ഹിമശൈലബിന്ദുവില്‍ – കാരൂര്‍ സോമന്‍ (ലണ്ടൻ)

Facebook
Twitter
WhatsApp
Email

ഹിമശൈലബിന്ദുവില്‍
കാരൂര്‍ സോമന്‍

സ്വര്‍ഗം കാണണമെങ്കില്‍ ഹിമാലയത്തിലെത്തണം. അവിടെ നിന്നു മൂക്കു വിടര്‍ത്തിയാല്‍ സ്വര്‍ഗത്തിന്‍റെ സുഖം അനുഭവിക്കാം. അതറിഞ്ഞു തന്നെ അനുഭവിക്കണം. അത്രയ്ക്ക് ചേതോഹരമാണ് ഹിമാലയസാനുക്കള്‍. അവ കാണുന്നതു പോലെ തന്നെ അവയെ ക്യാമറയിലൂടെ കാണുമ്പോള്‍ ഹിമാലയം നമ്മുടെ അരികിലേക്ക് നീണ്ടു വരുന്നതു പോലെ തോന്നും. ഇതൊരു തരം ആത്മീയാനുഭൂതിയാണ്. ആര്‍ക്കും അത്ര വേഗം എത്തിപ്പെടനാവാത്തതു കൊണ്ടാവണം ഹിമാലയം ഇങ്ങനെ ഗിരശൃംഖാനുഭൂതി പ്രദാനം ചെയ്തു കൊണ്ടിരിക്കുന്നത്.

This picture was taken at about 6 pm from the top of Kalapathar, a mountain located in front of Mt. Everest, with an elevation of approximately 5,600 mt.

ഹിമാലയത്തിന്‍റെ വടക്കേ നിരയിലായ ഹിമാദ്രിയിലാണ് ഏറ്റവും ഉയരം കൂടിയ മലനിരകള്‍ ഉള്ളത്. എവറസ്റ്റ്, കാഞ്ചന്‍ ജംഗ, നംഗ പര്‍വതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം ചെങ്കുത്താണ്. ഇതാവട്ടെ ഇന്ത്യന്‍ മേഖലയാണ്. എന്നാല്‍ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ് കാണപ്പെടുന്നത്. ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. ഡാര്‍ജിലിംഗ്, മസ്സൂറി, നൈനിറ്റാള്‍ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.
അങ്ങനെയുള്ള ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള മറ്റൊരു മലനിരയാണ് ശിവാലിക് പര്‍വതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണെന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗം കണ്ടെത്തിയിരിക്കുന്നു. ഹിമവാന്‍റെ ഈ ഗിരിശൃംഖത്തെ ഇവിടെ നിന്നു നോക്കി കാണുവാന്‍ തന്നെ ജന്മം മുഴുവന്‍ തപ്പസ്സിരിക്കണം. അത്രയ്ക്ക് നയനമനോഹരമാണ് ഇവിടെ നിന്നുള്ള ഹിമവല്‍ക്കാഴ്ച.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്‍റെ നീളം. പടിഞ്ഞാറ് സിന്ധു നദി മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്.
മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള കശ്മീര്‍ പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി, ഹിമാചല്‍, ശിവാലിക് എന്നിവയാണ് ഈ നിരകള്‍. ടിബറ്റന്‍ മേഖലയിലുള്ള ഹിമാലയംഹിമാലയത്തിന്‍റെ വടക്കായി നിലകൊള്ളുന്നു.

ധ്രുവപ്രദേശങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാല ഹിമാനികള്‍ ഈ മേഖലയിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാല്‍തോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്‍റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും.
ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, കെ2 (പാകിസ്താന്‍റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്‍റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ ആന്‍ഡെസ് പര്‍വ്വതനിരയിലുള്ള അകൊന്‍കാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്‍റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു. ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നു.
ഒരു യാത്ര കൊണ്ട് ഹിമാലയന്‍ സന്ദര്‍ശനം പൂര്‍ണമാകില്ല. അത് ഒരു ജന്മസുകൃതമാണ്. യാത്രകള്‍ ചെയ്തു കൊണ്ടേയിരിക്കണം. ഹിമവല്‍സാനുക്കളിലേക്കുള്ള യാത്ര ജീവിത്തിന്‍റെ മടക്കയാത്രയാണെന്നു തോന്നാറുണ്ട്. അത്രമേല്‍ ആസ്വാദ്യമാണത്.

About The Author

One thought on “ഹിമശൈലബിന്ദുവില്‍ – കാരൂര്‍ സോമന്‍ (ലണ്ടൻ)”
  1. 🙏 “ഹിമ ശൈല ബിന്ദുവിൽ ”

    യാത്രാവിവരണം വായനക്കാരെ മോഹിപ്പിക്കുന്നത് ..നല്ല വായനാനുഭവം ….വിവരണം ..നല്ല ദൃശ്യവൽക്കരണം .അഭിനന്ദനങ്ങൾ ശ്രീ കാരൂർ സോമൻ സാർ 🌻🌻

Leave a Reply

Your email address will not be published. Required fields are marked *