അധ്യായം – 4
മൗനപർവ്വം
ആദിവാസി കാലങ്ങളിൽ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങൾ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ഇവർ വിവിധ പേരുകളിൽ അറിയപ്പെട്ടു. ഇന്ത്യയുടെ സംസ്കാരം തുടങ്ങിയത് ആദിവാസികളിൽ നിന്നാണ്. ആ വർഗ്ഗത്തിൽപെട്ട ഒരു കൂട്ടർ പറയംകുളത്തുണ്ടായിരുന്നു. ഇവരുടെ പ്രധാന തൊഴിൽ കൃഷിയും തേൻശേഖരണവും, വേട്ടയാടലുമായിരുന്നു. അടുത്ത ദേശക്കാർക്ക് അവർ ഒരു പേടിസ്വപ്നമായിരുന്നു. മാവേലിക്കരയിൽ കഴുകൻ പാർക്കുന്ന പ്രദേശമാണ് പറയൻകുളം. കഴുകൻ വസിക്കുന്ന ഏകപ്രദേശം. അതുവഴി പോകുന്നവർ ചുങ്കം കൊടുക്കണമെന്ന് നിർബന്ധമായിരുന്നു. കൊടുക്കാത്തവരെ ഗോത്രത്തലവന്റെ മുന്നിൽ വിചാരണയ്ക്ക് വിധേയരാക്കുക പതിവാണ്. നിഷേധികൾക്ക് കൊടുക്കുന്ന ശിക്ഷ മണിക്കൂറുകളോളം തലയും നടുവും കുനിച്ചു നിർത്തുകയായിരുന്നു. അവസാന നാളുകളിൽ അവിടേയ്ക്ക് കടന്നുവന്ന ഒരാളായിരുന്നു കടമറ്റത്ത് കത്തനാർ. വഴിയിരികിലെ പടുകൂറ്റൻ മരച്ചുവട്ടിൽ നാടൻ കളികളുമായി കഴിഞ്ഞവർ കത്തനാരുടെ കാഷായ വസ്ത്രം കണ്ട് ആശ്ചര്യപ്പെട്ടു. വിദേശിയെന്നവർ തെറ്റിദ്ധരിച്ചു. നല്ലതുപോലെ പണം ലഭിക്കുമെന്ന് കണ്ട് നിയമം പാലിക്കാനാവശ്യപ്പെട്ടു.
കത്തനാർ അറിയിച്ചു. “നിങ്ങൾക്ക് എല്ലാവർക്കും തരാൻ എന്റെ കൈവശം പണമുണ്ട്. എല്ലാവരും കണ്ണടച്ച് ഇരിക്കൂ.”
പത്തോളം പേർ അത്യാർത്തിയോടെ വിലപ്പെട്ട നാണയങ്ങൾക്കായി കണ്ണുകളടച്ചിരുന്നു. കത്തനാരോട് എന്തെന്നില്ലാത്ത സ്നേഹാദരങ്ങൾ തോന്നി. അദ്ദേഹം വീണ്ടും പറഞ്ഞു. “ഞാൻ കടമറ്റത്ത് കത്തനാർ. നിങ്ങൾ ഏകാഗ്രമായി പ്രാർത്ഥനയിൽ മുഴുകിയിരിക്കണം. കണ്ണുതുറക്കുന്നവർക്ക് പണം ലഭിക്കില്ല.”
എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കത്തനാർ തോളിൽ തൂക്കിയിട്ടിരുന്ന സഞ്ചിയിൽ നിന്ന് ഒരൽപം ചാരമെടുത്ത് മനസ്സിലെന്തോ മന്ത്രിച്ചു. എല്ലാവരുടെയും ദേഹത്ത് അൽപമായി വിതറിയിട്ട് യാത്ര തുടർന്നു. കണ്ണുതുറക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. സന്തോഷം നിറഞ്ഞവരുടെ മനസ്സിൽ അസ്വസ്ഥത വളർന്നു. മാത്രവുമല്ല ചാരം വീണ ശരീരഭാഗമെല്ലാം ചൊറിഞ്ഞു തുടങ്ങി. അത് നീറ്റലായി മാറി. ഇതെല്ലാം കണ്ടുകൊണ്ട് മുലക്കച്ച കെട്ടാത്ത ഏതാനും സ്ത്രീകൾ അകലെ നിൽപുണ്ടായിരുന്നു. അവർ വന്നു വിളിക്കുമ്പോഴാണ് ശുദ്ധമണ്ടത്തരമാണെന്ന് മനസ്സിലായത്. അടക്കാനാവാത്ത വൈരാഗ്യത്തോടെ നോക്കി. അവരുടെ ബലിഷ്ഠമായ ശരീരം വേദനിച്ചു. കത്തനാരെ ഓടിച്ചിട്ടു പിടിക്കാനായിരുന്നു ആഗ്രഹം. കണ്ണിനുമുമ്പിൽ കിട്ടിയാൽ ക്രൂരമായി തല്ലിച്ചതച്ചു കൊല്ലണം. എഴുന്നേൽക്കാൻ ശ്രമിച്ചു. അവരുടെ നടുവിന്റെ ഭാഗം മുകളിലേക്ക് ഉയർത്താൻ നന്നേ പാടുപെട്ടു. ഈ അനുഭവത്തിലൂടെ മറ്റുള്ളവർ നിസ്സാരന്മാരല്ലെന്ന് അവർ മനസ്സിലാക്കി.
രാജ്യം സംരക്ഷിക്കാനായി ജവാന്മാരെ എടുക്കുന്നതുപോലെ ഈ ഗോത്രത്തലവന്മാർക്ക് പണം നൽകി നാട്ടിലെ ജന്മിമാരും മാടമ്പി തമ്പുരാക്കന്മാരും അവരുടെ കളപ്പുരകൾക്കും കൃഷിത്തോട്ടങ്ങൾക്കും കാവൽ നിൽക്കാനായി കരുത്തരായ പുരുഷന്മാരെ അടിമകളാക്കി എടുക്കുമായിരുന്നു. 1811ൽ റാണി ലക്ഷ്മി ഭായി തിരുവിതാംകൂറിൽ അടിമവ്യാപാരം നിരോധിച്ചെങ്കിലും അടിമവ്യാപാരം തുടരുകതന്നെ ചെയ്തു. 1854ൽ ബ്രിട്ടീഷ് ഭരണകൂടം അടിമവ്യാപാരം കർശനശിക്ഷണത്തോടെ നടപ്പാക്കി. അതോടെ സവർണ പീഡനത്തിൽ നിന്നും ആദിവാസികൾ കുറെയൊക്കെ മോചനം നേടി. ചിലർ മറ്റുമതങ്ങൾ സ്വീകരിച്ചു. കരുണിന്റെ പിതാമഹന്മാരും ഈ ഗോത്രത്തിൽ നിന്നുള്ളവരാണ്. ശങ്കരൻ നായരുടെ പിതാമഹന്മാരാണ് ഇവരെ അടിമകളാക്കി ഇവിടേക്ക് കൊണ്ടുവന്നത്. ആദ്യമൊക്കെ ആടുമാടുകളെപ്പോലെയാണ് ഇവരോട് പെരുമാറിയിരുന്നത്. ക്രൂരമായ മര്‍ദനം, പട്ടിണി, രാപകലുകളില്ലാതെയുള്ള തൊഴിൽ തുടങ്ങിയവയെല്ലാം ഇവരുടെ കൂടപ്പിറപ്പുകളായിരുന്നു. വെറും കഴുതകളായി ചുമട് ചുമക്കാൻ വിധിക്കപ്പെട്ടവർ. അവരുടെ സുന്ദരിമാരായ പെൺകുട്ടികളും യജമാനന്മാർക്ക് സ്വന്തമായിരുന്നു. ജന്മിമാരുടെ മുന്നിലെ കറുമ്പിപ്പശുക്കൾ. മനയിലെത്തുന്നത് ആടുമാടുകളെ സംരക്ഷിക്കാനാണ്. മൃഗങ്ങളുടെ സംരക്ഷണം പുരുഷന്മാർക്കല്ല സ്ത്രീകൾക്കാണ്. തൊഴുത്തിനോട് ചേർന്നുള്ള കളപ്പുരകളിൽ ആർത്തിയോടെയെത്തുന്ന തമ്പുരാക്കന്മാരെ കണ്ടാൽ പൂച്ചയെ കണ്ട എലിയെപ്പോലെ സ്ത്രീകൾ വിരണ്ടുനോക്കും. കാലുകൾ വിറയ്ക്കും. എല്ലാ ധൈര്യവും ചോർന്നുപോകും. അടിമപ്പെണ്ണ് അനുസരിച്ചാൽ മതി. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും വിരലുകൾ ചലിക്കും. തടിച്ചുകൊഴുത്തുരുണ്ട വയറും മുറുക്കി തുപ്പിയ ചുവന്ന പല്ലുകളും ശരീരത്തോട് അലിഞ്ഞുചേരും. ഒരക്ഷരംപോലും ഉരിയാടാതെ ശരീരമാസകലം എല്ലാവേദനയും ഏറ്റുവാങ്ങി കിടക്കും. തമ്പുരാന്റെ നെറ്റിത്തടങ്ങൾ വിയർക്കുന്നതുപോലെ അവരുടെ മനസ്സും വിയർക്കും. പാടത്തും പറമ്പിലും തമ്പുരാന് ഇളംവെറ്റിലയിൽ ചുണ്ണാമ്പു പുരട്ടി പാക്കും പുകയിലയും കൊടുക്കുന്ന ഭർത്താവോ അന്തഃപ്പുരത്തിൽ കഴിയുന്ന തമ്പുരാട്ടിയോ ഇതൊന്നുമറിയില്ല. അറിഞ്ഞാലും ഒരൽപം മനപ്രയാസം തോന്നും. തമ്പുരാക്കന്മാരോട് ഏറ്റുമുട്ടിയാൽ ജീവൻ കാണില്ല. കാലിന് ചുറ്റിയ പാമ്പ് കടിക്കാതെ പോകുമോ?
തലമുറകളായി ഈ കുടുംബത്തിലെ കാവൽക്കാരനാണ് മാധവന്റെ പൂർവികർ. അവർ തലമുറകളായി അവരുടെ ചായ്പുകളിൽ താമസിക്കുന്നു. ചില ജന്മികൾ അവർക്ക് ദാനമായി ഭൂമി നൽകിയിട്ടുണ്ട്. മാധവന്റെ ഭാര്യ തങ്കമ്മ കൊച്ചുതമ്പുരാട്ടിയെ വരാന്തയിൽ സഹായിക്കാറുണ്ട്. അടുക്കളയിൽ കയറ്റില്ല. അവർക്ക് ഒരു മകൾ, പേര് ബിന്ദു. നിറം കറുപ്പാണെങ്കിലും ബിന്ദുവിന് നല്ല അഴകാണ്. പഠിക്കാനും മിടുക്കി. തലമുറകളായി ശങ്കരന്റെ കുടുംബത്തോട് അതിരറ്റ സ്നേഹവും ആദരവുമാണ് മാധവന്റെ കുടുംബത്തിന്. ശങ്കരന്റെ ബന്ധുക്കൾ മണ്ടൻ മാധവനെ കാണുന്നത് വെറും കാവൽക്കാരനായിട്ടല്ല. മറിച്ച് കാര്യസ്ഥനായിട്ടാണ്. ശങ്കരന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മാധവനെന്ന് നാട്ടുകാർ പറയുമെങ്കിലും ഒരു ശുദ്ധമണ്ടനായിട്ടാണ് ശങ്കരൻ അയാളെ കാണുന്നത്. അവൻ മിടുക്കും സാമർത്ഥ്യവും കാണിക്കുന്നത് തൊരപ്പനെ പിടിക്കുന്നതിലാണ്. അതിന് നാട്ടുകാരിട്ട പേരാണ് തൊരപ്പൻ മാധവൻ.
ബംഗ്ലാവിന് മുന്നിലേക്ക് വനംമന്ത്രി കാശിപ്പിള്ളയുടെ കാർ വന്നു. അതിൽ നിന്ന് ശുഭ്രവസ്ത്രധാരിയായ മന്ത്രി പുറത്തിറങ്ങി വരാന്തയിലെത്തി. കസേരയിലിരുന്ന ബാലകൃഷ്ണപിള്ളയും ഭാര്യ കല്യാണിക്കുട്ടിയും എഴുന്നേറ്റ് ബഹുമാനത്തോടെ തൊഴുതു. അവർക്ക് പിറകിലായി നിന്ന മാധവൻ തോളിൽ കിടന്ന തോർത്തെടുത്ത് വണങ്ങി. മന്ത്രി നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങൾ നടത്തി. പ്രായം നാൽപത്തഞ്ചുണ്ടെങ്കിലും ഒരു യുവത്വം ആ മുഖത്തുണ്ട്. തലയിലും ചെവിയിലും കൈത്തണ്ടയിലുമെല്ലാം എഴുന്നു നിൽക്കുന്ന രോമങ്ങൾ.
ബാലൻ ദയനീയ സ്വരത്തിലറിയിച്ചു. “മകൾ അരുണയെ ഇന്റർവ്യൂവിന് കൊണ്ടുവന്നതാ. ഒരു ടീച്ചർ ജോലിക്കാ. ലക്ഷങ്ങൾ കൊടുക്കാനുള്ള നിവൃത്തിയില്ല സാറെ. ഒന്നു സഹായിക്കണം.”
മന്ത്രി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. നിങ്ങടെ വോട്ടു വാങ്ങി ജയിച്ച മന്ത്രിയല്ലെ. ഞാൻ ശങ്കരൻ സാറിനോടു പറയാം. മന്ത്രി അകത്തേക്കു പോയി.
“നമ്മടെ ഭാഗ്യമാടി ഇത്തരത്തിലുള്ള നല്ല മനുഷ്യൻ മന്ത്രിയാകുന്നത്” ബാലൻ ഭാര്യയോടു പറഞ്ഞു. “അല്ലേ തൊരപ്പാ”, മാധവനും ശരി വച്ചു. മുറ്റത്തെ പ്രകാശം പോലെ അവരുടെ മനസ്സും പ്രകാശമാനമായി. അകത്തുചെന്ന കാശിപ്പിള്ളയെ കണ്ട് ശങ്കരനും കാണാൻ അഴകും നീണ്ട മുടിയുമുള്ള അരുണയും എഴുന്നേറ്റ് സ്വീകരിച്ചിരുത്തി. മന്ത്രിയും സമുദായിക നേതാവും ഉറ്റചങ്ങാതിമാരാണ്. തുല്യപ്രായക്കാർ. തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ സ്വന്തം സമുദായത്തിലുള്ളവരുടെ ഒരോട്ടുപോലും എതിർസ്ഥാനാർത്ഥിക്ക് പോകില്ലെന്നാണ് ശങ്കരന്റെ ഭാഷ്യം. അത് എത്ര ശരിയെന്ന് ഇതുവരെ അറിയില്ല. രണ്ട് സമുദായക്കാരാണ് ഇവരുടെ രക്ഷകർ. കാശിപ്പിള്ളയെപ്പോലെ ആരോടും മാന്യമായി ഇടപഴകാനും സംസാരിക്കാനും ആരെയും വശീകരിക്കാനുമുള്ള കഴിവും സാമർത്ഥ്യവും ശങ്കരനുമുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ കാശിപ്പിള്ളയ്ക്ക് അവളെ ഇഷ്ടപ്പെട്ടു. അയാൾ അറിയിച്ചു. “പിന്നെ, ഈ കുട്ടിയുടെ അച്ഛന് ഞാനൊരു വാക്കു കൊടുത്തു. അവരില്‍ നിന്ന് ലക്ഷങ്ങൾ വാങ്ങില്ലെന്ന്.” വിഷാദമൂറുന്ന കണ്ണുകളുമായിരുന്ന അരുണയെ നോക്കി ശങ്കരൻ പറഞ്ഞു. “വിഷയം ഇപ്പോൾ പണം മാത്രമല്ല, അരുണയെ ബി.എഡ് വേക്കൻസിയിലാണ് എടുക്കേണ്ടത്. പക്ഷേ, ആൾ സി.എൽ.ഡി.ക്കാരിയാണ്. അത് ബി.എഡിന് തുല്യമല്ല. ഞാനൊരു നിയമനം കൊടുത്താൽ പിന്നീടത് തലവേദനയായി മാറുമോ?” കാശിപ്പിള്ള കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു “നമ്മൾ ജോലി കൊടുക്കാൻ തീരുമാനിച്ചാൽ കൊടുക്കും. നമ്മളല്ലേ ഭരിക്കുന്നത്. എനിക്കതിൽ എന്തു നേട്ടം. അത് നിങ്ങൾ തീരുമാനിക്ക്.” അത് പറഞ്ഞിട്ട് മന്ത്രി അകത്തേക്കു പോയി. നൈരാശ്യം നിറഞ്ഞ കണ്ണുകളുമായി അവൾ ശങ്കരനെ നോക്കി. ശങ്കരൻ സ്നേഹപൂർവ്വം പറഞ്ഞു. “നോക്കൂ അരുണാ, നിന്റെ അച്ഛൻ എന്റെ സമുദായക്കാരൻ തന്നെ. ആ നിന്നെ സഹായിക്കാനൊരുങ്ങുന്നത് ആ സഹായം നിന്നിൽ നിന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. നീ തയ്യാറല്ലെങ്കിൽ മറ്റൊരുത്തി വരും. നല്ല മനസ്സുണ്ടെങ്കിൽ മതി. എനിക്ക് യാതൊരു നിർബന്ധവുമില്ല. രണ്ടായാലും മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തരുത്. ഇതൊരു അപേക്ഷയാണ്.” അവളുടെ മുഖത്തെ പ്രകാശം പൊലിഞ്ഞു. മനസ്സാകെ വേദനയുടെ ആഴക്കയങ്ങളിൽ മുങ്ങിത്താണു. എത്രമാത്രം കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചതാണ്. ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെട്ട ഹതഭാഗ്യർ. അയാളുടെ ഇഷ്ടത്തിന് വഴങ്ങുക. അല്ലെങ്കില്‍ ഈ ഉദ്യോഗം ലഭിക്കില്ല. എല്ലാമാസവും നല്ലൊരു തുക കൈപ്പറ്റണമെങ്കിൽ… തന്റെ മാനം പണയപ്പെടുത്തണം. അവരുടെ കാമവികാരം ശമിപ്പിക്കണം. ഉള്ളിന്റെയുള്ളിൽ സങ്കടത്തിന്റെ ചൂളംവിളി ഉയരുകയാണ്. എന്നെ ഇവിടെവരെ കൊണ്ടെത്തിച്ചത് ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചതുകൊണ്ടല്ലേ. പി.എസ്.സിയുടെ ഇന്റർവ്യൂവിനായി എത്രയോ കാത്തിരുന്നു. ഒരു ദൈവങ്ങളും കണ്ണുതുറന്നില്ല. ജീവിതത്തിന്റെ വിധി നിർണയിക്കുന്ന നിമിഷങ്ങൾ. എത്രയെത്ര കാത്തിരുന്നിട്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. ഹൃദയമിടിപ്പ് ഏറിവന്നു. ഒരു കയ്യിൽ ഭാവി ഭദ്രമാക്കുന്ന തൊഴിൽ, മറ്റേക്കയ്യിൽ ഈ ശരീരം സമർപ്പണം. ഈ തുലാസ് എന്നെ വിട്ട് അകലുകയാണോ? അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ ഊർന്നുവീഴാറായോ? വീട്ടിലെ നായ്ക്ക് ഇറച്ചി കഷണം കൊടുത്താൽ അത് ആർത്തിയോടെ തിന്നുന്നത് കാണാം. പുരുഷന്മാർ അത്തരക്കാരാണോ? മനുഷത്വമുള്ള പുരുഷന്മാര്‍ ഒരിക്കലും ഇങ്ങനെ വില പേശില്ല. മന്ത്രിയെ വിളിച്ചു വരുത്തിയതാണ്. മണ്ഡലത്തിൽ വരുന്നത് ഇതിനാണോ? അവൾ കാത്തിരിക്കുന്നു. മുന്നില്‍ ശൂന്യതമാത്രം. എങ്ങോട്ടാണ് യാത്ര ചെയ്യാൻ താൽപര്യം. മരുഭൂമിയിലേക്കോ അതോ മരുപ്പച്ചയിലേക്കോ? ആയുസ് മുന്നിൽ നിന്ന് ഒളിഞ്ഞുനോക്കുന്നതെന്താണ്? കൊടുങ്കാറ്റിൽ പെട്ടുഴലുന്ന മനസുമായി ശങ്കരനെ നോക്കി. അയാൾ മൊബൈലിൽ ആരുമായോ സംസാരിക്കുന്നു. എല്ലാ സന്തോഷവും മാറി മനസ്സിൽ ഭീതി മാത്രം. എന്നെ സൂക്ഷിക്കേണ്ട ബാധ്യത മറ്റാർക്കുമല്ല. തനിക്കു മാത്രം. അയാൾക്കൊപ്പം കിടക്കറ പങ്കിട്ടാൽ ഒരു ദാമ്പത്യജീവിതത്തിലേക്ക് നിനക്ക് കടന്നുവരാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാളുടെ ഭാര്യയെക്കാൾ വലുത് തന്റെ ഭാവിയല്ലേ? ശരീരമാകെ തളരുന്നതുപോലെ തോന്നുന്നു. മനസ്സാകെ അയാളോട് കേഴുകയാണ്. ഇതിന് പരിഹാരം എന്റെ ശരീരം തന്നെയാണോ. അയാൾ മൊബൈലിൽ സംസാരം നിർത്തിയതുകണ്ട് അപേക്ഷിച്ചു. “സാർ എന്നോട് അൽപം ദയം കാണിക്കണം. എന്റെ ഭാവിയെപ്പറ്റി സാർ ഓർക്കണം.” ശങ്കരൻ ചെറുതായി ചിരിച്ചു. പെട്ടെന്ന് ഗൗരവത്തിൽ ലയിച്ചു.
“എടീ കൊച്ചേ, നിനക്ക് നല്ല മനസ്സുണ്ടെങ്കിൽ മതി. എനിക്ക് യാതൊരു നിർബന്ധവുമില്ല. നീയല്ലെങ്കിൽ മറ്റൊരുത്തി. ജീവിതം മുന്നോട്ടു നയിക്കണമെങ്കിൽ ഒരൽപം വിട്ടുവീഴ്ചയൊക്കെ ചെയ്യേണ്ടിവരും. അവിടെ ദുരഭിമാനവും പേടിയും പാടില്ല. പിന്നെ സ്വഭാവശുദ്ധീം. ഇന്നത്തെ കാലത്ത് ഇതൊക്കെ എത്ര പേർക്കുണ്ട്? വെറും മിഥ്യ. ദേ നോക്കൂ നിന്നെ കാത്തിരിക്കുന്ന അകത്തുള്ള മാന്യൻ. മറ്റൊരു സ്ഥാപനത്തിൽ ചെന്നാൽ ഇതുപോലുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭിക്കണമെന്നില്ല. പിന്നെ ഇത് നമ്മൾ മൂന്നുപേരല്ലാതെ നാലാമതൊരാൾ അറിയില്ല. ഇതോടെ നീ ഗർഭിണിയാകുമെന്ന ഭയം വേണ്ട. അതിനുള്ള കാര്യമൊക്കെ അകത്തുണ്ട്. എത്രയും വേഗം തീരുമാനിക്കുക. എനിക്ക് കുറെ തിരക്കുണ്ട്.” ഒരിക്കൽക്കൂടി ശങ്കരൻ തന്റെ തീരുമാനം അറിയിച്ചു.
കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായ അക്ഷരങ്ങൾ വെറും കടലാസു കഷണങ്ങൾ.ഇതും ഒരു പരീക്ഷയാണ്. ജയിക്കാം തോൽക്കാം. അവൾ കൗതുകത്തോടെ ജീവിതരഹസ്യത്തിന്റെ ജീവിതരഹസ്യത്തിന്റെ മറ്റൊരു മുഖം കണ്ടു. പുരുഷമേധാവിത്വത്തിന്റെ പൈശാചിക മുഖങ്ങൾ. ജനാധിപത്യത്തിന്റെ ചീഞ്ഞുനാറുന്ന നയങ്ങൾ. എത്ര ലാഘവത്തോടെയാണ് അയാൾ സംസാരിച്ചത്. എല്ലാം നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍. അടക്കാനാവാത്ത അമർഷമുണ്ടെങ്കിലും ആരോടാണ് പരാതി പറയുക. ആരോടാണ് പ്രതിഷേധമുയർത്തുക. വ്യക്തിയുടെ സമൂഹത്തിന്റെ വിധി നിർണയം നടത്തുന്നത് ഇവരെപ്പോലെയുള്ള മാന്യന്മാരാണ്. സമൂഹത്തിലെ മുഖംമൂടികൾ. നിരാശപ്പെടാതെ സ്വയം ആശ്വസിക്കാനെ വഴിയുള്ളൂ. അതെ തീരുമാനം എന്റേതാണ്. മനസ്സുണ്ടെങ്കിൽ മതി. നിര്‍ബന്ധമില്ല. സമ്പത്തുള്ള പെണ്ണിന് ഇങ്ങനെ ഒരവസ്ഥയുണ്ടാകില്ല. ഹൃദയം ശക്തിയായി മിടിക്കുന്നു. കഷ്ടപ്പെട്ട് പഠിപ്പിച്ച മാതാപിതാക്കൾ. തനിക്ക് താഴെ അനുജത്തിമാർ. ഒരനുജൻ. കൂലിവേലയുമായി കുടുംബം പുലർത്തുന്ന അച്ഛൻ. പഠിക്കാനായി ബാങ്കിൽ നിന്നെടുത്ത ലോൺ. വിലക്കയറ്റം മൂലം പച്ചക്കറിപോലും വാങ്ങാൻ കഴിവില്ലാത്ത അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഓർക്കും പാവപ്പെട്ടവനെ ദാരിദ്ര്യത്തിലാഴ്ത്തുന്ന ഭരണം എന്തിനെന്ന്. പഠിച്ചു മിടുക്കിയായി നല്ലൊരു ജോലി സമ്പാദിച്ച് കുടുംബം രക്ഷപ്പെടുത്തണമെന്ന വാശിയോടെ പഠിച്ചു. പരീക്ഷകളിൽ ഒന്നാമതെത്തി. ജോലിക്കുവേണ്ടി കഴിഞ്ഞ രണ്ടുവർഷമായി അപേക്ഷകൾ അയച്ചു മടുത്തു. ഒടുവിൽ ഇവിടെയെത്തി. പുറത്ത് മകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന മാതാപിതാക്കൾ. സന്തോഷം കലർന്ന ചിരിയോടെ മാതാപിതാക്കളെ സ്വീകരിച്ചിരുത്തി അവർക്ക് ചായ കൊടുത്തു. മകൾക്ക് അകത്തെ മുറിയിൽ ഒരു പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ചു. അകത്ത് നടക്കുന്ന പരീക്ഷ ഭയവും ഭാവിയും തമ്മിലുള്ളതാണെന്ന് പാവം മാതാപിതാക്കൾക്ക് അറിയില്ല. ഭാവി മകളുടെ കയ്യിലെന്ന് അഭിമാനിക്കുന്ന അച്ഛൻ. ഡയബറ്റിക് രോഗിയായ അച്ഛന്റെ ഏക ആശ്രയം മകളാണ്. ഇളയ കുട്ടികളുടെ പഠനം, മറ്റു ചിലവുകൾ, കടം എല്ലാം തന്റെ മുന്നിലാണ്. അവർക്ക് നല്ല വസ്ത്രങ്ങൾ ധരിക്കാനുള്ള മോഹം ഉണ്ട്. ചേച്ചിക്ക് ജോലി കിട്ടിയിട്ട് വാങ്ങിത്തരാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. പാവപ്പെട്ട തന്റെ അന്തസ്സിനും അഭിമാനത്തിനും യാതൊരു വിലയും ഇല്ല. വിലയും നിലയുമുള്ളത് അധികാരികൾക്കും സമ്പന്നർക്കുമാണ്. അവരുടെ നിമിഷങ്ങൾ ആനന്ദത്തിനും ആസ്വദിക്കാനുമുള്ളതാണ്. പാവങ്ങൾ അവർക്കായി പാദസേവ ചെയ്യുന്നു. സൂര്യന്‍ എരിഞ്ഞുകൊണ്ടിരുന്നു. ആ പ്രകാശധാര നിഴലുകളായി വെളിച്ചമില്ലാതെ തുറന്നിട്ട ജനാലകളിലൂടെ അകത്തേക്കു വന്നു.
വീണ്ടും ശങ്കരന്റെ മൊബൈൽ ശബ്ദിച്ചു. അത് മന്ത്രിയുടേതാണ്. അയാൾ വികാരത്തുടിപ്പുമായി കണ്ണാടിക്കു മുമ്പിൽ നിന്ന് തന്റെ കറുത്ത കട്ടിമീശ മിനുക്കിയും മുടിയൊതുക്കിയും പെർഫ്യൂമടിച്ചും യുവസുന്ദരിയെ കാത്തിരിക്കുന്നു. സത്യത്തിൽ ശങ്കരന്റെ അടുക്കൽ വരുമ്പോഴാണ് ഓറഞ്ചു നിറമുള്ള സുന്ദരികളെ ലഭിക്കുന്നത്. മറ്റുപലരും കാഴ്ചവച്ചിട്ടുള്ളവര്‍ ചുറുചുറുക്കുള്ളവർ ആയിരുന്നില്ല. അയാൾ പട്ടുമെത്തയിലേക്ക് നോക്കി. ധാരാളം അവിവാഹിതകൾ പുളയുകയും ആളുകയും ചെയ്തിട്ടുള്ള പട്ടുമെത്തയാണ്. അവരുടെ ജീവിതത്തിലെ മധുവിധു ആഘോഷിക്കുന്ന ആദ്യപുരുഷൻ. അതിനിടയിൽ വലിഞ്ഞു മുറുകുന്ന മാംസപേശികൾ. അവരുടെ മുരടുന്ന ശബ്ദത്തിന് പോലും എന്തൊരു മാധുര്യം. ആ മാധുര്യത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴിതാ അവൾ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മന്ത്രി നിറപുഞ്ചിരിയോടെ നോക്കി. അവളും നിറകണ്ണുകളോടെ നോക്കി. നാടിന്റെ നായകന് എന്റെ ശരീരമാണാവശ്യം. ഉള്ളിൽ ആഞ്ഞടിച്ച പ്രതിഷേധം അമർഷം അവൾ പുറത്തുകാട്ടിയില്ല. ഇതിന് മുമ്പ് ഇയാളോട് എന്താരാധനയായിരുന്നു. സ്വഭാവഗുണമുള്ളവൻ, ആദർശധീരൻ, പാവപ്പെട്ടവർക്കായി നിലകൊള്ളുന്നവൻ, സ്നേഹസമ്പന്നൻ, ശാന്തശീലൻ അങ്ങിനെ എന്തെല്ലാമാണ് മാലോകർ പാടിപ്പുകഴ്ത്തുന്നത്.
അവൾ ഒരു തടവുകാരിയെപ്പോലെ നോക്കി. ഈ ജന്മത്തിൽ മറ്റൊരു പുരുഷൻ തന്റെ ജീവിതത്തിലേക്ക് കടന്നുവരില്ലെന്ന് അവൾ തീരുമാനിച്ചു കഴിഞ്ഞു. അയാൾ വാതിലിന് കുറ്റിയിട്ടു. ഇരുമ്പഴിക്കുള്ളിലെ ഇരുമ്പാണികൾപോലെ അയാൾ അവളിൽ ആഞ്ഞു തറച്ചു. പുറത്തെ പ്രകാശം മങ്ങി ആകാശം ഇരുണ്ടുമൂടി. ചാറ്റൽമഴ പെരുമഴയായി.
ശങ്കരന്റെ ശ്രദ്ധ മുഴുവൻ അകത്തെ എ.സി. മുറിയിലായിരുന്നു. അവളിപ്പോൾ തീനാളങ്ങളിൽ പുകഞ്ഞും പുളഞ്ഞും കത്തുന്നുണ്ടാവും. ഇന്നുവരെ ഒരു സ്ത്രീയെ ബലാത്ക്കാരമായി കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെ കാര്യത്തില്‍ പറക്കുന്ന പക്ഷിക്ക് ഉന്നം നോക്കേണ്ടത് പത്തടി അകലെനിന്ന് വേണമെന്ന പ്രമാണമാണ് തനിക്കുള്ളത്, അതിനൊപ്പം സ്നേഹം, കൗശലം, കൂർമ്മബുദ്ധി ഇവ കൂടി ചേർക്കണം. അതോടെ അവളുടെയുള്ളിലെ ഭീതിയും മാറിക്കിട്ടും. നിർഭയമായ ഒരു പാത അവൾതന്നെ തുറന്നുതരും. ചിലപ്പോഴൊക്കെ കുറ്റബോധം തോന്നാറുണ്ട്. എന്തിനാണ് സ്ത്രീകളോട് ഇത്ര ക്രൂരത കാട്ടുന്നത്? എന്തിനാണ് സ്വന്തം ഭാര്യയെ വഞ്ചിക്കുന്നത്? ഇതൊക്കെ മനസ്സിനെ തളർത്തുന്ന ചോദ്യങ്ങൾ എന്നറിയാം. ഇതും ജീവിതത്തിലെ ഒരു തെരഞ്ഞെടുപ്പാണ്. എനിക്കതിൽ തോൽക്കാനുള്ള മനസ്സില്ല. എന്നും ജയിക്കണം. ഞാനാണ് ജയാളി വീരൻ. ജീവിതത്തിൽ വളർച്ച ആഗ്രഹിക്കുന്നവൻ. പലതും പരിത്യജിക്കേണ്ടതായി വരും. ഇതെ മുറിയിൽ വച്ചുതന്നെ ശരീരം കൊടുത്തുകൊണ്ടുള്ള ഉദ്യോഗം വേണ്ടെന്നുവച്ച് സർക്കാർ സ്കൂളിൽ ജോലിക്ക് കയറിയതായി അറിയാം. അതൊക്കെ അവരുടെ ഭാഗ്യം. എന്റെ സ്കൂളുകളിൽ ജോലി ചെയ്യുന്നവര്‍ അങ്ങിനെ എത്രയോ പേരുണ്ട്. ഈ കിടപ്പറ പങ്കിടൽ പരിപാടി ഇവിടെ മാത്രമല്ല. മിക്കയിടത്തും ഇതൊക്കെയുണ്ട്. സ്വന്തം നാട്ടിൽ തൊഴിൽ ലഭിക്കുക നിസ്സാര കാര്യമാണോ? തൊഴിലിന് സാദ്ധ്യതകളില്ലാത്ത എത്രയോ യുവതി–യുവാക്കളാണ് വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. അവരും കഠിനാദ്ധ്വാനം ചെയ്യാനല്ലേ പറക്കുന്നത്. അവിടെയും ഇതുപോലുള്ള പരീക്ഷണമുണ്ടെന്നും അറിയില്ല. എന്റെ മുന്നിൽ സാമ്പത്തികഭാരവുമായി വരുന്നവരെ സഹതാപത്തോടെ കാണേണ്ട കാര്യമൊന്നും തനിക്കില്ല. എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കും. എനിക്കിഷ്ടപ്പെട്ട പെണ്ണെങ്കിൽ ഞാനവളെ സ്വന്തമാക്കും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായല്ലേ കണ്ടിട്ടുള്ളു. വലിയൊരു മഹാകാര്യമായി ഇന്നും തോന്നിയിട്ടില്ല. ഇങ്ങനെ ഒരു കാട്ടുകുതിരയെപ്പോലെ ജീവിക്കാനാണാഗ്രഹം. ഓരോരുത്തരും അവരവരുടെ ജീവിതങ്ങളിൽ തളച്ചിടപ്പെട്ടവരാണ്. ഒരാൾ മറ്റൊരാളെ തളച്ചിടുന്ന കാലം. ഞാനിപ്പോൾ ഒരു പെണ്ണിനെയും ഒരു മന്ത്രിയെയും തളച്ചിട്ടില്ലേ? ഇങ്ങനെ സമൂഹത്തിലെ എത്രയോ ഉന്നതന്മാരെ ഞാനീ ബംഗ്ലാവിൽ തളച്ചിട്ടിരിക്കുന്നു. പുറത്തും ഇതുതന്നെയാണ് നടക്കുന്നത്. അതൊക്കെ രഹസ്യമാണ്. സൂര്യപ്രകാശത്തിൽ ചുട്ടുപൊള്ളുന്ന മണ്ണിനെ എത്രവേഗത്തിലാണ് മഴ വന്ന് തളച്ചത്. ഇപ്പോൾ ആകാശത്ത് ജ്വലിച്ചു നിന്ന സൂര്യൻ എവിടെപ്പോയി മറഞ്ഞു? മനുഷ്യജീവിതം അതുപോലെയാണോ എന്നതായിരിക്കും അടുത്ത ചോദ്യം. ആ ജീവിതത്തിന്റെ രഹസ്യതാക്കോൽ ആരുടെ കൈവശമെന്ന് കണ്ടെത്താൻ എത്രപേർക്ക് കരുത്തുണ്ട്?
ശങ്കരന്റെ ചിന്തകൾ മേശപ്പുറത്തിരുന്ന കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. അതിൽ വന്നിട്ടുള്ള കത്തുകൾ വായിച്ചു ഉടനടി മറുപടി കൊടുത്തു. അരുണയുടെ അപേക്ഷനോക്കി അയാൾ കമ്പ്യൂട്ടറിൽ പലതും ടൈപ്പ് ചെയ്തു. അവളുമായി കിടക്ക പങ്കിടാനുള്ള തീക്ഷ്ണമായ ആഗ്രഹം അയാളിലുണർന്നു. അകത്തേക്ക് പോകാൻ മനസ് കാട്ടിയപ്പോൾ എഴുന്നേറ്റ് തന്റെ വക ബോണസായി ഒരു ചുംബനം കൊടുത്തത് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. ഒരുഭാഗത്ത് എത്രയോ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടതെന്ന ഓർമ്മ വേണം. അതൊരു നഷ്ടമല്ല. ഇന്നവൾ എന്റെ മുന്നിലെ ഒരു പ്രകാശബിന്ദുവാണ്. പെണ്ണൊരുങ്ങിയാൽ ഏവനും അകപ്പെടുമെന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവെന്തിനാണ്?
മഴ മാറി. പ്രകൃതി പുഞ്ചിരിച്ചു. ശങ്കരൻ ശിരസ്സുയർത്തി. ഒരുറച്ച തീരുമാനംപോലെ ഒന്നാം തീയതി മുതല്‍ സയൻസ് അദ്ധ്യാപികയാകാനുള്ള നിയമനം പ്രിന്ററിലൂടെ പുറത്തുവന്ന പേപ്പറില്‍ ഒപ്പുവച്ച് തയ്യാറാക്കിവച്ചു.
തളർന്ന ശരീരവും അഴിഞ്ഞുലഞ്ഞ മുടിയുമായി അവൾ ഇരുമ്പുപാളികൾക്കിടയിൽ നിന്നും പുറത്തു വന്നു. മനസ്സാകെ വിങ്ങിപ്പൊട്ടുകയാണ്. അവളുടെ കൊഴുത്തു തടിച്ച ശരീരത്തിലേക്ക് ശങ്കരൻ നിമിഷങ്ങൾ നോക്കി. താൻ കൊടുത്ത ചുടുചുംബനത്തിന്റെ ഊഷ്മളതയിലേക്ക് അയാളുടെ മനസ് ഉണർന്നുകഴിഞ്ഞു. അകത്തേ മുറിയിൽ അവൾ അനുഭവിച്ച നുറുങ്ങിപ്പിടയുന്ന വേദന ആ കണ്ണുകളിൽ കാണാമായിരുന്നു. മുറിവേറ്റ മൃഗത്തേപ്പോലെ ശങ്കരനെ നോക്കി. തന്റെ ജീവിതം നശിപ്പിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്ന് അവളുടെ മനസ് മന്ത്രിച്ചു. ഉള്ളിൽ അഗാധമായ പ്രതികാരമുണ്ട്. ഹൃദയം പിടയുന്നുണ്ട്. എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ.
ശങ്കരൻ സ്നേഹവായ്പോടെ കയ്യിലിരുന്ന നിയമന ഉത്തരവ് അവളെ ഏൽപിച്ചു. ശരീരം വിറ്റ് മുള്ളാണി തറച്ചതിന്റെ പ്രതിഫലം. ആ പേപ്പറിലേക്ക് അവൾ തുറിച്ചുനോക്കി. കണ്ണുകള്‍ നനഞ്ഞു. ചെയ്തത് പാപമാണോ പതനമാണോ. അതൊന്നുമറിയില്ല. കുടുംബം പുലർത്താൻ മറ്റ് വഴികളൊന്നും മുന്നിൽ തെളിഞ്ഞില്ല. ആത്മവിശ്വാസത്തോടെ പഠിച്ച് ബിരുദമെടുത്തത് ഇതിനായിരുന്നോ? ഇന്റർവ്യൂ എന്നപേരിൽ എന്തെല്ലാമാണ് ഈ മുറിക്കുള്ളിൽ നടക്കുന്നത്. ഈ മുറിവ് എന്നെങ്കിലും ഉണങ്ങുമെന്ന് കരുതുന്നുണ്ടോ? നാടിന്റെ രക്ഷകനെ നേരിൽ കണ്ടു. അനുഭവിച്ചു. മൊബൈൽ ഫോണിൽ അയാളുടെ നഗ്നചിത്രമെടുത്തത് വെറുതെയാകുമോ? ഇവരൊക്കെ നാടിന്റെ രക്ഷകരോ അതോ ഭീകരരോ?
അകത്ത് നിന്നുള്ള ബെല്ലടി കേട്ട് മാധവൻ കതക് തുറന്ന് അകത്തേക്കു ചെന്ന് തോളില്‍ കിടന്ന തോർത്തെടുത്ത് ആദരവോടെ നിന്നു. ശങ്കരൻ തല ഉയർത്തി പറഞ്ഞു. “പുറത്തിരിക്കുന്ന ഈ കുട്ടിയുടെ രക്ഷിതാക്കളെ വിളിക്കൂ.”
ഒരു ദാസനെപ്പോലെ പുറത്തേക്കു ചെന്ന് അവരെ അകത്തേക്കു പറഞ്ഞുവിട്ടു. ശങ്കരൻ ആംഗ്യം കാട്ടി ഇരിക്കാനാവശ്യപ്പെട്ടു. അവർ സ്നേഹബഹുമാനത്തോടെ ഇരുന്നു. അടുത്തുനിന്ന അരുണയോടും ഇരിക്കാനാവശ്യപ്പെട്ടു. ഒരു കശാപ്പുകാരന്റെ മുന്നിലിരിക്കുന്നതുപോലെ അവളിരുന്നു. അവളുടെ കണ്ണുകളിലെ തിളക്കം മാഞ്ഞുപോയിരുന്നു.
“ബാലന്റെ മകൾ മിടുക്കിയാണ്. എന്റെ പരീക്ഷയിലും വിജയിച്ചിരിക്കുന്നു. തരാനുള്ള തുകയിൽ പകുതി പതുക്കെ തന്നാല്‍ മതി. തിടുക്കമില്ല.”
ശങ്കരൻ സാറിനെ എത്ര സ്തുതിച്ചാലും മതിവരില്ലെന്ന് തോന്നി. അമ്മ മാധവി മകളെ ആത്മാഭിമാനത്തോടെ നോക്കി. ഇവിടുത്തെ പരീക്ഷ പാസ്സായതിലും മനസ് സന്തോഷിച്ചു. വീടും പറമ്പും പണയം വച്ചെങ്കിലും ബാങ്കിൽ നിന്ന് പണം കടമെടുത്ത് മകളെ ജോലിക്ക് കയറ്റണമെന്ന പ്രതീക്ഷയോടെ വന്നതാണ്. അപ്പോഴല്ലേ ദേവദൂതനെപ്പോലെ നാട്ടുകാരുടെ പ്രിയങ്കരനായ മന്ത്രി അവിടേക്ക് വന്നത്. എല്ലാം ദേവിയുടെ കടാക്ഷം എന്നല്ലാതെ എന്തു പറയാനാണ്. അരുണ ശങ്കരനെ പിശാചിനെപ്പോലെ നോക്കുമ്പോൾ രക്ഷിതാക്കൾ അയാളെ കണ്ടത് അവരുടെ രക്ഷകനായിട്ടാണ്. അകത്തേ മുറിയിലെ പട്ടുമെത്തയിൽ മന്ത്രി ശരീരം പങ്കുവച്ച സുന്ദരിയുടെ സുന്ദരനിമിഷങ്ങളെ ആ സുഖാനുഭൂതിയെ താലോലിച്ച് തളർന്ന് കിടക്കുകയായിരുന്നു.
ശങ്കരൻ ഒരു താക്കീതുപോലെ അറിയിച്ചു. “ഒരു കാര്യം. സ്വജനപക്ഷപാതം എന്നൊക്കെ എന്നെപ്പറ്റി പലരും പറയാറുണ്ട്. ഞാനത് നിഷേധിക്കുന്നില്ല. ഞാനീ തുക കുറച്ച കാര്യമൊന്നും നാട്ടുകാരോട് വിളമ്പരുത്.”
ബാലൻ ബഹുമാനത്തോടെ പറഞ്ഞു. “അങ്ങയോട് ഞങ്ങൾ എന്നും കടപ്പെട്ടവരാണ്.” “എന്നാൽ സന്തോഷമായി പൊയ്ക്കൊള്ളൂ.” അവർ എഴുന്നേറ്റു. ശങ്കരൻ വികാരതീവ്രതയോടെ അരുണയെ നോക്കി. ആ നോട്ടത്തിൽ മാംസദാഹം മാത്രമായിരുന്നു. എല്ലാം അവിശ്വസനീയം. അവർക്കൊപ്പം വരാന്തയിലേക്കു വന്ന ശങ്കരൻ കൈകൂപ്പി വണങ്ങിക്കൊണ്ട് അവരെ യാത്രയാക്കി. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മാതാപിതാക്കൾ അവരെ പുകഴ്ത്തി പറഞ്ഞതൊന്നും അരുണയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതിനോട് പ്രതികരിക്കാനും മുതിർന്നില്ല. അവൾ ഒരു കാര്യം മനസ്സിലാക്കി. ഗ്രാമത്തിൽ പാർക്കുന്ന നിഷ്കളങ്കരായ മാതാപിതാക്കള്‍ക്ക് ഈ പകൽ മാന്യന്മാരുടെ ക്രൂരമുഖങ്ങൾ അറിയില്ല. അധികാരത്തിന്റെ ലഹരിയും മതത്തിന്റെ ഭക്തിയും ഒളിഞ്ഞിരിക്കുന്ന രഹസ്യതാവളങ്ങൾ. നേരിൽ അനുഭവിച്ചതുകൊണ്ടല്ലേ ആ സത്യം മനസ്സിലാക്കാനായത്. തന്നെപ്പോലെ എത്രയെത്ര പാവം പെൺകുട്ടികൾ എല്ലാരംഗത്തും നിത്യവും ഇതനുഭവിക്കുന്നു. ഇനിയും ആ മുറിക്കുള്ളിൽ രഹസ്യ ക്യാമറകൾ ഉണ്ടോ? അതുമറിയില്ല. പെൺവാണിഭവും കഞ്ചാവ് കച്ചവടവും കാണും. അതിനും ഇവന്മാർ മടിക്കില്ല. എത്രവേഗത്തിലാണ് ജീവിതം മാറിമറിഞ്ഞത്. ശരീരത്തിനും മനസ്സിനുമേറ്റ മുറിവ് എന്നെങ്കിലും ഉണങ്ങുമോ? ഉള്ളിൽ പൂത്തുലഞ്ഞു നിന്ന മോഹങ്ങൾക്ക് അതിവിരാമം. ശരീരം കുത്തിപറിക്കുന്ന വേദന ഇപ്പോഴും മാറിയിട്ടില്ല. നൊമ്പരങ്ങൾ ഉള്ളിലൊതുക്കി മുന്നോട്ടു നടന്നു. അമ്മ എന്തോ ചോദിച്ചു. മറുപടി പറയാനുള്ള ശക്തിപോലുമില്ലായിരുന്നു. ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു. കണ്ണുകളിൽ നിറഞ്ഞത് പ്രതികാരമായിരുന്നു. അത് വൈകാതെ അവന്മാർ മനസ്സിലാക്കും. എന്നാലും അതിനിടയിൽ അയാളുടെ നഗ്നചിത്രമെടുക്കാനുള്ള ധൈര്യം എവിടുന്നു കിട്ടി.
About The Author
No related posts.