അനുഭവം കാണാപ്പുറത്തെ നന്മ – സി. രാധാകൃഷ്ണന്‍

Facebook
Twitter
WhatsApp
Email

ഒരു പാതിരാത്രി വാതിലില്‍ ഒരു മുട്ട്. കറന്‍റ് പോയ നേരം കൂരാകൂരിരുട്ട്. ജനാലയിലൂടെ ടോര്‍ച്ച് തെളിച്ചു നോക്കുമ്പോള്‍ ഒരു അപരിചിതന്‍. വേഷം ഏതാണ്ട് പ്രാകൃതം പക്ഷേ. നല്ല ആരോഗ്യം കൈയ്യില്‍ ഒരു കമ്പിപ്പാരയും
അക്രമത്തിന് കോപ്പുകൂട്ടുന്ന ആരോ ആണന്നേ കരുതാനാവൂകയുള്ളുവല്ലോ. എങ്ങനെ വാതില്‍ തുറക്കും? ഞാനും വീട്ടുകാരിയുമേ ആകെ അകത്തുള്ളു. ആയുധമൊന്നും കൈയിലില്ല. ഉപയോഗിക്കുന്ന പതിവും ഇല്ല.
വീട്ടുകാരി പറഞ്ഞു “ആരായാലും നാളെ വരട്ടെ”
ഞാന്‍ ജനാലയിലൂടെ അറിയിച്ചു: “നേരം പുലര്‍ന്നിട്ട് വരൂ”
ആഗതന്‍ തുടര്‍ന്നു: “ഞാന്‍ ഒരു വിവരം പറയാന്‍ വന്നതാണ് വാതില്‍ തുറക്കൂ”
വാതില്‍ തുറക്കാതെ ഞാന്‍ ആരാഞ്ഞു,”എന്താണ് ഇത്ര അടിയന്തിരമായ ഒരു കാര്യം?”
“വേറൊന്നുമില്ല”-അയാള്‍ നനുക്കെ ചിരിച്ചു,”സാറിന്‍റെ ഗെയിറ്റിനു കുറുകെ പതിനൊന്ന് കെ.വി. ഇലക്ട്രിക് ലൈന്‍ ഊഞ്ഞാല്‍ പോലെ വീണു കിടക്കുന്നു. അതില്‍ കറന്‍റുമുണ്ട്. സൂക്ഷിച്ചാല്‍ അപകടം ഒഴിവാക്കാം. വൈദ്യുതിക്കാരെ ഒന്നു വിളിച്ചു പറഞ്ഞാല്‍ നന്നായി.”
ഞാന്‍ ചോദിച്ചു,”നിങ്ങള്‍ ആരാണ്? മുന്‍പരിചയമില്ലല്ലോ”
“ഞാന്‍ വെറുമൊരു മോഷ്ടാവ്,”ആ ചിരി വിടര്‍ന്നു “പക്ഷേ സാറിന്‍റെ ഒന്നുരണ്ട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് സാറിന്‍റെ ജീവന്‍ കിടന്നോട്ടെ എന്നു കരുതി. ശരി, പോട്ടേ?”
രാവിലെ വെളിച്ചം പരക്കും മുമ്പ് നടക്കാനിറങ്ങുന്ന ഞാന്‍ ഒരുവേള ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല; അയാള്‍ ആ വിവരം വന്ന് അറിയിച്ചില്ലായിരുന്നുവെങ്കില്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *