കേരളീയതയുടെ ശീർഷാസനം……( സാബു ശങ്കർ )

Facebook
Twitter
WhatsApp
Email

മലയാള സാഹിത്യ രംഗം പ്രഹസന ആഭാസമായി മാറുന്നു
എന്ന് ഡോ. വി. രാജകൃഷ്ണൻ, എം. കെ. ഹരികുമാർ, റഷീദ് പാനൂർ തുടങ്ങി ശ്രദ്ധേയ നിരൂപകർ പ്രസ്താവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അങ്ങനെയെങ്കിൽ കേരളീയ സാഹിത്യത്തെ പ്രഹസന ആഭാസമാക്കി മാറ്റുന്നതാര്?

മലയാള സാഹിത്യകാരന്മാരിൽ കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെടുന്ന രണ്ട് പേരുകളാണ് ഓ. വി. വിജയൻ, വൈക്കം മുഹമ്മദ്‌ ബഷീർ എന്നിവ. ഇതിന് കാരണം ഒറിജിനാലിറ്റി ആണ്…. ഇതിൽ ഓ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് മുന്നിൽ. ധർമ്മപുരാണത്തേക്കാൾ മൂല്യം കൽപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയില്ല എന്നത് ഇന്നും ചോദ്യചിഹ്നമാണ്. (കൊടുത്തതാവട്ടെ ഗുരുസാഗരത്തിനും.) ഖസാക്കിന്റെ ഇതിഹാസം പുസ്തകമായ ശേഷം തൊട്ടടുത്ത വർഷം അക്കാദമി അവാർഡ് കൊടുത്തത് ഒരു പൈങ്കിളി – പൾപ്പ് സാഹിത്യ രചനയ്ക്കാണ്….വൈക്കം മുഹമ്മദ്‌ ബഷീറിന് സാഹിത്യ അക്കാദമി അവാർഡ് കൊടുത്തിട്ടേയില്ല…

വൈദേശിക സാഹിത്യം അൽപ്പസ്വൽപ്പം ഭേദഗതി വരുത്തി മലയാളത്തിൽ എഴുതിയതിനു വലിയ അംഗീകാരം കൊടുക്കുന്ന പ്രവണത വർധിക്കുകയാണ് …

അന്നയുടെ ഡയറി അതേപടി പകർത്തി, 26 ഡെയ്‌സ് ഓഫ് ഡോസ്‌റ്റോവ്സ്കി എന്ന റഷ്യൻ സിനിമ അതേപടി മോഷ്ടിച്ചു, ഒരു മലയാള നോവലാക്കിയതിനും അത് സ്വന്തം സൃഷ്ടിയാണെന്നു വിളംബരം നടത്തി വിറ്റഴിച്ചതും അതിന് സാഹിത്യ അക്കാദമി അവാർഡും മറ്റു പുരസ്‌കാരങ്ങളും പദവികളും നൽകിയതും മലയാളഭാഷയ്ക്ക് തന്നെ അപമാനമാണ്…

സാഹിത്യ ചലച്ചിത്ര നിരൂപകൻ ഡോ. വി. രാജകൃഷ്ണൻ ഇക്കാര്യം ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതുമാണ്……ആരൊക്കെയാണ് ഈ ചരിത്രവഞ്ചനയ്ക്ക് രൂപം നൽകുന്നത്?….

ഒരു സാഹിത്യ സൃഷ്ടി കേരളത്തിന് പുറത്ത് കയ്യൊപ്പ് പതിക്കുമ്പോഴാണ് മലയാള ഭാഷയ്ക്ക് അഭിമാനകരമാവുന്നത്…. എന്നാലിവിടെ, പുസ്തക കച്ചവടക്കാരും സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥരും അജ്ഞരായ പാർട്ടി രാഷ്ട്രീയക്കാരും മാധ്യമങ്ങളിൽ കടന്നുകൂടിയ വിവരദോഷികളും ചേർന്ന് യഥാർത്ഥ സാഹിത്യ ധാരയെ അവഗണനയുടെ ചാലിലേക്ക് തിരിച്ചു വിടുന്നു….പകരം കാപട്യങ്ങളെ ആഘോഷിക്കുന്നു…വായനയും അന്വേഷണവും നഷ്ടമായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു….ക ബളിപ്പിക്കുന്നു…
വിശ്വസാഹിത്യത്തിലെ കഥകൾ കടമെടുത്ത് പേരും പ്രകൃതിയും മാറ്റി സ്വന്തം കഥയായി പ്രസിദ്ധീകരിച്ച് അവാർഡ് കൈക്കലാക്കുന്നതും നിരൂപകർ നിരീക്ഷിച്ചിട്ടുണ്ട്.അവ ചലച്ചിത്രമാക്കി ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതും കഴിഞ്ഞ കാല കാഴ്ചകളാണ്.

അധികമാരും തന്നെ കണ്ടിട്ടില്ലാത്ത ഒരു പ്രശസ്ത മലയാള കലാസിനിമയായ എസ്തപ്പാന്റെ കഥയെടുത്ത് കുറേക്കൂടി ആഡംബരമാക്കി സിനിമയാക്കിയ മോഷണവും അടുത്തകാലത്തുണ്ടായി. വിദേശ സിനിമകൾ മലയാളീകരിച്ച് നിർമ്മിച്ച് പുരസ്‌കാരം നേടിയതും പൊതുവെ അറിയാവുന്നതാണ്. ഇതൊക്കെ മലയാളികൾ ഒരു അന്തസ്സായി കാണുന്നു! മാത്രമല്ല, ഇത്തരം മോഷണങ്ങൾ നടത്തുന്നവരെയും വാണിജ്യ സിനിമയുടെ വക്താക്കളെയും ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്മാരാക്കുന്നതിലും മലയാളിക്ക് ലജ്ജയില്ല.

ബാഹ്യവേഷം മാറ്റിയ മോഷണവസ്തുവിന് സർഗാത്മകതയുടെ ലേബലൊട്ടിച്ച് കൃത്രിമ സാംസ്‌കാരിക അന്തരീക്ഷം ബലൂൺ പോലെ ഊതിവീർപ്പിച്ചു മലയാളിക്ക് മുന്നിൽ വെച്ചിരിക്കുന്നു. ഇത്തരം സൃഷ്ടികളൊക്കെ രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ അപ്രസക്തമായി തീരുകയും പുനർവായനയ്ക്ക് യോഗ്യമാവാതെ മറവിയിൽ മറയുകയും ചെയ്യുന്നു.

ഡോസ്‌റ്റോവ്സ്കിയുടെ ഇരുന്നൂറാം ജന്മവാർഷികം ഓർമ്മിക്കുന്ന വേളയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവരിൽ പകുതിലേറെ പേരും യഥാർത്ഥ സാഹിത്യം അറിയാത്തവരാണ്. മാത്രമല്ല തങ്ങളുടെ തുച്ഛമായ അറിവാണ് മെച്ചമെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്നവരാണ്….

പ്രബുദ്ധ കേരളം മലയാളികൾക്ക് കൈവിട്ട് പോകുകയാണ് എന്ന് ഇതൊക്കെ വ്യക്തമാക്കുന്നുണ്ട് …. സത്യത്തിൽ നിന്ന് അകന്നുപോകുന്ന സമൂഹം നേരിടുന്ന വിപത്തുകൾ വരാനിരിക്കുന്നതേയുള്ളൂ….
ഒരുപക്ഷേ ഇത്തരം സാമൂഹിക അന്തരീക്ഷവും മനഃശാസ്ത്രവും പ്രതിഭാസവും ഒക്കെ യഥാർത്ഥ സാഹിത്യത്തിന് പ്രമേയമാവുക തന്നെ ചെയ്യും…

ഒരു കാര്യം ഇപ്പോൾ വ്യക്തമാണ്. കേരളത്തിന് പുറത്തു നിന്നാവും കേരളീയ സാഹിത്യ – ചലച്ചിത്ര മേഖലയിലെ യഥാർത്ഥ ധാരയ്ക്ക് പിന്തുണയും അംഗീകാരവും ഉണ്ടാവുക…ഇന്ത്യയിൽ എന്നല്ല ലോകത്തിന് മുന്നിൽ തന്നെ മലയാളത്തിനു യശസ്സുയർത്തിയ, എഴുപതുകളിലെ യഥാർത്ഥ ചലച്ചിത്ര ധാരയെ സമാന്തര സിനിമ എന്ന് അവഹേളിച്ചു മാറ്റിനിർത്തിയ ചരിത്രം കൂടി ഓർമ്മയിൽ തെളിഞ്ഞു വരുന്നു….

പ്ലാജറിസവും ഒറിജിനാലിറ്റിയും തിരിച്ചറിയാത്ത
മലയാളികൾ എല്ലാ രംഗത്തും ഒരു പ്രഹസന ആഭാസത്തിലൂടെ കടന്നു പോകുകയാണോ? കേരളീയത ശീർഷസനത്തിലാണോ? ***

About The Author

Leave a Reply

Your email address will not be published. Required fields are marked *