പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 5

Facebook
Twitter
WhatsApp
Email

കോണിപ്പടിയില് താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്‌മേരവദനനായി വന്നു.

‘ ദിനേശേട്ടനോ?’

അവൾ അടുത്തു വന്നപ്പോൾ കാച്ചെണ്ണയുടെ സുഗന്ധം പരന്നു.

‘ എങ്ങനുണ്ട് നന്ദു… ഹോസ്റ്റലൊക്കെ?’

‘കൊള്ളാം സുഖമാണ്. ദിനേശേട്ടൻ എൻജിനീയറിങ്ങിനു സെലക്ഷൻ കിട്ടിയോ?

ഇന്നലെ കുട്ടികൾ പറയുന്നത് കേട്ടു. ഇവിടെ ആർക്കോ കിട്ടിയിട്ടുണ്ട്. ‘

‘കിട്ടി…അത് പറയാനാ ഞാൻ വന്നത്’

‘ കൺഗ്രാറ്റ്‌സ്… എന്നു പോകും?’

‘അതൊക്കെ ഞാൻ അറിയിക്കാം. ഇവിടെ അടുത്തു തന്നെയാണ്. ഇടയ്‌ക്കൊക്കെ വരാൻ പറ്റും. പിന്നെ നാട്ടിൽ പോകുന്നത് ഒക്കെ ഒന്നിച്ചു മതി. ഞാൻ വരും നിന്നെ കൂട്ടാൻ.എന്തുണ്ടെങ്കിലും എന്നോട് പറയണം. എല്ലാ സാറ്റർഡേയ്‌സിലും ഞാൻ ഇവിടെ വരാം.’

‘ വേണ്ട…ദിനേശേട്ടാ.. കുട്ടികൾക്ക് കഥ പറയാൻ ഒരു അവസരം ഉണ്ടാക്കേണ്ട’.

‘ അത് സാരമില്ല നന്ദു..നമ്മെ എല്ലാവരും മനസ്സിലാക്കും.ശനിയാഴ്ച ഞാൻ വന്നു നിന്നെ കൂട്ടാം. കോട്ടമൈതാനത്തൊക്കെ ഒന്ന്  ചുറ്റി കറങ്ങാം.. ഇന്ന് വരുന്നോ എന്റെ കൂടെ?’

‘ ഇല്ല.. ദിനേശേട്ടനു നന്ദി. എനിക്കിന്നു കുറച്ചു പണി ഉണ്ട് മുറിയില്’

‘ശരി… ഞാൻ പിന്നെ വരാം…’

ദിനേശൻ പോയി കഴിഞ്ഞപ്പോൾ നന്ദിനി ആശ്വാസനിശ്വാസമുതിർത്തു. ഇത് മതി കോളേജ് കുട്ടികൾക്ക് ഒരു പ്രേമകഥ ഉണ്ടാക്കാൻ. കാര്യം ദിനേശേട്ടന്റെ സപ്പോർട്ട് ഉള്ളതു കൊണ്ടാണ് തനിക്ക് കോളേജ് പഠനം തന്നെ സാധിച്ചത്. അച്ഛന്റെ സമ്മതം കിട്ടിയതിന്റെ പിന്നിലെ ചേതോവികാരം ഊഹിക്കാവുന്നതാണ്.  വർഷങ്ങളായുള്ള രണ്ടു വീടുകളുടെ അകൽച്ച ഇങ്ങനെ മാറ്റാം എന്നും മറ്റും മായിരിക്കാം മനഃപായസം! ബന്ധം നല്ലതു തന്നെ. ദിനേശേട്ടൻ വളരെ നല്ലവനാണ്. മിടുമിടുക്കനും. കുടുംബങ്ങളും സമാസമം. പക്ഷേ,ഒരു സഹോദരനില്ലാത്ത തനിക്ക് ആ സ്ഥാനമലങ്കരിക്കാൻ ഇനി ആരു വരും? ഇത്ര നല്ല ഒരു സഹോദരൻ തനിക്കാവശ്യമാണ്.ദിനേശേട്ടനോട് ഒക്കെ തുറന്നു പറഞ്ഞതിനാൽ ആ പ്രശ്‌നവും തീർന്നു.പക്ഷേ, ഇവിടുത്തെ കുട്ടികൾ തങ്ങളെ വെറുതെ വിടുമെന്നു തോന്നുന്നില്ല. അതാണ് മനസ്സിൽ ഒരു ഭയം.

