍ കഴിയൂ. അവന്റെ ഭാര്യയോ നിന്റെ മറ്റു സഹോദരങ്ങളോ ആരും അതിന് തയ്യാറല്ല. എല്ലാവരും സ്വര്‍ത്ഥരാണ് കുട്ടീ. ആര്‍ക്കും ആരോടും സ്‌നേഹമില്ല’. ശ്വാസം പുറത്തേക്കുവരാതെ ഒരു നിമിഷം തുളസി ഈ ലോകം മറന്ന് നിന്നു പോയി. ആണും പെണ്ണും കെട്ടവന്റെ ‘കരളി ‘ ന് ഇത്രയും വലിയ വിലയുണ്ടോ?…. തുളസി ആത്മാര്‍ത്ഥമായി ഈശ്വരനെ നമിച്ചു പോയി.
‘അച്ഛനും അമ്മയും എന്റെ മുന്നില്‍ യാചിക്കാന്‍ പാടില്ല. എന്റെ കരള്‍ കൊണ്ട് ഏട്ടന് ജീവന്‍ കിട്ടുമെങ്കില്‍ അതിനേക്കാള്‍ ഭാഗ്യം എനിക്ക് വേറെ എന്താണ്? ഏട്ടന്റെ ജീവന്‍ ഈ നാടിന് ആവശ്യമാണ്. നാട്ടാര്‍ക്ക് ഒരുപാട് നന്‍മകള്‍ ചെയ്ത ആളാണ് എന്റെ ഏട്ടന്‍…
ഓപ്പറേഷന്‍ ഭംഗിയായി നടന്നു. തുളസിയും ഏട്ടനും സുഖം പ്രാപിച്ചു. ഇന്നലെ വരെ പരിഹാസത്തിന്റെ മരക്കുരിശും മുള്‍ക്കിരീടവും നല്‍കിയിരുന്നവര്‍ ഇന്ന് തുളസിക്ക് വാഴ്ത്തപ്പെട്ടവരുടെലിസ്റ്റില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നു.
കരളിന് ആണ്‍-പെണ്‍ വ്യത്യാസമില്ല. ജാതിയോ മതമോ ഇല്ല… സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസവുമില്ല……
‘കരളിന് തുല്യം കരള്‍ മാത്രം ‘
തുളസിയുടെ നല്ല മനസ്സിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം നേടി. ചില ഇംഗ്ലീഷ് പത്രങ്ങളിലും ആ വാര്‍ത്തക്ക് പ്രാധാന്യമേറി.
രത്‌നസിംഗും ആ വാര്‍ത്ത കണ്ടു. അയാള്‍ക്ക് അഭിമാനം തോന്നി. തന്റെ മനസ്സിനെ കീഴടക്കിയ തുളസി … തുളസിയെ കാണാതിരുന്നപ്പോള്‍ അനുഭവിച്ചറിഞ്ഞ ആ വേദനക്ക് തിരശ്ശീലയിടാന്‍ രത്നസിംഗ് തീരുമാനിച്ചു.
രത്ന സിംഗ് പിന്നെ താമസിച്ചില്ല. കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് തുളസീരത്‌നത്തെ കൊത്തിയെടുത്ത് പറക്കാന്‍ തീരുമാനിച്ചു. അമ്മയില്ലാത്ത തന്റെ മക്കള്‍ക്ക് അമ്മയാവാന്‍ തുളസിയെ, രത്‌നസിംഗ് ക്ഷണിച്ചു. തുളസിക്ക് വിശ്വസിക്കാനായില്ല.ഈ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. നമ്മ എന്നായാലും വിജയിക്കും.
‘ക്ഷമയാണ് ഏറ്റവും വലിയ ശക്തി ……
കാത്തിരിപ്പ് ഏറ്റവും വലിയ സഹനവും ‘ ……
രത്ന സിംഗിനോടൊപ്പം അമേരിക്കയിലേക്ക് പോകാന്‍ വിമാനം കയറുമ്പോള്‍ പൂമാലകളും പൂച്ചെണ്ടുകളുമായി യാത്രയയക്കാന്‍ ഒരുപാട് പേര്‍ വന്നു. തുളസിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എല്ലാവരും മത്സരിച്ചു.
അച്ഛന്‍ തുളസിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു…. അഭിമാനിച്ചു….. അമ്മ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീര്‍ പൊഴിച്ചു…..
തുളസി ചമയങ്ങളില്ലാതെ മോഹിനിയായി മാറുകയായിരുന്നു…..












