പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 2

Facebook
Twitter
WhatsApp
Email

അമ്മുക്കുട്ടിയമ്മയുടെ ഏകസഹോദരനാണ് പങ്കജാക്ഷപ്പണിക്കർ. സഹോദരീ ഭവനത്തിൽ ഇടയ്‌ക്കൊന്ന് വന്നുപോകുന്നത് തന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ് പണിക്കരുടെ വാദം. തറവാട്ടു  സ്വത്ത് എല്ലാം നശിപ്പിച്ചു. ഇന്ന് ഒന്നും ഇല്ലാത്തവൻ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് മൂപ്പിലാൻ. അല്ലറചില്ലറ ആവശ്യങ്ങൾക്ക് സഹായം ലഭിക്കുന്നത് ഇപ്പോൾ അമ്മുക്കുട്ടിയമ്മയിൽനിന്നാണ്. ജേഷ്ഠന്റെ പിടിപ്പുകേട് കൊണ്ട് സംഭവിച്ച മൂല്യച്യുതിയെ പറ്റി ഇനി വിലപിച്ചിട്ട് എന്ത് കാര്യം എന്ന് അവർ കരുതുന്നു. വലിയ നിലയിൽ കഴിഞ്ഞ അമ്മയ്ക്ക് വയസ്സ് കാലത്ത് വന്ന അധോഗതി ആണ് അവരെ ദുഃഖിപ്പിക്കുന്നത്. അമ്മയെ ഇവിടെ കൊണ്ടുവന്നു നിർത്താനാണ് വേലുണ്ണി വൈദ്യർ പറയുന്നത്. എന്നാൽ അമ്മയ്ക്ക് അതിൽ അഭിമാനക്കുറവുണ്ടെന്ന് അമ്മുക്കുട്ടിയമ്മയ്ക്ക് അറിയാം. പങ്കജാക്ഷൻ പലതും സ്വന്തമാക്കി സഹോദരീഗൃഹത്തിൽ നിന്നും കടത്താറുണ്ടെങ്കിലും അമ്മയ്ക്ക് അതിന്റെ വലിയ പങ്കൊന്നും ലഭിക്കാറില്ല. പോകുന്നവഴി കള്ളുഷാപ്പിൽ ഒന്ന് മിനുങ്ങി, പഴയ പറ്റു പടിയും തീർത്തു പങ്കജാക്ഷൻ പണിക്കർ വീട്ടിലെത്തുമ്പോൾ കാര്യമായൊന്നും മിച്ചം കാണില്ല. തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി സുമതിയമ്മയുടെ കയ്യിൽ അമ്മുക്കുട്ടിയമ്മ ഒരു കരുതൽ ധനം ഏൽപ്പിക്കുന്നതിനാൽ സുമതിയാണ് അമ്മയ്ക്ക് വേണ്ടതൊക്കെ നല്കി സംരക്ഷിക്കുന്നത്. ഇടയ്ക്കു സുമതി ചെറിയമ്മയെ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കുന്നത് നാരായണി മോളാണ്. അവൾ സ്‌കൂളിൽ പോകുന്നത്

ആ വഴി ആയതിനാൽ, രാവിലെ അമ്മ കൊടുത്തയക്കുന്ന ഇഡലിയൊ ദോശയൊ ഒക്കെ അവൾ അമ്മൂമ്മയെ ഏൽപ്പിക്കും. കൊച്ചുമോൾ വരുന്നത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മൂമ്മയ്ക്കതു വലിയ സന്തോഷം ഉണ്ടാക്കും. അമ്മ കൊടുത്തയക്കുന്ന ചില്ലറയും നാരായണി അവിടെ നല്കും.അമ്മൂമ്മയുടെ തളർന്നു തൂങ്ങിയ കൈത്തണ്ടയും വയറിന്റെ തൂങ്ങിയ മടക്കുമൊക്കെ ഞെക്കി  രസിക്കാൻ നാരായണി മറക്കാറില്ല. പേരക്കുട്ടിയുടെ പൂങ്കവിളിൽ അമ്മൂമ്മ ഒരായിരം ചുംബനങ്ങൾ നല്കും. വൈദ്യ ഗൃഹത്തിൽ ഒന്നിനും കുറവില്ല എന്ന് അറിയാം എങ്കിലും തൊടിയിലെ പഴുത്തു തൂങ്ങിയ പൂവൻ കുലയിൽ നിന്നടർത്തിയ പഴമോ, കൊട്ടത്തേങ്ങയോ പേരക്കുട്ടിയെ ഊട്ടിയിട്ടേ അമ്മൂമ്മ വിടാറുള്ളൂ. നന്ദിനി വല്ലപ്പോഴും അമ്മൂമ്മയെ കാണാൻ ചെല്ലും. നന്ദിനി മോളുടെ തന്റെടംമൊക്കെ അമ്മൂമ്മയ്ക്ക് ഇഷ്ടമാണ്. പെൺകുട്ടികൾ കുറച്ചു തന്റേടികളാകണമെന്ന്  അമ്മൂമ്മ കരുതുന്നു. വെറ്റിലച്ചെല്ലത്തിൽനിന്നും കളിയടയ്ക്ക എടുത്തു വായിലിട്ടു ചവച്ചുകൊണ്ട് നന്ദിനിയെ ആകെ നോക്കി അവർ വിലയിരുത്തും. പെണ്മക്കൾ മാത്രമുള്ള മകൾക്ക് ഒരു ആൺകുട്ടിയുടെ യോഗം ഉണ്ടായിരുന്നതാണ് നന്ദിനിയായി പിറന്നത് എന്നാണ് അമ്മൂമ്മയുടെ വാദഗതി.

നന്ദിനി അമ്മൂമ്മയുടെ കണ്ടെത്തൽ കേട്ട് പൊട്ടിപ്പൊട്ടി ചിരിക്കും. പുതിയ യുഗത്തിൽ ജനിച്ചിരുന്നെങ്കിൽ അമ്മൂമ്മ നല്ലൊരു ഗവേഷകയാകുമായിരുന്നു എന്ന് നന്ദിനി സങ്കല്പ്പിക്കും. ഒരുപക്ഷേ, അമ്മൂമ്മയുടെ ഇത്തരം ചിന്തകൾ ആയിരിക്കാം തന്നെ ധൈര്യമുള്ളവളായി ജനിപ്പിച്ചത്. അമ്മാമന്റെ വഴിതെറ്റിയ പോക്കും അവൾ വിമർശിക്കും. അമ്മ മാമന്റെ മൂത്തമകൻ ദിനേശൻ, അവൾ പഠിക്കുന്ന സ്‌കൂളിൽ തന്നെയാണ്. ദിനേശേട്ടന് അമ്മാമാമന്റെ ദൂഷ്യങ്ങൾ ഒന്നുംതന്നെയില്ല. ആ വർഷം പത്താം ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു പഠിക്കുന്നത് ദിനേശേട്ടൻ തന്നെയാണ്. അമ്മായിയുടെ തറവാട്ടിലാണ് ദിനേശേട്ടൻ താമസിക്കുന്നത്.അത് വലിയൊരു ജന്മഗൃഹമാണ്. ആ നിലവാരം ഒക്കെ ദിനേശേട്ടന്റെ രൂപത്തിലും ഉണ്ട്.നല്ല വിലകൂടിയ വസ്ത്രങ്ങളും, കഴുത്തിൽ മാലയും വാച്ചും മോതിരവും അണിഞ്ഞ ഒരു പ്രഭുകുമാരനെപ്പോലെയാണ് സുമുഖനായ ദിനേശേട്ടന്റെ വരവ് തന്നെ.സൈക്കിൾ ചവിട്ടി വരും വഴി, തന്നെ കണ്ടാൽ സൈക്കിൾ നിർത്തി നന്ദിനിയുടെ കൂടെ നടന്നാണ് ദിനേശേട്ടൻ വിശേഷങ്ങൾ ചോദിച്ചറിയുക. നന്നായി പഠിക്കുന്ന നന്ദിനിയെ ദിനേശന് ഇഷ്ടമാണ്.അടുത്ത വർഷം കോളേജിൽ പഠിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അയാൾ. അമ്മാമന്റെ  വഴിപിഴച്ച പോക്കിൽ വിഷമമുണ്ടെങ്കിലും, തനിക്കെന്തു ചെയ്യാൻ കഴിയുമെന്ന അഭിപ്രായമേ അയാൾക്കുള്ളൂ. നന്ദിനിക്ക് ഈ അലംഭാവം തീരെ പിടിക്കില്ല.മകൻ എന്ന നിലയിൽ അച്ഛനെ നിലയ്ക്കു നിർത്തണം എന്നൊക്കെ അവൾ അയാളെ പിരികേറ്റാൻ നോക്കും. പക്ഷേ ദിനേശൻ വെറുതെ ചിരിച്ചുതള്ളും ഇതൊക്കെ.