ഉച്ചയ്ക്ക് ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഹോസ്റ്റൽ ആകെ നിശബ്ദമാണ്.ആരും അവിടെ ഇല്ലെന്ന് തോന്നി.കുളിമുറിയിൽ കയറി മുഖം കഴുകി, വൈകുന്നേരത്തെ കാപ്പി കുടിക്കാൻ ഡൈനിംഗ് ടേബിളിൽ ചെന്ന്  ഇരുന്നു അടുക്കളക്കാരി വെറോണിക്കാമ്മ അവിടെ ഉണ്ടോ ആവോ?

‘ എന്താ നന്ദിനി…ചായ കുടിച്ചില്ലേ?’

‘ഹാ.. വേറൊമിക്കമ്മേ… എനിക്കൊരു കാപ്പി മതി…മധുരം കുറച്ച്.’

‘ ശരി മോളെ… കുട്ടി പുറത്തൊന്നും പോയില്ലേ?ഇവിടെ എല്ലാവരും  ‘മധുമതി’ സിനിമ കാണാൻ പോയിരിക്ക്യ… വൈജയന്തിമാല കസറീട്ടുണ്ടെന്നു പറഞ്ഞു..’

‘വേറൊനിക്കാമ്മ… സിനിമ കാണാറില്ലേ?’

‘ഹോ!എനിക്കെവിടെ സമയം? ഉള്ള ലീവ് ഒക്കെ എന്നേ എടുത്തു തീർത്തു കുഞ്ഞേ? എന്റെ മകൻ മെന്റൽ ആശുപത്രീല… അവനെ ഇടക്കു വീട്ടിൽ കൊണ്ട് വരുമ്പോൾ ഞാൻ കൂടെ വേണം. അവന്റെ പെണ്ണ് ഒരു പാവമാ.’

‘ഹേ മെന്റൽ ആശുപത്രീലോ..’

‘അതെ മോളെ… അവൻ ഗൾഫിലായിരുന്നു. നല്ല ജോലിയും ഉണ്ടായിരുന്നു. അവിടെ ഒരു അറബിച്ചി എന്തോ ചെയ്‌തെന്ന പറേന്നത്. ഇപ്പൊ നാല് കൊല്ലമായി ഇവിടെ ചുകിത്സയിലാ… ഇടക്കു കുറയും… അപ്പോൾ വീട്ടിൽ കൊണ്ട് വരും. ഞാനും അപ്പോൾ ലീവെടുത്തു കൂടെ നില്ക്കും. അവന്റെ ഭാര്യയും ആറും, മൂന്നും വയസുള്ള  രണ്ടു പെൺകുട്ടികൾക്കും എങ്ങനെ അവന്റെ ഒപ്പം നില്ക്കാൻ പറ്റും?’

‘അപ്പൊ… എങ്ങനെയാ പെരുമാറ്റം?’

‘ഇടക്കൊക്കെ സുഖം ആകും. അപ്പൊ ഭയങ്കര സ്‌നേഹമാ.. പക്ഷെ പെട്ടന്നാ ഒക്കെ മാറുന്നത്…’

വേറൊനിക്കാമ്മ കരയുന്നത് കണ്ട് നന്ദിനിക്കും കരച്ചിൽ വന്നു. തന്റെ വൈദ്യമഠത്തിൽ എത്തിച്ചാൽ ചിലപ്പോൾ ഈ വ്യക്തി രക്ഷപ്പെട്ടേക്കും. എത്ര പേരെ അച്ഛൻ ചികിൽസിച്ചു രക്ഷപ്പെടുത്തുന്നത് നേരിൽ കണ്ടിരിക്കുന്നു. പക്ഷെ അത്

പറഞ്ഞാൽ ഇവരുടെ പ്രതികരണം എന്തായിരുക്കും?

‘ഞാനൊരു കാര്യം പറഞ്ഞാൽ വേറൊമിക്കമ്മയ്ക്ക് വിശ്വസിക്കാൻ കഴിയുമോ?’

‘പറയൂ കുട്ടീ… എന്താ..?’

‘ഞാൻ ഒരു അഡ്രസ് തരാം. മകനെ അവിടെ ഒന്നു ചികിൽസിച്ചു നോക്ക്… രോഗം മാറും.. അയാൾക്ക് സാധാരണ ജീവിതം സാധിക്കും… എനിക്കുറപ്പുണ്ട് ‘

‘അതൊന്നും ശരിയാവില്ല… എത്ര ഇടത്ത് നോക്കീതാ…’

‘ഇതും കൂടെയൊന്നു നോക്കു… ഞാൻ എനിക്കറിയാവുന്നത് പറഞ്ഞു… ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം.’

‘കുഞ്ഞ്  ആ അഡ്രസ് തരൂ.. ഒന്ന് ശ്രമിച്ചു നോക്കാം.’

‘നല്ലത്…’

നന്ദിനി വൈദ്യമഠത്തിന്റെ അഡ്രസ്സ് കുറച്ചു കൊടുത്തു. വഴിയും വിശദമായി എഴുതി കൊടുത്തു. മുറിയിൽ ചെന്ന് ഉണങ്ങിയ വസ്ത്രങ്ങളൊക്കെ ഇസ്തിരി ഇട്ടു വച്ചു.നോട്ടീസ് ബോർഡിൽ നോക്കിയപ്പോൾ അന്ന് രാത്രി എട്ടു മണിക്ക് ഭക്ഷണം കഴിഞ്ഞ് സീനിയേഴ്‌സ് ജൂനിയേഴ്‌സ് പരിചയപ്പെടുന്ന ഒരു ചടങ്ങുണ്ടെന്നു കണ്ടു. അതൊക്കെയാ റാഗിംഗ് എന്ന് റൂംമേറ്റ് സുശീലയും അംബികയും പറഞ്ഞിരുന്നു.

‘എന്തെങ്കിലും ആകട്ടെ..’

സ്വയം പറഞ്ഞു നന്ദിനി ഒരു നോട്ട് ബുക്ക് കയ്യിൽ എടുത്തു രണ്ടു മൂന്നു ദിവസമായി ഒരു കവിത മനസ്സിൽ മുട്ടി തിരിയുന്നു. പുസ്തകത്തിലാക്കി വെക്കുന്നത് വരെ അത് മനസ്സിൽ നിന്നും പോകില്ല. ഒരുതരം അസ്വസ്ഥതയാണ് എപ്പോഴും.മനസൊന്നു ഫ്രീ ആകണമെങ്കിൽ ഇത് കടലാസിലാകണം. നോട്ട് ബുക്കിൽ എഴുതിയ പഴയ കവിതകളൊക്കെ അച്ചടി മഷി പുരണ്ടു കഴിഞ്ഞവയാണ്. പരീക്ഷാ തിരക്കിലും കോളേജ് അഡ്മിഷന്റെ അങ്കലാപ്പിലും ഒന്നും എഴുതാൻ കഴിഞ്ഞില്ല.

‘ രേണുക ‘എന്ന പേരിൽ  ‘മാതൃഭൂമിയിലും’, ‘മനോരമ’യിലുമൊന്നും വരുന്നത് തന്റെ കവിതകളാണെന്ന് ആർക്കും അറിയില്ല. വീട്ടിൽ നാരായണി മാത്രം ഇത് മണത്തറിഞ്ഞ ട്ടുണ്ട്.

പ്രതിഫലമായി ലഭിക്കുന്ന ഇരുപത്തഞ്ചു രൂപയിൽ നിന്നും പല ചെറിയ തുകയ്ക്കുള്ള സാധനങ്ങളും അവൾ സമ്മാനമായി കൈക്കലാക്കുന്നുമുണ്ട്.

‘രാപ്പാടികളുടെ  പാട്ട്’ തലക്കെട്ട് കൂടെ എഴുതി ചേർത്ത ശേഷം നോട്ട് ബുക്ക് അടച്ചുവെച്ചപ്പോൾ മനസ്സിൽ നിന്നൊരു ‘പാറ’ ഇറങ്ങി പോയത് പോലെ. കവിത അപ്പോഴേക്കും മനഃപാഠമായി കഴിഞ്ഞിരുന്നു. ഒരു വെള്ളത്തൂവൽ എണ്ണയിൽ മുക്കി ഹൃദയത്തിൽ മൃദുവായി തലോടുന്നത് പോലെ. രാപ്പാടി ആയി താനുര് ആകാശത്ത് പറന്നുയരുന്നത് പോലെ ശൂന്യാകാശത്ത് എത്തുമ്പോൾ ഘനം നഷ്ടപ്പെട്ടു പഞ്ഞിപ്പൊടികൾ പോലെ ദിശ അറിയാതെ പറന്നു നടക്കുന്നതിൻറെ ലാഘവം അനുഭവിച്ച് കണ്ണടച്ചിരുന്നു നന്ദിനി.  ഈ ഏകാന്തതയ്ക്ക് എന്ത് സുഖം! വൈദ്യ ഗൃഹത്തിലെ ഒച്ചയും  ബഹളവും ഒന്നുമില്ല.

അന്തരീക്ഷത്തിൽ നിശബ്ദത തളം കെട്ടി നിൽക്കുന്നു.ഇടയ്ക്ക് അടുക്കളയിൽ നിന്നും ഉയരുന്ന ചില ശബ്ദങ്ങൾ ഒഴിച്ച്…

അത് വല്ല കോഴിയിറച്ചി തയ്യാറാക്കുന്നത് മറ്റോ ആയിരിക്കും. ഇന്ന് രാത്രി ഇവിടെ വലിയ ആഘോഷമല്ലേ?

രാത്രി പരിപാടി ഉദ്ദേശിച്ചതിലും കേമമായിരുന്നു.ഇത്രയൊക്കെ അന്തേവാസികൾ ഉണ്ടെന്ന് തന്നെ അന്നാണ് അറിഞ്ഞത്.’ റാഗിംഗ്’ എന്നൊക്കെ പറഞ്ഞു സീനിയേഴ്‌സ് പേടിപ്പിച്ചിരുന്നെങ്കിലും  അതൊന്നും അത്ര വലിയതായിരുന്നില്ല.

ഹൈ ഹീൽ ചെരുപ്പിട്ട് നടക്കാനും കാമുകനെ ചുംബിക്കുന്നത് പോലെ പ്രേമപരവശയായി ബ്ലാക്ക് ബോർഡിൽ ചുംബിക്കാനുമൊക്കെയാണ് ജൂനിയേഴ്‌സിനെ പ്രേരിപ്പിച്ചത്. കൂട്ടത്തിൽ സംഗീതം അറിയുന്നവരെ കൊണ്ട് അതും, നൃത്തം അറിയുന്നവരെ കൊണ്ട് അതും ജയിച്ചു. ഭാഗ്യത്തിന് നന്ദിനി ചെറുപ്പം മുതൽ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്നതിനാൽ രണ്ടും നന്നായി അവതരിപ്പിച്ചു. ഒരൊറ്റ ദിവസം കൊണ്ട് നന്ദിനി പ്രശസ്തയായി.കൂട്ടത്തിൽ മറ്റൊരു പേരും. ‘ കോളേജ് ബ്യൂട്ടി’ നന്ദിനി ഞെട്ടിപ്പോയി. പിറ്റേന്ന് ഹോസ്റ്റലിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നതും വലിയ ആന വാതിൽ കടന്നു ബോയ്‌സ് ഹോസ്റ്റലിന്റെ മുന്നിലൂടെയുള്ള നീണ്ട വഴിത്താര പിന്നിട്ടതും വലിയ കൈയടിയും ഈ  പുതിയ പേരുകളിൽ ഉള്ള വിളികൾ കേട്ട്, മരവിപ്പ് ബാധിച്ചവളെപ്പോ ലെയുമായിരുന്നു. കോമൺ  റൂമിൽ എത്തിയപ്പോൾ പെണ്കുട്ടികളും കാത്തു നിൽക്കുന്നു. ഒരു വിധം അകത്തു കയറി പറ്റി.

എഴുതുന്ന കവിതകൾ മറ്റൊരു പേരിൽ ആയതിനാൽ പെട്ടെന്ന് അത് ആരും അറിഞ്ഞെന്നു വരില്ല. പക്ഷേ സ്‌കൂളിൽ എല്ലാവർക്കും അറിയുന്ന,തന്റെ വരയ്ക്കാനുള്ള കഴിവ് നന്ദിനിക്ക് ഒരുപാട് ആശ്വാസമേകുന്നതാണ്. മനസ്സിന്റെ വിമുഖത മാറ്റിനിർത്താൻ കൂട്ടുകാരിയെപ്പോലെയാണ് അവൾക്ക് വര. അത് മറച്ചു വെയ്ക്കാൻ കഴിയില്ല. പ്രകൃതിയും മനുഷ്യനുമൊക്കെ ആ വിരൽത്തുമ്പിൽനിന്നും അടർന്നു ക്യാൻവാസിൽ പുതുജീവൻ ആർജ്ജിക്കുമ്പോൾ ഒരു മാടപ്രാവിനെ പോലെ ഹൃദയം ചിറകു വിടർത്തി പറക്കും. ചിലപ്പോൾ പറന്നു തളർന്നു, കഴുത്തിൽ അമർന്ന് ചുണ്ടുകൾ വളരെ നേരം കുറുകും.’ കുർ… കുർ… കുകുർ’ നേർത്ത തൂവലുകൾ ചീകി ഒതുക്കി വിതുമ്പുന്ന മനസ്സൊന്നു ശാന്തമാക്കാൻ, പെട്ടിക്കടിയിൽ സൂക്ഷിച്ച ക്യാൻവാസുകൾക്കും ബ്രഷുകൾക്കും കഴിയും. പക്ഷേ, അത് അടുത്ത വിന ആയാലോ

