മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവായിത്തീർന്ന ചലച്ചിത്രമാണ് ഭാർഗവീനിലയം. ദൃശ്യവിന്യാസം, കഥയുടെ പ്രത്യേകത, സംഗീതം തുടങ്ങി എല്ലാ സാങ്കേതികതകളിലും ഏറെ വേറിട്ടു നിൽക്കുന്നു ഈ മനോഹര ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രം. ആദ്യത്തെ റൊമാൻറിക് ഹൊറർ ചിത്രമായിരുന്നു അത്. വിൻസൻറ് മാസ്റ്റർ എന്ന ഛായാഗ്രാഹകൻറെയും സംവിധായകൻറെയും പ്രതിഭ മയിൽപ്പീലി ചൂടി നിൽക്കുന്നത് കാണാം ഈ ചിത്രത്തിൽ. മലയാളത്തിലെ ഒരു പഴഞ്ചൊല്ലായി മാറി, ‘ഭാർഗവീനിലയം’ എന്ന വാക്ക്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീട് കണ്ടാൽ ഇതൊരു ഭാർഗവീ നിലയം ആണല്ലോ എന്ന് പറയുന്ന തരത്തിൽ ഒരു ശൈലി തന്നെ ഭാഷയിൽ രൂപപ്പെട്ടു. അപ്പോൾ എത്രമാത്രം സ്വാധീനം ജനഹൃദയങ്ങളിൽ ആ ചിത്രത്തിനുണ്ടായി എന്നോർക്കണം. നിഴലും വെളിച്ചവും സംയോജിപ്പിച്ച് എങ്ങനെ ഭാവ പ്രകാശം സാദ്ധ്യമാക്കാം എന്നതിന് മാതൃകയാണിത്. നിഗൂഢ ഭീതിയും, പ്രണയചാരുതയും വളരെ വ്യത്യസ്ഥമായ വെളിച്ച ക്രമീകരണത്തിലൂടെ ഇതിൽ വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു. വിൻസൻറ് മാസ്റ്റർ ഒന്നാന്തരം ഛായാഗ്രാഹകനാണ്. എന്നാൽ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുവാൻ പി. ഭാസ്കർ റാവു എന്ന മറ്റൊരു ക്യാമറാമാനെയാണ് അദ്ദേഹം നിയോഗിച്ചത്. രണ്ടു വിദഗ്ദധരുടെ കഴിവുകൾ സമ്മേളിച്ചാകുമല്ലോ ഓരോ ഫ്രെയിമും ചിത്രീകരിക്കുന്നത്. അപ്പോൾ അവ അതിമനോഹരങ്ങളായ ദൃശ്യങ്ങളായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ടി. കെ. പരീക്കുട്ടിയാണ് നിർമ്മിച്ച് 1964 ൽ പുറത്തിറങ്ങിയ ഈ ചിത്രം മഹാ പ്രതിഭകളുടെ സംഗമം കൂടിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറെ ‘ നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. പി. ഭാസ്കരൻറെ കവിത നിറഞ്ഞ വരികൾക്ക് എം. എസ്. ബാബുരാജിൻറെ മധുര സംഗീതവും. നടൻ മധു അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു എഴുത്തുകാരനാണ്. ബഷീർ എന്ന കഥാകാരൻറെ ആത്മാംശം ഇയാളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം. സംഭാഷണത്തിൻറെ പ്രത്യേകതകളും ആവിഷ്കരണ രീതികളും സ്വഭാവവിശേഷ ങ്ങളും എല്ലാം ബഷീറിയൻ സാഹിത്യത്തിൻറെ മനോഹാരിതയെ അനുഭവിപ്പിക്കുന്ന താണ്. കഥയിൽ ബഷീർ പറഞ്ഞിരിക്കുന്ന നായിക ഭാർഗ്ഗവിക്കുട്ടി നീണ്ട കണ്ണുകളുള്ള അതിസുന്ദരിയാണ്. ഇങ്ങനെയൊരു നടിയെ കിട്ടുന്നതിനുവേണ്ടി വളരെയധികം അന്വേഷിച്ചാണ് വിജയ നിർമ്മലയെ കണ്ടെത്തിയത്. ആ നീണ്ട കണ്ണുകളുടെ സൗന്ദര്യം ഇതിൽ കാണാം. സിനിമയിൽ അതിന് വളരെ പ്രാധാന്യവുമുണ്ട്.
കാല്പനിക പ്രണയത്തിൻറെ ചാരുത ഉൾക്കൊള്ളുന്ന കാമുക കഥാപാത്രം ശശികുമാറായി പ്രേംനസീറാണ് അഭിനയിക്കുന്നത്. സാധാരണ ഒരു റൊമാൻറിക് നായകനെപ്പോലെ ധീര ശൂര പരാക്രമിയോ, വില്ലനെ അടിച്ച് താഴെയിടുന്ന കരുത്തനോ അല്ല. കാല്പനിക സൗന്ദര്യങ്ങളിൽ മാത്രം മുഴുകി നിൽക്കുന്നവനും, പെൺകുട്ടികളെ കണ്ടാൽ നാണം കുണുങ്ങുന്നവനുമായ ഒരു സംഗീതജ്ഞനാണ്. മനോഹരമായി സിത്താർ വായിക്കും, പാടും. വില്ലൻ വെടിവെക്കുന്ന ശബ്ദം കേട്ടിട്ട് പരിഭ്രാന്തനായി ഓടി ഒളിക്കുന്നവനാണ് ഇയാൾ. ജീവിതത്തെ യാഥാർത്ഥ്യബോധ ത്തോടെ കൂടി ഉൾക്കൊള്ളാനോ, പ്രതികരിക്കാനോ അയാൾക്കു കഴിയില്ല. കാല്പ്പനിക സൗന്ദര്യത്തിൽ മുഴുകി കഴിയുന്ന ഒരു ഗായകനാണ് ശശികുമാർ. ഭാസ്കരൻ മാസ്റ്ററും ബാബുരാജും ഹൃദ്യമായ സംഗീതത്തിൽ സംഗമിക്കുന്ന ഇതിലെ എല്ലാപാട്ടുകളും സന്ദർഭവുമായി ഇണങ്ങി നിൽക്കുന്നതും വർഷങ്ങൾ കഴിഞ്ഞാലും ആസ്വാദക മനസ്സിൽ ആർദ്രഭാവം തളിച്ചുകൊണ്ട് നിലനില്ക്കുന്നവയുമാണ്. അതിലെ ‘താമസമെന്തേ വരുവാൻ’ എന്ന പ്രസിദ്ധഗാനമാണ് ഇതിൽ പരാമർശിക്കുന്നത്.
നായികയെ കുറിച്ച് ഇതിലെ നോവലെഴുത്തുകാരൻ പറയുന്ന ഒരു വാചകമുണ്ട്. ‘നീണ്ട കണ്ണും ചുരുണ്ട മുടിയും വെള്ള വസ്ത്രവുമായി അവൾ എന്നും വരാറുണ്ടായിരുന്നു. കാത്തിരുന്നിട്ടും ഒരു ദിവസം അവൾ വന്നില്ല.’ ഭാർഗ്ഗവിക്കുട്ടി ഇപ്പോ ളൊരു യക്ഷീ സാന്നിദ്ധ്യമാണെങ്കിൽ അവളുടെ ഭൂതകാല പ്രണയത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകണം. അതാണ് ഈ ഗാനം.
“താമസമെന്തേ വരുവാൻ പ്രാണസഖീ എൻറെ മുന്നിൽ
താമസമെന്തേ അണയാൻ പ്രേമമയീ എൻറെ കണ്ണിൽ”
‘താമസമെന്തേ വരുവാൻ’ എന്ന പല്ലവിയിലേക്ക് വരുന്നത് സിത്താർ തന്ത്രികളുടെ സ്വര വിന്യാസങ്ങളോടുകൂടിയാണ്. നമ്മളിലേക്ക് അതലിഞ്ഞ് പാട്ടിലേക്ക് പ്രവേശിച്ച് ലയിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.
ഗായകൻറെ സ്വഭാവസവിശേഷതകൾ കൂടി ഉൾക്കൊണ്ടാണ് ഗാനത്തിൻറെ രചന. ഒരു മതിലിനപ്പുറം താമസിക്കുന്ന ഭാർഗ്ഗവിക്കുട്ടിയും ശശികുമാറും പ്രണയലേഖന മെഴുതി മതിലിനു മുകളിൽ വച്ച്, അത് പറന്നു പോകാതിരിക്കാൻ മുകളിലൊരു കല്ലും വെച്ച് പരസ്പരം കൈമാറുന്നവരാണ്. കടൽത്തീരത്തോ മറ്റോ വച്ച് ഇടയ്ക്ക് കണ്ടുമുട്ടി പാട്ടൊക്കെ പാടി പിരിഞ്ഞു പോകുന്ന കാല്പനിക പ്രണയം. എന്താണ് അവൾ വരാൻ താമസിക്കുന്നത്? എൻറെ കാഴ്ചയിലേക്ക്പ്രാണസഖിയും പ്രേമമയിയുമായ നീ വരാൻ ഇനിയും വൈകുന്നതെന്ത് എന്ന് ചോദിക്കുകയാണ് സിത്താർ വായിച്ചു കൊണ്ട് കാമുകൻ. അതുകൊണ്ടുതന്നെ അതിമനോഹരമായി സിത്താർ ഗാനത്തിൽ ഇണക്കിച്ചേർത്തിരിക്കുന്നു. അതുവരെ ഉണ്ടായിരുന്ന ഹൊറർ മൂഡ് മാറ്റിയിട്ട് ഫ്ലാഷ് ബാക്കിലേക്ക് കടക്കുന്നു.
