ലോകത്തുള്ള കലാ-സാംസ്കാരിക സാഹിത്യത്തിന് ഫ്രാന്‍സിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാനങ്ങളുണ്ട്. മണ്ണില്‍ ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാള്‍ സര്‍വ്വസൗന്ദര്യങ്ങളും സമാഹരിച്ച് ലോകത്തെ ഏറ്റവും പ്രശസ്തമായ ‘മോണാലിസ’ എന്ന ഛായാചിത്രം പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലിരുന്ന് ഈ ജീവനില്ലാത്ത ലോകസുന്ദരി കഴിഞ്ഞ 500 വര്‍ഷങ്ങളായി പാരിസ് പട്ടണത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു.
ഇത് ലോകപ്രശസ്ത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സൃഷ്ടിയാണ്. ഇന്നും ലോകസഞ്ചാരികളുടെ മുന്നില്‍ വര്‍ണ്ണചാരുതകളുടെ പൂക്കളം വിടര്‍ത്തി നില്‍ക്കുന്ന ഈ ചിത്രം ലോകത്തിന് പുതിയൊരു ചിത്രകലാശൈലിയാണ് നല്കുന്നത്. ഈ കര്‍മ്മ കൗശലം നിറഞ്ഞ ആവിഷ്കരണത്തിന് പലവിധ രൂപഭാവ അര്‍ത്ഥങ്ങളാണുള്ളത്. ആ കണ്ണുകളില്‍നിന്ന് പൊഴിഞ്ഞു വീഴുന്നത് മിഴിനീരല്ല പകരം മന്ദഹാസ പ്രഭ ചൊരിയുന്ന പുഞ്ചിരിയാണ്. അവളുടെ അരുണിമയാര്‍ന്ന കവിള്‍ത്തടങ്ങള്‍, ചുണ്ടുകള്‍, പുരികങ്ങള്‍ ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. സുഗന്ധം പേറി നില്‍ക്കുന്ന പൂക്കള്‍ക്ക് ചുറ്റും പാറിപറക്കുന്ന വണ്ടുകളില്‍ ഒരാളായി അനുരാഗത്തേക്കാള്‍ ആരാധനയോടെ നോക്കി നിന്നു. സൗന്ദര്യത്തിന്‍റെ അഴക് വിരിച്ചു നില്ക്കുന്ന, യൂറോപ്പിലെ എല്ലാ പ്രമുഖ മ്യൂസിയങ്ങളിലും ചരിത്രമുറങ്ങുന്ന കൊട്ടരങ്ങളിലും ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെയെല്ലാം പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡാവിഞ്ചിയുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. അതില്‍നിന്നെല്ലാം എന്നെ വ്യത്യസ്ഥനാക്കി വിസ്മയത്തോടെ ചിന്തിപ്പിച്ചത് ഈ ലോകസുന്ദരി മൊണാലിസ തന്നെയാണ്. സൗന്ദര്യത്തിന്‍റെ മഴവില്ലുകള്‍ വിടര്‍ത്തി ഈ സുന്ദരി നില്ക്കുന്നത് രണ്ടരയടി നീളവും രണ്ടരയടിയോളും വീതിയിലുമുള്ള ഒരു ചില്ലു പേടകത്തിലാണ്. മൊണോലിസയുടെ യഥാര്‍ത്ഥ പേര് ലിസ എന്നാണ്. 1503 നും 1506നുമിടയിലാണ് ഡാവിഞ്ചി ഇത് വരച്ചത്. നാം ഏത് ദിശയില്‍നിന്ന് നോക്കിയാലും അവള്‍ നമ്മെ പുഞ്ചിരിയോടെ, പ്രണയത്തോടെ, സ്നേഹത്തോടെ നോക്കുന്നു. ഒരു വസന്തകാല സംഗീതം പോലെ അവള്‍ നമ്മിലേക്ക് ഒഴുകി വരുന്നതിന്‍റെ രഹസ്യം ഇന്നുമാര്‍ക്കുമറിയില്ല. അവളുടെ മന്ദഹാസപ്രഭ ചൊരിയുന്ന നോട്ടത്തിന്‍റെ രഹസ്യം അതിന്‍റെ സൃഷ്ടികര്‍ത്താവിന് മാത്രമാണറിക. യുവതിയുവാക്കളെ വശീകരിക്കാന്‍ നടീനടന്മാര്‍ മുഖത്ത് ധാരാളം ചായം പൂശിയും മിനുക്ക് പണികള്‍ ചെയ്തും രംഗപ്രവേശം ചെയ്യാറുണ്ട്. അവരുടെ മുഖം കഴുകുമ്പോള്‍ അതൊക്കെ ഒലിച്ചുപോകുകയാണ്. ഇവിടെ ജീവനില്ലാത്ത മൊണൊലിസയുടെ സൗന്ദര്യത്തുടിപ്പുകള്‍ അങ്ങനെ ഒലിച്ചു പോകുന്നില്ല.
സത്യത്തില്‍ ഇവള്‍ ആരെ വശീകരിക്കാനാണ് ഇത്രമാത്രം സൗന്ദര്യം നടിക്കുന്നത്?
ഡാവിഞ്ചിയുടെ ജനനം 1452 ഏപ്രില്‍ 15ന് ഇറ്റലിയിലെ ഫ്ളോറന്‍സ് നഗരത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ മരണം 1519 മെയ് 2. ഡാവിഞ്ചി എന്നത് അദ്ദേഹത്തിന്‍റെ ജന്മസ്ഥലം വിഞ്ചിയെ സൂചിപ്പിക്കുന്നു. പിതാവിന്‍റെ പേര് ലിയനാര്‍ഡോ ദി ഡേര്‍പിയറോ, മാതാവ് കാറ്റെരീന എന്നുമാണ്. അദ്ദേഹത്തിന്‍റെ മറ്റ് പ്രശസ്ത ചിത്രങ്ങളാണ് സാന്താമരിയ, തിരുവത്താഴം. വത്തിക്കാന്‍ മ്യൂസിയത്തില്‍ വിശുദ്ധ ജെറോമിന്‍റെ ചിത്രം കാണാനുണ്ടെങ്കിലും അത് പൂര്‍ണ്ണ രൂപത്തിലുള്ളതല്ല. നമ്മില്‍ കൗതുകമുണര്‍ത്തുന്ന മറ്റൊന്ന് ചിത്രകലയില്‍ സൗന്ദര്യത്തിന്‍റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയ ലോകപ്രശസ്ത ചിത്രകാരന്‍ മൈക്കിള്‍ ആഞ്ചലോ ജനിച്ചത് ഫ്ളോറന്‍സിലായിരുന്നു. അദ്ദേഹത്തിന്‍റെ ജനനം 1475 മാര്‍ച്ച് 6നും മരണം 1564 ഫെബ്രുവരി 18നുമാണ്. ആന്‍ജലോയുടെ ലോകപ്രശസ്ത ചിത്രങ്ങളാണ് വത്തിക്കാന്‍ മ്യൂസിയത്തിലെ സിസ്റ്റീന്‍ ചാപ്പലും, ലാസ്റ്റ് ജഡ്ജമെന്‍റും. ഈ രണ്ട് ബുദ്ധിരാക്ഷസന്‍മാര്‍ തമ്മില്‍ ധാരാളം സമാനതകളുമുണ്ട്. രണ്ടുപേരും ചിത്രകാരന്‍മാര്‍, ശില്പി, എഴുത്തുകാരന്‍, സംഗീതജ്ഞന്‍, ശാസ്ത്രജ്ഞന്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണ്. മൊണൊലിസയെപ്പറ്റി ധാരാളം നിഗൂഢതകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും ഫ്ളോറന്‍സ് സന്ദര്‍ശിച്ച എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മൊണാലിസ ഫ്രാന്‍സ്സക്കോ റുല്‍ജിയോക്കോണ്‍ഡോ എന്ന ഫ്ളോറന്‍സുകാരന്‍റെ സുന്ദരിയായ ഭാര്യയെന്നാണ്. അതാണ് ചരിത്രത്തിലും അടയാളപ്പെടുത്തിയിട്ടുള്ളത്. വിമാനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പു തന്നെ ഡാവിഞ്ചി ഹെലികോപ്ടര്‍, യുദ്ധത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ ടാങ്ക്, കാല്‍കുലേറ്റര്‍ മുതലായവയുടെ മാതൃകകളുണ്ടാക്കി ലോകത്തെ കാണിച്ചിരുന്നു. ഫ്ളോറന്‍സും പിസയും തമ്മിലുള്ള യുദ്ധത്തില്‍ പിസയെ തോല്‍പ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തില്‍ നദിയില്‍ അണക്കെട്ടു നിര്‍മ്മിച്ചു. മൊണൊലിസയുടെ പേരില്‍ ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ എഴുതുക മാത്രമല്ല ഫ്രഞ്ച് ഭാഷയില്‍ ധാരാളം സിനിമകളും സംഗീത-നൃത്ത-നാടകങ്ങളുണ്ടായിട്ടുണ്ട്. ലോകത്തൊരിടത്തും ഇതുപോലെ ജനപ്രീതി നേടിയിട്ടുള്ള ജീവനില്ലാത്ത ഒരു സുന്ദരി പിറവിയെടുത്തിട്ടില്ല. മൊണാലിസ ഇന്നും ലോകം കീഴടക്കികൊണ്ടിരിക്ക മാത്രമല്ല ഒരു ദേവീവിഗ്രഹം പോലെ പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞകാല രാജാധിപന്‍മാരുടെ ഭരണമായിരുന്നെങ്കില്‍ മൊണൊലിസ ഒരു ദേവിയായി വാഴ്ത്തപ്പെടുമായിരുന്നു. ഇങ്ങനെ കലാ-സാഹിത്യ രംഗത്തുള്ള മഹാപ്രതിഭകള്‍ സൃഷ്ടിച്ചിട്ടുള്ള ധാരാളം കഥാപാത്രങ്ങളെ ദൈവങ്ങളായി നല്ലൊരു കൂട്ടര്‍ ആരാധിക്കുന്നുണ്ട്. അതിന്‍റെ അവസാന അവതാരമാണ് യക്ഷീ. ദൈവങ്ങളുടെ ജനന-മരണങ്ങള്‍ ആര്‍ക്കും അറിയണമെന്നില്ല അതിനെക്കാള്‍ അന്ധവിശ്വാസങ്ങളിലാണ് ഈ കൂട്ടര്‍ക്ക് താല്പര്യം. ഇവിടെ മനുഷ്യന്‍റെ അറിവും അറിവില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നു. മനുഷ്യരില്‍ അറിവും വിവേകവും ആത്മീയതയും കുറയുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ കൂടുക സ്വാഭാവികമാണ്. ഇവര്‍ക്ക് കുടപിടിക്കാന്‍ മതങ്ങളുണ്ട്. അതിലൂടെയവര്‍ ദൈവങ്ങളുടെ പങ്കു കച്ചവടക്കാരാകുന്നു. മതങ്ങളില്‍നിന്ന് വഴുതിമാറിയവര്‍ ആ പേരില്‍ നിരപരാധികളെ കൊല്ലുന്നു. പോലീസ് വലയത്തില്‍ കഴിയുന്നവരെ തൊടാന്‍ ഭയക്കുന്ന മണ്ണിലെ രാക്ഷസന്മാര്‍ അല്ലെങ്കില്‍ ഭീരുക്കള്‍. മൊണാലിസയുടെ പട്ടണമായ പാരീസ്സില്‍ നിരപരാധികളെ കൊന്നൊടുക്കിയ ഹൃദയഭേദകമായ കാഴ്ചകള്‍ നാം കാണുകയുണ്ടായി. കലാ-സാഹിത്യപ്രതിഭകള്‍ ഒരിക്കലും മതവിശ്വാസങ്ങളുടെ കൊടുംങ്കാറ്റില്‍പ്പെട്ടുഴലുന്നവരല്ല. ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന വ്യാസ മഹര്‍ഷി, വാത്മീകി മഹര്‍ഷി മതത്തിനായി വാദിച്ചവരല്ല അതിനെക്കാള്‍ സത്യ-ധര്‍മ്മത്തിനായി നിലകൊണ്ടവരാണ്. ഡാവിഞ്ചിയും മൈക്കള്‍ ആഞ്ജലോയും ഇവരെപ്പോലെ ആത്മാവില്‍ ആകാശത്തേക്കമര്‍ന്നവരായിരുന്നു. യൂറോപ്പിലുള്ളവര്‍ കലാസാഹിത്യസൃഷ്ടികളെ അമൂല്യനിധികളായി കാണുന്നവരാണ്. ഇന്‍ഡ്യയില്‍ കാണുന്നതുപോലെ മത വര്‍ഗ്ഗീയതയും അഭിനവ കലാകാരന്‍മാരുടെ വാണിജ്യ സിനിമികളുമല്ല കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ടാവര്‍ മതത്തെക്കാള്‍ മനുഷ്യരെ സ്നേഹിക്കുന്നത്. അവര്‍ കണ്ടു വളരുന്നതും മനോഹര ചിത്രങ്ങളും പുസ്തകങ്ങളുമാണ്. അതൊരു നിശ്വാസം പോലെ പൂമണം പരത്തുന്ന പൂവിനെപ്പോലെ ആസ്വദിച്ചു വളരുന്നു.
ഡാവിഞ്ചിയെപ്പോലെ തന്നെ നമ്മുടെ ചിത്രകാരന്മാരും കൂടുതലും സ്ത്രീസൗന്ദര്യാവിഷ്കാരമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ ചുവര്‍ ചിത്രങ്ങളില്‍നിന്നും ആധുനിക ചിത്രകലയിലേക്കും നമ്മെ വഴി നടത്തിയത് പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ലോകപ്രശസ്തമാണ്. അതിലെല്ലാം മലയാളത്തനിമ കാണാനുണ്ട്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ചുവര്‍ചിത്രം കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്തെ ഗജേന്ദ്രമോക്ഷമാണ്. വാണിജ്യസിനിമകള്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍ നമ്മുടെ സാംസ്കാരികായടിത്തറകള്‍ കൂടി കുട്ടികളെ പഠിപ്പിച്ച മൂല്യബോധമുള്ളവരായി വളര്‍ത്തിയാല്‍ വീടിനും നാടിനും നല്ലത്.
About The Author
No related posts.