ശനിയാഴ്ച വന്നപ്പോൾ, ദിനേശൻ പൊട്ടിപ്പൊട്ടി ചിരിച്ചു നന്ദിനിയെ കളിയാക്കി. അഭിമാനവിജ്യംഭിതിയായി വിലസേണ്ടവൾ ഡബിൾ ഇവിടെ ഭയപ്പെട്ടു നിൽക്കുന്നു. നന്ദിനിയുടെ പഴയ സ്വഭാവത്തിന് കടക വിരുദ്ധമാണീ മാറ്റം. സ്‌കൂളിൽ ആൺകുട്ടികൾക്കിടയിൽ ഉണ്ടായിരുന്ന പേര് നന്ദിനിക്ക് അറിയില്ലെങ്കിലും ദിനേശന് അത് അറിയാമായിരുന്നു.

‘ സ്‌കൂളിലെ ഝാൻസി റാണിക്ക് എന്ത് പറ്റി?

‘ ഝാൻസി റാണിയോ, അതെന്താ ദിനേശേട്ടൻ ഇങ്ങനെ പറയുന്നത്?

‘ നന്ദിനിക്ക് അറിയില്ലായിരിക്കാം. പക്ഷേ, സ്‌കൂളിൽ ഞങ്ങൾ ആൺകുട്ടികൾക്കിടയിൽ ഇതാണ് നിന്റെ പേര്.’

‘ഭഗവതീ എന്താ ഈ പറയുന്നേ? ആരാ ഇതൊക്കെ പറഞ്ഞ് ഉണ്ടാകെ?

‘ അതൊക്കെ പോട്ടെ, ഇപ്പോൾ നന്ദിനി സ്‌കൂളിൽ അല്ലല്ലോ. ഇവിടെ എത്രപേര് ഈ സ്ഥാനമാനത്തിനോക്കെ കൊതിക്കുന്നു. ഒരു കഴിവും ഇല്ലാത്തവർ പണംമുടക്കി നേടാൻ കൊതിക്കുന്നു പോലുമുണ്ട്. നീ ഒന്ന് സമാധാനിക്കൂ. ഇപ്പോൾ സ്‌കൂൾ കുട്ടികൾ അല്ലല്ലോ. കോളജ് വിദ്യാർത്ഥിനി അല്ലേ? നിന്റെ പഴയ മിടുക്കൊന്നും നഷ്ടപ്പെടുത്തരുത്. അവിടെ ‘ഝാൻസി റാണി’ എങ്കിൽ ഇവിടെ ‘വിക്ടോറിയ രാജ്ഞി’ ആകണം.’

‘ ഒന്ന് പോ… ദിനേശേട്ടാ… എനിക്ക് അല്പം പേടി ഉണ്ട്. അച്ഛൻ ഒരു കാരണം കാത്തിരിക്കുവ എന്റെ പഠനം നിർത്താൻ.’

‘ അതിന്, ഇത് ചീത്തപ്പേരല്ലല്ലോ. കഴിവ് ഉണ്ടായിട്ടല്ലേ? പിന്നെ നന്ദിനിയുടെ മുഴുവൻ ഉത്തരവാദിത്തം അമ്മാവൻ എന്നെയല്ലേ ഏൽപ്പിച്ചിരിക്കുന്നത്.’

അതൊരു രക്ഷ തന്നെയാണെന്ന് നന്ദിനിക്കും തോന്നി. ദിനേശേട്ടൻ തനിക്ക് ഒരു രക്ഷിതാവായി ഈ സ്ഥലത്ത് തന്നെ ഉണ്ടല്ലോ. കോളേജുമാറിയെങ്കിലും അടുത്ത് തന്നെയാണല്ലോ.

ക്ലാസ്സുകൾ പല ബ്ലോക്കുകളിലായിരുന്നു. മെയിൻ കെട്ടിടങ്ങൾ തികയാത്തതിനാൽ കുറേ ഷെഡ്ഡുകളുമുണ്ട്. നല്ലൊരു ലൈബ്രറിയും അനേകം പരീക്ഷണ ശാലകളും ഡിപാർട്ടുമെന്റുംകളും ഒക്കെയായി വളരെ വലിയ കോളേജായിരുന്നു അത്. ഒക്കെ നടന്നു കാണുക വിഷമംതന്നെ. പിന്നിൽ കെട്ടിടങ്ങളിൽ നിന്നും അകന്നു വലിയ ഫുട്‌ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, ലേഡീസ് ഹോസ്റ്റലിന്റെ പരിസരത്തായി ത്രോബോൾ, റിംഗ് ടെന്നീസ്, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നിവ പരന്നു കിടക്കുന്നു. നല്ല കളിക്കാരുണ്ട് കോളേജിൽ. പെൺകുട്ടികളും ഒട്ടും മോശമല്ല. പെൺകുട്ടികളുടെ സ്‌പോർട്‌സ് ടീച്ചർ സെലീന ജോസഫ് കാഴ്ചയിൽ തന്നെ ഒരു മഹതി ആയിരുന്നു. പെൺകുട്ടികൾക്ക് അവരൊരു വഴികാട്ടിയായിരുന്നു എന്ന് പറയാം. ഏതൊരു കാര്യവും മിസ്സുമായി പങ്കു വയ്ക്കാം. മിസ്സ് സെലീന എന്ന് പറയുമ്പോൾ തന്നെ കുട്ടികളുടെ നാവിൽ കുളിര്‌കോരും. പുതുമുഖങ്ങൾക്ക് അത്ര അറിയില്ലെങ്കിലും പഴയ ഹോസ്റ്റൽ അന്തേവാസികൾക്ക് അവരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. നന്ദിനിയുടെ സഹപാഠികളിൽ ചിലരുടെ മൂത്ത സഹോദരിമാരൊക്കെ ഉയർന്ന ഡിഗ്രി ക്ലാസിലും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളിലുമൊക്കെ അവിടെ ഉണ്ടായിരുന്നു. നന്ദിനി ഒരു നിമിഷം ശ്രീദേവി ചേച്ചിയെ ഓർത്തു. ഇപ്പോൾ വിവാഹിതയായി കഴിയുന്ന ശ്രീദേവി ഒരു പാവം ആയിരുന്നു.പഠിക്കാൻ ഒക്കെ മിടുക്കി ആയിരുന്നെങ്കിലും എല്ലാവരെയും പോലെ പഠനം നിർത്തി വിവാഹജീവിതത്തിലേക്ക് പോയില്ലായിരുന്നെങ്കിൽ ഇപ്പോൾ തന്റെ സീനിയർ ആയി ഇവിടെ പഠിച്ചു വലിയൊരു ഉദ്യോഗസ്ഥ ആവുമായിരുന്നു.

പഠിക്കാനും ഉദ്യോഗത്തിനുമൊക്കെ ഒരു യോഗമുണ്ട്.അമ്മൂമ്മയുടെ വാക്കുകളാണ്.തറവാട്ടിൽ പിറന്ന പെൺകുട്ടികൾ പത്തും നൂറും ഒക്കെ പെറ്റ് പെരുകി കുടുംബത്തിന്റെ പ്രശസ്തി ഉയർത്തണമെന്നായിരുന്നു പണ്ടത്തെ നിയമം. അവരൊക്കെ ഒന്ന് വന്ന് ഈ കോളേജ് കണ്ടിരുന്നെങ്കിൽ!എത്ര പേരാണ് ഇവിടെ പഠിക്കുന്നത്.എത്ര പെൺ ടീച്ചർമാരാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇവരൊക്കെ പിറന്നത് തറവാടുകളിലല്ലേ? പക്ഷേ, ഒന്ന് നന്ദിനി മനസ്സിലാക്കി. കൂടുതൽ പഠിച്ചു കോളേജിൽ അദ്ധ്യാപികമാരായി ഇരിക്കുന്ന പലരും അവിവാഹിതകളാണ്. വിവാഹത്തിന് തരാതരക്കാരെ കിട്ടാഞ്ഞിട്ടോ, കറവപ്പശുക്കളായ അവരെ വിവാഹിതരാകാൻ ആരും ശ്രമിക്കാഞ്ഞിട്ടോ! എന്തായാലും അതൊരു നഗ്‌നസത്യം തന്നെ ആയിരുന്നു. പെൺകുട്ടികൾ ധാരാളംപേർ പഠിക്കുന്ന ഒരു കലാലയമായിരുന്നു അത്. അവിടെ നന്ദിനിക്ക് അനേകം കൂട്ടുകാരുണ്ടായി.

വീട്ടിൽ നിന്നും ബസ്സിലും കാറിലും മറ്റുമൊക്കെയായി വന്നു പഠിക്കുന്നവരും ഉണ്ടായിരുന്നു. തൊട്ടടുത്ത് ബ്രാഹ്‌മണ ഗ്രാമങ്ങളിൽ നിന്നും കൂട്ടമായി വന്നു പഠിക്കുന്ന പെൺകുട്ടികളുമുണ്ടായിരുന്നു. മലയാളം നന്നായി അറിയുന്ന അവർ, പരസ്പരം സംസാരിച്ചിരുന്നത് തമിഴിൽ ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥ മാറ്റമായി വന്ന മാതാപിതാക്കളുടെ മക്കളുമൊക്കെ ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്യുന്നത് കണ്ടു നന്ദിനി അത്ഭുതപ്പെട്ടു. അവരോട് ചേർന്ന് ഇംഗ്ലീഷ് ഭാഷാ ജ്ഞാനം  വർദ്ധിപ്പിക്കാനും അവൾ ശ്രമിയ്ക്കാതിരുന്നില്ല. പഠിക്കാൻ ധാരാളം ഉണ്ടായിരുന്നു. വീട്ടിൽ നിന്നും വരുന്ന കത്തുകൾ ഗൃഹാതുരത്വം ഉണ്ടാക്കിയെങ്കിലും പഠനത്തിൽ മുന്നിൽ നിൽക്കാൻ ഉള്ള  ശ്രമത്തിലായിരുന്നു നന്ദിനി.

നന്ദിനി സെക്കന്റ് ലാംഗ്വേജ് മലയാളം തന്നെയാണ് എടുത്തത്. ഭാഷാ സ്വാധീനം നല്ലപോലെ ഉണ്ടായിരുന്നതിനാൽ എല്ലാവർക്കും നന്ദിനിയെ ഇഷ്ടമായിരുന്നു. പല പ്രശസ്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും മലയാളം ഡിപാ ർട്ടുമെന്റിൽ ഉണ്ടായിരുന്നു. അവരുടെ ശിഷ്യത്വം ലഭിച്ചത് തന്നെ വലിയ ഭാഗ്യമായിരുന്നു. കഥകളും കവിതകളുമൊക്കെ മറ്റൊരു പേരിൽ പ്രസിദ്ധീകരിച്ചിരുന്നതിനാൽ നന്ദിനിയുടെ കൃതികളാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. മണി ഓർഡറുകൾ വീട്ടിൽ വരുമ്പോൾ ഒപ്പിട്ടു വാങ്ങുന്ന നാരായണി മാത്രം ഈ രഹസ്യം അറിയുന്നവളായിരുന്നു. രാത്രിയുടെ യാമങ്ങളിൽ എല്ലാവരും ഉറങ്ങുമ്പോൾ നന്ദിനിയുടെ പേന തുമ്പിലൂടെ കവിതകൾ ഒഴുകി ഇറങ്ങി. പ്രകൃതിയും പ്രേമവുമൊക്കെ കവിതകളായി ഒഴുകി. ഈശ്വര ചിന്തകളും നിരീശ്വര ചിന്തകളുമൊക്കെ അതിൽ അലിഞ്ഞു പതഞ്ഞു. മനസ്സിന്റെ ശാന്തതയും തത്വചിന്തകളും താഴ്ചയും ഉയർച്ചയുമൊക്കെ മറ നീക്കി വന്നു. ജനിമൃതികളിലൂടെ സൃഷ്ടാവിന്റെ ലീലകൾ കല്ലോലിനിയായി ഒഴുകി നീങ്ങി.  നന്ദിനിയുടെ ആനന്ദ നിർവൃതിക്കിതല്ലാതെ എന്ത് മാർഗം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *