ടെലിവിഷനും സീരിയലുകളും ഇല്ലാതിരുന്ന കാലത്തെ മുത്തശ്ശിമാർക്ക് കൊച്ചുമക്കളെ സ്നേഹിക്കാൻ ഒരുപാട് സമയവും വഴികളുമുണ്ടായിരുന്നു…
പേരറിയാത്ത പലഹാരങ്ങളിലൂടെ മുത്തശ്ശിമാർ കൊച്ചുമക്കളെ സന്തോഷിപ്പിക്കുമായിരുന്നു…
ഞങ്ങളുടെ നാട്ടിൽ
കിഴങ്ങെന്നും
ചിലയിടങ്ങളിൽ
കപ്പയെന്നും
ചിലയിടങ്ങളിൽ
കൊള്ളിയെന്നും
കോഴിക്കോട് ഭാഗത്ത്
ഞങ്ങളുടെ നാട്ടിലെ വലിയ തെറിയുടെ പേരിലും അറിയപ്പെടുന്ന മരച്ചീനി എല്ലാ വീടുകളിലും എല്ലാ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായിരുന്നു…
മരച്ചീനി കൊത്തിയരിഞ്ഞതിന് ശേഷം രണ്ടാമത് കഴുകുന്ന
വെള്ളം ‘പഴയ മുത്തശ്ശിമാർ പാഴാക്കില്ല…
കുംഭം മീന മാസങ്ങളിൽ
മുത്തശ്ശിമാർ ആ മരച്ചീനി വെള്ളം ശേഖരിച്ച്
ഉച്ച സൂര്യന്റെ തീക്ഷണതയേറിയ ചൂടിൽ ദിവസങ്ങളോളം ഉണക്കിയുണക്കി പൊടിയാക്കി മാറ്റും..
ആ പൊടിയെ മഴക്കാലമാകുമ്പോൾ വൈകുന്നേരങ്ങളിൽ ഉറവ വറ്റാത്ത നിറവായ ‘അമ്മൂമ്മ സ്നേഹവും’ ചേർത്തിളക്കി മധുരമുള്ളതും മധുരമില്ലാത്തതുമായ പേരില്ലാത്ത പലതരം പലഹാരങ്ങളാണ് ഉണ്ടാക്കി തന്നിരുന്നത്…
അതെല്ലാം വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി രുചിയോടെ വാരിവിഴുങ്ങിയിട്ട് അമ്മൂമ്മയെ നോക്കി
“ഇതിനൊരു രുചിയുമില്ല,ഇതെന്തോന്ന് പലഹാര”മെന്ന് കുറ്റം പറയുമ്പോൾ “എണീറ്റു പോടാ ചെറുക്കാ”യെന്ന് ദേഷ്യത്തോടെയുള്ള അമ്മൂമ്മയുടെ മറുപടി കൂടിയായാലേ
‘മഴ പലഹാര’ത്തിന് രുചിയും സ്നേഹവും കൂടൂ…
അതൊരു കാലം….
നിഷ്കളങ്കമായ
‘അമ്മൂമ്മ സ്നേഹം’ വാരി വിതറിയിരുന്ന ഒരു കാലം…
നല്ലൊരു താരാട്ട് പാട്ടു പോലും പാടാനറിയാത്ത,
ടെലിവിഷൻ സീരിയലുകൾക്ക് അടിമയായ
ആധുനിക അമ്മൂമ്മമാരെ കാണുമ്പോൾ ഇതൊക്കെ ഓർത്ത് നെടുവീർപ്പിടാനേ കഴിയൂ
About The Author
No related posts.