ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇന്ന് സത്യം അനുനിമിഷം മൂടിവയ്ക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ കെട്ടകാലത്തെ സത്യാനന്തര കാലഘട്ടം (Post -Truth) എന്ന് വിളിക്കപ്പെടുന്നത്. അസത്യങ്ങള്‍ സത്യത്തിന്റെ മൂടുപടമണിഞ്ഞ് അരങ്ങ് തകര്‍ക്കുന്നു. അതിന് ആഗോളതലത്തില്‍ നേതൃത്വം കൊടുക്കുന്നതോ അമേരിക്ക. ഇന്ത്യ ഒട്ടും പുറകിലല്ല.ഉടുപ്പിലും നടപ്പിലും വിദ്യയിലും പ്രസംഗത്തിലും വിദ്യാഭ്യാസത്തിലും ഭക്ഷ്യവസ്തുക്കളിലും ഭക്ഷണരീതിയിലും ഭരണക്രമങ്ങളിലും ആചാരങ്ങളിലും എല്ലാം ഇന്ന് അസത്യത്തിന്റെ ലീലാവിലാസങ്ങള്‍ കാണാം.സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാതെ ജനം കുഴങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഷേക്‌സ്പിയര്‍ പറഞ്ഞുവെച്ചത് എത്രയോ ശരി:”Foul is fair, Fair is Foul”— (‘Macbeth’) അധര്‍മം ധര്‍മ്മമായും, ധര്‍മം അധര്‍മ്മമായും തെറ്റിദ്ധരിക്കപ്പെടുന്നു.
സത്യത്തിന്റെ വിളക്ക് നമ്മുടെ മനസ്സില്‍ ഉണ്ടെങ്കില്‍ നമ്മള്‍ പോകുന്നിടത്തെല്ലാം വെളിച്ചം ഉണ്ടായിരിക്കും. ചെറിയൊരു മിന്നാമിനുങ്ങ് അതിനാവശ്യമുള്ള ഇത്തിരി വെട്ടം അത് കൂടെകൊണ്ടുനടക്കുന്നതുപോലെ ആവണം സത്യവും. അറിയാതെ യാണെങ്കിലും ഒരേയൊരു അസത്യം പറയേണ്ടിവന്ന ധര്‍മ്മപുത്രര്‍ക്ക് നരകം കാണേണ്ടിവന്നു.എല്ലാ പ്രതിസന്ധികളിലും സത്യനിഷ്ട കൈവിടാതെ ഉറച്ചുനിന്ന ഹരിഛന്ദ്രന് ശിവലോകവും ലഭിച്ചു.
‘സത്യസന്ധത യാണ്ഏറ്റവുംനല്ലനയം’
(Honesty is the best policy) എന്നും ”സത്യമാണെന്റെ ദൈവം” എന്നും ഗാന്ധിജി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സത്യത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളെല്ലാം അന്വേഷണങ്ങള്‍ ആയിരുന്നു. സത്യത്തെ ഈശ്വരനായി കാണണമെങ്കില്‍ അതിനുള്ള മാര്‍ഗം സ്‌നേഹത്തിന്റെയും അഹിംസയുടേതുമാ ണെന്ന്കൂടി ഗാന്ധിജി തെളിയിച്ചു. സത്യമുള്ളിടത്ത് നന്മയും സൗന്ദര്യവും സ്വയമേവ വന്നുകൊള്ളും. കാലത്തിന്റെ കുത്തൊഴുക്കില്‍ മറ്റെല്ലാം ഒലിച്ചു പോകും.സത്യം മാത്രം എന്നും നിലനില്‍ക്കും.
‘ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞുപോയവരുമായഎത്രയെത്രയോ ആളുകളുടെ കഠിനാധ്വാനത്തിന് മീതെയാണ് നാം നമ്മുടെ ജീവിതം പടുത്തുയര്‍ത്തിയിരിക്കുന്നത്.എനിക്കെന്നും എപ്പോഴും അങ്ങനെ തോന്നാറുണ്ട്.എത്ര കഠിനമായി പരിശ്രമിച്ചാല്‍ മാത്രമാണ് അവര്‍ നല്‍കിയതിന് പകരം എനിക്ക് എന്തെങ്കിലും തിരിച്ചു നല്‍കാന്‍ ആവുക? ‘ സനാതന സത്യങ്ങള്‍ തേടിയുള്ള അന്വേഷണമാക്കി
സ്വജീവിതത്തെ തന്നെ മാറ്റിയ മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വാക്കുകളാണിത്. ത്യജിക്കാനുള്ള മനോഭാവമാണ് മഹത്തുക്കളുടെ ലക്ഷണം. അതാണ് സത്യസന്ധമായ ജീവിതം തന്നെ.
ലോകത്തിലെ ഏതാണ്ട് എല്ലാ മഹാന്മാരും തങ്ങളുടേതായ രീതിയില്‍ സത്യത്തെ നിര്‍വചിച്ചിട്ടുണ്ട്.സത്യം വാക്കാണ്. സത്യം പാലിക്കുക എന്നാല്‍ കൊടുത്ത വാക്ക് പാലിക്കുക എന്നത് തന്നെ. ദശരഥ മഹാരാജാവ് രാജ്ഞി കൈകേയി ക്ക് നല്‍കിയ രണ്ടുവരങ്ങള്‍ അവര്‍ അത് തീര്‍ത്തും അനവസരത്തില്‍ ആവശ്യപ്പെടുകയായിരുന്നു.രാമായണത്തെ രാമായണമാക്കുന്ന നിര്‍ണായക മുഹൂര്‍ത്തം. ദശരഥന് വാക്കുമാറ്റാമായിരുന്നു. ചോദിക്കാന്‍ ഇത്രയും കാലം കാത്തിരുന്നത് എന്തിന്,എന്നൊക്കെയുള്ള ഒഴികഴിവുകള്‍ പറയാമായിരുന്നു, പറഞ്ഞില്ല. വാക്ക് പാലിച്ചു.സത്യസന്ധത കാട്ടി. പുരാണങ്ങളിലെ കര്‍ണ്ണനും മഹാബലിയും മറ്റുദാഹരണങ്ങള്‍. വാക്ക്പാലിക്കുന്ന തിനേക്കാള്‍ എളുപ്പവും. സൗകര്യവും അത് പാലിക്കാതിരിക്കുന്നതിനാണെന്ന് ഇന്നത്തെ തലമുറ തെളിയിച്ചു
കൊണ്ടേയിരിക്കുന്നു.
സൂര്യപ്രകാശത്തെ മറയ്ക്കാന്‍ കഴിയാത്തതുപോലെ ആര്‍ക്കും സത്യത്തെ മറയ്ക്കാന്‍ കഴിയില്ല. സമൂഹത്തിന്റെയും ഭരണത്തിന്റെയും നിലനില്‍പ്പിന്റെയും ഒക്കെ സൗകര്യത്തെ കരുതി സത്യത്തെ വളച്ചൊടിക്കരുതെന്ന് സ്വാമി വിവേകാനന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നു.
സത്യത്തെതമസ്‌കരിച്ചുള്ള സമാധാനം അപകടകരമാണ്. അത് ക്രമേണ വിപരീതഫലമേ ചെയ്യൂ.ഒരു മഹാവൃക്ഷം തന്നെയാണ് സത്യം. എത്രത്തോളം അത് പരിപോഷിപ്പിക്കപ്പെടുന്നുവോ അത്രത്തോളം അത് ഫലം തരുന്നു. സത്യസന്ധരായ ആരും സ്ഥിരമായി ഇരുട്ടില്‍ തപ്പിത്തടയുന്നില്ല കാരണം,അവര്‍ സ്വയം വെളിച്ചമാകുന്നു.
ഇറ്റലിയിലെ പ്രശസ്ത ചിത്രകാരന്‍ പോളിനോട്ടസ്, കുട്ടി ആയിരിക്കുമ്പോള്‍ എന്തോ കുരുത്തക്കേട് കാണിച്ചതിന്
തൂണോട് ചേര്‍ത്ത് ബന്ധിക്കപ്പെട്ടു. ആ ബാലന്‍ അവിടെ നിന്നുകൊണ്ട് കാല്‍വിരലുകളാല്‍ എലികളെ വരച്ചു. ഇളകിയ മണ്ണില്‍ കലാ വൈഭവത്തിന്റെ അതിപ്രസരത്താല്‍ എലികള്‍ക്ക് ജീവന്‍ ഉണ്ടായി.അവബാലനെ കെട്ടിയിരുന്ന കയര്‍ കടിച്ചു മുറിച്ചു. അങ്ങനെ അവന്‍ രക്ഷപ്പെടുകയും ചെയ്തു. കലയിലുള്ള സത്യസന്ധതയാണ് ഇത് സൂചിപ്പിക്കുന്നത്.
വീണക്കമ്പിയില്‍ എല്ലാ ഗാനങ്ങളുമുണ്ട്. അനുഗ്രഹീതനായ കലാകാരന്‍ വിരല്‍ തുമ്പു കൊണ്ട് സ്പര്‍ശിച്ചാലെ ആ ഗാനങ്ങളുടെ വീചികള്‍ അന്തരീക്ഷത്തില്‍ പ്രസരിക്കൂ. അതുപോലെ മൃദംഗത്തിലും എല്ലാ താളങ്ങളും ലയങ്ങളും ഉണ്ട്. പാലക്കാട് മണിയെപ്പോലുള്ള പ്രതിഭകള്‍ അതില്‍ സ്പര്‍ശിക്കുമ്പോള്‍ മാത്രമേ അതിന് ജീവന്‍ വയ്ക്കൂ. കലയും സാഹിത്യവും (എം.ടി. ഒരുദാഹരണം )ഒക്കെ അനുഗ്രഹീതര്‍ കൈകാര്യം ചെയ്യുമ്പോള്‍ അവ സത്യസന്ധമായി പ്രസരിക്കുന്നു.
എന്നാല്‍ അന്ധവിശ്വാസം സത്യത്തെ മൂടിവയ്ക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വിറ്റ്‌സര്‍ലണ്ടിലെ ബേസലി ലുള്ള ഒരു കോടതിയില്‍ കുറേ ആളുകള്‍ ചേര്‍ന്ന് ഒരു പിടക്കോഴിയെ പിടിച്ചുകൊണ്ടുവന്നു. കോഴി ചെയ്ത കുറ്റമോ?, മഞ്ഞക്കരു ഇല്ലാതെ മുട്ടയിട്ടു. പതിനഞ്ചാം നൂറ്റാണ്ടില്‍ നടന്ന ഈ സംഭവം ഒരു തമാശയായിരുന്നില്ല. അന്നൊക്കെ മഞ്ഞക്കരു ഇല്ലാതെ കോഴി മുട്ടയിടുന്നത് ഒരു കുറ്റം തന്നെയായിരുന്നു. പിശാചും ഭൂതങ്ങളും മറ്റും മനുഷ്യനെ നശിപ്പിക്കാനായി ചിറകുള്ള ഭീകരന്മാരായ പാമ്പുകളായി പിറക്കുമത്രേ. മഞ്ഞക്കരു ഇല്ലാത്ത ഇത്തരം മുട്ടകളിലൂടെ പിശാചുക്കള്‍ മനുഷ്യനെ ശല്യപ്പെടുത്തുമെന്നാ യിരുന്നു വിശ്വാസം. കോഴിയമ്മയെ കോടതി ദിവസങ്ങളോളം വിചാരണ ചെയ്തു. ഒടുവില്‍ കോഴിയമ്മ ചെകുത്താന്റെ ആള് തന്നെ എന്ന നിഗമനത്തില്‍ എത്തിയ കോടതി, കോഴിയമ്മയെയും ‘പിശാചുമുട്ട’യെയും ഒരു വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി ചുട്ടുകൊന്നു. സത്യത്തില്‍ കോഴി ഒരു കുറ്റവും ചെയ്തിട്ടില്ല. രോഗം ബാധിച്ച കോഴികള്‍ മഞ്ഞക്കരു ഇല്ലാതെ മുട്ടയിടാറുണ്ട്. അത് ശാസ്ത്ര സത്യമാണ്.ഇതൊന്നും വിശ്വസിക്കാന്‍ അന്നാരും തയ്യാറല്ലായിരുന്നു. എത്രയോനൂറ്റാണ്ടുകള്‍ എത്രയോസത്യങ്ങളെ അന്ധവിശ്വാസങ്ങള്‍ മറച്ചുകൊണ്ടിരുന്നു. ഇപ്പോഴും പലതിലും അതേ നയം പരിഷ്‌കൃത സമൂഹം തുടരുന്നുണ്ടല്ലോ.
ഇറ്റാലിയന്‍ നാടന്‍ കഥകളില്‍മരണത്തിന്റെ അനിവാര്യത എന്ന സത്യംമനസ്സിലാക്കാത്ത മനുഷ്യനെകുറിച്ച് പ്രതിപാദിക്കുന്ന ഒരു കഥയുണ്ട് :
ഒരു യുവാവ് ആര്‍ക്കുംമരണമില്ലാത്ത സ്ഥലം അന്വേഷിച്ച് കണ്ടുപിടിക്കാനായി അച്ഛനമ്മമാരോട് യാത്ര പറഞ്ഞിറങ്ങി. തന്റെ യാത്രയില്‍ കണ്ടുമുട്ടിയ ആര്‍ക്കും,
മരണമില്ലാത്ത സ്ഥലത്തെക്കുറിച്ച് പറയാന്‍ സാധിച്ചില്ല. 300 വയസ്സ് വരെ മരണമില്ലാതെ ജീവിക്കാനുള്ള സ്ഥലത്തെക്കുറിച്ച് അറിഞ്ഞെങ്കിലും യുവാവ്അതുകൊണ്ടും തൃപ്തനായില്ല.തന്റെ യാത്ര തുടര്‍ന്ന അദ്ദേഹം അവസാനം ഒരു ദുര്‍ഗ്ഗഹര്‍മ്യത്തില്‍ എത്തി. കാല്‍വിരല്‍ വരെ താടി രോമം വളര്‍ന്ന ഒരു വൃദ്ധനെ അവിടെ കണ്ടു.നമ്മുടെ യുവാവ് തന്റെ അഭിലാഷം അറിയിച്ചു. ആര്‍ക്കും മരണമില്ലാത്ത സ്ഥലം അതാണെന്ന് പറഞ്ഞ് വൃദ്ധന്‍ യുവാവിനെ അവിടേക്ക് ക്ഷണിച്ചു. യുവാവ് ആ മാളികക്കുള്ളില്‍ കയറി താമസമായി. കാലം കുറെ കഴിഞ്ഞു . ഒരു ദിവസം യുവാവ് കിഴവനോട് പറഞ്ഞു, ഞാന്‍ വീട്ടില്‍ ചെന്ന് അച്ഛനമ്മമാരോട് യാത്ര പറഞ്ഞിട്ട് വരാം. അവരൊക്കെ മരിച്ചെന്നു വൃദ്ധന്‍ മറുപടിനല്‍കിയെങ്കിലും, താന്‍ ജനിച്ച സ്ഥലമെങ്കിലും
ഒന്നു കണ്ടിട്ട് വരാമെന്നായി യുവാവ്. അപ്പോള്‍ വൃദ്ധന്‍ പറഞ്ഞു,എന്റെ ലായത്തില്‍ ചെന്ന് വെള്ളക്കുതിരയെ കെട്ടഴിച്ചെടുത്ത് കയറിപ്പോകൂ. വായുവിന്റെ വേഗമാണ് അതിന്.ഒരിക്കലും അതിന്റെ പുറത്തു നിന്ന് ഇറങ്ങരുത്. ഇറങ്ങിയാല്‍ നിങ്ങള്‍ മരിക്കും. യുവാവ് കുതിരപ്പുറത്ത് യാത്രയായി.നേരത്തെ കണ്ട കടല്‍ ആകെ വറ്റി കൊടും തറയായി മാറിയിരിക്കുന്നു.അന്ന് കണ്ടവരുടെയൊക്കെ അസ്ഥികള്‍ യുവാവ് ഇപ്പോള്‍കണ്ടു. കാടും മലയുമെല്ലാം തരിശുഭൂമിയായി മാറിയിരിക്കുന്നു. ഒടുവില്‍ ജന്മദേശത്തെ ത്തിയപ്പോള്‍അവിടെ ആകെമാറിയിരിക്കുന്നു. ആരെയും അവിടെ കാണാനില്ല.
അയാള്‍ നിരാശനായി തിരിച്ച് യാത്രയായി. അങ്ങനെ പോരുമ്പോള്‍ സന്ധ്യയോട് അടുത്ത സമയത്ത് ഒരു കാളവണ്ടി കണ്ടു. അതില്‍ നിറയെ തേഞ്ഞ ബൂട്ട്‌സും ഷൂസും ആയിരുന്നു. വണ്ടിക്കാരന്‍ വിളിച്ചുപറഞ്ഞു, നോക്കൂ,വണ്ടിയുടെ ചക്രം ചെളിയില്‍ പുതഞ്ഞു പോയി. എന്നെ ഒന്ന് സഹായിക്കൂ. അയാളില്‍ ദയ തോന്നിയ യുവാവ് എല്ലാം മറന്ന് കുതിരയുടെ പുറത്തുനിന്നിറങ്ങി. ഉടനെ അയാളെ പിടിച്ചുകൊണ്ട് വണ്ടിക്കാരന്‍ പറഞ്ഞു, നോക്കൂ ഞാന്‍ ആരാണെന്ന് നിനക്ക് അറിയുമോ.ഞാനാണ് മരണം.വണ്ടിക്കകത്ത് ഉള്ള തേഞ്ഞ പാദരക്ഷകള്‍ എല്ലാം നിന്നെ അന്വേഷിച്ച് ഓടിയത് കൊണ്ട് തേഞ്ഞുപോയതാണ്. ആരും എന്നില്‍ നിന്നും രക്ഷപ്പെടുന്നില്ലന്ന്
നീ അറിയൂ.
മരണം സത്യമാണ്. അത് മാത്രമാണ് സത്യം.
‘ മൃത്യു സുന്ദരമാണ്. എന്നാല്‍ മരണത്തെ ആവശ്യപ്പെടുമ്പോള്‍ അത് ആത്മഹത്യ ആയി മാറുന്നു. ജീവിക്കുമ്പോള്‍ ജീവിക്കുക. മരിക്കുമ്പോള്‍ മരിക്കുക.രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. നൃത്തച്ചുവടുകളോടെ മൃത്യുവിനെ അനുഗമിക്കണം. അതാണ് ജീവിതത്തിന്റെ സൗന്ദര്യം ‘. (ഓഷോ)
‘ ഇരുള്‍ മൂടിയ പ്രഭാതത്തിലും പ്രകാശത്തിന്റെ സാന്നിധ്യം അറിഞ്ഞു പാടുന്ന പക്ഷിയാണ് വിശ്വാസം’, എന്ന് രവീന്ദ്രനാഥ ടാഗോര്‍ എഴുതി. മറ്റാരെക്കാളും മുന്‍പേ ഭാവിയില്‍ സംഭവിക്കാവുന്ന യാഥാര്‍ത്ഥ്യങ്ങളെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന നേതാവ് എപ്പോഴുംആശ്രയിക്കുന്നത് വിശ്വാസത്തെയും സത്യത്തെയും ആണ്.
നാം എന്ത് നല്‍കുന്നുവോ അതുതന്നെയായിരിക്കും നമുക്ക് മറ്റുള്ളവരില്‍ നിന്നും തിരിച്ചു ലഭിക്കുക. വഞ്ചനയും അസത്യവും മനസ്സില്‍ വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്കും ഈ ലോകത്തിന്റെ സ്‌നേഹവും നന്മയും ആഗ്രഹിക്കുവാന്‍ അര്‍ഹതയില്ല. അതാണ് സത്യം.