സ്‌കൂളിൽ പെൺകുട്ടികളുടെ ഒക്കെ ആരാധനാപാത്രമായ ദിനേശൻ നന്ദിനിയുടെ മുറച്ചെറുക്കൻ ആണെന്നാണ് കൂട്ടുകാരികളുടെ അഭിപ്രായം. നന്ദിനി അത്തരത്തിൽ ചിന്തിക്കാൻ ഇഷ്ടപ്പെടുന്നില്ല.പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ അംഗമായതിനാൽ ദിനേശനെ  ഒരു മൂത്ത സഹോദരന്റെ സ്ഥാനത്താണ് അവൾ  കാണുന്നത്. കൂട്ടുകാരനോട് അവൾ തന്റെ അഭിപ്രായം തുറന്നു പറയാറുണ്ട്. ദിനേശേട്ടന്റെ സ്വഭാവം  നല്ലതാണെങ്കിലും അമ്മാവൻ അവൾക്ക് ഒട്ടും ആദരണീയനായി തോന്നിയിട്ടില്ല. അമ്മായിയുടെ ഭവനവും അവിടുത്തെ മറ്റ് അംഗങ്ങളുടെ രീതിയും ഒരുതരത്തിലും നന്ദിനി ഇഷ്ടപ്പെടുന്നതല്ല  ഇപ്പോൾ അവൾക്ക് പഠനം മാത്രമാണ് പ്രധാനം. തന്റെ സഹപാഠികളായ പെൺകുട്ടികളെല്ലാം തന്നെ സ്‌കൂൾ വിദ്യാഭ്യാസത്തിന് അപ്പുറം

പോകുന്നവരല്ല. നന്ദിനിക്കാണെങ്കിൽ ഏറ്റവും വലിയ ആഗ്രഹം കോളേജ് പഠനമാണ്. വീട്ടിൽ ഒരു പക്ഷെ എതിർപ്പ് ഉണ്ടാകുമായിരിക്കാം. ആവുന്നത്ര സ്വന്തം അഭിപ്രായത്തിനനുസരിച്ച് നീങ്ങാൻ അവൾ ഉറപ്പിച്ചിരിക്കുകയാണ്. വളരെ ബോൾഡായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവൾ അധ്യാപകരുടെ ഒക്കെ കണ്ണിലുണ്ണിയുമാണ്.സ്‌കൂളിന്റെ ഒരു അഭിമാന ചിഹ്നമായിരിക്കും അവളെന്ന് അവരൊക്കെ പ്രതീക്ഷിക്കുന്നു. അന്നൊരു ഞായറാഴ്ചയായിരുന്നു. തൊട്ടടുത്തുള്ള തിയ്യേറ്ററിൽ പുതിയ പടം വന്നതിന്റെ അറിയിപ്പുമായി, ചെണ്ടകൊട്ടും  വാദ്യമേള വും  എല്ലാ ഊടുവഴികളിലൂടെയും കയറിയിറങ്ങുന്നു. വൈദിക ഗൃഹത്തിലെ ഒറ്റ കാളവണ്ടിയിൽ അച്ഛന്റെ കൂടെ നന്ദിനിയുമുണ്ട്.വലിയങ്ങാടിയിൽ നിന്ന് ചില വിശേഷപ്പെട്ട മരുന്നുകൾ നോക്കി വാങ്ങാനാണ് വൈദ്യർ കാളവണ്ടി ഇറക്കിയത്.രണ്ടുമൂന്ന് പുതിയ പാവാടത്തുണി വാങ്ങാനുണ്ടെന്ന് അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു.  അത് നോക്കി വാങ്ങാനാണ് നന്ദിനി കൂടെ കയറിയത്. അച്ഛൻ വാങ്ങിക്കൊണ്ട് വരില്ലേയെന്നു അമ്മ ചോദിച്ചു. അച്ഛന്റെ വാങ്ങൽ അങ്ങനെയാണല്ലോ, തുണി പീടികയിൽ കയറി ചെല്ലുമ്പോഴേ കടയുടമ ഭാവ്യതയോടെ  എണീറ്റു നിൽക്കും. വൈദ്യരുടെ ആവശ്യം അറിയും. അച്ഛൻ കയറി കാളവണ്ടിയിൽ ഇരിക്കും. ഏറ്റവും വില കൂടിയതായി  പീടികയിലുള്ള ഒരുകെട്ട് തുണി പണിക്കാർ കാളവണ്ടിയിൽ എത്തിക്കും.വീട്ടിലെത്തിയാൽ വലിയ കെട്ട്  തളത്തിൽ എത്തും. പുറത്തെടുത്തിടുന്ന പളപളപ്പുള്ള  പട്ടുതുണികളുടെ കണ്ണിഞ്ചിക്കുന്ന തിളക്കത്തിൽ അമ്മയും സഹോദരിമാരും പരിചാരകരുമൊക്കെ ആഹ്ലാദാരവമുതിർക്കുമ്പോൾ, നന്ദിനി ശരിക്കും ദേഷ്യം വരും. തന്റെ ഈ ഭാവം മാറ്റത്തിന്റെ കാരണം ഒന്നും അവിടെ ആർക്കും മനസ്സിലാവില്ല. ഈ പളപളപ്പുള്ള പട്ടു തുണികൾ തനിക്കിഷ്ടമല്ലെന്ന് പറഞ്ഞാൽ അതും അവിടെ ആർക്കും മനസ്സിലാവില്ല. അത്ഭുതത്തോടെ അമ്മ അവളുടെ മുഖത്തുനോക്കി ചോദിക്കും ‘ഇനി എന്താ നിന്റെ മനസ്സില്?’

വളരെ പാടുപെട്ടാണ് ഇന്ന് തുണിക്കടയിൽ അച്ഛന്റെ ഒപ്പം പോകാൻ നന്ദിനിക്ക് അനുവാദം കിട്ടിയത്. സാമാന്യം വലിയ കടയിൽ  അവളെ കയറ്റിവിട്ടിട്ടു അച്ഛൻ മരുന്നുകടകളിലെ വിശേഷപ്പെട്ട മരുന്നുകൾ തേടിപ്പോയി. പതിവുപോലെ വിലപിടിപ്പുള്ള തുണികൾ അടുക്കി വച്ച സ്ഥലത്തേക്ക് കടയുടമ അവളെ വിസ്മയ ഭരിതനായി കൂട്ടിക്കൊണ്ടുപോയി. സാധാരണ വല്ല കൂലിപ്പണിക്ക് പോകുന്ന പെണ്ണുങ്ങളൊക്കെ അവിടെ കടയിൽ വരാറുള്ളൂ. അതും കല്യാണമൊക്കെ ആകുമ്പോൾ കൂടെ ഒരു പറ്റം  ബന്ധുക്കളും  വരന്റെ ആളുകളും കാണും. ഇതങ്ങനെ അല്ല. അഴകൊഴുകുന്ന ഒരു ആഡ്യസ്ത്രീരത്‌നം ഒറ്റയ്ക്ക് പീടികയ്കത്തു എത്തിയിരിക്കുകയല്ലേ?

 

‘ വല്യ തിളക്കമില്ലാത്ത ശീട്ടിതുണിയില്ലേ?’നന്ദിനി ചോദിച്ചു.ഒരല്പം അങ്കലാപ്പോടെ കടയുടമ അവളെ മറ്റൊരു നിരയിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഇളം നിറങ്ങളിൽ അങ്ങിങ്ങ് പൂക്കൾ വരച്ച അഞ്ചാറു പാവാട തുണികളും അവയുടെ നിറത്തിന് ചേരുന്ന ബ്ലൗസ് തുണികളും നന്ദിനി തിരഞ്ഞെടുത്തു. ഒരുപാട് വിലക്കൂ ടുതലൊന്നും ഇല്ലാത്ത ഈ തുണികലെടുത്തതിൽ കടയുടമയ്ക്ക് വലിയ സന്തോഷം ഉണ്ടായില്ലെങ്കിലും അയാളുടെ നിർദേശപ്രകാരം കാളവണ്ടി വന്നപ്പോൾ വിൽപ്പനക്കാരൻ ആ കെട്ട് വണ്ടിയിൽ എത്തിച്ചു. അയാളുടെ മുഖത്ത് വലിയ ഒരു വ്യാപാര അവസരം പാളിപ്പോയതിന്റെ ദുഃഖം ഉണ്ടായിരുന്നെങ്കിലും ബില്ലനുസരിച്ച് വൈദ്യർ കൊടുത്ത പണം വാങ്ങി അയാൾ കടയിലേക്ക് കയറി പോയി.

‘എല്ലാം ഇഷ്ടപ്പെട്ട് എടുത്തതല്ലേ?’വൈദ്യർ ചോദിച്ചു.

‘ആ…. ഞാൻ ഉദ്ദേശിച്ച തരങ്ങൾ അവിടെ ഇല്ല ‘നന്ദിനി പറഞ്ഞു.

‘ഇനി  വല്ലയിടത്തും കൂടെ നോക്കണോ?’ വൈദ്യർ ചോദിച്ചു.

‘വേണ്ട… ഇപ്പോൾ ഇതു മതി ‘. നന്ദിനി പറഞ്ഞു.

വഴിയിൽ വലിയ ഒരു ചായക്കടയിൽ കയറി ഭക്ഷണം കഴിച്ച് അവർ വീട്ടിലെത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. സാധാരണ പോലെ തുണി വിടർത്തി കാണാൻ ഓടിയെത്തിയവരുടെ മുഖം ഒട്ടും വിടർന്നില്ല.

‘ഇതൊക്കെ ആണോ നിനക്ക് ഇഷ്ടപ്പെട്ടത്?’അമ്മുക്കുട്ടിയമ്മ ചോദിച്ചു.

‘അതെ അമ്മേ… ഇതാണ്  നല്ല തുണികൾ ‘

കാണാൻ വന്നവരൊക്കെ മുഖം വാടി പിരിഞ്ഞുപോയി. തയ്യൽക്കാരൻ തുണി തയ്ച്ചുകൊണ്ടു വന്നപ്പോൾ നന്ദിനി തന്റെ മറ്റു വസ്ത്രങ്ങളൊക്കെ ഒരു കെട്ടാക്കി മാറ്റി വെച്ചു. പുതിയ പാവാടയും ബ്ലൗസുമൊക്കെ അലമാരയിൽ നിരത്തിവച്ചു. അതിൽനിന്ന് ഒരു സെറ്റെടുത്ത് അണിഞ്ഞു ഒഴിഞ്ഞ

കഴുത്തും,മൊട്ടുകമ്മലണിഞ്ഞ കാതുമായി സ്‌കൂളിലേക്കിറങ്ങുമ്പോൾ അമ്മയും പണിക്കാരികളും മൂക്കത്തു വിരൽ വച്ചു നിന്നു.

തിളങ്ങുന്ന പട്ടുപാവാടയും ആഭരണങ്ങളും ഇഷ്ടപ്പെടാത്ത ഈ കുട്ടിയുടെ സ്വഭാവം എല്ലാവർക്കും ഒരത്ഭുതമായിരുന്നു. അന്നാദ്യമായി നന്ദിനി സന്തോഷത്തോടെ സ്‌കൂളിൽ പോയി. സഹപാഠികളും അവളുടെ വേഷം മാറ്റം ശ്രദ്ധിച്ചിരുന്നു.പുതിയതായി സയൻസ് ക്ലാസിൽ ചാർജെടുത്ത സതിദേവി ടീച്ചർ അവളെ അടിമുടി നോക്കി, ഒരു മന്ദഹാസത്തോടെ കടന്നുപോയി. സത്യത്തിൽ സതി ടീച്ചറാണ് നന്ദിനിയുടെ കണ്ണു തുറപ്പിച്ചത് വലിയൊരു കോവിലകത്തെ അതിസുന്ദരിയായ പെൺകുട്ടിയാണ് സതിടീച്ചർ.പുതിയതായി ചാർജെടുത്ത രാമവർമ്മരാജ എന്ന് ഹെഡ്മാസ്റ്ററുടെ ബന്ധുവാണ് ടീച്ചർ. വെള്ളയിൽ ഭംഗിയുള്ള ബോർഡറുള്ള വോയിൽത്തുണിയിലുള്ള സാരിയും ബോർഡറിനു മാച്ചുള്ള നിറത്തിലുള്ള ബ്ലൗസും, ചുരുണ്ടു നീണ്ടു മുട്ടോളം എത്തുന്ന മുടിത്തുമ്പു മടക്കിക്കെട്ടി ഭൂമി അനങ്ങാത്ത പോലെയുള്ള നടത്തവും ആ സൗന്ദര്യ ധാമത്തെ  ഒരു ദേവത പോലെ തോന്നിച്ചു. എന്തൊരു വശ്യതയണാസ്വരത്തിന് . നെറ്റിയിലെ ചന്ദനക്കുറി, ആ ചന്ദന വർണ്ണത്തിലലിഞ്ഞുപോയിരുന്നു. നേർത്ത ചുണ്ടിൻറെ ശോണിമയിൽ നനവൂറി നിൽക്കുന്ന പോലെ.യഥാർത്ഥ സൗന്ദര്യത്തിന് എന്തിന് വച്ചുകെട്ട്?സത്യത്തിൽ ടീച്ചർ ഒരു റോൾ മോഡലായിരുന്നു എല്ലാവർക്കും.

ഒരുങ്ങി ഇറങ്ങി വന്ന നാരായണി ഒരല്പനേരം ചേച്ചിയെ നോക്കി നിന്നു. ഭർത്താവ് മരിച്ചു വിധവയായ  ചില പെണ്ണുങ്ങൾ ഇങ്ങനെ നടക്കുന്നത് കണ്ടിട്ടുണ്ട്. ഈ നന്ദിനി ചേച്ചി എന്താണാവോ ഇങ്ങനെ? ചോറ്റുപാത്രവും മാറിൽ അടുക്കിയ പുസ്തകക്കെട്ടുമായി ചേച്ചി കടന്നുപോയപ്പോൾ ചന്ദനത്തിന്റെ സൗരഭ്യം അവിടെ തങ്ങി നിന്നു. ചന്നം പിന്നം പെയ്യുന്ന ചാറ്റമഴയിൽ അവളുടെ മഞ്ഞൾക്കുറി കലങ്ങിയിറങ്ങി. പുറം കൈ കൊണ്ട് നെറ്റിത്തടം തൂത്ത് നന്ദിനി നടന്നുപോകുന്നത്  നോക്കി ദിനേശൻ സൈക്കിൾ നിർത്തി.കോളേജിന് അവധി ആയിരുന്നതിനാൽ നാട്ടിൽ ഒന്നുകറങ്ങാൻ ഹോസ്റ്റലിൽ നിന്നും പോന്നതായിരുന്നു അയാൾ.കലാലയത്തിന്റെ വിശേഷങ്ങൾ ഒരുപാട് കൈമാറാനുണ്ടെന്ന് ആ മുഖം വിളിച്ചുപറഞ്ഞു.

‘ആ…. ദിനേശേട്ടന് സുഖമല്ലേ?’നന്ദിനി കുശലം ചോദിച്ചു.

‘പിന്നെ… സുഖം തന്നെ… കോളേജ് വിശേഷങ്ങൾ നിന്നോട് പറയാൻ ഒരീസം ഞാൻ അവിടെ വരുന്നുണ്ട് ‘

‘ഞാൻ പോട്ടെ… ബെല്ലടിക്കും ‘നന്ദിനി പോകാൻ ഒരുങ്ങി.

‘നിൽക്ക്… മഴ ചാറുന്നല്ലോ… സൈക്കിളിൽ കയറിക്കോ.. ഞാൻ സ്‌കൂളിൽ ഇറക്കാം.’നന്ദിനി ചൂളിപ്പോയി.

‘വേണ്ട… വേണ്ട…’അവൾ നടന്നു തുടങ്ങി. ദിനേശൻ മുന്നിൽ കയറി തടഞ്ഞു.

‘ അങ്ങനെയങ്ങു പോകാതെ…  വണ്ടിയിൽ പോകാമായിരുന്നില്ലേ?… മഴ നനഞ്ഞാൽ പനി വരും…കുടയും ഇല്ലല്ലോ?’

‘സാരല്യ….ഞാൻ പോകാ’..

നന്ദിനി നടപ്പിനു വേഗം കൂട്ടി. സൈക്കിളും തള്ളി ദിനേശൻ കൂടെ നടന്നു. ചാറ്റൽമഴ നനഞ്ഞ് രണ്ടുപേരും ചേർന്ന് നടന്നപ്പോൾ എതിരെവന്ന പേങ്ങന്അത്ഭുതം.

‘ തമ്പുരാൻ കുട്ട്യോള് എന്തോന്നാ ഈ കാണിക്കുന്നേ?’ പേങ്ങൻ ഓടി അടുത്തു വന്നു.

‘മഴ നനയാതെ… പനി പിടിക്കും.’

‘പേങ്ങനോ…’ നന്ദിനി ചോദിച്ചു.

‘ഞാളുക്ക് പനി പിടിക്കൂല…അതൊക്കെ പഴക്കല്ലേ ‘

‘ ഞങ്ങളും ഇതൊക്കെ ഒന്ന് പഴകട്ടെ ‘ നന്ദിനി പറഞ്ഞു.

ദിനേശൻ ഒന്നും പറഞ്ഞില്ല. അയാൾ നന്ദിനിയോട് ചേർന്നുനിന്നു. മഴനനഞ്ഞ മുഖം കർച്ചീഫെടുത്തു തുടച്ചു.ഒരത്ഭുതം പോലെ ചാറ്റൽമഴ ശമിച്ചിരുന്നു. നന്ദിനി ജാള്യതയോടെ പറഞ്ഞു.

‘ ദിനേശേട്ടൻ പൊയ്‌ക്കോ, വഴിയിൽ ഇങ്ങനെ…’

‘ ശരിയാ… ഞാൻ പോട്ടെ…മഴ പോയി ‘

സൈക്കിളിൽ കയറി തിരിഞ്ഞുനോക്കി ഓടിച്ചു പോകുന്ന ദിനേശേട്ടനെ ഒരിക്കൽക്കൂടി നോക്കി നന്ദിനി സ്‌കൂൾ ലക്ഷ്യമാക്കി വേഗം നടന്നു. പെരുവഴി, മൺറോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇനിയങ്ങോട്ട് ടീച്ചർമാരും കുട്ടികളുമൊക്കെ കൂട്ടംകൂട്ടമായി പോകുന്നുണ്ടാകും.

‘ ദിനേശ് ചേട്ടൻ പോയത് നന്നായി’ നന്ദിനി മനസ്സിൽ പറഞ്ഞു. കൂട്ടുകാർക്ക് കഥ മെനയാൻ ഒരു വിഷമവുമില്ല. ഒരു സഹോദരന്റെ സ്ഥാനത്ത് താൻ കാണുന്ന ദിനേശേട്ടനെ അവർ നിഷ്പ്രയാസം കാമുകനാക്കും. പ്രേംനസീറും ഷീലയും നിറഞ്ഞോടുന്ന കൊട്ടകയുടെ ഓലമറയിലെ പോസ്റ്ററിലേക്ക് നോക്കി അവൾ ഒന്ന് ചിരിച്ചു.

‘നിക്കടി അവിടെ’ അമ്മിണിക്കുട്ടിയാണ്.

‘ എന്താടി ദിനേശിന്റുടെ  നീ സൈക്കിളിൽ കയറുന്നത് കാണാൻ ഞാൻ പിന്നാലെ പമ്മി പമ്മി വരുകയായിരുന്നു.’

‘ഉം… എനിക്കറിയാം.. നിനക്കൊരു കഥയെഴുതാലോ….’കഥാകാരിയായ അമ്മിണിക്കുട്ടിയെ നന്ദിനി മെല്ലെ പിടിച്ചു തള്ളി.

‘ മഴയ്ക്ക് മുമ്പ് സ്‌കൂളിലെത്താം..വേഗം നടക്കു’

കാലുകൾക്ക് വേഗം കൂട്ടി ഇരുവരും നടന്നു. പെട്ടെന്ന് വീശിയ തണുത്ത മന്ദമാരുതനിൽ അവരുടെ മുഖത്തും തലയിലും ഉള്ള നീർത്തുള്ളികൾ ഉണങ്ങി പോയി. കറുത്ത കൈവിരൽത്തുമ്പുകൊണ്ട് നന്ദിനിയുടെ ശീട്ടി പാവാടത്തുണിയിൽ മൃദുവായി തലോടി അമ്മിണിക്കുട്ടി പറഞ്ഞു.

