ഓഫീസിൽ ഫയലുകളിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴും മനസ്സിൽ രാവിലെ ഉണ്ടായ കലഹത്തിന്റെ തിരയടി ബാക്കി കിടന്നു.
ഒരു കലഹവും പിന്നീടോർത്താൽ അർത്ഥമില്ലാത്തതാണ്. പക്ഷെ അവ ബാക്കി വയ്ക്കുന്ന കയ്പ്പും കണ്ണീരും മനസിലെവിടെയെങ്കിലും അടിഞ്ഞു കൂടിക്കിടക്കും.
രാവിലെ താനും രവിയേട്ടനും വെറുതെ ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയതാണ് ഒടുവിൽ “ബുദ്ധിമുട്ടാണെൽ നീയങ്ങു ഡിവോഴ്സ് വാങ്ങിപോകണം” എന്ന അവസാന ഡയലോഗിൽ എത്തുന്നത്..
“വിന്ദുജ കണ്ണ് തുടയ്ക്ക്.ആരെങ്കിലും കണ്ടാൽ മോശമല്ലേ “.
മുഖം ഉയർത്തിയപ്പോൾ കണ്ടത് അക്കൗണ്ട്സിൽ പുതിയതായി ജോയിൻ ചെയ്ത മനോജ്‌കുമാറിനെയാണ്.
വേഗം സാരിതലപ്പുയർത്തി കണ്ണും മുഖവും തുടച്ചപ്പോൾ അടുത്തേക്ക് നീങ്ങി നിന്ന അയാളുടെ പെർഫ്യൂമിന്റെ മണം മൂക്കിലടിച്ചു കയറി. താഴെ വീണ പേന കുനിഞ്ഞെടുക്കുന്ന മട്ടിൽ തന്റെ കസേരയ്ക്ക് മുന്നിൽ കുനിഞ്ഞു ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. “നല്ല മിടുക്കി ക്കുട്ടിയായിരിക്കൂ.”
ഉച്ചഭക്ഷണ നേരം ലഞ്ച് ഏരിയയിൽ തന്റെ സീറ്റിനരികെ വന്നിരുന്ന അയാൾ ചിരപരിചിതനെ പോലെ മെല്ലെ ചോദിച്ചു എന്താ ഇന്ന് വിന്ദുജക്കുട്ടിക്ക് സ്പെഷ്യൽ?
നോൺ ഒക്കെ കഴിക്കുമല്ലോ അല്ലെ.. ചോദ്യത്തോടൊപ്പം
അയാളുടെ അടുക്കു പാത്രത്തിൽ നിന്ന് ഒരു വറുത്ത മീൻ കഷണം എടുത്തു തന്റെ പാത്രത്തിൽ വയ്ക്കുകയും തന്റെ പാത്രത്തിൽ നിന്ന് എന്റെ ഫേവറൈറ്റ് എന്ന് പറഞ്ഞു പയർ മെഴുക്കുപുരട്ടി എടുക്കുകയും ചെയ്തു.
ആ അമിത സ്വാതന്ത്ര്യമെടുപ്പിൽ അതൃപ്തി തോന്നിയെങ്കിലും വീന്ദുജക്കുട്ടി എന്ന വിളിയിൽ താൻ വീണു പോയി. പെണ്ണുങ്ങൾ പലപ്പോഴും മധുരം പുരട്ടിയ വാക്കുകളിൽ മയങ്ങി സ്വന്തം വിവേകത്തെ നഷ്ടപ്പെടുത്തുന്നവരാണ്.
“നമ്മുടെയൊക്കെ വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും. പക്ഷെ അതൊന്നും ഓഫീസിൽ ആരും അറിയാതെ പുഞ്ചിരിയോടെ ഇരിക്കണം. അതാണ് നമ്മുടെ കഴിവ്.”
അയാൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു.
ഒരു ഇഷ്ടക്കേട് മുഴച്ചു നിന്നെങ്കിലും ഇടയ്ക്ക് വീണ്ടും വീണ്ടും വിന്ദുജക്കുട്ടി എന്നുള്ള വിളിയിലൂടെ അയാൾ അത് തുടച്ചു നീക്കി.
കഴിച്ച് എഴുനേൽക്കുമ്പോഴാണ് അയാൾ അത് പറഞ്ഞത്. ഈ കിളിപ്പച്ച നിറം സാരി ഇയാൾക്ക് നല്ലോണം ചേരുന്നുണ്ട്.
താങ്ക്സ് പറഞ്ഞ് വിന്ദുജ സീറ്റിലേക്ക് പോയി.
അന്ന് പിന്നേ അയാളെ കണ്ടില്ല. വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴും രവിയേട്ടന്റെ പിണക്കം മാറിയിരുന്നില്ല..
താനും മിണ്ടാൻ തയ്യാറായില്ല
രാത്രി കിടന്നപ്പോഴും രണ്ടാളും പുറം തിരിഞ്ഞു കിടന്നു.
പിറ്റേന്ന് കാലത്ത് ഓഫീസിൽ പോകും വരെയും ആ പിണക്കം നീണ്ടു നിന്നു.
രാവിലെ തൊട്ടടുത്തുള്ള ശിവന്റെ അമ്പലത്തിൽ കയറി തൊഴുതു.
ഓഫീസിൽ എത്തിയത് അല്പം നേരത്തേ ആയിരുന്നു.
പെട്ടന്നു മുന്നിലെ കസേരയിൽ വന്നിരുന്നു അയാൾ. ഞാൻ ഒന്ന് തൊഴുതാൽ ഭാഗവാന്റെ പ്രസാദം ഇത്തിരി എനിക്കും കിട്ടുമോ?
വിന്ദുജ ചിരിച്ചു.
ചായ എടുക്കട്ടെ മാഡം? പ്യൂൺ കമലചേച്ചി ചോദിച്ചു.
അതിനെന്താ രണ്ടെണ്ണം പോന്നോട്ടെ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ പതിയെ ചോദിച്ചു ഇന്ന് വഴക്കിടാതെയാണല്ലോ വന്നത് അല്ലെ?
വിന്ദുജ ചിരിച്ചു.
പെട്ടന്നാണ് അവർ സുഹൃത്തുക്കളായി മാറിയതും ഓഫീസിൽ പലരും അവരെ ഒരു സൗഹൃദത്തിനപ്പുറമുള്ള മറ്റെന്തിലേക്കോ സംശയദൃഷ്ടിയുടെ നോക്കിയതും.
വല്ലാത്തൊരു പ്രസരിപ്പും മണവും എപ്പോഴും അയാളെ പൊതിഞ്ഞ് നിന്നു. അയാളുടെ മൂക്കിന്റെ തുമ്പത്തെ മറുകും ചിരിക്കുമ്പോൾ ഒരു കവിളിൽ തെളിയുന്ന നുണക്കുഴിയും ഒക്കെ വെറുതെ വിന്ദുജ ഇഷ്ടപ്പെട്ടു.
രവിയേട്ടനുമായി ഇടയ്ക്കിടെയുള്ള വഴക്കുകൾ തുടർന്നു പോയത് തങ്ങളുടെ ബന്ധത്തിലെ ഒരു വിടവായി വളരാൻ തുടങ്ങി..
അതിനിടെ ചാറ്റ് മെസേജുകളിലൂടെ മനോജ് അടുപ്പം കൂട്ടികൊണ്ടേയിരുന്നു.
വിന്ദുജക്കുട്ടി വിന്ദൂട്ടി ആയി.. അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി ഓഫീസിലേക്ക് പാക്ക് ചെയ്യുമ്പോൾ പലപ്പോഴും രവിയേട്ടന്റെ ഇഷ്ടങ്ങൾ മനഃപൂർവം മറന്നു.
പത്ത് വയസ്സുള്ള മകളുടെ സ്കൂൾ ഫീസ് അടയ്‌ക്കേണ്ട തീയതി പോലും വിന്ദുജ ഇടയ്ക്ക് മറന്നു..
ഒരൽപ്പം വണ്ണം കൂടിയോ തനിക്കെന്നു സംശയം…. കണ്ണിന് താഴെ വെള്ളരിക്ക അരിഞ്ഞു വച്ചും മുഖത്ത് പാൽപ്പാട തേച്ചും ഇടയ്ക്കൊന്നു ബ്യൂട്ടി പാർലറിൽ മുടിവെട്ടിയും കൈനഖങ്ങളിൽ നിറം പുരട്ടിയും എല്ലാം തന്റെ പ്രായത്തെ മറികടക്കാൻ വിന്ദുജ ശ്രമിച്ചു.
അയാളുടെ ഓരോ പ്രശംസയും തന്റെ ആത്മവിശ്വാസം കൂട്ടുന്നതും തന്റെ ആകാശത്ത് മഴവില്ല് വിരിയിക്കുന്നതും അവൾ തിരിച്ചറിഞ്ഞു.
ഒരു ദിവസം വല്ലാതെ മ്ലാനമായ മുഖത്തോടെ ഇരുന്ന അയാളോട് വിന്ദുജ വിവരം തിരക്കി.
രോഗിയായ
ഭാര്യയുടെ ചികിത്സക്കായി എടുത്ത ലോണുകളും മറ്റുമായി അയാൾക്ക് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നു വിന്ദുജയോട് അയാൾ പറഞ്ഞിരുന്നു.
മകന് പഠനാവശ്യത്തിനായി ഒരു ലാപ്ടോപ് വാങ്ങാൻ അയാൾ ഒരു മുപ്പത്തിനായിരം രൂപ കടം ചോദിച്ചു
പിറ്റേന്ന് തന്നെ വിന്ദുജ ഒരു ചെക്ക് അയാൾക്ക് കൊടുക്കുകയും ചെയ്തു..
അയാൾ അന്ന് വിന്ദുജയുടെ കൈകൾ കൂട്ടിപിടിച്ചു നന്ദി പറഞ്ഞു.
ദിവസങ്ങൾ കടന്നു പോകവേ പലവിധ ആവശ്യങ്ങൾക്കായി അയാൾ തന്റെ കയ്യിൽ നിന്നു രണ്ട് ലക്ഷത്തോളം രൂപ വാങ്ങിയത് വിന്ദുജയെ തെല്ലു വിഷമിപ്പിച്ചെങ്കിലും അയാളുടെ സ്നേഹം നിറച്ച വാക്കുകളും പുഞ്ചിരിയും അവളെ അന്ധയാക്കിയിരുന്നു.
ഓഫീസിലെ അടുത്ത സഹപ്രവർത്തകയായ ഗീതയ്ക്ക് നിറം അല്പം കുറവായിരുന്നു. തന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന ഗീതയെ അയാൾ കാളിയെന്നും തന്നെ ലക്ഷ്മി ദേവിയെന്നും തമാശയ്ക്ക് പറഞ്ഞത് കേട്ടു അയാളോട് കയർത്തു സംസാരിച്ച ഗീതയോടയാൾ അടുത്ത നിമിഷം തന്നെ മാപ്പും പറഞ്ഞു. പിറ്റേന്ന് ഓണത്തോടാനുബന്ധിച്ചു ഓഫീസിൽ നടത്തിയ ആഘോഷപരിപാടിക്കിടെ തനിക്കും ഗീതയ്ക്കും അയാൾ ഓരോ പച്ചക്കര സെറ്റ് സാരി ഗിഫ്റ്റ് ആയി തന്നു. പിന്നീട് മൂക്കത്ത് ശുണ്ഠിയുള്ള ഗീതയെ അയാൾ എപ്പോഴും കാളി എന്ന് വിളിച്ചെങ്കിലും അവൾ അതിൽ പരിഭവിച്ചില്ല..
അതായിരുന്നു അയാൾ.
ഏത് പെണ്ണും കാംക്ഷിക്കുന്ന എന്തൊക്കെയോ ആകർഷണങ്ങൾ കൊണ്ട് അയാൾ ഓഫീസിലെ സ്ത്രീജനങ്ങൾ ക്ക് പ്രിയങ്കരനായി.
വിന്ദുജയ്ക്ക് ഞായറാഴ്ചകൾ വേണ്ടെന്നു തോന്നി തുടങ്ങി.. അയാളുടെ മണവും സാമീപ്യവും അത്രമേൽ അവളെ തരളിതയാക്കിയിരുന്നു. അത് പ്രണയമാണോ എന്നൊന്നും അവൾക്കു തീർച്ചയില്ലാതിരുന്ന ആ നാളുകളിൽ ഒരു ദിവസം സ്റ്റോർ മുറിയിൽ പഴയ ഫയലുകൾ തിരയുന്നതിനിടെ പെട്ടെന്ന് പിന്നിൽ നിന്നു വന്ന് അയാൾ അവളെ അമർത്തിപിടിച്ചു പിൻകഴുത്തിൽ മൃദുവായി ചുംബിച്ചു.ആ ഒരു നിമിഷം ആദ്യചുംബനത്തിലെന്ന പോലെ അവൾ കണ്ണടച്ച് നിന്നു പോയി.
അതൊക്കെ ഒരുപാട് കൊതിച്ചവളാണെങ്കിലും സദാചാരത്തിന്റെ കപട മുഖം മൂടിവച്ച് പെട്ടെന്ന് അവൾ കുതറി മാറി.”.നിങ്ങൾ ഇങ്ങനെയാണോ എന്നെ കുറിച്ചു വിചാരിച്ചത്.. വെറും ചീപ്പ് പരിപാടി ആയിപ്പോയി” എന്ന് കനത്തിൽ പറഞ്ഞു.
അയാൾ ഒരു സോറി പറഞ്ഞു മുറിയ്ക്ക് പുറത്തേക്കിറങ്ങി.
വിന്ദുജയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.. അയാളുടെ പെർഫ്യൂം മണം തന്റെ മേലെ തങ്ങി നിന്ന് തന്നെ വിഴുങ്ങും പോലെ…അയാളൊന്നു ബലത്തോടെ നെഞ്ചിൽ ചേർത്താൽ തന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടു പോകും എന്നവൾ തിരിച്ചറിഞ്ഞു.
സീറ്റിൽ വന്നിരുന്നപ്പോൾ നല്ല വെളുത്ത നിറമുള്ള നെറ്റിയിൽ വലിയ ചുവന്നവട്ട പൊട്ട് തൊട്ട ഇളം നീലയിൽ കറുപ്പും കശവും കരയുള്ള സാരി ചുറ്റിയ ഒരു സ്ത്രീ മനോജിന്റെ കസേരക്ക് മുന്നിൽ ഇരുന്നു സംസാരിക്കുന്നത് കണ്ടു.
പ്യൂൺ കമലചേച്ചി ചായ അവർക്കു കൊണ്ട് കൊടുക്കുന്നതും കണ്ടു.. പെട്ടന്ന് മനോജ് സുപ്രേണ്ടിന്റെ മുറിയിലേക്ക് കയറി പോയി.
തിരികെ വന്ന് അവരോടൊപ്പം പുറത്തേക്കിറങ്ങി. അവർ മുന്നിലൂടെ കടന്നു പോയപ്പോൾ അയാളുടെ ശരീരത്തോട് സ്വാതന്ത്ര്യത്തോടെ ചേർന്നാണ് നടന്നു പോയത്. അയാൾ തൊട്ട് മുൻപേ
നടന്നതൊക്കെ തന്റെ ഭ്രമാത്മകതയാണെന്ന് തനിക്ക് തോന്നും വിധം തികച്ചും സാധാരണമായി നടന്നു പോയി.
രവിയേട്ടന്റെ മുഖവും ചിരിയുമൊക്കെ മനസ്സിൽ തെളിഞ്ഞു.
കഴിഞ്ഞ ആറേഴ് മാസങ്ങളായി താൻ രവിയേട്ടനിൽ നിന്നും തന്റെ മകളിൽ നിന്നും ഒക്കെ അകന്നു പോയത് പെട്ടന്നാണവൾ തിരിച്ചറിഞ്ഞത്.കുറ്റബോധത്തോടെ ഒരു ഹാഫ് ഡേ ലീവ് എഴുതിക്കൊടുത്തു വിന്ദുജ വീട്ടിലേക്കു പോയി.
വീട്ടിലെത്തിയ വിന്ദുജയ്ക്ക് കരച്ചിൽ വന്നു.
മകൾക്കു പ്രിയപ്പെട്ട നാലുമണി പലഹാരമുണ്ടാക്കി അവൾ സ്കൂളിൽ നിന്നു വരുന്നത് നോക്കി ഉമ്മറത്ത് വന്നിരുന്നു.
സ്കൂൾ ബസ് വന്നു നിന്നപ്പോൾ വിന്ദുജ മുറ്റത്തേക്ക് ഓടിയിറങ്ങി. മോളേ കണ്ടതും അവളെ കെട്ടിപിടിച്ചുമ്മ വച്ചു
അമ്മയ്ക്ക് ഓഫീസിനു അവധിയാണോ?
മോൾ ചോദിച്ചു.
അതെ എന്ന് തലകുലുക്കി മോൾക്കൊപ്പം വീട്ടിലേക്കു നടന്നു കയറി.
അന്ന് വൈകുന്നേരം രവിയേട്ടന് പ്രിയപ്പെട്ട ഏലക്ക ചായയിട്ടു പുഞ്ചിരിയോടെ അത് കൊടുക്കുമ്പോൾ രവിയേട്ടൻ ചിരിച്ചു. എന്ത് പറ്റിയെടോ ഇന്ന് ആകെ സന്തോഷത്തിലാണല്ലോ..
വിന്ദുജ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു. അന്ന് രാത്രി ചാറ്റ് വിൻഡോയിൽ മാസ്മരികത വിടർത്തി അയാൾ വന്നില്ല.
ഭാര്യ കിടപ്പ് രോഗിയാണെന്ന് പറഞ്ഞറിയാം. അപ്പോൾ പിന്നേ ആരാവും ആ നീല സാരിക്കാരി എന്നാ ലോചിച്ചു കിടന്നു.
വാട്സ്ആപ്പിൽ അയാൾ ഓൺലൈൻ ആയിട്ടു അര മണിക്കൂറായിട്ടും തനിക്ക് ഒരു മെസ്സേജ് പോലും വന്നില്ല.
ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് ഓഫിസിൽ എത്തിയപ്പോൾ വിന്ദുജ കണ്ടു. കിളിപച്ച ഷർട്ട് ഇട്ട് മൂളിപ്പാട്ടും പാടി സീറ്റിൽ ഇരിക്കുന്ന അയാളെ.
തികച്ചും സാധാരണമായി അയാൾ തന്റെ മുന്നിലെ കസേരയിൽ വന്നിരുന്നു. ഒന്നും ചോദിക്കാതെ ഇങ്ങോട്ടു പറഞ്ഞു. പഴയ ഓഫീസിലെ എന്റെ കൂട്ടുകാരിയാണ് ഇന്നലെ വന്നത്. ഭർത്താവ് മരണപെട്ടവൾ. ഒരു മകളുണ്ട്. ചെറിയ കുട്ടിയാണ്.വെറും ഏഴു വയസ്സ്.
അവളുടെ അച്ഛൻ അവൾക്കു മൂന്ന് വയസ്സുള്ളപ്പോൾ മരിച്ചു പോയി. ഇന്നലെ അവളുടെ സ്കൂളിൽ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അത് കാണാനാണ് ഞാനും സുമയും കൂടി പോയത്.
സുമയുടെ അമ്മ എനിക്ക് സ്വന്തം അമ്മയെ പോലെയാണ്. മിക്കവാറൂം അമ്മയെ കാണാനും മോളേ കാണാനും ഞാൻ അവിടെ പോകാറുണ്ട്.
ഇതെല്ലാം തുറന്നു പറഞ്ഞത് വിന്ദുട്ടി വിഷമിക്കണ്ട എന്ന് കരുതിയാണ്.
എന്ത് വിഷമം?
എന്തിന് വിഷമിക്കണം. വിന്ദുജ തിരിച്ചടിച്ചു. പെണ്ണുങ്ങളുടെ മനസ്സല്ലേ. പലതും വിചാരിച്ചു കൂട്ടും. അതാ. അയാൾ അത് പറഞ്ഞു സ്വന്തം സീറ്റിലേക്ക് പോയി.
വിന്ദുജ രണ്ട് ദിവസം ലീവ് എഴുതിക്കൊടുത്തു വീട്ടിലേക്കു പോയി. രവിയേട്ടനോട് അനുവാദം വാങ്ങി മോളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി.
ഫോണിൽ വാട്സ്ആപ്പ് തുറന്നതേയില്ല. ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം മനോജിന്റെ മിസ്സ്ഡ് കാൾ വന്നെങ്കിലും വിന്ദുജ തിരിച്ചു വിളിച്ചില്ല.
നോവും അപമാനവും ഈർഷ്യയും ചേർന്ന് മുള്ളുകളായി തന്നെ കുത്തുന്നത് പോലെ വിന്ദുജക്ക് തോന്നി. ആട്ടിൻ തോലിട്ട ഒരു ചെന്നായ ആണോ അയാൾ എന്ന സംശയവും കടുത്തു.
വൈകുന്നേരം അമ്പലത്തിൽ വച്ചാണ് ചേച്ചിയുടെ കൂട്ടുകാരിയെ കണ്ടത്.
“ശ്രീജയും ഞാനും ഡിഗ്രിക്ക് ഒരുമിച്ചാണ് പഠിച്ചത്. വിന്ദു നിന്റെ ഓഫീസിലേക്ക് സ്ഥലം മാറി വന്നിട്ടുണ്ട് ഇവളുടെ ഭർത്താവ്. ഞാനത് പറയാൻ മറന്നു വിന്ദു.”ചേച്ചി അത് പറഞ്ഞപ്പോൾ
ശ്രീജചേച്ചി ചിരിച്ചു. നല്ല ഐശ്വര്യമുള്ള ചിരിയോടെ അവർ പറഞ്ഞു പേര് മനോജ് കുമാർ. അക്കൗണ്ടന്റ് ആണ്.
വിന്ദുജ ഞെട്ടിപ്പോയി. കിടപ്പുരോഗി എന്ന് മുദ്രണം ചെയ്യപ്പെട്ടത് ഈ ശ്രീത്വത്തെയാണോ?
എനിക്കറിയാം വിന്ദുജ ഇടർച്ചയോടെ പറഞ്ഞു.
മക്കളൊക്കെ..
ശ്രീജയ്ക്ക് മക്കളില്ല വിന്ദു.
അപ്പോഴാണ് അവൾ ശെരിക്കും ഞെട്ടിപ്പോയത്. മകന് ലാപ്ടോപ് വാങ്ങാൻ വാങ്ങിയ മുപ്പത്തിനായിരം മുതൽ…. എത്ര തവണ താൻ കബളിപ്പിക്കപ്പെട്ടു എന്നോർത്തപ്പോൾ അവൾ ദേഷ്യം കൊണ്ട് വിറച്ച് പോയി.
അന്ന് തന്നെ വിന്ദുജ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ഓഫീസിൽ എത്തുവോളം എങ്ങനെ അയാളെ നേരിടും എന്ന് ഓർത്തെങ്കിലും ചെന്ന് കയറിയ പാടെ വിന്ദുജയുടെ സീറ്റിനു മുന്നിൽ വന്നിരുന്നു അയാൾ. യാതൊരു ഭാവഭേദവുമില്ലാതെ ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു. “എവിടെ മുങ്ങിയതാ ഇയാൾ”
ഒന്ന് സ്റ്റോർ വരെ വരുമോ വിന്ദുജ മെല്ലെ ചോദിച്ചു.
സ്റ്റോറിലെത്തിയ അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. വിന്ദുട്ടി ഇങ്ങനെ വിളിക്കുമെന്ന് ഞാൻ കരുതിയെ ഇല്ല.
സർവ്വ ദേഷ്യവും ചേർത്തു വലത്തേ കൈവലിച്ചൊന്നു കൊടുത്തു. കരണം പുകഞ്ഞു നിന്നപ്പോൾ വിന്ദുജ പറഞ്ഞു മര്യാദക്ക് എന്റെ കയ്യിൽ നിന്നു വാങ്ങിയ മുഴുവൻ തുകയും ആരെ പറ്റിച്ചായാലും എനിക്ക് തിരികെ തരണം. തന്നതെല്ലാം ചെക്ക് ആയത് കൊണ്ട് എനിക്ക് തെളിവുണ്ട്.
ഓഫീസിലെ മറ്റുള്ളവരുടെ മുന്നിൽ തന്റെ മുഖംമൂടി അഴിഞ്ഞു വീഴണ്ടെങ്കിൽ ഇന്നേക്ക് ഒരാഴ്ചയ്ക്കുള്ളിൽ എന്റെ പണം തന്നിരിക്കണം.
അയാൾ സ്തബ്ധനായി നോക്കി നിൽക്കെ വിന്ദുജ ആശ്വാസത്തോടെ സീറ്റിൽ വന്നിരുന്നു.
തന്റെ നഷ്ടപെട്ട ആത്മാഭിമാനം വീണ്ടെടുത്തു അവൾ ഒരു പുഞ്ചിരിയോടെ ഫയലുകളിലേക്ക് മുഖം പൂഴ്ത്തി.
ഒരു മാസത്തിനു ശേഷം ഒരു ട്രാൻസ്ഫർ
ചോദിച്ചു വാങ്ങി അവിടം വിട്ടുപോയി വിന്ദുജ.
പലപ്പോഴും നിസ്സാരമെന്നു തോന്നുന്ന വഴക്കുകളിലൂടെ തന്റെ ദാമ്പത്യത്തിൽ വന്ന വിടവുകൾ സ്നേഹം കൊണ്ട് അടച്ചു പൂശി തന്റെ മോളെയും രവിയേട്ടനെയും നെഞ്ചോടു ചേർത്തു വച്ചു വിന്ദുജ തന്റെ കുഞ്ഞ് കൂട്ടിൽ
സുഖമായി ഉറങ്ങി.
കരളിനുള്ളിൽ തനിയ്ക്കിരിക്കാൻ കനകം കൊണ്ടാണ് രവിയേട്ടൻ കൂടു മെനഞ്ഞതെന്നു തിരിച്ചറിവിൽ അവളയാളെ സ്വജീവൻ പോലെ അമൂല്യമായി കരുതി..
വേനൽ മഴയിൽ അയാളുടെ കൈകുമ്പിളിന്റെ ചൂടിലുറങ്ങി.. കിളിക്കൂട്ടിലേക്കു ഒരു കുഞ്ഞുവാവ കൂടി വിരുന്നു വന്നു..
. ഇടയ്ക്ക് ടീവിയിൽ ഒരു ദിവസം കണ്ട ന്യൂസിൽ പണത്തിരിമറി കേസിൽ അറസ്റ്റിലായ മനോജിന്റെ വാർത്തയ്‌ക്കൊപ്പം കണ്ട മുഖം.. സുമ എന്നയാൾ പടച്ച പേരുകാരി. നീല സാരിയുടുത്ത വട്ടപ്പൊട്ടുകാരി……
☘☘☘☘