“ഹേമന്ദ യാമിനി തൻ പൊൻവിളക്കു പൊലിയാറായ്
മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറായ്”
മഞ്ഞും തണുപ്പുമുള്ള ഹേമന്ത രാത്രിയുടെ പൊൻവിളക്ക് അണയാൻ തുടങ്ങുകയാണ്. ആ വിളക്ക്ചന്ദ്രനാണ്. ചന്ദ്രന് അസ്തമിക്കാൻ പ്രത്യേക സമയം ഒന്നും ഇല്ലല്ലോ. ഓരോ ദിവസവും ഓരോ സമയത്താണ്. മാവിൻ ചില്ലകളിൽ രാക്കിളികൾ പാട്ടു നിർത്തി ഉറങ്ങാൻ തുടങ്ങി. പക്ഷേ പ്രണയാതുരനായ കാമുകന് ഉറക്കമില്ല, അയാൾ കാത്തിരിക്കുകയാണ്. രാത്രിയുടെ തണുപ്പ് വീഴുന്ന ഏകാന്തതയുടെ യാമങ്ങളിൽ കാമുകി സമീപത്ത് വന്നിരുന്നെങ്കിൽ. അല്ലെങ്കിൽ എന്താണ് അവൾ വരാൻ വൈകുന്നത് എന്നയാൾ ചിന്തിക്കുന്നു. അതിന് യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ല. അയാളുടെ സങ്കൽപങ്ങളിൽ അങ്ങനെയാണ്. രാത്രിയുടെ വിജനതതയും, നിലാവും തണുപ്പുമെല്ലാം പ്രണയത്തെ ഉദ്ദീപിപ്പിക്കുന്നതാണ്. അവളുടെ ചൂട് എൻറെ ആത്മാവിലേക്ക് സന്നിവേശിച്ചിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചുപോകുന്ന മുഹൂർത്തമാണിത്.
“തളിർ മരമിളകി നിൻറെ തങ്ക വള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവിൽ നിൻറെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റിൽ നിൻറെ പട്ടുറുമാലിളകിയല്ലോ”
തൻറെ ചുറ്റുപാടുമുള്ള പ്രകൃതിയിൽ എവിടെയോ അവൾ ഉണ്ട്. കണ്മുന്നിലേക്ക് വന്നിട്ടില്ല എന്നു മാത്രം. ശബ്ദമായും ഗന്ധമായും ചലനങ്ങളായും അവളുടെ സാമീപ്യം ഞാൻ അനുഭവിക്കുന്നു. മരത്തിലെ തളിരിലകൾ ഇളകുന്നത് അവളുടെ തങ്കവള കിലുങ്ങുന്നതാണ്. കരിയിലകൾ കുറേകൂടി ശബ്ദമുണ്ടാക്കും. തളിരിലകൾ തമ്മിലുരുമ്മിയാൽ വളരെ നേർത്ത ശബ്ദമല്ലേ ഉണ്ടാകൂ. എന്നിട്ടും അയാളതു കേൾക്കുന്നു. അതവളുടെ സാമീപ്യമായി അയാൾക്ക് അനുഭവപ്പെടുന്നു. ഒഴുകുന്ന പൂഞ്ചോലയുടെ നേർത്ത കളകള ശബ്ദം നിൻറെ പാദസരങ്ങളാണ്. നീ മെല്ലെ മെല്ലെ നടന്നു വരികയാണ് എന്ന് തോന്നിപ്പിക്കുന്നു. പാലുപോലെ പരക്കുന്ന നിലാവിൽ നിൻറെ മന്ദഹാസം ഞാൻ കാണുന്നു. നിൻറെ പുഞ്ചിരി നിലാവുപോലെ സുന്ദരമാണെന്നു സാരം. പാതിരാക്കാറ്റിൽ ദൂരെ ഇളകുന്നത് പ്രണയിനി പട്ടുതൂവാല വീശുന്നതാണ്. പൂർണ്ണമായും സങ്കല്പങ്ങളിലെ വിഭ്രാന്ത ലോകത്തിലാണയാൾ. ഇങ്ങനെ പ്രകൃതിയുടെ ഓരോ ചലനങ്ങളിലും കാമുകിയുടെ സാന്നിധ്യം അയാൾ അനുഭവിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച സൗന്ദര്യ ബിംബങ്ങളെയെല്ലാം കാമുകിയുമായി ചേർത്ത് സങ്കൽപ്പിക്കുന്നത് കാമുക ഹൃദയത്തിൻറെ കാവ്യലോലമായ ചിന്തകളാണ്. പാതിരാക്കാറ്റിൽ നിൻറെ പട്ടുതൂവാലയുടെ ഇളക്കം നേർത്ത വെള്ളായം പോലെ മെല്ലെ മെല്ലെ ഇളകുന്നതായി ഞാൻ കാണുന്നു. രാത്രിയിൽ വഴിനടക്കുമ്പോൾ ഒരു വാഴയില അനങ്ങിയാൽ പോലും പേടികൊണ്ട് എന്തോ ഭീകരരൂപി ആണെന്ന് തോന്നും. ഇത് മറ്റൊരവസ്ഥയാണ്. പ്രേമത്തിൽ മുഴുകിയിരിക്കുമ്പോൾ കാണുന്ന ഓരോ ചലനങ്ങളും കാമുകിയുടേതാണോ എന്നു തോന്നും. അല്ലെങ്കിൽ അങ്ങനെ സ്വയം അഭിരമിക്കാൻ കഴിയുന്ന ഒരു കാമുക മനസ്സിൻറെ ലോലമായ ഭാവത്തെ കവി അവതരിപ്പിക്കുന്നു എന്നു കരുതാം. ഈ കഥാപാത്രത്തിൻറെ സ്വഭാവവും മനോഭാവവും രീതിയുമെല്ലാം ഇങ്ങനെ തന്നെയാണ്. പാട്ടിൻറെ വരികളും ഈണവും ചേർന്ന് നമ്മളിലും ഒരു കാമുകീ സാന്നിധ്യം അനുഭവിപ്പിക്കുന്നുണ്ട്. ഈ പാട്ടിന് തന്നെ പ്രണയിതാക്കൾ ധാരാളമുണ്ട്. ബിംബ്ലാസ് എന്ന ഹിന്ദുസ്ഥാനി രാഗമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കർണ്ണാടക സംഗീതത്തിലെ ആഭേരിക്കു സദൃശമാണിത്. കഥയുടെ സന്ദർഭത്തിന് ഈ ഗാനം വളരെ പ്രസക്തമാണ്. ജനാലയിലൂടെ അയൽപക്കത്തേക്കു നോക്കി ‘എന്നെ ഒന്നുറക്കിയിട്ടുപോകൂ’ എന്ന് ഭാർഗവിക്കുട്ടി പറയുന്നുണ്ട്. കാമുകനെ കാണാനുള്ള അവളുടെ അത്യാർത്തിയും അത് നന്നായി അറിയുന്ന കാമുകൻറെ പ്രണയ വിശ്വാസ്യതയും ചിത്രത്തിൽ സുന്ദരമായി ആവിഷ്കരിക്കുന്നുണ്ട്. അത് സാഫല്യത്തിലെത്തണേ എന്ന് നമ്മളും പ്രാർത്ഥിച്ചു പോകും. അനുവാചക മനസ്സിൽ ഈ പാട്ട് ചിരപ്രതിഷ്ഠമായതിനു ശേഷമാണ് കഥാഗതി ദുരന്തത്തിലേക്ക് പോകുന്നത്. അപ്പോൾ നമ്മൾ വല്ലാതെ വിങ്ങി പോകും. ഒരു പ്രണയഭംഗത്തെ തീക്ഷ്ണാനുഭവമാക്കണമെങ്കിൽ അതിനു മുമ്പുള്ള പ്രണയം ശക്തമാകണം. സാഹിത്യത്തിലെയും സംവിധാനത്തിലെയും പ്രതിഭകൾക്കൊപ്പം കവിയും സംഗീതജ്ഞനും ചേർന്ന സംഗമ സൗഭാഗ്യമാണ് ഈ ഗാനം. ഓരോ കേഴ്വിയിലും മനസ്സിലേക്ക് സംക്രമിക്കുന്ന പേരറിയാത്ത ഒരു വികാരമായി ഈ പാട്ട് എന്നും നമ്മുടെ മനസ്സിൽ നിലനിൽക്കുന്നു.
About The Author
No related posts.