‘ നീ ഇപ്പഴാ… ഞങ്ങളിൽ ഒരുവളായത് ‘

‘ എനിക്കെന്നും ഇതാ ഇഷ്ടം… ഇപ്രാവശ്യം  ഞാൻ നേരിട്ട് പോയ ഇതൊക്കെ വാങ്ങിയത് ‘

‘ അമ്മ സമ്മതിച്ചോ… ഇതിനൊക്കെ?

‘ഉം… ഇനി ഞാൻ ഇങ്ങനെ നടക്കു.’

‘നമ്മുടെ സതി ടീച്ചറെ പോലെ…  അല്ലേ’

സ്‌കൂൾ വരാന്തയിൽ കുട്ടികൾ കൂട്ടം കൂടി നിന്നിരുന്നു. മഴ ഇല്ലാത്ത ദിവസം നേരത്തെ എത്തുന്നവർ പന്ത് തട്ടി കളിക്കുന്നത് കാണാം. മുറ്റത്തെ വലിയ വൃക്ഷത്തിന് ചുവട്ടിൽ വെള്ളം വീണിട്ടില്ല. കുറച്ചുപേർ അവിടെ വട്ടംകൂടി നിൽക്കുന്നു. നന്ദിനിയും അമ്മിണിക്കുട്ടിയും സാവകാശം അവരെ കടന്നു പോയപ്പോൾ ആരോ ഒരാൾ ഉറക്കെ പാടി

‘ഓമലേ… ആരോമലേ… ഒന്ന് ചിരിക്കൂ..’

അമ്മിണിക്കുട്ടി നന്ദിനിയെ കൂട്ടിപിടിച്ചു.

‘ഈ ആണ്പിള്ളേര് ‘

കൂട്ടത്തിലൊരുത്തൻ ഈണം കൂട്ടി പാടി.

‘തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി… നിന്റെ തിങ്കളാഴ്ച നോയബിന്നു മുടക്കും ഞാൻ…’

നന്ദിനി പൊടുന്നനെ തിരിഞ്ഞു നോക്കി.

‘ ഛീ…നിർത്തെടാ…  അവന്റെ ഒരു ശൃംഗാരം’.  പെട്ടെന്ന് എല്ലാവരും നിശബ്ദരായി.

‘ കൂടെ പഠിക്കുന്നവരെ സഹോദരി സഹോദരന്മാരായി കാണണം. സംസ്‌കാരമില്ലാത്ത പാട്ടൊക്കെ പാടുന്നോ?’

‘ നീ… വാടി…’ അമ്മിണിക്കുട്ടി നന്ദിനിയെ പിടിച്ചുവലിച്ചു.

‘നിക്കെടി… അവർക്ക് കാര്യം മനസ്സിലാവാഞ്ഞിട്ടാ’

‘മതി… മതി… നീ വാ..’

അമ്മിണിക്കുട്ടി നന്ദിനിയെ വലിച്ചുകൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂൾ വരാന്തയിൽ നിന്നും പലരും മുറ്റത്തേക്കിറങ്ങിയിരുന്നു. ലേഡീസ് റൂമിന്റെ മുന്നിൽ നിന്നും പാവാട തുമ്പു യർത്തി തുവർത്തുന്നുണ്ടായിരുന്നു പലരും.

എന്തോ പ്രശ്‌നം ഉണ്ടെന്ന് കരുതി കാർത്യായാനി ടീച്ചർ പുറത്തേക്ക് എത്തിനോക്കി. ഒന്നും സംഭവിക്കാത്തവരെപ്പോലെ നന്ദിനിയും അമ്മിണിക്കുട്ടിയും ക്ലാസ് മുറിയിലേക്ക് കയറിപ്പോയി. ശക്തിയായി വീശിയ മഴക്കാറ്റ് മരത്തുമ്പുകൾ ആട്ടിയുലയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ബെൽ മുഴങ്ങി. കുട്ടികൾ കൂട്ടംകൂട്ടമായി ക്ലാസ് മുറികളിൽ നിരന്നിരുന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *