സിനിമയില്‍ 50 വര്‍ഷം: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

Facebook
Twitter
WhatsApp
Email

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിൽ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ സ്ക്രീൻടെസ്റ്റായത് ചരിത്രത്തിന്റെ ആകസ്മികത.

ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനു പേരോ സംഭാഷണമോ ഇല്ല. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും മമ്മൂട്ടിയുടെ പേരില്ല. ‌ആൾക്കൂട്ടത്തിൽ ഒരാളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ ആദ്യ ചിത്രമായി കണക്കാക്കാനാവില്ലെന്നാണ് ഒരു വാദം. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.

1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ടതെന്നാണ് മറുവാദം. ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.

സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങൾ പാളിച്ചകളാണ് ’. ‘‘ചേർത്തലയിലായിരുന്നു ഷൂട്ടിങ്. മേക്കപ്പ്മാൻ കെ.വി. ഭാസ്കരന്റെ സഹായി എന്റെ മുഖത്ത് സ്പ്രേ അടിച്ചു, യൂഡികൊളോൺ . ഞാൻ മുണ്ട് അലക്ഷ്യമായിക്കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തുവച്ചു. മുടി ചിതറിയിട്ടു. ഈ റോളിൽ ഷൈൻ ചെയ്തിട്ടു വേണം. കൂടുതൽ അവസരങ്ങൾ നേടാൻ.വലിയ സ്റ്റാറാകാൻ ’’– ആദ്യ സിനിമയുടെ ആവേശം മമ്മൂട്ടി പങ്കുവച്ചത് ഇങ്ങനെയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *