മലയാള വിമർശനകലയിലെ നവ ചക്രവാളങ്ങൾ മാരാർക്കും മുണ്ടശ്ശേരിക്കും ശേഷം

Facebook
Twitter
WhatsApp
Email

“ഹന്ത! പഴകിയ ശീലം പോലൊരു ബന്ധനമുണ്ടോ ലോകത്തിൽ ” എന്ന് വൈലോപ്പിള്ളി ചോദിക്കുന്നുണ്ട്. ഈ പഴകിയ ശീലം ഒരാൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല.സംസ്കാരത്തിന്റെ സഞ്ചാരങ്ങൾക്കിടയിൽ സംഭവിച്ചു പോകുന്നതാണ്. മാരാർക്കും മുണ്ടശ്ശേരിക്കും ശേഷം മലയാള വിമർശനം വളർന്നിട്ടില്ലെന്ന വാദം ഇത്തരത്തിൽ ഒന്നാണ്.( ഇവിടെ പോളിനെ വിട്ടു കളയുന്നു.നോവൽ സാഹിത്യത്തെ സംബന്ധിച്ച ഒരു ചരിത്ര പ0ന ഗ്രന്ഥം എഴുതിയിട്ടുണ്ട് എന്നതൊഴിച്ചാൽ മലയാള വിമർശന സാഹിത്യത്തിന്റെ ചരിത്രത്തിൽ പോളിന്റെ സ്ഥാനം അത്ര നിർണ്ണായകമായ ഒന്നല്ല.) പ്രൊഫ.മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ളയും മാരാരും അവരുടെ വർത്തമാനകാലങ്ങളെ സജീവമാക്കിയിരുന്നപ്പോൾ പലരും വിമർശനകലയുടെ അഭിജാത ഗൗരവം കണ്ടെത്തിയത് സാഹിത്യ പഞ്ചാനന്റെ രചനകളിലായിരുന്നു. ഇതു നമ്മുടെ കാഴ്ചപ്പാടിനെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്. ഒട്ടും പേടിക്കേണ്ടാത്ത ഒരു രോഗം.കഴിഞ്ഞ കാലത്തിൽ നിന്നും പകർന്നു കിട്ടിയ പഴകിയ ശീലമെന്ന ഈ രോഗം തന്നെയാണ് ഇന്നത്തെ വിമർശനത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാൻ വൈമുഖ്യം കാണിക്കുന്നതിന് കാരണം.
മുണ്ടശ്ശേരിയുടെ തലമുറ ഇന്നത്തെ വിമർശനത്തിനു സമ്മാനിച്ച പിൻപാതയുടെ വിസ്തൃതി ആരും കണ്ടില്ലെന്നു നടിക്കുന്നില്ല. അതിനെ നമ്മുടെ വിമർശന സാഹിത്യത്തിന്റെ പ്രബലസംസ്കാരമായി അംഗീകരിക്കുകയും ചെയ്യുന്നു. തെളിക്കാത്ത വനപ്രദേശം അവർ എങ്ങനെ സഞ്ചാരയോഗ്യമാക്കിയെന്നു നമ്മുടെ സാഹിത്യ ചരിത്രം അതിന്റെ സ്വന്തം കണ്ണകൾ കൊണ്ടു നോക്കിക്കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെളിക്കാത്ത വനപ്രദേശങ്ങൾ വിമർശന കലയ്ക്ക് ഒരു വെല്ലുവിളിയായി സാഹിത്യത്തിന്റെ അതിവിശാല ഭൂപ്രദേശങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കും എന്നതും അതുപോലെ സത്യമാണ്. അത് സാഹിത്യത്തിന് സംഭവിച്ച ഒരു വിപത്തല്ല. നാം ഒരു ഭേദപ്പെട്ട ജനതയായതിനാൽ, നമ്മുടെ സാഹിത്യം കുറച്ചൊക്കെ സമ്പന്നമാണ്. അക്കാരണത്താൽ ഈ വെല്ലുവിളി വിമർശന കലയെ സംപുഷ്ടിപ്പെടുത്തുന്ന ഘടകമായി നമ്മുടെ മുമ്പിൽ നിൽക്കുന്നു. അതിനെ നേരിടുകയും കീഴടക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇന്നത്തെ വിമർശനകല അന്വേഷണത്തിന്റെയും മൂല്യനിർണ്ണയത്തിന്റെയും ലോകങ്ങളിലെ ചില ചാടിക്കുതിപ്പുകളിലൂടെ പഴകിയ ശീലം എന്ന രോഗത്തിന് ആഘാത ചികിത്സ നൽകുകയാണ് ചെയ്യുന്നത്.
മാരാരും മുണ്ടശ്ശേരിയും നമ്മുടെ വിമർശനകലയുടെ ദൈർഘ്യം കുറഞ്ഞ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നവരാണ്. അവർക്കു ബുദ്ധിപരമായ തേജസ്സുണ്ടായിരുന്നു. എങ്കിലും അവർക്ക് പരിമിതികളുണ്ടായിരുന്നു. ക്ലാസ്സിക്കുകളുടെ അഭിജാത സൗന്ദര്യം എടുത്തുകാണിച്ച മാരാരെ വരാൻ പോകുന്ന കാലം ആദരിക്കുക തന്നെ ചെയ്യും.എന്നാൽ നമ്പ്യാരെ പോലൊരു അസാധാരണ കോമിക് ജീനിയസ്സിനെ അംഗീകരിക്കാൻ കഴിയാത്തവിധം അദ്ദേഹം ബുദ്ധിശാലിയായിപ്പോയത് ഒരു തകരാറു തന്നെയാണ്. അക്കാരണത്താൽ വരാൻ പോകുന്ന കാലത്തെ മൂല്യനിർണ്ണയബോധം അദ്ദേഹത്തെ കുറ്റക്കാരൻ എന്നു വിധിക്കുകയും ചെയ്യും. അതുപോലെ തന്നെ ഇന്ത്യൻ മിത്തോളജിയിലെ അനശ്വര കാമുകിയായ രാധയുടെ രതിഭാവ കാവ്യാനുഭവങ്ങളിടങ്ങിയ ജയദേവകവിയുടെ “ഗീതാ ഗോവിന്ദം ” ആസ്വദിക്കാൻ കഴിയാത്തതു യുക്തിവാദഭ്രമം നിറഞ്ഞ മാരാരുടെ വിമർശനരീതിയുടെ മറ്റൊരു പരിമിതിയാണ്.ഫിക് ഷന്റെ ലോകം മാരാർക്ക് അത്രകണ്ട് പരിചയമുള്ള ഒന്നല്ല. ഈ പരിമിതിയിലാണ് താൻ നിൽക്കുന്നതെന്ന് അറിയാതെയാണ് അദ്ദേഹം ” യുദ്ധവും സമാധാനവും ” എന്ന കൃതിയെ ഇകഴ്ത്തിപ്പറഞ്ഞത്. മാരാർക്ക് ചരിത്ര ദർശനം കമ്മിയായിരുന്നു.അതു കൊണ്ടാണ് ചരിത്രത്തെയും മനുഷ്യാവസ്ഥയെയും രസകരമായി ബന്ധിപ്പിച്ചു കൊണ്ട് വായനക്കാരന്റെ പ്രത്യക്ഷജ്ഞാനത്തിൽ അത്ഭുതകരമായ വിസ്താരം ഉണ്ടാക്കുന്ന ആ മഹത്തായ കൃതിയെ ആഴത്തിൽ അറിയാൻ അദ്ദേഹത്തിനു കഴിയാതെ പോയത്.
വർത്തമാനകാലത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്ന കാര്യത്തിൽ മാരാരേക്കാൾ മുമ്പിലായിരുന്നു മുണ്ടശ്ശേരി. പാശ്ചാത്യ സാഹിത്യത്തിൽനിന്നും കിട്ടിയ സൗന്ദര്യശിക്ഷണം ഇക്കാര്യത്തിൽ അദ്ദേഹത്തിന് തുണയാവുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ട് ആശാൻ കവിതയുടെ മുമ്പിലും നമ്മുടെ ഗദ്യസാഹിത്യത്തിന്റെ മുമ്പിലും ഉണർന്നിരിക്കുക എന്നു തന്റെ ചിന്തകൾ കൊണ്ട് സാഹിത്യ ചരിത്രത്തോട് ആജ്ഞാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നമ്മുടെ വിമർശനകലയിൽ വീണ്ടുവിചാരത്തിനും പൊളിച്ചെഴുത്തിനും സഹായിച്ച അർത്ഥവത്തായ ചില വിവാദങ്ങൾ സൃഷ്ടിക്കുവാനും മുണ്ടശ്ശേരിയുടെ വിമർശന പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവചനങ്ങൾ നിറഞ്ഞ ഒരു സിരാപടലം അദ്ദേഹത്തിനുണ്ടായിരുന്നു.അതു കൊണ്ടാണ് “ആദിപ്രരൂപ നിഷ്ഠ” (Archetypal Criticism)മായ വിമർശന പദ്ധതിയുടെ സംസ്കാരം ഇവിടെ എത്തുന്നതിന് മുമ്പുതന്നെ ” നളിനി “ആശാന്റെ കുമാരസംഭവമാണെന്ന് നിരീക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചത്.ആ നീണ്ട ചുവടുവയ്പ്പുകൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ പരിമിതികളും നാം മനസ്സിലാക്കണം.ജി യുടെ കവിതകൾക്കു നേരെ അദ്ദേഹമെടുത്ത നിലപാട് ഇതിനുദാഹരണമാണ്. വേണമെങ്കിൽ ജി യുടെ കവിതകൾക്കു നേരെയുള്ള മുണ്ടശ്ശേരിയുടെ ആക്രമണവും മാരാരുടെ മൗനവും ശക്തമായ അവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഭാഗമാണെന്ന് വിധിയെഴുതി നമുക്ക് മാറ്റി വയ്ക്കാം. എന്നാൽ എൻ.എൻ. കക്കാട്, എൻ.വി, അക്കിത്തം, പി.കുഞ്ഞിരാമൻ നായർ എന്നിങ്ങനെയുള്ള സ്വന്തം കാലഘട്ടത്തിലെ ചില കവികളെ വിലയിരുത്താൻ കഴിയാതെ പോയത് അവരുടെ പരിമിതി തന്നെയാണ്. ആശാന്റെ തലമുറയ്ക്കുശേഷം കവിതയിൽ പ്രത്യക്ഷമായ സെൻസിബിലിറ്റിയുടെ തലങ്ങൾ. സ്പർശിച്ചനുഭവിക്കുന്നതിനും, കവിതയെ ബോധത്തിന്റെ അഗാധമായ പടലങ്ങൾ നിറഞ്ഞ രഹസ്യങ്ങളുടെ പ്രത്യക്ഷ-വികാസരൂപങ്ങളായി കാണുന്നതിനും അവർക്കു കഴിഞ്ഞില്ല. പഴയ വയ്ക്കോൽ നിരന്തരം മെതിച്ചുകൊണ്ടിരിക്കുന്നതിലായിരുന്നു അവർക്ക് താത്പര്യം.
പിന്നീട് വരുന്നവർ കാവ്യവിമർശനത്തെയും ഗദ്യസാഹിത്യ വിമർശനത്തെയും വളരെ ദൂരം മുന്നോട്ടു കൊണ്ടുപോയി. തെളിക്കാത്ത വനപ്രദേശത്തെ നേരിട്ടു. ഭൂതകാല വിമർശകർ ഇറങ്ങാത്ത കടലിൽ അവർ തോണിയിറക്കി. ഫ്റോയ്ഡിന്റെയും യുങ്ങിന്റെയും ചിന്തകളെ അവയുടെ സമഗ്രതയിൽ ഉപയോഗിക്കാൻ ശ്രമിച്ചു.കവിതയുടെ തലങ്ങളിൽ ഉപബോധത്തിന്റെ ക്രോധാവേനങ്ങൾക്ക് പുതിയ വ്യാഖ്യാന ഭേദങ്ങൾ ഉണ്ടായി. യാഥാർത്ഥ്യത്തിന്റെ രക്തസംഭരണത്തിന് നവീനമാതൃകകൾ തേടി. തിന്മയുടെ മധൂഗ്രന്ഥികളെ കലയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾക്ക് ജീവിതം നൽകി. പുതിയ പുതിയ ഭാഷാശാസ്ത്ര ദർശനങ്ങൾ വിമർശന കലയിലെ നൂതന ധാരകളായി രംഗ പ്രവേശം ചെയ്തു.നവീന വിമർശനം ( New Criticism ) അതിന്റേതായ രീതിയിൽ ചില ലാവണ്യദർശനങ്ങൾ അവതരിപ്പിച്ചു.
ഇതൊക്കെ വ്യക്തമായി കാണുമ്പോഴാണ് നാം സാഹിത്യ ചരിത്രത്തെയും കാലത്തിന്റെ ധീരമായ ചുവടുവയ്പുകളെയും മനസ്സിലാക്കുന്ന വായനക്കാരായി മാറുന്നത്. അതുകൊണ്ട് മുണ്ടശ്ശേരിയുടെയും മാരാരുടെയും തലമുറയ്ക്കു ശേഷം കാലം അതിന്റെ അനന്തതയെ ലാക്കാക്കിയുള്ള അവിരാമ പ്രയാണം നിർത്തി നിശ്ചലതയെ പുൽകിയിട്ടില്ലെന്ന സൂര്യപ്രഭ പോലെ ജ്വലനം കൊള്ളുന്ന സത്യം നാം കാണുക തന്നെ വേണം. അവർക്കു ശേഷം മലയാളത്തിന്റെ വിമർശനകലയിൽ അപചയപ്രളയം സംഭവിച്ചിട്ടില്ല. അവർക്കുശേഷം സൗന്ദര്യബോധത്തിന്റെ സർഗ്ഗാത്മകമായ അലട്ടലുകൾ മലയാളമനസ്സിൽ നിന്നു മാഞ്ഞു പോയിട്ടില്ല. മറിച്ചു ചിന്തിക്കുന്നത് സത്യവിരുദ്ധമാണ്.സാഹിത്യ ചരിത്രത്തിന്റെ നേരെയുള്ള കൊഞ്ഞനംകുത്തലാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *