ചന്ദ്രയാൻ – ചുനക്കര ജനാർദ്ധനൻ നായർ

Facebook
Twitter
WhatsApp
Email

പൂനിലാവുപോലൊരു ചന്ദ്രയാൻ
– ചുനക്കര ജനാർദ്ദനനൻ നായർ്

ഏത് രാജ്യക്കാരനായാലും ശാസ്ത്രലോകത്തിനും മാനവരാശിക്കും വിലയേറിയ സംഭാവനകൾ നല്കുന്നവർക്ക് വീരപരിവേഷമാണ് നല്കുന്നത്. ഇന്ത്യക്കാരൻറെ സ്മൃതിമുദ്രകളിൽ ഒരു ദീപശിഖയായി എന്നുമെന്നും എരിഞ്ഞുകൊണ്ടിരിക്കുന്ന അഭിമാനസ്തംഭമാണ് ചന്ദ്രയാൻ. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ആകാശത്തേ അമ്പിളികുമ്പിളിൽ ജീവജലത്തിൻറെ മഹനീയസാന്നിദ്ധ്യം ലോകത്തിന് കാട്ടികൊടുത്തത്. അത് ഇന്ത്യക്കാരന് ലഭിച്ച സുവർണ്ണ സമ്മാനമായി മാത്രമല്ല മറിച്ച് മാനവരാശിക്ക് ലഭിച്ച സമ്മാനമാണ്. ആകാശനീലിമയിലേയ്ക്ക് കുതിച്ചുയർന്ന ചന്ദ്രയാൻ ഭൗമബന്ധം നഷ്ടപ്പെട്ട് അപ്രത്യക്ഷമാകും മുമ്പേ പുറത്തുവിട്ട വിലപ്പെട്ട ചിത്രങ്ങളാണ് ചന്ദ്രനിൽ ജലാംശത്തിൻറെ തെളിവ് രേഖപ്പെടുത്തിയത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ചന്ദ്രപരിവേഷണ ഗ്രന്ഥം മലയാള ശാസ്ത്രലോകത്തിന് ഒരു മുതൽകൂട്ടാണ്. അത് സൃഷ്ടിപരമായി ചന്ദ്രയാനെപ്പറ്റിയുള്ള നിർണ്ണായകമായ അറിവും കാഴ്ചപ്പാടുകളുമാണ് മലയാള – ഇംഗ്ലീഷ് എഴുത്തുകാരനായ കാരൂർ സോമൻ നല്കുന്നത്. ശാസ്ത്ര സാഹിത്യരംഗത്ത് മാത്രമല്ല കായിക രംഗത്തേ അദ്ദേഹത്തിൻറെ ഒളിംമ്പിക്‌സ് ചരിത്രപുസ്തകവും ഏറെ വിലപ്പെട്ടതാണ്. ഇതൊക്കെ വായിക്കുമ്പോൾ നമ്മുടെ എഴുത്തുകാർ സാംസ്‌കാരിക രംഗത്ത് മാത്രം കുരുങ്ങി കിടക്കാതെ ചന്ദ്രയാനെപോലെ ചരിത്രസത്യങ്ങൾ കണ്ടെത്തി അറിയാനാഗ്രഹിക്കുന്നവർക്ക് വിശ്വസനീയമായ അറിവുകൾ നല്കുന്നത് ഏറെ ഗുണം ചെയ്യും. ഇങ്ങനെയുള്ള ഗ്രന്ഥങ്ങൾ ഏറെ പ്രയോജനപ്പെടുന്നത് വിദ്യാർത്ഥികൾക്കാണ്. നാം കാണുന്ന വികസിത രാജ്യങ്ങൾ സാഹിത്യ സംഗീത സാമ്പത്തിക നേട്ടത്തിൽ മാത്രമല്ല അത്ഭുതകരമായ ശാസ്ത്ര സാങ്കേതിക വിദ്യയിലും ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുന്നു. പോളണ്ടുകാരനായ നിക്കോളാസ് കോപ്പർ 1543 ൽ സൗരയൂഥ സങ്കൽപം ആവിഷ്‌കരിച്ചതോടെ ഗലീലിയോ, ന്യൂട്ടൺ, കെപ്‌ളർ, ഐൻസ്റ്റിൻ ഈ രംഗത്ത് ഒരു വൈജ്ഞാനിക വിപ്ലവമാണ് സൃഷ്ടിച്ചത്. അത് ചന്ദ്രനിൽ തുടങ്ങി ചൊവ്വയിലും ഇതര ഗോളങ്ങളിലുമെത്തി നിൽക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ ബഹിരാകാശ നേട്ടങ്ങൾ അമേരിക്കയുടെയും സോവിയറ്റ് യൂണിയനിലും അഭിമാന പോരാട്ടങ്ങളായിരുന്നു. അതിനിടയിൽ ബഹുഭൂരിപക്ഷം പട്ടിണി പാവങ്ങളുള്ള ഇന്ത്യാക്കാരൻ ആരുടെയും സഹായമില്ലാതെ സങ്കീർണ്ണമായ ഒരു കണ്ടെത്തൽ നടത്തി വിജയിപ്പിച്ചതിനെ ഇന്ത്യൻ സ്‌പെയിസ് റിസർച്ച് ഓർഗനൈസേഷനെ നാസയും യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയും സ്വയം അഭിനന്ദിക്കയുണ്ടായി. ഭൂമിയും ചന്ദ്രനുമായുള്ള ഏകദേശ ദൂരം 3,84,403 കിലോമീറ്ററാണ്. ചന്ദ്രോപരിതലത്തിൽ ഇരുമ്പിൻറെ അംശമുള്ളതും ഹൈഡ്രജനും ഓക്‌സിജനും തമ്മിൽ രാസസംയോജനം നടക്കുന്നതും ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യമാണ്. ‘ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെയാണ് നിലാവ് എന്ന് വിളിക്കുന്നത്. ചന്ദ്രൻറെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിയ്ക്കും എതിരായി വരുന്നദിനമായ പൗർണ്ണമി അഥവാ വെളുത്തവാവ്’ ഇങ്ങനെ മനുഷ്യചിന്തകൾക്കും അറിവിനും കരുത്തു പകരുന്ന പരിണാമകരമായ ദിശയിൽ ധാരാളം യാഥാർത്ഥ്യങ്ങൾ കടന്നുവരുമ്പോഴും ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങളുണ്ട്. ജീവൻറെ ആദ്യസ്പന്ദനം ഭൂമിയിലെത്തിയത് പ്രപഞ്ചത്തിൻറെ മറ്റേതോ കോണിൽ നിന്നാണെന്ന വാദം പോലെയാണ് ചന്ദ്രനിൽ ജലാംശം എങ്ങനെ വന്നുയെന്നത്? യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന മനുഷ്യർ ചന്ദ്രനിലേക്ക് പോകാനൊരുങ്ങുമ്പോഴും ആകാശത്ത് പൊട്ടിച്ചിതറി പുകച്ചുരുളുകളായ ചലഞ്ചറും കൊളംബിയയുമൊക്കെ ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായി ജീവിക്കുന്നു. അന്താരാഷ്ട്രബഹിരാകാശ നിലവറയ്ക്കുള്ളിൽനിന്ന് മനുഷ്യർ തൊടുത്തു വിടുന്ന പല ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകളും ഭൗതികസാമ്പത്തിക നേട്ടങ്ങളിലുപരി അത് സമൂഹത്തിന് ഒരു നാശമായി, തീഗോളങ്ങളായി മാറാതെ ലോകമെമ്പാടും സമാധാനത്തിൻറെ കണ്ടെത്തലുകളായി കൂടി പരിണമിക്കേണ്ടതുണ്ട്. ആർഷസംസ്‌കാരത്തിൽ ജീവിച്ചിരുന്ന നമ്മുടെ പൂർവ്വീകർക്ക് സൂര്യൻ ഈശ്വരനും ചന്ദ്രൻ ദേവിയുമായിരുന്നു. ആൾദൈവങ്ങളിലും അന്ധവിശ്വാസങ്ങളിലും ജീവിക്കുന്നവർക്ക് ഇതൊക്കെ ഒരു പാഠമാകേണ്ടതാണ്.
ഇതുപോലെ പരിസ്ഥിതി നശീകരണം മനുഷ്യവംശത്തിൻറെ ഒരു ഭീഷണിയായി മാറുമ്പോൾ ഒരിക്കൽ വനനിബിഡമായിരുന്ന സഹാറ, താർ പ്രദേശങ്ങൾ മരുഭൂമിയായത് നാം മറക്കരുത്. ഈ കൃതി ശാസ്ത്രലോകത്തിൻറെ വരുംതലമുറയ്ക്കും വിലപ്പെട്ട സംഭാവനയായി ഞാൻ കാണുന്നു. മാതൃഭൂമി ബുക്‌സിനും ഗ്രന്ഥകർത്താവിനും നന്ദി.

About The Author

Leave a Reply

Your email address will not be published. Required fields are marked *