പൗലോസ് കുയിലാടന് സത്യജിത് റേ ഫിലിം സൊസൈറ്റി സ്‌പെഷല്‍ ജൂറി അവാര്‍ഡ്

Facebook
Twitter
WhatsApp
Email

ഫ്ളോറിഡ: പ്രശസ്ത നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടന്‍ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടി.

ഹെല്‍ത്ത് ആന്റ് ആര്‍ട്സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രമായ “കറുത്ത കുര്‍ബാന’എന്ന ഹൊറര്‍ ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. പ്രശാന്ത് ശശി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ നായക കഥാപാത്രത്തെ അനശ്വരമാക്കിയത് കുയിലാടന്‍ ആയിരുന്നു.

ഫോമ 2020 നാഷണല്‍ കമ്മിറ്റി മെമ്പറും, നാഷണല്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററും, 2021- 22 കള്‍ച്ചറല്‍ ചെയര്‍പേഴ്‌സണുമാണ് പൗലോസ് കുയിലാടന്‍. ഒര്‍ലാന്‍റ്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്ഥാപകരില്‍ ഒരാളാണ്. സ്കൂള്‍ കാലഘട്ടം മുതല്‍ നാടകരംഗത്തു സജീവ സാന്നിധ്യമായിരുന്ന പൗലോസ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സാന്റ പറയാത്ത കഥ’ എന്ന സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കലാ സാംസ്കാരിക രംഗത്ത് തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള പൗലോസ് കുയിലാടന്‍ കേരളത്തിലെ കൊടകര “”ആരതി തീയേറ്റര്‍” എന്ന നാടക ട്രൂപ്പ് ഉടമയും, സംവിധായകനും, നടനുമായിരുന്നു. അനവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള പൗലോസ് കുയിലാടന്‍, ബാലചന്ദ്ര മേനോന്റെ “”വരും വരുന്നു വന്നു” എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ എത്തിയതിനു ശേഷവും തന്റെ കലാപരമായ കഴിവുകളില്‍ ഉള്ള വിശ്വാസത്തില്‍ നിന്ന് കൊണ്ട് “”സാന്റ പറയാത്ത കഥ” എന്ന ടെലിഫിലിമും പുറത്തിറക്കി. ഫോമാ വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് നിരവധി വേദികളില്‍ അവതരിപ്പിച്ച “”പ്രളയം” എന്ന സ്കിറ്റിന്റെ പിന്നാമ്പുറങ്ങളിലും പൗലോസ് കുയിലാടന്‍ എന്ന കലാസ്‌നേഹിയുടെ ആത്മസമര്‍പ്പണം ഉണ്ടായിരുന്നു.

ഫ്ളോറിഡയിലെ മലയാളി സംഘടനകളുടെ ആഘോഷവേളകളില്‍ പൗലോസ് കുയിലാടന്‍ ഒട്ടേറെ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി അവതരിപ്പിച്ചുവരുന്നു.

കറുത്ത കുര്‍ബാന ടീസര്‍ കാണുക:
https://www.youtube.com/watch?v=bVn43rLG4fs

About The Author

Leave a Reply

Your email address will not be published. Required fields are marked *